Image

വളരുന്നോ വളർത്തുന്നോ എന്നതല്ല വിഷയം , കുട്ടികളാണോ എന്നതാണ് : പ്രകാശൻ കരിവെള്ളൂർ

Published on 23 November, 2025
വളരുന്നോ വളർത്തുന്നോ എന്നതല്ല വിഷയം , കുട്ടികളാണോ എന്നതാണ് : പ്രകാശൻ കരിവെള്ളൂർ

എല്ലാം മാറും പോലെ കുട്ടികളും മാറിയിട്ടുണ്ട് വല്ലാതെ .എത്ര മാറിയാലും അവർ കുട്ടികളായിത്തന്നെയാണ് വലിയവരാകേണ്ടത് . എന്നാൽ വർത്തമാന ശൈശവബാല്യങ്ങൾ ഇന്ന് മിക്കവാറും കടന്നു പോകുന്നത് മുതിർന്നവരുടെ അനുഭവമണ്ഡലങ്ങളിലൂടെയാണ് . പ്രായത്തിനിണങ്ങിയ ചിന്തകളും സ്വപ്നങ്ങളും ഭാവനകളും അവരിൽ നിന്നും തട്ടിത്തെറിപ്പിക്കാൻ പാകത്തിൽ മാധ്യമങ്ങളും മാർക്കറ്റും ചേർന്ന് ഒരു ജനപ്രിയ ലോകം അവർക്ക് മുന്നിൽ പ്രലോഭനീയമായി വച്ചു നീട്ടുകയാണ്.
യഥാർത്ഥത്തിൽ നമ്മുടെ മക്കൾ ആരുടെയൊക്കെയോ, എന്തിൻ്റെയൊക്കെയോ ഇരകളായിത്തീരുകയല്ലേ ? അത് ചെറുക്കേണ്ടത് ഭരണകൂടത്തിൻ്റെയും സാമൂഹികസാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ബാധ്യതയല്ലേ ?

എന്തും ഏതും ആർക്കും എപ്പോഴുമായി തുറന്നിട്ട വിവരസാങ്കേതിക വിദ്യ ഏതൊക്കെ കാര്യത്തിൽ അറിവുണ്ടാക്കി എന്ന് ഊറ്റം കൊള്ളാനാണ് പലർക്കും തിടുക്കം . ഏതൊക്കെ കാര്യത്തിൽ അറിവില്ലാണ്ടാക്കുന്നുണ്ട് എന്ന് നമ്മൾ വിലയിരുത്തുന്നേയില്ല . പ്രായോഗികമായ ആവശ്യകതാബോധത്തിനപ്പുറം ഒന്നും പഠിക്കേണ്ടതില്ല എന്ന ചിന്താഗതിയിലേക്കാണ് പുത്തൻ പഠന രീതികൾ കുട്ടികളെ നയിച്ചത് . ചരിത്രബോധവും ശാസ്ത്രീയ ധാരണയുമില്ലാതെയാണ് അവർ വളരുന്നത് . കുറേ മൊബൈൽ ആപ്പുകൾക്കും വീഡിയോ ഗെയിമുകൾക്കും അപ്പുറം ലോകമില്ല എന്ന് കുട്ടികളെ പഠിപ്പിക്കുന്നതിൽ തൊട്ട് മുന്നത്തെ തലമുറയ്ക്കും പങ്കുണ്ട് . ദ്രുതിഗതിയിലുള്ളതും വർണ്ണപ്പകിട്ടാർന്നതുമായ കാഴ്ച്ചകളുടെ ലോകം കുട്ടികളിൽ കേട്ടും വായിച്ചും  മനസ്സിലാക്കാനുള്ള ശേഷി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. വായന പല കുട്ടികൾക്കും അന്യമായി . കഥാ പുസ്തക വായന പോലും അവരുടെ താല്പര്യത്തിലില്ല . കായികമായ അഭിരുചി യൊക്കെ കൗമാരത്തിലെത്തും മുമ്പേ മുരടിച്ചു പോവുകയാണ് . പഴമയെ പുച്ഛിച്ചു തള്ളുന്ന ഈ ഇളമുറക്കാർ ദൈവ വിശ്വാസം എന്നതു പോലെ പ്രേതവിശ്വാസവും എന്നതും വിചിത്രമായ ഒരു യാഥാർത്ഥ്യമാണ് .

പ്രായമെത്തും മുമ്പേ ലൈംഗിക കാര്യങ്ങൾ കാണാനും കേൾക്കാനുമുള്ള പോൺ സൗകര്യങ്ങൾ മാനസികമായി സൃഷ്ടിക്കുന്ന സംഘർഷങ്ങൾ കുഞ്ഞുങ്ങളെ ബാധിക്കുന്നതിനെക്കുറിച്ച് ഒരു ബാലാവകാശക്കമ്മീഷനും ആകുലപ്പെടുന്നില്ല .

ശൈശവ ബാല്യങ്ങൾ അതിന് പാകത്തിലുള്ള കളി ചിരി പാട്ടും കഥയിലൂടെ കടന്നു പോകട്ടെ . മുതിർന്നവരുടെ അനുഭവങ്ങൾ അവിടെ വല്ലാതെ കയറി നിരങ്ങാൻ തുടങ്ങിയാൽ വലിയ അപകടമുണ്ട് . മുതിർന്നവരായാൽ അവർക്ക് ജീവിതം വല്ലാതെ മടുത്തു പോകും .

മുതിർന്നവരുടെ ഇഷ്ടപ്രകാരം വാർത്തെടുക്കേണ്ട കല്ലോ മണ്ണോ ഇഷ്ടികയോ അല്ല കുട്ടി . നാടിൻ്റെയും വീടിൻ്റെയും ശരി തെറ്റുകൾ വിവേചിച്ചറിഞ്ഞ് നാളെയുടെ വിളക്കും വെളിച്ചവുമാകേണ്ടവരാണ് . സ്വന്തം മക്കളേയും ചുറ്റു വട്ടത്തുള്ള കുട്ടികളെയും എല്ലാത്തരം ചൂഷണങ്ങളിൽ നിന്നും കാത്തു രക്ഷിക്കാനുള്ള ജാഗ്രത സാമൂഹ്യബോധമുള്ള ഓരാ പൗരനിൽ നിന്നും കാലം ആവശ്യപ്പെടുന്നു  .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക