
മുക്തിയിലേക്കുള്ള ഏക മാർഗ്ഗം ഭഗവാനിലർപ്പിക്കുന്ന ശുദ്ധമായ ഭക്തിയാണ്. ഇതിനെ വളരെ രഹസ്യമായ അറിവായി കരുതുന്നു. സകല ജീവജാലങ്ങളും, സൃഷ്ടിയും ഭഗവാനിൽ ഉൾക്കൊള്ളവേ അവൻ ഇവയെ സ്പർശിക്കാതെ നിലകൊള്ളുന്നു. ഈ അധ്യായത്തിലാണ് ഭഗവൻ പറയുന്നത് ഭക്തിയോടും സ്നേഹത്തോടും കൂടി അർപ്പിച്ചാൽ ഭക്തർ അർപ്പിക്കുന്ന എന്തും അവനു സ്വീകാര്യമാണ്. ഒരു ഇലയോ, പുഷ്പമോ, പഴമോ ഒരു തുള്ളി ജലമോ. നമ്മുടെ എല്ലാ കർമ്മങ്ങളും അവ എത്ര നിസ്സാരമെങ്കിലും അവയെല്ലാം ഭഗവാനുള്ള ആരാധനയായി നിർവഹിക്കാൻ ഭക്തന് സാധിക്കും. രാജ്യവിദ്യ എന്ന അതീവ രഹസ്യവും പരിശുദ്ധവും വ്യക്തമായി അറിയാവുന്നതും ധർമ്മാനുസാരവും നശിക്കാത്തതും അനുഷ്ഠിക്കാൻ എളുപ്പവുമാണെന്നു ഈ അധ്യായത്തിലെ രണ്ടാം ശ്ലോകം വിവരിക്കുന്നു.
രാജാവിദ്യാരാജഗുഹ്യം
പവിത്രമിദ മുത്തമം
പ്രത്യക്ഷാവഗമം ധർമ്യം
സുസുഖം കർത്തുമവ്യയം
ഇനി വിശദമായി
പ്രഭു പറഞ്ഞു. നീ അസൂയരഹിതനായതിനാൽ പരമ രഹസ്യമായ ഈ ജ്ഞാനത്തെപ്പറ്റി വിജ്ഞാനസഹിതം ഞാൻ നിന്നോട് പറയാം അതറിഞ്ഞാൽ പിന്നെ നീ ഈ ലോകത്തിലെ കഷ്ടപ്പാടുകളിൽ നിന്നും മുക്തനാകും. രാജാവിദ്യയോഗം എന്ന ഈ അറിവ് എല്ലാ അറിവിലും മികച്ചതാണ്. ഏറ്റവും രഹസ്യവും ഏറ്റവും പവിത്രമായതുമാണ്. സ്പഷ്ടമായി അറിയാവുന്നതും ധർമ്മാനുസരണവുമാണ്. പ്രായോഗികമാക്കാൻ വളരെ എളുപ്പമാണ്.അത് ഒരിക്കലും നശിക്കാത്തതും ഫലമുളവാക്കുന്നതുമാണ്. ഓ, അർജുനാ ഈ അറിവ് മനസ്സിലാക്കാത്തവർ ജനനമരണങ്ങളുടെ ചാക്രികമായ ആവർത്തനത്തിൽപ്പെട്ടു എന്നെ പ്രാപിക്കാനാവാതെ ജനിമൃതികളുടെ ലോകത്തിൽ കഴിയുന്നു. ഇന്ദ്രിയങ്ങൾക്ക് പ്രകടമല്ലാത്ത രൂപത്തിലാണെങ്കിലും എന്നാൽ ഈ ലോകം മുഴുവൻ നിറഞ്ഞിരിക്കുന്നു. സകല ചരാചരങ്ങളും എന്നിലാണ്. ഞാനവയിൽ ഇരിക്കുന്നില്ല.
(സർവഭൂതങ്ങളും എന്നിൽ സ്ഥിതി ചെയ്യുന്നു എന്ന് പറഞ്ഞാൽ സർവ്വചരാചരങ്ങൾക്കും താൻ ആധാരമായി വർത്തിക്കുന്നു എന്നർത്ഥം) വാസ്തവത്തിൽ ഭൂതങ്ങൾ എന്നിലും ഇരിക്കുന്നില്ലെന്നു മനസ്സിലാക്കുക. എന്റെ ദിവ്യമായ യോഗശക്തി നോക്കുക. സൃഷ്ടിക്കുന്നവനും നടത്തുന്നവനുമായ ഞാൻ അവരിലില്ല. ആകാശത്തിൽ തങ്ങി നിൽക്കുന്ന വായു എല്ലായിടത്തും സഞ്ചരിക്കുന്നപോലെ സകല ചരാചരങ്ങളും എന്നിലിരിക്കുന്നവെന്നറിയുക. വായുവിന്റെ സഞ്ചാരത്തിൽ ആകാശം നിസ്സംഗത പാലിച്ചുകൊണ്ടിരിക്കുന്നപോലെ സകല ചരാചരങ്ങളും പരമാത്മാവിൽ സ്ഥിതി ചെയ്താലും പരമാത്മാവ് നിർലിപ്തമായിരിക്കുന്നു. ഓ, അർജുനാ, വാസ്തവത്തിൽ എല്ലാ ജീവജാലങ്ങളും എന്റേതായ പ്രകൃതിയിൽ ലയിക്കുന്നു. അടുത്ത കൽപ്പാന്തരാരംഭത്തിൽ ഞാനവരെ വീണ്ടും സൃഷ്ടിക്കുന്നു.എന്റെ പ്രകൃതിയെ അധിഷ്ഠാനമാക്കി (അതായത് പരം-അപരം ) സ്വഭാവമനുസരിച്ച് അസ്വതന്ത്രമായ സകലഭൂതസമൂഹത്തെയും ഞാൻ വീണ്ടും വീണ്ടും സൃഷ്ടിക്കുന്നു. ഈ സൃഷ്ടികർമ്മം എന്നെ ബന്ധിപ്പിക്കുന്നില്ല. കാരണം ഞാനതിനോട് ആസക്തിയില്ലാത്തവനായും താല്പര്യമില്ലാത്തവനായും കഴിയുന്നു. എന്റെ നിയന്ത്രണത്തിലും നിർദേശത്തിലും പ്രക്രുതി ചരാചരങ്ങളടങ്ങിയ പ്രപഞ്ചത്തെ ഉണ്ടാക്കുന്നു. തന്മൂലം പ്രപഞ്ചചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. പരമേശ്വരനായ എന്റെ പ്രകൃതിയിൽ സകല ചരാചരങ്ങളും നിലനിൽക്കുന്നു എന്ന് മനസ്സിലാക്കാത്ത മൂഢരായ മനുഷ്യർ മനുഷ്യദേഹത്തെ ആശ്രയിച്ചിരിക്കുന്നവനാണ്, ഞാനെന്ന കരുതി എന്നെ നിന്ദിക്കുന്നു. വ്യർത്ഥമായ അറിവുമുള്ള അഹങ്കാരികളും അവിവേകികളുമായവർ രാക്ഷസന്മാർക്കും അസുരന്മാർക്കും ചേരും വിധമുള്ള പ്രകൃതിയെ ആശ്രയിച്ചവരത്രെ. എന്നാൽ മഹാത്മാക്കൾ "ദൈവിയായ" പ്രകൃതിയെ ആശ്രയിച്ച് (ദൈവിയായ ഗുണങ്ങൾ, ശാന്തത, ഇന്ദ്രിയനിയന്ത്രണം, ദയ, ശ്രദ്ധ മുതലായവയാകുന്നു) എന്നെ നാശമില്ലാത്ത ഭൂതകാരണമായി അറിഞ്ഞു ഏകാഗ്രമായ മനസ്സോടെ എന്നെ ഭജിക്കുന്നു. അവർ, എന്നെ മഹത്വപ്പെടുത്തിയും, പ്രയത്നശാലികളായും എന്നെ നമിക്കുന്നവരായും എപ്പോഴും പരമാത്മചിന്തയുള്ളവരായും, ദൃഡചിത്തരായി എന്നെ ഭക്തിയോടെ ഉപാസിക്കുന്നു.
യാഗവും യജ്ഞവും ഞാനാകുന്നു. പിതൃക്കൾക്കായുള്ള ശ്രാദ്ധ കർമ്മാദികളും, മരുന്നും ഞാനാകുന്നു. ഹോമദ്രവ്യങ്ങളും അഗ്നിയും ഹോമക്രിയയും ഞാനാകുന്നു. ഞാൻ ഈ ലോകത്തിന്റെ അച്ഛനാണ്. അമ്മയാണ്.മുത്തച്ഛനാണ്. കർമ്മദാതാവാണ് . അറിയപ്പെടേണ്ടതും പരിശുദ്ധവുമായവസ്തുവാണ്. ഞാൻ പവിത്രമായ "ഓം" എന്ന അക്ഷരമാണ്. ഋക്, യജുസ്സ്, സാമ, എന്നീ വേദങ്ങളും ഞാൻ തന്നെയാകുന്നു. ഞാൻ ലക്ഷ്യമാണ്. അവലംബമാണ്. പ്രഭുവാണ്.സകലതിനും സാക്ഷിയാണ്. ഇരിപ്പിടമാണ്. ആശ്രയമാണ്. ചങ്ങാതിയാണ്. ഉത്ഭവസ്ഥാനമാണ്. ലയസ്ഥാനമാണ്. അടിത്തറയും നിക്ഷേപസ്ഥാനവുമാണ്. അനശ്വരമായ വിത്താണ്. ഞാൻ ചൂട് തരുന്നു. മഴയെ തടഞ്ഞുനിർത്തി പെയ്യിപ്പിക്കുന്നു. ഞാൻ അമരനും, മരണവുമാണ്. ഞാൻ ഉണ്മയും ഇല്ലായ്മയുമാണ് വേദങ്ങളിൽ പറഞ്ഞപ്രകാരമുള്ള കർമ്മങ്ങൾ, അനുഷ്ഠിച്ച് യാഗങ്ങളെകൊണ്ട് എന്നെ പൂജിച്ച് സോമരസം കുടിച്ച് പാപരഹിതരായി സ്വ ർഗ്ഗപ്രാപ്തിക്കായി പ്രാത്ഥിക്കുന്നവർ അവരുടെ പുണ്യഫലമായി ഇന്ദ്രലോകത്തെ പ്രാപിച്ച് അവിടത്തെ ദിവ്യഭോഗങ്ങളെ അനുഭവിക്കുന്നു.വേദവിധി പ്രകാരം ധർമ്മം അനുസരിക്കുന്ന ഈ കൂട്ടർ വിശാലമായ സ്വർഗ്ഗത്തിന്റെ അനുഭൂതികൾ നുകർന്ന്. അവരുടെ പുണ്യകർമ്മങ്ങളുടെ ഫലം കഴിയുമ്പോൾ നശ്വരമായ ഈ ലോകത്തേക്ക് തന്നെ തിരിയെ വരുന്നു. (സംസാരചക്രത്തിൽ കിടന്നു കറങ്ങാനല്ലാതെ യാഗാദി കർമ്മങ്ങൾ കൊണ്ട് പരമപ്രാപ്തി ലഭ്യമാകുന്നില്ല. ) എന്നെ ധ്യാനിച്ച് ദൃഡചിത്തതയോടെ, ഏകാഗ്രമനസ്സോടെ എന്നെ ആരാധിക്കുന്നവരുടെ യോഗക്ഷേമങ്ങളുടെ ഉത്തരവാദിത്തം ഞാൻ വഹിക്കുന്നു. ഓ അർജുനാ അന്യദേവതകളെ ഉപാസിക്കുന്ന വനും ശരിയായ വഴിക്കല്ലെങ്കിലും എന്നെത്തന്നെയാണ് പൂജിക്കുന്നത്. കാരണം എല്ലാവരുടെയും ഭോക്താവും ഫലദാതാവും ഞാൻ തന്നെയാണ്.
എന്നാൽ അവർ എന്നെ അപ്രകാരം മനസ്സിലാക്കുന്നില്ല.അതിനാൽ അവർ വഴുതിപ്പോകുന്നു.ദേവന്മാരെ ആരാധിക്കുന്നവർ ദേവന്മാരെ പ്രാപിക്കുന്നു. പിതൃക്കളെ ആരാധിക്കുന്നവർ പിതൃക്കളെ പ്രാപിക്കുന്നു. ഭൂതങ്ങളെ ആരാധിക്കുന്നവർ ഭൂതങ്ങളെ പ്രാപിക്കുന്നു. എന്നെ പൂജിക്കുന്നവർ എന്നിലേക്ക് വരുന്നു. അവർ വീണ്ടും ജനിക്കുന്നില്ല.
പത്രം, പുഷ്പം, ഫലം തോയം
യോ മി ഭക്ത്യാ പ്രയ ച് ച്ഛതി
തദഹം ഭക്ത്യപഹൃത
മശ് നാമി പ്രയ താത് മന:
ഒരു ഇലയോ,പൂവോ, ഫലമോ, ഒരു തുള്ളി ജലമോ ഭക്തിയോടുകൂടി എനിക്ക് ആർ നിവേദിക്കുന്നുവോ ഞാനാ ഉപഹാരത്തെ സ്വീകരിക്കുന്നു. ഓ അർജുനാ, നീ എന്ത് ചെയ്താലും എന്ത് തിന്നാലും നീ
യാഗാഗ്നിയിലേക്ക് എന്ത് നേദിച്ചാലും എന്തൊക്കെ ധർമ്മം കൊടുത്താലും എത്ര കഠിനമായ വൃതം നീ എടുത്താലും അതെല്ലാം എനിക്കായി നീ നേദിക്കുക. ഇങ്ങനെ നീ എനിക്കായി അർപ്പണം ചെയ്താൽ ശുഭാശുഭഫലങ്ങളോടുകൂടിയ കർമ്മബന്ധങ്ങളിൽ നിന്നും നീ മുക്തനായി തീരും. അങ്ങനെ സംന്യാസ യോഗത്തോടു കൂടി വിമുക്തനായിട്ട് എന്നെ പ്രാപിക്കയും ചെയ്യും ഞാൻ എല്ലാ ജീവജാലങ്ങളിലും തുല്യമായി സ്ഥിതി ചെയ്യുന്നു. എനിക്ക് ശത്രുവോ, മിത്രമോ ഇല്ല. എന്നാൽ എന്നെ ഭക്തിയോടുകൂടെ ആരാധിക്കുന്നവർ എന്റെ കൂടെയുണ്ട്. ഞാനവരുടെ കൂടെയുണ്ട്.
അപി ചേത് സുദു രാ ചാ രോ
ഭജതേ മാമന ന്യഭാക്
സാധുരേവ സ മന്തവ്യ
സമ്രുഗ് വ്യവസിതോ ഹി സ:
ഏറ്റവും പാപിയായ മനുഷ്യൻ അന്യശരണമില്ലെന്നുറപ്പിച്ച് ഏകാഗ്രചിത്തത്തോടെ എന്നെ ആരാധിക്കാൻ തീരുമാനിച്ചാൽ അവൻ നല്ലവനെന്നു കണക്കാക്കപ്പെടും. കാരണം അവൻ ശരിയായ നിശ്ചയം ചെയ്തു കഴിഞ്ഞിരിക്കുന്നു.
ക്ഷിപ്രം ഭവതി ധർമാത്മാ
ശശ്വച് ഛാ ന്തിമ് നിഗച് ച്ഛതി
കൗന്തേയ പ്രതിജാനീഹി
ന മേ ഭക്ത: പ്രണശ്യതി
ആ വ്യക്തി വേഗം തന്നെ ധർമ്മാത്മാവായി തീരുന്നു. ശാശ്വതമായ സമാധാനത്തെ പ്രാപിക്കുന്നു. അല്ലയോ, അർജുനാ, എന്റെ ഭക്തൻ നശിക്കില്ലെന്നു തീർച്ചയായി അറിഞ്ഞുകൊള്ളുക. സ്ത്രീകളും വൈശ്യരും ശൂദ്രരും പാപയോനിയിൽ ജനിച്ചവരും
കൂടി എന്നെ ആശ്രയിച്ചുപരമഗതിയെ പ്രാപിക്കുന്നു. (ഈ ഉപദേശം വായനക്കാരിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാക്കിയേക്കാം അതുകൊണ്ട് ഒരു ചെറിയ വിശദീകരണം താഴെ കൊടുക്കുന്നു. പാപയോനികളിൽ ജനിച്ചവർ എന്ന് വേദാന്തം. ഉദഘോഷിക്കുന്നതായി ഒരു തെറ്റിദ്ധാരണ മനുഷ്യരുടെയിടയിൽ പരക്കുകയും അതനുസരിച്ച് അവർക്കായി ചട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇങ്ങനെ മുദ്രകുത്തപ്പെട്ടവരിൽ അപകർഷണാ ബോധവും സ്ത്രീത്വമനോഭാവവും, കച്ചവടമനസ്ഥിതിയും ഉദാസീനതയും അലസതയും വന്നു ചേർന്നു. ഇങ്ങനെയുള്ളവർക്ക് വേദപഠനം ശരിയാകില്ലെന്നു ഋഷിമാർ പറഞ്ഞുവെച്ചു. അതുകൊണ്ടവരെ അതിൽ നിന്ന് മാറ്റിനിർത്തി. വേദപഠനത്തിനർഹരാകുവാൻ പ്രഭുവിനെ ഉപവസിക്കുകയും നിരന്തരം അതിനായി സാധന ചെയ്യുകയുമാണ് വേണ്ടത്, ഉപാസനയിലൂടെ മനസ്സിനെ ശുദ്ധീകരിക്കാമെന്നു വേദാന്തങ്ങൾ പറയുന്നു. ഏതുതരത്തിൽപ്പെട്ടവരായാലും അവർക്കെല്ലാം അധ്യാത്മപുരോഗതിയും പരമഗതിയും ഉണ്ടാകാൻ അർഹതയുണ്ടെന്ന് കാണിക്കാനാണ് സ്ത്രീകൾ, വൈശ്യർ, ശൂദ്രർ എന്നീ പദങ്ങൾ ഉപയോഗിച്ചിട്ടുള്ളത്. ഗീത നാലാമധ്യായത്തിൽ ഭഗവൻ പറഞ്ഞു. ചാതുർവർണ്യം മയാസൃഷ്ടം ഗുണകർമ്മ വിഭാഗശ : ഒരാളുടെ ഗുണകർമ്മങ്ങളാണ് അയാളുടെ വർണ്ണം സൃഷ്ടിക്കുന്നത് എന്ന് വ്യക്തമാകുന്നു. മേല്പറഞ്ഞവർക്ക് സദ്ഗതി കിട്ടുമ്പോൾ പുണ്യവാന്മാരായ ബ്രാഹ്മണർക്കും ഭക്തരായ രാജർഷികൾക്കും പരമഗതി കിട്ടുമെന്ന് പറയേണ്ടതില്ലല്ലോ? അതുകൊണ്ട് നശ്വരവും ദുഃഖകരവുമായ ഈ ലോകത്തിൽ മനുഷ്യജന്മം കിട്ടിയവർ എന്നിൽ വിശ്വാസമർപ്പിച്ചു എന്നെ ഭജിക്കുക.
നിന്റെ മനസ്സ് എന്നിൽ ഉറപ്പിക്കുക. എന്നെ ആരാധിക്കുക. എന്നെ വണങ്ങുക അങ്ങനെ എന്നെ പരമമായ ആശ്രയമായി കരുതി നിന്റെ മനസ്സിനെ എന്നിൽ യോജിപ്പിച്ച് നീ എന്നെ തന്നെ പ്രാപിക്കുക.
ഒമ്പതാം അദ്ധ്യായം സമാപ്തം
അടുത്തത് " വിഭൂതിയോഗം
ശുഭം
Read More: https://www.emalayalee.com/writer/11