Image

ദ ലാസ്റ്റ് സപ്പര്‍ -ശ്രീകുമാർ ഭാസ്കരൻ (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 6)

Published on 23 November, 2025
ദ ലാസ്റ്റ് സപ്പര്‍ -ശ്രീകുമാർ ഭാസ്കരൻ  (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 6)

ഞാന്‍ കടല്‍ഭിത്തിയില്‍  ഇരുന്ന്  താഴെക്കൂടി സാവകാശം നീങ്ങുന്ന ഒരു വലിയ തെരണ്ടിയുടെ ചലനം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. 
അപ്പോഴാണ് ആ വിളി വന്നത്. ദേവികയുടെ വിളി. 
ദേവിക എൻറെ ശിഷ്യയും രാമചന്ദ്രൻ സാറിൻറെ മകളുമാണ്.
രാമചന്ദ്രൻ സര്‍ എന്റെ സഹപ്രവർത്തൻ ആയിരുന്നു. ഹൈറേഞ്ചിലെ ഒരു സ്കൂളില്‍. അദ്ധ്യാപനത്തോടൊപ്പം സൈഡ് ബിസിനെസ്സ് എന്ന നിലയിൽ വണ്ടിക്കച്ചവടവും അദ്ദേഹം ചെയ്തിരുന്നു. 
“വണ്ടിക്കച്ചവടത്തില്‍ക്കൂടി ഒരുപാടു ഉണ്ടാക്കിയോ” ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
“ഈ ശരീരം” അദ്ദേഹം സ്വന്തം ശരീരം തൊട്ടുകാണിച്ചു.
ഞാന്‍ കൌതുകത്തോടെ നോക്കി. അത്ര ശുഷ്കമായിരുന്നു സാറിന്റെ ശരീരം.
അദ്ദേഹം തുടര്‍ന്നു. “ഈ ശരീരം. ഇത് നശിപ്പിക്കാവുന്നിടത്തോളം നശിപ്പിച്ചു. അതാണ്‌ ആത്യന്തികമായ നേട്ടം.” അല്പം കഴിഞ്ഞു അദ്ദേഹം തുടര്‍ന്നു. 
“മത്സ്യാവതാരമായിരുന്നു അന്ന്. വണ്ടിപ്പരിപാടി നിര്‍ത്തിയതിനു ശേഷമാണ് കൂര്‍മ്മാവസ്ഥയിലെങ്കിലും എത്തിയത്” 
വണ്ടിക്കച്ചവടത്തിൽക്കൂടി സര്‍ ഒരുപാട് ഉണ്ടാക്കി. കുറെയൊക്കെ നഷ്ടപ്പെടുകയും ചെയ്തു. ഫലത്തിൽ കാര്യമായ നീക്കിയിരിപ്പ് അതിൽ നിന്നും കിട്ടിയില്ല. വെള്ളമടി കുറച്ച് ലാവിഷായി നടന്നുപോയി എന്ന് മാത്രം. അതോടെ അദ്ദേഹം വണ്ടിക്കച്ചവടം നിർത്തി. 
രാമചന്ദ്രൻ സർ ഒരു തികഞ്ഞ സാത്വികന്‍ ആയിരുന്നു. സാറിന്റെ സംസാരം ഉണങ്ങിയ മരത്തിൽ നിന്നും ഒരു ഇല കൊഴിഞ്ഞു വീഴുന്നത് പോലെയാണ്. അത്ര പതിഞ്ഞ ശബ്ദമാണ്. 
സര്‍ സംസാരത്തിൽ ധാരാളം ഫലിതം പറയും. ഒരു ടെൻഷനും ഞാൻ സാറിൽ കണ്ടിട്ടില്ല. ഒരിക്കലും. എല്ലാം ഒരു ലാഘവബുദ്ധിയോടെ നോക്കിക്കാണും. 
എന്തും ചെയ്യാന്‍ തയ്യാറുള്ള ഒരു മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. വയസ്സാംകാലത്ത് അദ്ദേഹം വീഡിയോ എഡിറ്റിംഗ് പഠിച്ചു. വിവാഹ വീഡിയോകള്‍ എഡിറ്റു ചെയ്തും വരുമാനമുണ്ടാക്കി.  
ഞങ്ങൾ വളരെ വേഗം കമ്പനിയായി. എന്നെക്കാട്ടിലും മൂന്ന് പതിറ്റാണ്ടിലധികം മൂപ്പുള്ള അദ്ദേഹം എൻറെ ആത്മമിത്രമായി.
ഞാന്‍ സ്കൂളിനു സമീപമുള്ള ഒരു പഴയ വീട്ടില്‍ ഒറ്റയ്ക്ക്  താമസിക്കുകയായിരുന്നു. ഒരു ഭാര്‍ഗവീനിലയം എന്ന് പറയാവുന്നത്ര പഴക്കമുള്ള വീട്.  അതിൻറെ പരിസരം കൊടുങ്കാടായി ഞാൻ പരിപാലിച്ചു. എന്നുവച്ചാൽ കൃത്യമായി പരിസരം വൃത്തിയാക്കുന്ന പണി ഞാൻ ചെയ്തിരുന്നില്ല എന്ന് സാരം. 
സ്കൂള്‍ ഉള്ള ദിവസം എന്റെ ഭാര്‍ഗ്ഗവീനിലയത്തില്‍ എല്ലാ അധ്യാപകരും ഉച്ചയ്ക്ക്കും  ഇന്റർവെൽ സമയത്തും വരും. പ്രാഥമിക കാര്യങ്ങൾക്കുള്ള ഏറ്റവും നല്ല സ്ഥലം ആയിരുന്നു അത്. ഫ്രീ ടൈമില്‍ രാമചന്ദ്രന്‍ സര്‍ അവിടെ വന്നു കിടന്നുറങ്ങും.
ഒരിക്കല്‍ സര്‍ എന്നോട് ചോദിച്ചു.  “നമുക്കൊരു കോഴിയെ പിടിപ്പിച്ചാലോ”
“എന്ന്”
“ഇന്ന്” അദ്ദേഹം പറഞ്ഞു. “ശുഭസ്യ:ശീഘ്രം, എന്നല്ലേ. നല്ല കാര്യങ്ങള്‍ മാറ്റി       വെക്കരുത്. നമ്മള്‍ പെട്ടെന്ന് ചത്തുപോയാല്‍ സാധിക്കാത്ത ഒരാഗ്രഹം ബാക്കിയാവില്ലേ”.
“എനിക്കാപ്പേടിയില്ല.”ഞാന്‍ പറഞ്ഞു.
“അതെന്താ”.
“ദുഷ്ട്നെ പനപോലെ വളര്‍ത്തും എന്നല്ലേ ബൈബിള്‍ പറയുന്നത്. അപ്പോള്‍ എന്‍റെ കാര്യം ഗ്യാരണ്ടിയാണ്”. ഞാന്‍ പറഞ്ഞു.
സര്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു. “ഞാന്‍ വളരെ നല്ലവനായത് കൊണ്ട് എനിക്ക് ആ ഗ്യാരണ്ടി ഇല്ല” 
“എങ്കില്‍ നമുക്ക് ഇന്നു തന്നെ കൂടിക്കളയാം.” ഞാന്‍ ഉറപ്പു കൊടുത്തു.  എന്നിട്ട് ഞാന്‍ സാറിനോട് പറഞ്ഞു.
“ഞാനൊരു അഹങ്കാരം പറയട്ടെ.”
“എന്താണ്”
“ഒരു മനുഷ്യൻറെ ആയുസ്സിന്റെ ദൈർഘ്യം ഞാൻ പ്രവചിക്കാം”.
“എന്നാല്‍ എൻറെ ആയുര്‍ദൈർഘ്യം എത്രയാണ്” സര്‍ ചോദിച്ചു.
“എന്‍റെ എന്നല്ല. മൊത്തത്തില്‍ ഉള്ള കണക്കാണ് പറയുന്നത്” ഞാൻ പറഞ്ഞു.
“ശരി പറ”
“മുക്കാൽ സെക്കൻഡ്. കൃത്യം പറഞ്ഞാല്‍ പോയിന്റ്‌  എയ്റ്റ് സെക്കൻഡ്.” ഞാന്‍ പറഞ്ഞു. 
“വ്യക്തമായില്ല.” 
“ഒരു ഹൃദയസ്പന്ദനത്തിന്റെ ദൈർഘ്യമാണത്. അതാണ്‌ നമുക്ക് ഉറപ്പിച്ച് പറയാവുന്ന ആയുർദൈർഘ്യം. ഹൃദയം ഒന്ന് അമങ്ങി ഉണരുന്നതിനുള്ള സമയ ദൈർഘ്യം. അതാണ്‌ നമ്മുടെയെല്ലാം ജീവിത ഗ്യാരണ്ടി”. ഞാൻ പറഞ്ഞു.
          “എങ്കിൽ ആ ഗ്യാരണ്ടി തീരുന്നതിനു മുമ്പ് നമുക്ക് കോഴിയെ ശരിയാക്കിയാലോ.” സര്‍ ചോദിച്ചു.
“ആവാം.” ഞാൻ പറഞ്ഞു.
അന്ന് വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോൾ സര്‍ എന്റെ കൂടെക്കൂടി. 
“പാത്രങ്ങളൊക്കെ ഉണ്ടോ.”
“പാത്രങ്ങൾ ഇല്ല. നമുക്ക് ഒരു പാത്രം വാങ്ങാം.” ഞാൻ പറഞ്ഞു.
ഞങ്ങള്‍ ഒന്നിച്ചു കടയില്‍ പോയി ഒരു ചെറുസ്റ്റീല്‍ ഉരളി വാങ്ങി. അതിന്റെ പണം സര്‍ നിര്‍ബന്ധപൂര്‍വ്വം കൊടുത്തു.
“സര്‍ ഒരു നേരത്തേക്ക് വേണ്ടി പണം മുടക്കണോ.”ഞാന്‍ ചോദിച്ചു.
“ഇതിലും വളരെക്കൂടുതല്‍ പണം ഞാന്‍ ഒരു നേരത്തേക്ക് മുടക്കിയിട്ടുണ്ട്”. സാറിന്റെ മനസ് ഒരു നിമിഷം വണ്ടിക്കച്ചവടക്കാലത്തേക്ക് മടങ്ങിപ്പോയി. എന്നിട്ട് സര്‍ ഒരു ലോകസത്യം എന്നോട് പറഞ്ഞു.
“പിശുക്കന്‍ സ്വരുക്കൂട്ടിവെക്കുന്ന പണവും തേനീച്ച കൂട്ടില്‍ കൂട്ടിവെക്കുന്ന തേനും മറ്റുള്ളവര്‍ക്കേ പ്രയോജനപ്പെടൂ.”  
അങ്ങനെ ഞങ്ങൾ കോഴിക്കറിവെച്ച് വിശാലമായി കഴിച്ചു. രണ്ടുപേര്‍ മാത്രം ഒരു കോഴിയെ തീര്‍ത്തു.
കഴിച്ചു കഴിഞ്ഞപ്പോള്‍ സര്‍ എന്നോട് പറഞ്ഞു. “ഇതുപോലൊരു ഭക്ഷണം ഈ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാവുമോ ആവോ.” 
ആ വാക്കുകൾ അറംപറ്റി. പിന്നെ അങ്ങനെ ഒരു ഭക്ഷണം ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. അത് അവസാന അത്താഴമായി. ദ ലാസ്റ്റ് സപ്പര്‍.
സ്കൂളില്‍ ക്ലാസ്സുള്ളപ്പോള്‍ ചില ദിവസങ്ങളില്‍ സാർ എൻറെ വീട്ടിൽ വന്നു കിടന്നുറങ്ങും. ഈ സ്വഭാവം പ്രാരംഭത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഏതാനും മാസം കഴിയവേ അത് തുടർച്ചയായി. രണ്ടു പീരിയഡ് ക്ലാസെടുത്താൽ രാമചന്ദ്രന്‍ സാറിന് കിടക്കണം. അത്ര ക്ഷീണം തോന്നിയിരുന്നു. ഒരിക്കൽ മുഖം കഴുകിയിട്ട് മൂക്കി ചീറ്റിയപ്പോൾ സാറിന്റെ മൂക്കിൽ നിന്നും രക്തം പൊടിഞ്ഞു. ചീറ്റലിന്റെ ശക്തികൊണ്ട് ചെറിയ രക്തക്കുഴൽ പൊട്ടിയതാകാം എന്നു  സമാധാനിച്ചു. എന്നോട് അത് പറയുകയും ചെയ്തു. 
ഒരു ദിവസം അദ്ദേഹം എന്നോട്  ‘വലിയ ക്ഷീണം തോന്നുന്നു’ എന്ന് പറഞ്ഞു. ഈ ലക്ഷണം വെച്ച് ന്യായമായും ചിലത് എനിക്ക് സംശയിക്കാമായിരുന്നു. അല്ലെങ്കിൽ ഞാൻ സംശയിക്കേണ്ടിയിരുന്നു. പക്ഷേ വ്യക്തിബന്ധത്തിന്റെ കാഠിന്യം കൊണ്ട് അശുഭം ചിന്തിച്ചുറപ്പിക്കാൻ എൻറെ മനസ്സ് തയ്യാറായില്ല. 
രാമചന്ദ്രൻ സാർ പറയുന്നതിൽ നിന്നും ഞാൻ ഊഹിക്കേണ്ടിയിരുന്ന ഒരു വലിയ അസുഖമുണ്ട്. അതെനിക്ക് ആവുമായിരുന്നു. നിഷ്പക്ഷമായി ചിന്തിക്കാൻ ഞാൻ    തയ്യാറായിരുന്നു എങ്കിൽ. 
പക്ഷേ ഞാൻ അങ്ങനെ ചിന്തിച്ചില്ല. സംഭവിച്ചുകൊണ്ടിരുന്ന അല്ലെങ്കില്‍ ഇനിയും നേരിടേണ്ടിവരുന്ന ആ വലിയ ആപത്തിനെപ്പറ്റി സാറിനോട് പറയാൻ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിൽ ദുഃഖത്തിന്റെ കരിനിഴൽ വീണില്ല. പക്ഷെ ആ ആശ്വാസം താല്‍ക്കാലികമായിരുന്നു.
ഞാൻ ചിന്തിച്ചുറപ്പിച്ചതും സാറിനോട് പറയാൻ മടിച്ചതുമായ ആ ദുരന്തം തന്നെ സാറിന് വന്നു ഭവിച്ചു. ക്യാൻസർ. 
ക്യാൻസർ എന്ന മഹാദുരന്തത്തിന് സാറൊരു ഇരയായി. 
ക്യാൻസറിന്റെ ഇരയാണ് താനെന്ന് സാർ തിരിച്ചറിയുന്നതിന് മുമ്പ് ഞാൻ ആ സ്കൂൾ വിട്ടു. മാലെയിലേക്ക് പറന്നു. ഞാൻ അവിടെ അധ്യാപകനായി. 
പക്ഷേ ഞാൻ പ്രതീക്ഷിച്ചത് തന്നെ പിന്നീട് സംഭവിച്ചു. സാർ വളരെ പെട്ടെന്ന് കിടപ്പിലായി.
ആ കാര്യം പറയാനാണ് ഞാൻ  കടൽക്കരയിൽ ഇരിക്കുമ്പോൾ ദേവിക വിളിച്ചത്.
“അച്ഛൻ സാറിനെ തുടർച്ചയായി തിരക്കുന്നുണ്ട്. അതുകൊണ്ട് വിളിച്ചതാ”.  ദേവിക പറഞ്ഞു. 
“സാറിന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ”. ഞാൻ അന്വേഷിച്ചു.
“വളരെ മോശമാണ്. സർ പോയതിനു പുറകെ അച്ഛൻ സ്കൂളിലെ ജോലി രാജി വെച്ചിരുന്നു. പിന്നെ ഇവിടെ വീട്ടിലിരുന്ന് കല്യാണ സി. ഡികൾ എഡിറ്റ് ചെയ്തു കൊടുക്കുമായിരുന്നു. അതിന് ഒരു കമ്പ്യൂട്ടർ വാങ്ങിയിരുന്നു.” ദേവിക പറഞ്ഞു. 
രാമചന്ദ്രൻ സാറിന്റേത് ഒരു പ്രണയ വിവാഹമായിരുന്നു. തന്നെക്കാട്ടിലും വളരെ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിക്ക്, തന്നോട് തോന്നിയ പ്രണയം, കലവറ ഇല്ലാത്ത ഇടപെടൽ, എല്ലാം പ്രായത്തിന്റെ രക്തത്തിളപ്പായിട്ടാണ് സര്‍ ആദ്യമെടുത്തത്. പക്ഷേ അത് അങ്ങനെയല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം ആ പെൺകുട്ടിയെ തന്റെ ജീവിതസഖിയാക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അവൾ സാറിന്റെ ശിഷ്യകൂടി യായിരുന്നു. താമസിയാതെ അവർ വിവാഹിതരായി. 
അവർ തമ്മിൽ ഒരു ചേർച്ചയും ഉണ്ടായിരുന്നില്ല. പ്രായത്തിൽ മാത്രമല്ല കാഴ്ചയിലും. എന്നിട്ടും അവരുടെ ദാമ്പത്യം വലിയൊരു വിജയമായി. 
“സര്‍  ഉടൻ വരാൻ സാധ്യതയില്ലല്ലോ. എങ്കിലും സാറിനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ടെന്ന് അറിയിക്കാൻ അച്ഛൻ പറഞ്ഞു. അതുകൊണ്ട് വിളിച്ചതാണ്”. ഒരു ചെറിയ ക്ഷമാപണശബ്ദത്തിൽ ദേവിക പറഞ്ഞു നിർത്തി. 
പ്രത്യേകിച്ചൊന്നും ആലോചിക്കാതെ ഉടൻ ഞാൻ ദേവികയോട് പറഞ്ഞു. 
“ഞാൻ വരാം. സാറിനോട് പറയൂ ഞാൻ വരുന്നുണ്ടെന്ന്.” 
ഞാൻ അങ്ങനെ പറഞ്ഞത് കൃത്യമായ ഒരു തീരുമാനത്തിലാണ്. മാലെ വിടണം. നാട്ടിലേക്ക് തിരിച്ചു പോകണം. ഞാൻ ഒരു ഉറച്ച തീരുമാനത്തിലെത്തി.
രാമചന്ദ്രൻ സാറിൻറെ അവസ്ഥയെപ്പറ്റി ദേവിക പറഞ്ഞിരുന്നു. ആഹാരം കഴിക്കാതെ ആയിട്ട് നാളുകളായി. വയറു വല്ലാതെ വീർത്തു വരുന്നു. ഇടയ്ക്ക് അടുത്തുള്ള ഹോസ്പിറ്റലിൽ പോയി വയറ്റിൽ നിന്നും ധാരാളം ദ്രവം കുത്തിയെടുത്ത് കളയും എന്നെല്ലാം. 
അതിൽ നിന്ന് സാറിൻറെ അവസ്ഥ എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു. ക്യാൻസറിന്റെ അവസാനഘട്ടത്തിലാണ് രാമചന്ദ്രൻ സാർ. ഇനി ഒരു തിരിച്ചുവരവ് അസാധ്യമാണ്. വയറ്റിൽ ഊറി കൂടുന്ന ദ്രവം മാലിഗ്നന്റ് അസൈറ്റ്സ് ആണ്. ക്യാൻസർ രോഗം ഉദരത്തെ ബാധിക്കുമ്പോൾ അങ്ങനെ സംഭവിക്കും. ചിലർ ആ ദ്രവം ശർദ്ദിച്ചുകളയും. അതിന് കഴിയാതെ വരുമ്പോൾ ദ്രവം കുത്തിയെടുത്ത് കളയേണ്ടി വരും.
ലിറ്റർ കണക്കിന് ദ്രവം വയറ്റിൽ ഊറിക്കൂടും. അപ്പോൾ വയറു വീർത്തു വരും. ഈ അവസ്ഥ കൂടുതൽ മോശമാകുന്നത് ക്യാൻസറിന്റെ അവസാന ഘട്ടത്തിലാണ്.
രാമചന്ദ്രൻ സാർ ക്യാൻസറിന്റെ അവസാന ഘട്ടത്തിലാണ്. ഇനിയും അധിക ദിവസങ്ങൾ അദ്ദേഹത്തിന് ഇല്ല. ഒരു അത്യാഹിതം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതിനുമുമ്പ് അദ്ദേഹത്തിൻറെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കണം. ഞാൻ തീരുമാനിച്ചു. 
ഒരാഴ്ച്ചയ്ക്കുള്ളിൽ ഞാൻ ജോലി രാജിവെച്ചു. പിന്നെ നാട്ടിലേക്ക് പറന്നു.   
നാട്ടില്‍ കാലുകുത്തിയ ഞാന്‍ നേരെ പോയത് ഹൈറേഞ്ചിലേക്കാണ്. രാമചന്ദ്രന്‍ സാറിന്റെ വീട്ടിലേക്ക്. 
“ഞാന്‍ കരുതിയില്ല സര്‍ വരുമെന്ന്.” രാമചന്ദ്രന്‍ സര്‍ പതുക്കെ പറഞ്ഞു.
അദ്ദേഹത്തിന്റെ  ഈര്‍ക്കിലുപോലെ ശുഷ്ക്കിച്ച കൈകളിലൂടെ ഞാന്‍ പതുക്കെ വിരലോടിച്ചു. രാമചന്ദ്രന്‍ സര്‍ വളരെ ക്ഷീണിതനായിരുന്നു. വയറു നന്നായി വീര്‍ത്തിരുന്നു. അസൈറ്റ്സ് കാര്യമായി വയറ്റില്‍ ശേഖരിക്കപ്പെടുന്നുണ്ട്.
“ഇടയ്ക്ക് ഹോസ്പിറ്റലില്‍ പോയി കുത്തിയെടുത്തു കളയും.” സര്‍ ക്ഷീണിച്ച സ്വരത്തില്‍ പറഞ്ഞു. ഞാന്‍ സാറിനെ കേട്ടിരുന്നു.
“ഇനി?.” സര്‍ ചോദിച്ചു. 
“പാലക്കാട്‌. പുതിയ ലാവണം.” ഞാന്‍ പറഞ്ഞു.
“നാടോടി, നാടറിയും.” സര്‍ ചിരിച്ചു. ആ അവസ്ഥയിലും സാറിന്റെ നര്‍മ്മസംഭാഷണത്തിന്  ഒട്ടും കുറവുണ്ടായിരുന്നില്ല.  
“എനിക്ക് ഒരു കാര്യം സാറിനോട് പറയാനുണ്ട്.” രാമചന്ദ്രന്‍ സാര്‍ എന്നെ ചിന്തയില്‍ നിന്നും കുലുക്കിയുണര്‍ത്തി. 
“അന്നത്തെപ്പോലൊരു സപ്പർ പിന്നീടുണ്ടായിട്ടില്ല. അതിനു മുമ്പും”. സാറിൻറെ കൺകോണുകളിൽ നനവ് പടരുന്നത് ഞാൻ കണ്ടു. 
സർ പറയുന്നത് അറംപറ്റിയ അദ്ദേഹത്തിന്റെ ആഗ്രഹത്തപ്പറ്റിയാണ്. ഞങ്ങൾ ഒന്നിച്ച  സപ്പറിനെപ്പറ്റിയാണ്.  എൻറെ കൺകോളുകളും നനഞ്ഞു തുടങ്ങിയിരുന്നു. 
“അന്ന് സര്‍ പറഞ്ഞപോലെ..............................” സാറിന് പൂര്‍ത്തിയാക്കാനായില്ല. പെട്ടെന്ന് സാറിന്റെ ഭാര്യ അങ്ങോട്ട്‌ വന്നു.
“മതി. ഒരുപാട് സംസാരിക്കണ്ട. നല്ല ക്ഷീണം ഉണ്ട്.” അവര്‍ പറഞ്ഞു.
“ശരി സര്‍”. ഞാന്‍ പതുക്കെ എഴുന്നേറ്റു. എനിക്കും തോന്നി ആ അവസ്ഥയില്‍ സാര്‍ കൂടുതല്‍ സംസാരിക്കാതിരിക്കുന്നതായിരിക്കും നല്ലതെന്ന്.
“ഞാന്‍ വീണ്ടും വരാം സര്‍.” ഞാന്‍ യാത്ര പറഞ്ഞിറങ്ങി. 
ഇനി അവിടെ തുടർന്നാൽ ഞാനൊരുപക്ഷേ പെയ്തുപോയേക്കാം. വിടപറയുമ്പോള്‍ സര്‍ എന്നെ ആര്‍ദ്രമായി ഒന്നു നോക്കി. എല്ലാ സ്നേഹവും ആവാഹിച്ചുള്ള ഒരു നോട്ടം. 
പുതിയ  ലാവണത്തില്‍ തിരക്കേറിയ ദിനങ്ങള്‍ ആയി പിന്നെ. രണ്ടാഴ്ചയ്ക്കു ശേഷം ഒരു ദിവസം വെളുപ്പിനെ ഒരു കോള്‍. ദേവിക ആയിരുന്നു.
“അച്ഛന്‍........” പിന്നെ നേര്‍ത്ത ഒരു തേങ്ങല്‍. ഞാന്‍ മൂകനായി. അല്പം കഴിഞ്ഞവള്‍ പറഞ്ഞു.
“സംസ്കാരം പതിനൊന്നു മണിക്ക് ഉണ്ടാകും. ദൂരേന്ന് ആരും വരാനില്ല”.
പാലക്കാട്ടുനിന്നും എങ്ങനെപോയാലും പതിനൊന്നു മണിക്കൂര്‍ യാത്ര. കുമളിയില്‍   സമയത്ത് എത്തില്ല. അതുകൊണ്ട് സാറിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍  പോയില്ല.
പതിനാറ് കര്‍മ്മം കഴിഞ്ഞപ്പോള്‍ ദേവിക വീണ്ടും വിളിച്ചു. പതിനാറ് കര്‍മ്മം കഴിഞ്ഞ വിവരം അറിയിക്കാന്‍. 
സാറിന്റെ സംസ്കാരകര്‍മ്മങ്ങള്‍ എല്ലാം ചെയ്തത് ദേവികയാണ്. പൊതുവേ മരണാനന്തര കര്‍മ്മങ്ങള്‍ പെണ്‍കുട്ടികളെക്കൊണ്ട് ചെയ്യിക്കാറില്ല. പക്ഷെ അതിന് ഒരു അപവാദമായി ദേവിക. ഒരേ ഒരു മകള്‍ മാത്രമുള്ള വ്യക്തിയായിരുന്നു രാമചന്ദ്രന്‍ സാര്‍. അതുകൊണ്ട് അവള്‍ സ്വയം സന്നദ്ധയായി. 
ദേവികയ്ക്ക് മറുത്തൊരു ചിന്തയുടേയും  ആവശ്യമില്ലായിരുന്നു. ഒരേ ഒരു മകള്‍. അവള്‍ ആരുടേയും അഭിപ്രായം ചോദിച്ചില്ല. ഈറനണിഞ്ഞ് എല്ലാ കര്‍മ്മങ്ങളും ചെയ്തു.
രാമചന്ദ്രന്‍ സാറിന്റെ ആത്മാവിനെ അവള്‍ സധൈര്യം ‘പുത്’ എന്ന നരകത്തീയില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക് ആനയിച്ചു. ആത്മരക്ഷയ്ക്കായി  ഒരു പുത്രി. അവള്‍ രാമചന്ദ്രന്‍ സാറിന്റെ ആത്മാവിന് സ്വര്‍ഗ്ഗകവാടം തുറന്നു  കൊടുത്തു.
ദിവസങ്ങൾക്ക് ശേഷം ദേവിക വീണ്ടും എന്നെ വിളിച്ചപ്പോള്‍ ‘ഞാന്‍ താമസിക്കാതെ എത്താം’ എന്നുമാത്രം പറഞ്ഞു. 
‘പോണം. ഞാന്‍ സാറിനോട് വീണ്ടും വരാം എന്ന് പറഞ്ഞിട്ടുണ്ട്. ആ വാക്ക് പാലിക്കണം.’ ഞാന്‍ തീരുമാനിച്ചു.
ഞാൻ രാമചന്ദ്രന്‍ സാറിൻറെ വീട്ടിലെത്തുമ്പോള്‍ അവിടെ എന്നെക്കാത്ത് ദേവികയുണ്ടായിരുന്നു. സാർ കടന്നുപോയിട്ട് അന്നേക്ക് ഇരുപത്തിയൊന്നു ദിവസം  കഴിഞ്ഞിരുന്നു.
ഞാൻ ആലോചിക്കുകയായിരുന്നു. ഹിന്ദുവായി ജനിച്ച് ഹിന്ദുവായി വളർന്ന് പ്രേമിച്ച പെണ്ണിനുവേണ്ടി മതം മാറി ക്രിസ്ത്യാനിയായ ഒരു മനുഷ്യൻ. അദ്ദേഹം പ്രണയത്തോട് നീതി പുലര്‍ത്തി.
“അച്ഛൻ മരിക്കുന്നതിനു മുന്‍പ് രണ്ടു കാര്യങ്ങളാണ് പറഞ്ഞത്. ഒന്ന് അമ്മയോടും ഒന്ന് എന്നോടും.” ദേവിക പറഞ്ഞു. ഞാന്‍ അവളെ ചോദ്യഭാവത്തില്‍ നോക്കി.
“അമ്മയോട് അച്ഛൻ പറഞ്ഞത്. ‘ഞാന്‍ മരിച്ചാല്‍ പൊട്ട്  മായ്ക്കരുത്, വെളുത്ത വസ്ത്രം ധരിക്കരുത്.’”
“പിന്നെ.” ഞാന്‍ ചോദിച്ചു.
    “എന്നോട് പറഞ്ഞത്. അച്ഛന്റെ ശരീരം അടക്കം ചെയ്യരുത്. ദഹിപ്പിക്കണം”. 
പിന്നെ ദേവിക എന്നെ അദ്ദേഹത്തിൻറെ കുഴിമാടത്തിന്റെ അരികിലേക്ക് കൊണ്ടുപോയി. 
വീടിൻറെ തെക്കുഭാഗത്ത് ചെത്തിയൊരുക്കിയ സ്ഥലത്ത് നടുക്കായി കുഴിമാടം. അതിൽ സമൃദ്ധമായി വളർന്നു നിൽക്കുന്ന ചെന്തെങ്ങും വാഴയും മാടാമ്പും. 
ഞാൻ ആ കുഴിമാടത്തിന്‍റെ മുന്നില്‍ നിശ്ശബ്ദം നിന്നു. അപ്പോൾ ദേവിക അകത്തേക്ക് പോയിട്ട് ഒരു കവറുമായി തിരിച്ചുവന്നു. അത് എന്‍റെ കൈയ്യില്‍ തന്നു.
“മരിക്കുന്നതിന് ഏതാനം ദിവസങ്ങള്‍ക്കു മുമ്പ് അച്ഛൻ സാറിന് വേണ്ടി തന്നതാണ് ഈ കവർ.” അവള്‍ പറഞ്ഞു.
ഞാൻ ആ കവർ വാങ്ങി. അത് സ്റ്റേപ്പിള്‍ ചെയ്തിരുന്നു. ഞാന്‍ ആ കവർ പൊട്ടിച്ചു. അതിലൊരു വെള്ളപ്പേപ്പർ. അതിൻറെ നടുക്ക് ഒരേയൊരു വരി. 
“മുക്കാൽ സെക്കൻഡിന്‍റെ ജീവിതദൈര്‍ഘ്യം എനിക്ക് തീർന്നു”.
അന്ന് പറഞ്ഞു പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയ കാര്യം. അടിയില്‍ രാമചന്ദ്രന്‍ സാറിൻറെ ഒപ്പ്. പക്ഷി ചിറകുവിരിച്ചു പറക്കുന്നപോലെയുള്ള ഒപ്പ്. ഞാന്‍ സാറിൻറെ കുഴിമാടത്തിലേക്ക് നോക്കി
തലയ്ക്കൽ ചെന്തെങ്ങ്, നെഞ്ചിൽ വാഴ, കാൽക്കൽ മാടാമ്പ്. മൂന്നിന്റെയും     ചുവട്ടിൽ നല്ല നനവ്‌. മൂന്നും തഴച്ചു വളരുന്നു. അല്‍പസമയം കഴിഞ്ഞ് ഞാന്‍ തിരിച്ചു നടന്നു. പോരുമ്പോള്‍ ഞാൻ മനസ്സിൽ പറഞ്ഞു.  
“സര്‍, നിങ്ങൾ ഭാഗ്യവാനാണ്. മരണശേഷവും അവർ നിങ്ങളെ നന്നായി പരിചരിക്കുന്നുണ്ട്.”
മാസങ്ങൾക്ക് ശേഷം വീണ്ടും ആ വിളി വന്നു. ദേവികയുടെ വിളി. 
പാലക്കാടൻ ചൂടിൽ വെന്തുരുകുകയായിരുന്നു  ഞാനപ്പോൾ.  
“സര്‍ ഇപ്പോള്‍ എവിടെയാണ്.” അവള്‍ ചോദിച്ചു. 
അവളുടെ വിവാഹത്തിനു പോകാന്‍ പറ്റിയില്ല. ക്ലാസ്സുണ്ടായിരുന്നു. അതുകൊണ്ട് ഒരു ആശംസാകാര്‍ഡില്‍ വിവാഹമംഗളങ്ങള്‍ നേര്‍ന്നൊഴിഞ്ഞു.
“പാലക്കാട്‌” ഞാന്‍ പറഞ്ഞു.
“ഞാന്‍ കുറേ ബുദ്ധിമുട്ടി ഈ നമ്പര്‍ സംഘടിപ്പിക്കാന്‍. തുടരെത്തുടരെ നമ്പര്‍ മാറ്റുന്നത് എന്തിനാ”. ദേവിക ചോദിച്ചു. പരാതിയോ പരിഭവമോ നിഴലിക്കുന്ന ചോദ്യം.
“സൗകര്യം പ്രമാണിച്ച്”. ഞാന്‍ പറഞ്ഞു.
“എന്ത് സൗകര്യം”. ആ ചോദ്യത്തില്‍ ഒരു ആധികാരികത വന്നിരിക്കുന്നു എന്‍റെ ശിഷ്യയ്ക്ക്.  
“സാമ്പത്തിക സൗകര്യം. പുതിയ മൊബൈല്‍ കമ്പനികള്‍ വരുമ്പോള്‍ ആദായകരമായ ഓഫര്‍ മുന്നോട്ടു വെക്കും. അതുകൊണ്ട് സിം മാറും. പുവര്‍ ഫെല്ലോസ് അവര്‍ക്കും ജീവിക്കണ്ടേ.” ഞാന്‍ പറഞ്ഞു. 
“ആര്‍ക്കെങ്കിലും സാറിനെ പെട്ടെന്ന് കോണ്ടാക്ട് ചെയ്യണമെന്നു തോന്നിയാലോ”.  ദേവിക ചോദിച്ചു.
“തോന്നിയാല്‍, ഇപ്പോള്‍ നീ ചെയ്തത് എന്തോ അതുതന്നെ അവരും ചെയ്യും.” ഞാന്‍ പറഞ്ഞു. 
ഒരു നിമിഷം അവള്‍ ഒന്നും മിണ്ടിയില്ല. പിന്നെപ്പറഞ്ഞു.
“എനിക്കൊരു കുഞ്ഞുണ്ടായി. മോനാണ്. ഒരു മാസമായി”.
“അഭിനന്ദനങ്ങള്‍”. ഞാന്‍ ദേവികയെ കലവറയില്ലാതെ    അഭിനന്ദിച്ചു. ജീവിച്ചിരിന്നുവെങ്കില്‍ രാമചന്ദ്രന്‍ സാര്‍ വിളിച്ചു പറയുമായിരുന്ന വിശേഷം. 
“എന്താ പേര്.” ഞാന്‍ ചോദിച്ചു.
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ദേവിക പറഞ്ഞു.
“രാമചന്ദ്രന്‍.” 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക