
ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ നേതൃത്വത്തിൽ വേഗസിൽ നാളെ മുതൽ നടക്കുന്ന ബിസിനസ് കൺവൻഷന്റെയും കുടുംബ സംഗമത്തിന്റെയും "ഒൺലൈൻ" ഹോട്ടൽ രെജിസ്ട്രേഷൻ പൂർത്തിയായതായും, അതാത് ദിവസങ്ങളിലെ വിശദമായ പ്രോഗ്രാം ലിസ്റ്റുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടന്നും, രെജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് ഇമെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ടന്നും ഫോമാ വെസ്റ്റേൺ റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫ് ഒരു പ്രസ്താവനയിൽ അറിയിച്ചു.
വെള്ളിയാഴ്ച സായം സന്ധ്യയിൽ വർണ്ണാഭമായ ഘോഷയാത്രയോടെ തുടക്കം കുറിക്കുന്ന കുടുംബ സംഗമത്തിന് വിവിധ കലാപരികളുടെയും ഗാനമേളയുടെയും അകമ്പടിയുണ്ടാവും. ശനിയാഴ്ച രാവിലെ ഉദ്‌ഘാടന മഹാമഹത്തോടെ ആരംഭിക്കുന്ന ബിസിനസ്സ് കൺവെൻഷനിൽ നിർമ്മിത ബുദ്ധിയുടെ (AI) അനന്ത സാദ്ധ്യതകൾ വരുംകാല ബിസിനസ്സിൽ എങ്ങിനെ പ്രയോജനപ്പെടുത്താൻ കഴിയും എന്ന വിഷയത്തിൽ പ്രേത്യേക സെഷനും ഉണ്ടായിരിക്കും.
റീജിയനിൽ ആദ്യമായി എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് എട്ട് മണിയ്ക്ക് മുടങ്ങാതെ റീജിയണൽ മീറ്റിങ് വിളിക്കുകയും ഫോമായുടെ പരിപാടികൾ ആസൂത്രണം ചെയ്യുകയും അവലോകനം ചെയ്യുകയും ചെയ്യുന്നത് ജോൺസൺ ജോസഫിന്റെ നേതൃപാടവമാണ്. സാമൂഹ്യ പ്രതിബദ്ധത സേവനമായി കാണുന്ന RVP: ജോൺസൺ ജോസഫിന് ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് നടത്തുന്നത് അനായാസമായ കാര്യമാണ്.

ഒരിയ്ക്കൽ വേഗസിൽ വന്നവർ ഈ സിറ്റി എന്നും ഓർമ്മയിൽ സൂക്ഷിക്കുന്നത് പോലെ, ഫോമായുടെ ഈ പരിപാടിയിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്ക് എന്നും ഓർമ്മച്ചെപ്പിൽ സൂക്ഷിക്കുവാൻ കഴിയും വിധം വേറിട്ട രീതിയിൽ ക്രമീകരണങ്ങൾ ഒരുക്കിയിക്കിയിട്ടുണ്ട്.
കുടുംബത്തോടൊപ്പം, കൂട്ടുകാർക്കൊപ്പം വേഗസിന്റെ വിരിമാറിലൂടെ ആഡംബര ലിമോസിനിൽ ഒരു സിറ്റി ടൂർ, സുപ്രധാന കാസിനോകളിൽ സ്റ്റോപ്പ് ഓവർ, നാടൻ ഭക്ഷണം എന്നിവ ഇതിൽ സുപ്രധാനമാണ്.
ഈ പരിപാടികൾ ഒരു വന്പിച്ച വിജയമാക്കി തീർക്കുവാൻ നിങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം അഭ്യർത്ഥിക്കുന്നുവെന്നും, ലോകത്തിന്റെ വിനോദ കേന്ദ്രമായ ലാസ് വേഗസിൽ ഫോമയുടെ പരിപാടികൾ നടത്തുകയെന്നത് തനിക്ക് അഭിമാനമുള്ള കാര്യമാണെന്നും അതിനായി തന്റെ കൂടെ അഹോരാത്രം പ്രയത്നിക്കുന്ന നാഷണൽ കമ്മറ്റി അംഗങ്ങളോടും വെസ്റ്റേൺ റീജിയനൽ കമ്മറ്റിയോടും കേരള അസോസിയേഷൻ ഓഫ് ലാസ് വെഗാസ് കമ്മറ്റിയോടും അതിയായ കടപ്പാടുണ്ടന്നും അദ്ദേഹം അനുസ്മരിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://fomaavegas2025.com