
അമേരിക്കൻ മലയാളികളുടെ സാഹിത്യ–സാംസ്കാരിക പ്രസ്ഥാനങ്ങളിൽ നിർണായക പങ്കുവഹിച്ച് മുന്നേറുന്ന ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാനാ) പുതിയ നേതൃത്വവുമായി പ്രവർത്തനം തുടരുമ്പോൾ അതിന്റെ സെക്രട്ടറിയെന്ന പ്രധാന ചുമതല ഏറ്റെടുക്കുന്നത് നാലു പതിറ്റാണ്ടായി പ്രവാസജീവിതം നയിക്കുമ്പോഴും മലയാളത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്ന നിർമ്മല ജോസഫ് തടം (മാലിനി) എന്ന എഴുത്തുകാരിയാണ്.
കോട്ടയത്തെ വയല എന്ന ഗ്രാമത്തിൽ നിന്നാരംഭിച്ച യാത്ര, 1984-ൽ അമേരിക്കയിലേക്ക് മാറിയ ശേഷവും ഭാഷയോടും എഴുത്തിനോടുമുള്ള ആത്മബന്ധം ഒരിക്കലും ക്ഷയിച്ചില്ല. മൂന്ന് കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള, നാലാമത്തെ കവിതാസമാഹാരത്തിന്റെ പണിപ്പുരയിൽ മുഴുകിയിരിക്കുന്ന ഒരു സൃഷ്ടിപരമായ മനസ്സ്. രണ്ട് മലയാളം സ്കൂളുകളിൽ ഇരുപത് വർഷത്തോളം അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. വായന, എഴുത്ത്—ഇവയെല്ലാം അവരുടെ ജീവിതത്തിന്റെ ഉറച്ച തൂണുകൾ.
ലാനായുടെ പ്രവർത്തനങ്ങളോട് വർഷങ്ങളായി കാണിക്കുന്ന ആത്മബന്ധം ഇപ്പോൾ ഒരു വലിയ ഉത്തരവാദിത്വമായി മാറുമ്പോൾ, പുതുതലമുറയെ എഴുത്തിലേക്കും സാഹിത്യത്തിലേക്കും നയിക്കാൻ പദ്ധതികളുമായി അവർ മുന്നോട്ട് പോകുന്നു. പ്രവാസത്തിൽ മാതൃഭാഷ സംരക്ഷിക്കുന്നതിനുള്ള വെല്ലുവിളികളിൽ നിന്നും ലാനായെ കൂടുതൽ സജീവമായ ഒരു സൃഷ്ടിപ്രസ്ഥാനം ആക്കാനുള്ള സ്വപ്നങ്ങളിലേക്കുള്ള യാത്രയെക്കുറിച്ച് നിർമ്മല ജോസഫ് സംസാരിക്കുന്നു...

കേരളവുമായുള്ള ബന്ധം?
കോട്ടയമാണ് സ്വദേശം. കുറവിലങ്ങാടിനടുത്ത് വയല എന്ന ഗ്രാമത്തിലാണ് ജനിച്ചുവളർന്നത്. ഭർത്താവിന്റെ കുടുംബം പാലക്കാടാണ്. 84 - ൽ ആണ് അമേരിക്കയിലെത്തുന്നത്.
40 വർഷം പിന്നിട്ട പ്രവാസജീവിതം മലയാളത്തെയും എഴുത്തിനോടുള്ള താല്പര്യത്തെയും എങ്ങനെ സ്വാധീനിച്ചു?
40 വർഷമായിട്ട് അമേരിക്കയിലാണ് താമസിക്കുന്നതെങ്കിലും എന്റെ ഉള്ളിലെ ഭാഷ മലയാളം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അധികം വായിച്ചതും മലയാളം പുസ്തകങ്ങൾ. വീട്ടിൽ സംസാരിക്കുന്നതും മലയാളം. വായനയാണ് ഭാഷയോട് ഇപ്പോഴും ചേർത്തുനിർത്തുന്നത്. മക്കൾ രണ്ടുപേരും ഇവിടെയാണ് ജനിച്ചതെങ്കിലും നന്നായി മലയാളം സംസാരിക്കും. മകൾ മലയാളം എഴുതുകയും വായിക്കുകയും ചെയ്യും. എഴുത്തിനെക്കുറിച്ചു പറഞ്ഞാൽ, കാലം/സമയം പലകാര്യങ്ങളിലും നമ്മുടെ കാഴ്‌ചപ്പാടുകൾക്കും നിലപാടുകൾക്കും ചെറിയ മാറ്റങ്ങളുണ്ടാക്കും. അത് നമുക്ക് കൂടുതൽ തിരിച്ചറിവുതരും, ധൈര്യം തരും. എഴുതാൻ കഴിയും, എഴുതണം എന്നൊരു ആത്മവിശ്വാസം ഈ കാലയിളവ് എനിക്ക് തന്നു.
പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ?
മൂന്ന് കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. പാപനാശിനിയുടെ തീരത്ത് പ്രാർത്ഥനയോടെ, നീയും ഞാനും പിന്നെ നമ്മളും, നൈജൽ എന്നിവയാണ് പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ. നാലാമത്തേത് ഒരു കവിതാസമാഹാരമാണ്. അതിന്റെ പണിപ്പുരയിലാണ്.

സൃഷ്ടി പ്രക്രിയ ഒന്ന് പറയാമോ?
മനസ്സിനെ സ്പർശിക്കുന്ന ചെറിയൊരു കാര്യം മതി. നമ്മുടെ ഒരനുഭവം, സുഹൃത്തുമായി നടത്തിയ സംഭാഷണമോ, കണ്ടുമുട്ടിയ വ്യക്തിയോ അങ്ങനെ എന്തും എഴുത്തിന് വിഷയമായിത്തീരാം. എഴുതാൻ വേണ്ടി എഴുതാറില്ല, അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. നമ്മുടെ ഉള്ളിൽ എന്തെങ്കിലും ഒന്ന് സ്ട്രൈക്ക് ചെയ്യുകയാണെങ്കിൽ അത് ആരോടെങ്കിലും പറയണം എന്ന് തോന്നുമല്ലോ. നൈജൽ എന്ന കഥയുടെ തീം ഏതാണ്ട് 15 വർഷം മുമ്പ് ഒരു വ്യക്തി പങ്കുവച്ച അനുഭവത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞുവന്നത്. എന്നെ സംബന്ധിച്ച് എന്റെ വികാരം എക്സ്പ്രസ് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല മാധ്യമമാണ് എഴുത്ത്.
കഥാസമാഹാരത്തിൽ നിന്ന് കവിതാസമാഹാരത്തിലേക്ക് വഴിമാറി നടക്കുന്നതിന് പിന്നിൽ?
വഴിമാറി നടത്തം എന്നുപറയാനാകില്ല. തുടക്കത്തിൽ കവിതകൾ തന്നെയാണ് എഴുതിയിരുന്നത്. പ്രസിദ്ധീകരിച്ചിട്ടില്ലെന്നുമാത്രം. താളബദ്ധമായിട്ടുള്ള വൃത്തം, അലങ്കാരം അങ്ങനെയുള്ള രീതി വശമില്ലാത്തതുകൊണ്ട് ആത്മവിശ്വാസം കുറവായിരുന്നു. എന്റെ കഥകളിൽ തന്നെ പലപ്പോഴും കവിതയുടെ ശൈലി കടന്നുവരാറുണ്ട്, എങ്കിലും എഴുതാൻ എളുപ്പം കഥകളാണ്.
ലാനായുമായുള്ള ബന്ധത്തിന്റെ തുടക്കം?
അംഗത്വം എടുത്തത് എന്നാണെന്ന് കൃത്യമായി ഓർക്കുന്നില്ല. 10- 15 വർഷങ്ങൾക്ക് മുമ്പേ ഞാൻ ലാനായുടെ പരിപാടികൾക്ക് പോകുമായിരുന്നു. ന്യൂയോർക്കിൽ നടക്കുന്ന പരിപാടികളിൽ എപ്പോഴും പങ്കെടുക്കാൻ ശ്രമിക്കാറുണ്ട്. ഒന്നുരണ്ടു സ്ഥലങ്ങളിൽ ദൂരം വകവയ്ക്കാതെയും പങ്കെടുത്തിട്ടുണ്ട്. അത് സംഘടനയോടും അവിടെ നടക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകളോടുമുള്ള താല്പര്യംകൊണ്ടാണ്.
പുതിയ കമ്മിറ്റിയിൽ സെക്രട്ടറിയുടെ സ്ഥാനത്ത് കൂടുതലായി ഊന്നൽ കാഴ്ചവയ്ക്കാൻ ഉദ്ദേശിക്കുന്നത് എവിടെയാണ്?
ലാനയുടെ നയപരമായ എല്ലാ കാര്യങ്ങളിലും എക്‌സിക്യുട്ടീവ് കമ്മറ്റി ചർച്ച ചെയ്‌ത് തീരുമാനിക്കുന്ന പ്രവർത്തനപദ്ധതികൾ നടപ്പാക്കാൻ ഞാൻ ആത്മാർഥമായി ശ്രമിക്കും.
വായിക്കാനും എഴുതാനുമുള്ള പ്രചോദനവും പ്രോത്സാഹനവും അവസരവും നൽകുകയാണ് ലാനായുടെ പ്രധാന ലക്‌ഷ്യം. എഴുത്തുകാരെ അവരുടെ രചനകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനൊപ്പം എഴുതാൻ താല്പര്യമുള്ളവർക്ക് ഒരു ഡയറക്ഷൻ കൊടുക്കാനും സംഘടനയ്ക്ക് കഴിയണം.
ഇവിടുത്തെ എഴുത്തുകാർക്കു വേണ്ടി വർക്ക്ഷോപ്പുകൾ / സ്റ്റഡി ക്ലാസുകൾ സംഘടിപ്പിക്കുന്നതും അവരുടെ എഴുത്തിനെക്കുറിച്ചും കൃതികളെക്കുറിച്ചും പഠനം നടത്തുന്നതും നന്നായിരിക്കും. ഒരു പുസ്തകം വായിച്ച് എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാൽ അത് കൂടുതൽ മെച്ചപ്പെടും, എവിടൊക്കെയാണ് തിരുത്തൽ വരുത്തേണ്ടത് എന്നൊക്കെ ചർച്ചചെയ്യുന്ന സെഷനുകൾ (നിരൂപണം, വിമർശനം ) ഉപകാരപ്രദമാകും. പല റീജനുകളിലേക്ക് ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചാൽ എഴുത്തിനെ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം.

കുട്ടികൾക്കായുള്ള ഒരു സെഷൻ സംഘടിപ്പിച്ചാൽ അവരുടെ കൂടുതൽ പങ്കാളിത്തം ഉണ്ടാകും. വിവിധ സ്റ്റേറ്റുകളിൽ നിന്നായി മൂന്നോ നാലോ കുട്ടികളേ പങ്കെടുക്കുന്നുള്ളു എങ്കിലും അതവർക്കൊരു പ്രോത്സാഹനമായിരിക്കും. അമേരിക്കയി ലുള്ള മലയാളം എഴുത്തുകാരുടെ പുസ്തകങ്ങൾ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുന്നതും യുവതലമുറയെ ലാനായുമായി അടുപ്പിക്കാൻ സഹായിക്കുമെന്നാണ് വിശ്വസിക്കുന്നത്.
വർഷങ്ങൾക്കുമുമ്പ്, കുറിച്ചുവച്ചതൊക്കെ കീറിക്കളയേണ്ട സ്ഥിതി എനിക്കുണ്ടായിട്ടുണ്ട്. അത്തരത്തിൽ ഭയമുള്ളവരിൽ ആത്മവിശ്വാസം കൊണ്ടുവരാൻ സമാന മനസുള്ളവരുടെ ഗ്രൂപ്പ് ഉണ്ടാകുന്നത് സഹായകമാകും. ആദ്യകാലങ്ങളിൽ സ്വന്തം പേരിൽ എഴുതാൻ ഭയപ്പെട്ടിരുന്ന ആളാണ് ഞാൻ. നിർമ്മല എന്ന പേരിൽ മറ്റൊരു എഴുത്തുകാരി ഉണ്ടായിരുന്നതുകൊണ്ട് 'മാലിനി’ എന്ന തൂലികാനാമത്തിലാണ് എഴുതി തുടങ്ങിയതും എഴുതുന്നതും.
കുടുംബവും ജോലിയും ബാലൻസ് ചെയ്യുന്നതിനിടയിൽ സ്ത്രീ എന്ന നിലയിൽ എഴുത്തിന് സമയം കണ്ടെത്താൻ കഴിയാതെ വന്നിട്ടുണ്ടോ?
പലപ്പോഴും വീട്ടുകാര്യങ്ങളിൽ പുരുഷന്മാരെക്കാൾ കൂടുതൽ ഉത്തരവാദിത്വം സ്ത്രീകൾക്കുണ്ട്. സമയക്കുറവുകൊണ്ട് എഴുതാൻ താമസം വന്നിട്ടുണ്ട് എന്നല്ലാതെ എഴുതാതിരുന്നിട്ടില്ല. എനിക്കേറ്റവും വിലപ്പെട്ടതും സന്തോഷം തരുന്നതുമായ റോളാണ് ഭാര്യ, അമ്മ എന്നിവ. കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ്. ഞാൻ എഴുതുന്നതിനോട് അവർക്ക് ഇഷ്ടമേയുള്ളൂ. അതിനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ട്. കുട്ടികളും ഹസ്ബൻഡും അതിനുള്ള എല്ലാ സഹായവും ചെയ്യുന്നുമുണ്ട്.
കൂടുതൽ എഴുതാൻ സാധിച്ചത് ഏത് പ്രായത്തിലാണ്?
എനിക്കെന്റെ ചെറുപ്പത്തിൽ വായിക്കാനുള്ള ഒത്തിരി സാധ്യതകളുണ്ടായിരുന്നു. ഞാനൊക്കെ ജനിക്കുന്നതിനു മുമ്പേ പ്രവർത്തിച്ചുതുടങ്ങിയ ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഞങ്ങളുടെ വയലായിൽ ഉണ്ട്. എന്റെ ചേച്ചിമാരും ആങ്ങളമാരുമൊക്കെ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്തുകൊണ്ടുവരുന്നത് കണ്ടാണ് വായനയോട് താല്പര്യം വളർന്നത്. പാഠപുസ്തകങ്ങൾ മാത്രമേ വായിക്കാവൂ എന്ന് മാതാപിതാക്കളും നിർബന്ധിച്ചിട്ടില്ല. ആ കാലഘട്ടത്തിൽ എനിക്കുലഭിച്ച സ്വാതന്ത്ര്യവും വാത്സല്യവുമാണ് ഏറ്റവും വലിയ അനുഗ്രഹം.
എന്റെ മാതാപിതാക്കളും സഹോദരങ്ങളും പറഞ്ഞുതന്ന കഥകളും അക്ഷരങ്ങളുമാണ് എന്റെ എഴുത്തിന്റെ അടിത്തറ. സ്കൂളിലും കോളജിലും പഠിക്കുന്ന സമയത്ത് നന്നായി വായിക്കുമായിരുന്നു. നോട്ട്ബുക്കിലൊക്കെ കുഞ്ഞുകുറിപ്പുകൾ എഴുതുമെന്നല്ലാതെ പബ്ലിഷ് ചെയ്യാനുള്ള ധൈര്യവും ആത്മവിശ്വാസവും ഇല്ലായിരുന്നു. എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് സാധിച്ചത് കഴിഞ്ഞ 20 വർഷങ്ങൾക്കിടയിലാണ്.
“ജനനി” മാസികയിലാണ് ഞാൻ ആദ്യം എഴുതി പ്രസിദ്ധീകരിച്ചത്. പിന്നീട് “ഈ മലയാളി”യിലും എഴുത്ത് തുടർന്നു. ഇപ്പോഴാണ് കൂടുതലായി എഴുതുന്നത്.
മലയാളം അദ്ധ്യാപിക എന്ന റോൾ?
ഇവിടെ, ന്യൂയോർക്കിൽ ' ഗുരുകുലം' എന്നൊരു മലയാളം സ്കൂളുണ്ട്. ഇപ്പോൾ 80 കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂൾ കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. എന്റെ മക്കൾ ചെറുതായിരുന്നപ്പോൾ അവിടെ ഞാൻ 10 വർഷത്തിലേറെ പഠിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ പോകുന്ന പള്ളിയിലും കുട്ടികളെ മലയാളം പഠിപ്പിച്ചിരുന്നു. അവിടെ 11 വർഷം മലയാളം പഠിപ്പിച്ചു. സ്കൂളിൽ ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂറായിരുന്നു മലയാളം പഠിപ്പിച്ചിരുന്നത്.
അമേരിക്ക പോലൊരു രാജ്യത്ത് നമ്മുടെ മാതൃഭാഷ സംരക്ഷിക്കപ്പെടാനുള്ള വെല്ലുവിളികൾ?
മാതൃഭാഷയുടെ എഴുത്തും വായനയും നമ്മുടെ കുട്ടികളിൽ എത്രമാത്രം പ്രാവർത്തികമാകും എന്നതിൽ എനിക്ക് സംശയമുണ്ട്. എന്നാൽ, മലയാളത്തിൽ സംസാരിക്കാൻ കുട്ടികളെ പഠിപ്പിക്കാനും പ്രാവർത്തികമാക്കാനും സാദ്ധ്യമാകും എന്നാണെന്റെ അനുഭവം. എഴുത്തിലും സാഹിത്യത്തിലും താല്പര്യമുള്ള നമ്മുടെ കുട്ടികളെ, ഇംഗ്ലീഷിലാണ് അവർ എഴുതുന്നതെങ്കിലും, അവരുടെ എഴുത്തിനെ ചേർത്തുനിർത്തുകയും സാഹിത്യത്തിലുള്ള കഴിവ് പരിപോഷിപ്പിക്കുകയും ചെയ്യണം. ഇംഗ്ലീഷ്/മലയാളം ട്രാൻസലേഷനുകൾക്ക് ഇതിൽ നല്ലൊരു പങ്കുവഹിക്കാനാകും. ഇ-മലയാളി അടക്കമുള്ള മാധ്യമങ്ങൾ എഴുതാൻ താല്പര്യമുള്ളവർക്ക് അവസരം നൽകുന്നുണ്ട്.
സ്ത്രീകളെ കൂടുതലായിട്ട് ലാനായിൽ കൊണ്ടുവരാൻ സെക്രട്ടറി വനിത ആയതിലൂടെ സാധിക്കുമോ?
അതിനുവേണ്ടി സെക്രട്ടറി എന്ന നിലയിൽ പ്രത്യേകം ശ്രമിക്കേണ്ട ആവശ്യമില്ല. കാരണം, എന്റെ അനുഭവത്തിൽ ലാന എന്നും എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന സംഘടനയാണ്. വിവിധ സ്ഥാനങ്ങളിലേക്ക് സ്ത്രീകളെ കൊണ്ടുവരണം എന്നൊന്നും ആവശ്യപ്പെടാതെതന്നെ, ഇതിനോടകം സ്ത്രീകൾ ലാനയുടെ ഔദ്യോഗിക കമ്മറ്റികളിൽ ഭാഗമായിരുന്നിട്ടുണ്ട്. ഇനിയും നമുക്ക് കൂടുതൽ സ്ത്രീ സാന്നിധ്യം പ്രതീക്ഷിയ്ക്കാം. ലാനയിൽ ഞാൻ നേരിട്ട് കണ്ടിട്ടുള്ളവരൊക്കെ സ്ത്രീകളെ അംഗീകരിക്കുകയും ബഹുമാനിക്കയും ചെയ്യുന്നവരാണ്.
പ്രിയപ്പെട്ട എഴുത്തുകാർ? പുസ്തകങ്ങൾ?
എംടിയുടെയും മുകുന്ദന്റെയും പുസ്തകങ്ങളുടെ ആരാധികയാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ആണ് പ്രിയപ്പെട്ട പുസ്തകം.
കുടുംബം?
ഭർത്താവ്: ഇമ്മാനുവൽ സെബാസ്റ്റ്യൻ (ബാബു) MTA യിൽ ജോലി ചെയ്യുന്നു. ഞാൻ ഒരു ഹോസ്‌പിറ്റലിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്‌റ്റന്റാണ്. മകൾ ജൂലിയ സ്കൂൾ ടീച്ചറാണ്. മരുമകൻ ജോൺ ഐടി ഫീൽഡിലും മകൻ ജോ ഒരു ഫിനാൻസ് കമ്പനിയി ലും ജോലി ചെയ്യുന്നു.