
സ്പ്രിങ് വലി, ന്യു യോർക്ക്: 'ഒരുമയുടെ ഓളം; മലയാളിത്തത്തിന്റെ മേളം' ഫോമാ എമ്പയർ റീജിയൻ കൺവൻഷനെ ഒറ്റവാക്യത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. കുടുംബ സംഗമത്തിന്റെയും കൺവൻഷൻ കിക്ക് ഓഫ് പരിപാടിയുടെയും കേരളപിറവി ആഘോഷത്തിന്റെയും ഉത്സവനാദം പാസ്കാക്ക് കമ്മ്യൂണിറ്റി സെന്ററിൽ നടന്നത് ഫോമായുടെ മറ്റൊരു നാഴികക്കല്ലായി. ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ അമേരിക്കാസ് (ഫോമാ) നവംബർ 9-ന് സംഘടിപ്പിച്ച ഈ വിപുലമായ പരിപാടിക്ക് നേതൃത്വം നൽകിയത് എമ്പയർ റീജിയൻ വൈസ് പ്രസിഡന്റായ പി.ടി. തോമസായിരുന്നു. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഫോമയുടെ വളർച്ചയെയും പ്രവാസി മലയാളികളുടെ കൂട്ടായ്മയെയും കുറിച്ച് ആഴത്തിൽ സംസാരിച്ചു.

വൈകുന്നേരം 5 മണി മുതൽ ആരംഭിച്ച പാട്ടും നൃത്തവും കവിതയും കലാപരിപാടികളും ചേർന്ന ഉത്സവസന്ധ്യ ഏവർക്കും അവിസ്മരണീയ അനുഭൂതിയായി.
പ്രാർത്ഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. അതിന് പിന്നാലെ അമേരിക്കൻ ദേശീയഗാനവും ഇന്ത്യൻ ദേശീയഗാനവും ആലപിക്കപ്പെട്ടു. രിതു ശർമ്മയുടെ ശബ്ദമാധുര്യം ദേശീയഗാന നിമിഷങ്ങളെ അഭിമാനനിമിഷങ്ങളാക്കി മാറ്റി. ഭദ്രദീപം തെളിച്ചുകൊണ്ട് സമ്മേളനത്തിന് ഔപചാരികമായി തുടക്കമിട്ടശേഷം എമ്പയർ റീജിയൻ സെക്രട്ടറി മോൻസി വർഗീസ് ഹൃദയസ്പർശിയായ സ്വാഗതപ്രസംഗം നടത്തി.റീജിയൻ വൈസ് പ്രസിഡന്റ് പി.ടി. തോമസിന്റെ പ്രസംഗം ഏവരെയും പ്രചോദിപ്പിച്ചു.

തുടർന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഫോമയുടെ വളർച്ചയെയും പ്രവാസികളുടെ ഐക്യത്തിന്റെയും പ്രാധാന്യത്തെയും കുറിച്ച് ആഴത്തിലുള്ള പ്രസംഗം നടത്തി.വിവിധ വ്യക്തികളുടെ സംഭാവനകളെ ആദരിച്ച ചടങ്ങിന് ശേഷം, സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്താവിഷ്‌കാരം പ്രശംസ പിടിച്ചുപറ്റി.
തുടർന്ന് കനക ചിലങ്ക സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്തങ്ങൾ കലാരൂപങ്ങളുടെ വൈവിധ്യവും പക്വതയും പ്രകടിപ്പിച്ചു.വിപിൻ കുമാർ ആൻഡ് ടീം അവതരിപ്പിച്ച കേരളപ്പിറവി ഗാനങ്ങൾ മലയാളിത്തത്തിന്റെ മാധുര്യം നിറഞ്ഞ നിമിഷങ്ങളായിരുന്നു. നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസ് വീണ്ടും വേദി കീഴടക്കി. ബ്രയൻ ജേക്കബ് അവതരിപ്പിച്ച നൃത്തം ആവേശവും ചൈതന്യവും നിറഞ്ഞതായിരുന്നു. സണ്ണി കല്ലൂപ്പാറ അവതരിപ്പിച്ച കവിതയിൽ ദേശസ്നേഹത്തിന്റെ ആവേശവും പ്രവാസി മലയാളിയുടെ അഭിമാനവും ഒട്ടും കുറയാതെ മുഴങ്ങി. രിതു ശർമ്മയും അമിത് ശർമ്മയും ചേർന്ന് ആലപിച്ച ഗാനങ്ങൾ സംഗീതസന്ധ്യയെ മധുരഭരിതമാക്കി. വിപിൻ കുമാർ ആൻഡ് ടീം അവതരിപ്പിച്ച മിമിക്രിയും ഗാനങ്ങളും പ്രേക്ഷകരെ ചിരിയുടെ ലോകത്തേക്ക് നയിച്ചു.കുര്യൻ വർഗീസ് അവതരിപ്പിച്ച ഗാനവും ശ്രദ്ധപിടിച്ചുപറ്റി.

ചടങ്ങിന്റെ സമാപനഘട്ടത്തിൽ എമ്പയർ റീജിയൻ ട്രഷറർ എബ്രഹാം കെ. എബ്രഹാം നടത്തിയ നന്ദിപ്രസംഗത്തിൽ പരിപാടിയുടെ വിജയത്തിനായി അർപ്പണബോധത്തോടെ പ്രവർത്തിക്കുകയും വേദിയായി കമ്മ്യൂണിറ്റി സെന്റർ ഒരുക്കുകയും ചെയ്ത റോയി ചെങ്ങന്നൂറിനും മറ്റ് കമ്മിറ്റി അംഗങ്ങൾക്കുമുള്ള നന്ദി രേഖപ്പെടുത്തി. വിപിൻ കുമാർ ആൻഡ് ടീം അവതരിപ്പിച്ച നാട്ടൻപാട്ടുകളുടെ അകമ്പടിയോടെയാണ് ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും ഉത്സവമായ മനോഹര സന്ധ്യ സമാപിപ്പിച്ചത്. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഫോമയുടെ ചരിത്രത്തിൽ ഒത്തൊരുമയുടെയും മലയാളിത്തത്തിന്റെയും ഉത്സവമായി ഈ ദിനം മറ്റൊരു നാഴികക്കല്ല് രേഖപ്പെടുത്തിയതായി ഏവരും അഭിപ്രായപ്പെട്ടു.
ജെ. മാത്യു
സുവനീർ കമ്മിറ്റി ചെയർ ജെ. മാത്യു ഫോമയുടെ വളർച്ചയുടെ ചരിത്രം സൂക്ഷ്മമായി രേഖപ്പെടുത്തുന്ന സുവനീർ പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പുനൽകി."മലയാളികള്‍ മാറിനിന്ന് ഉണ്ടാക്കിയ സംഘടനയാണ് ഫോമ. ഒട്ടേറെ അസോസിയേഷനുകള്‍ പങ്കുചേര്‍ന്ന് ഫോമ ഇന്ന് അമേരിക്കയിലെ ഏറ്റവും അംഗത്വമുള്ള ജനപിന്തുണയുള്ള മലയാളി സംഘടനയായി വളര്‍ന്നിട്ടുണ്ട്. അതിന് അഭിമാനമുണ്ട്. ആദ്യകാലത്ത് ഇതിന് ജന്മം നല്‍കുന്നതില്‍ പങ്കെടുത്തത് ജോണ്‍സി വര്‍ഗീസ്. സണ്ണി പൗലോസ്, ജോര്‍ജ് കോശി ഞാനും കൂട്ടത്തിലുണ്ട്. ഒട്ടേറെ പണം ചെലവായി. ഒട്ടേറെ രാത്രികളില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഈ വളര്‍ച്ചയില്‍ തികഞ്ഞ അഭിമാനമുണ്ട്.

സുവനീറിന്റെ ചുമതല എനിക്കാണ്. പി.ടി. തോമസ് പ്രത്യേകം പറഞ്ഞു ആരംഭം മുതല്‍ ഇതില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരുടെയും പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്ന ഒന്നായിരിക്കണം സുവനീര്‍ എന്ന്. അത് ഒരു ചരിത്രരേഖയായിരിക്കണം. ഒരു തിരുത്തല്‍ മാത്രമേ ഞാന്‍ അവതരിപ്പിച്ചുള്ളൂ. സാധാരണ സോവനീറില്‍ കാണുന്നതുപോലെ കുറെ ഫോട്ടോയും ഒന്നു രണ്ട് അച്ചന്‍മാരുടെ സന്ദേശങ്ങളും മാത്രം പോരാ. നമ്മുടെ ചെറുപ്പക്കാരായ കുട്ടികളുടെ ലേഖനങ്ങളും രചനകളും അവരുടെ വരകളും കൂടി ഉള്‍പ്പെടുത്തണം.
നിങ്ങളുടെ മക്കളോട് കൊച്ചുകുട്ടികളോട് ഈ സോവനീറിലേക്ക് രചനകള്‍ തരാന്‍ പറയണം. അവര്‍ക്ക് അറിയില്ല എന്ന് പറഞ്ഞേക്കാം. അവര്‍ക്ക് അറിയാവുന്നത് മതി അത് ഞങ്ങള്‍ ഭംഗിയാക്കി ഈ സോവനീറില്‍ ഉള്‍കൊള്ളിക്കും. ഈ റീജിയണന്റെ പ്രവര്‍ത്തന സമാപനത്തോടനുബന്ധിച്ചായിരിക്കും ആ സോവനീര്‍ പ്രസിദ്ധീകരിക്കുക. അതിലേക്ക് പരസ്യങ്ങള്‍ വേണം. അത് ബിജി തോമസ് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുണ്ട്. നിങ്ങളുടെ സംഭാവനകള്‍ വേണം. കുടംബചിത്രങ്ങള്‍ വേണം. അതുപോലെ നിങ്ങളുടെ കുട്ടികളുടെ അനുജന്‍മാരുടെ അനുജത്തിമാരുടെ എന്തെങ്കിലും രചനകള്‍- കഥയാവട്ടെ കവിതയാകട്ടെ ഒരു വരയാകട്ടെ അത് നിര്‍ബന്ധമാണ്. ഇത് അങ്കിളിന്റെയാണെന്ന് പറഞ്ഞ് കുട്ടികള്‍ മാറ്റിവയ്ക്കാത്ത ഒരവസ്ഥയുണ്ടാകണം."അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോമാ ജോയിൻറ് സെക്രട്ടറി പോൾ ജോസ് ആശംസകൾ അർപ്പിച്ചു.
ബേബി മണക്കുന്നേൽ
"ഫോമയ്ക്ക് നേതൃത്വം കൊടുത്തവര്‍ ഫോമയുടെ വളര്‍ച്ചയ്ക്കു വേണ്ടി എന്തൊക്കെ ചെയ്തിട്ടുണ്ടോ അത് മുമ്പോട്ടു പോകുന്നുവെന്ന് ബേബി മണക്കുന്നേൽ പറഞ്ഞു. ഫോമയുടെ വളര്‍ച്ച മനസ്സിലാക്കി കൊണ്ടു പലരും നേതൃ സ്ഥാനങ്ങളിലേക്ക് മുമ്പോട്ടു വന്നിരിക്കുന്നു. നമ്മുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഫോമയെ യാതൊരു വിധ കോട്ടവും സംഭവിക്കാതെ മുന്നോട്ടു കൊണ്ടുപോകും.
എന്തൈങ്കിലും ഒരു പാളിച്ച വന്നുകഴിഞ്ഞാല്‍ ഞങ്ങള്‍ക്കല്ല ഫോമയ്ക്കാണ് അതിന്റെ ദോഷങ്ങള്‍ സംഭവിക്കുന്നത്. അതുണ്ടാകാതെയിരിക്കാന്‍ ഇന്നു വരെ ഞങ്ങള്‍ ശ്രമിച്ചു . അങ്ങനെ വേണം മുമ്പോട്ടു വരുന്ന ഓരോ കമ്മിറ്റിയും . 69-ാമത് കേരളപിറവി ആഘോഷിച്ചപ്പോൾ കേരളം എന്ന സംസ്ഥാനം അതിദാരിദ്ര്യമുക്തമായ സംസ്ഥാനമായി ഇന്ത്യയില്‍ ആദ്യമായി പ്രഖ്യാപിച്ചു. തൊഴിലില്ലായ്മയിലായാലും വിദ്യാദ്യാസത്തിലായും പാര്‍പ്പിടത്തിലായാലും മുന്നേറാൻ നമുക്ക് സാധിച്ചിട്ടുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും കേരളപിറവിയുടെ എല്ലാവിധത്തിലുള്ള ആശംസകള്‍ അറിയിക്കുകയാണ്. ലോകരാഷ്ട്ര ങ്ങളില്‍ അതിദാരിദ്ര്യവികുക്ത കൈവരിക്കുന്ന രണ്ടാമത് നാടാണ് കേരളം.

അങ്ങനെ എല്ലാംകൊണ്ടും നമ്മുക്ക് അഭിമാനിക്കാവുന്ന രീതിയില്‍ കേരളം വളര്‍ന്നുകൊണ്ടിരിക്കുന്നു. ആ വളര്‍ച്ചയില്‍ പ്രവാസികളായ നമ്മുക്കും പങ്കുചേരണം. നമ്മള്‍ പ്രവാസികള്‍ നമ്മുടേതായ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ കാഴ്ച വയ്ക്കണം. അതിനു വേണ്ടി നമ്മള്‍ ജനുവരി മാസം 9, 10, 11 തീയ്യതികളില്‍ ഫോമയുടെ കേരള കണ്‍വന്‍ഷന്‍ കോട്ടയം , കുമരകം , എറണാകുളം എന്നിവിടങ്ങളിലായി നടത്തുന്നു. കേരളത്തോടുള്ള ഐക്യം അറിയിക്കുന്നതിനാണ ഈ കേരള കണ്‍വന്‍ഷന്‍ നടത്തുന്നത്. പലരും ഇതിനുവേണ്ടി മുമ്പോട്ടു വന്ന് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഈ കണ്‍വന്‍ഷനിൽ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും, കാന്‍സര്‍ ചിക്തസയ്ക്കു വേണ്ടി മരുന്നുകള്‍ വാങ്ങുന്നതിന് സഹായങ്ങള്‍ ചെയ്യും .
പിറവത്ത് 750 ഓളം അമ്മമാര്‍ക്ക് പുതുവസ്ത്രം, കൈനീട്ടം ഒക്കെ കൊടുക്കാന്‍ സാധിച്ചു. അതിനുശേഷം രണ്ടു തവണ മെഡിക്കല്‍ ക്യാമ്പ് നടത്തി. 1200 ഓളം രോഗികള്‍ക്ക് ആവശ്യമായ ട്രീറ്റുമെന്റുകളും മെഡിക്കല്‍ കിറ്റു കൊടുക്കുവാന്‍ സാധിച്ചു. ഒക്ടോബര്‍ 10ാം തീയ്യതി 600 ഓളം ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കാന്‍ സാധിച്ചു. ആ പ്രോഗ്രാമില്‍ വിമണ്‍സ് ഫോറത്തിന്റെ മുന്‍ ചെയര്‍മാന്‍ ലാലി കളപുരയ്ക്കല്‍ പങ്കെടുത്തു.

ഒമ്പതാമത്തെ കണ്‍വന്‍ഷനാണ് ഹൂസ്റ്റണിൽ നടക്കുന്നത്. ആ കണ്‍വന്‍ഷന്‍ വിജയിപ്പിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കടമയാണ്. ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഇതിലേക്ക് ആളുകള്‍ കടന്നു വരുന്നത്. അതിന്റെ രജിസ്‌ട്രേഷന്‍ നടന്നു കൊണ്ടിരിക്കുന്നു. നമ്മുക്കെല്ലാവര്‍ക്കും അഫോര്‍ഡ് ചെയ്യാവുന്ന ഒരു തുകയാണ് കൊടുത്തിരിക്കുന്നത്. ഫോമയുടെ സല്‍പേര് ലോകത്തെവിടെയുമുള്ള മലയാളികള്‍ക്കിടയില്‍ എത്തിക്കാന്‍ വേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം." ബേബി മണക്കുന്നേൽ പറഞ്ഞു.
ബൈജു വർഗീസ്
ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഫോമാ നാഷണൽ എക്സിക്യൂട്ടീവിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഞങ്ങളെ ഏല്‍പിച്ചിട്ടുള്ള ദൗത്യം വളരെ വിജയകരമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഫോമാ നാഷ്ണല്‍ എക്‌സിക്യൂട്ടീവിന് കീഴില്‍ 12 റീജിയനാണുള്ളത്. അതില്‍ ഏററവും ശക്തമായിട്ടുള്ള റീജിയനാണ് എമ്പയര്‍ റീജയണ്‍. ഫോമയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ള നേതാക്കളും പ്രവര്‍ത്തകരും അസോസിയേഷനുകളും ഉള്ള റീജിയണനാണ് ഇത് . ഫോമാ നാഷ്ണല്‍ എക്‌സിക്യൂട്ടീവ് ചുമതല ഏറ്റെടുത്തതിന് ശേഷം പല ചാരിറ്റി പ്രവര്‍ത്തനങ്ങളും ഹൗസിംഗ് പ്രോജക്റ്റുകളും, പ്രവാസി മലയാളികളുടെ ചരിത്രത്തിലാദ്യമായി വളരെ വിപുലമായ വിമന്‍സ് സമ്മിറ്റ് പെന്‍സില്‍വാനിയയില്‍ വച്ച് നടത്തി. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത റീജിയനാണ് ഫോമ എമ്പയര്‍ റീജിയണ്‍.

വളരെ വിജയകരമായി യൂത്ത് സമ്മിറ്റ് വൈസ് പ്രസിഡന്റ് ഷാലു പുന്നൂസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 14-15 പുതിയ അസോസിയേഷനുകള്‍ ഫോമാ നാഷ്ണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ കീഴില്‍ വന്നു. മൊത്തം അസോസിയേഷനുകളുടെ എണ്ണം 98ലേക്ക് വന്നിരിക്കുന്നു. 2026 ജനുവരി മാസത്തിനു മുമ്പ് അത് 100 ന് മുകളില്‍ വരുമെന്നുള്ള ഉറപ്പ് .
2026 ജൂലൈ 29 30,31, 1 ഹൂസ്റ്റണില്‍ വച്ച് വളരെ ഗംഭീരമായ നാഷ്ണല്‍ കണ്‍വന്‍ഷന്‍ അരങ്ങേറുകയാണ്. അതിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ ഒത്തൊരുമിച്ച് മുമ്പോട്ടു കൊണ്ടുപോകുന്നു. ഫോമാ എമ്പയര്‍ റീജിയണിലെ എല്ലാ കുടുംബങ്ങളെയും ഫോമാ നാഷ്ണല്‍ കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നു."അദ്ദേഹം പറഞ്ഞു.

ഷാലു പുന്നൂസ്
വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് യുവജന-വനിതാ സമ്മേളനങ്ങളുടെ വിജയത്തെ ചൂണ്ടിക്കാണിക്കുകയും റീജിയൻ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്‌തു ."ഫോമയിലെ ഏറ്റവും ശക്തമായ റീജിയനാണ് ഈ എമ്പയര്‍ റീജിയണ്‍. പിറ്റി തോമസിനെ കുറിച്ച് പറയുകയാണെങ്കില്‍ തന്നെ ഏല്‍പിച്ച കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിച്ച് ജനങ്ങളുടെ ഇടയില്‍ ഫോമയ്ക്ക് അംഗീകാരം നേടുന്ന നേതാവാണ്. ബേബി മണക്കുന്നിലിന്റെ തണലില്‍ ഈ വര്‍ഷം ഞങ്ങള്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചത്. വുമണ്‍സ് സമ്മിറ്റ്, യൂത്ത് സമ്മിറ്റ്, എന്നിവക്ക് പിന്നാലെ കേരള കണ്‍വന്‍ഷന്‍ ജനുവരി 9, 10, 11 തീയ്യതികളില്‍ നടക്കുന്നു . അതിനുശേഷം ഫോമാ കണ്‍വന്‍ഷന്‍. ഇതിനെല്ലാം നിങ്ങളുടെ സഹകരണം ഉണ്ടാകണം. നമുക്ക് ഫോമയെ കൈപിടിച്ച് മുന്നോട്ട നയിക്കാം. ഒരുമിച്ച് മുന്നോട്ട് നീങ്ങാം." ഷാലു പുന്നൂസ് അഭിപ്രായപ്പെട്ടു.