
മുംബൈ: 60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടിയും സംരംഭകയുമായ ശിൽപ ഷെട്ടിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. 4.5 മണിക്കൂറിലധികം ചോദ്യം ചെയ്യലിനായി ഇഒഡബ്ല്യു ഉദ്യോഗസ്ഥർ ശിൽപ ഷെട്ടിയുടെ വീട് സന്ദർശിച്ച് മൊഴി രേഖപ്പെടുത്തി.
തന്റെ പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നടന്നതായി പറയപ്പെടുന്ന ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ചോദ്യം ചെയ്യലിനിടെ ശിൽപ പൊലീസിന് നൽകിയത്. കൂടാതെ, നിരവധി രേഖകളും ശിൽപ കൈമാറിയിട്ടുണ്ട്. ഇവ നിലവിൽ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
സെപ്റ്റംബറിൽ, ഇതേ കേസിൽ ശിൽപയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ മൊഴിയും മുംബൈ പൊലീസിന്റെ ഇഒഡബ്ല്യു രേഖപ്പെടുത്തിയിരുന്നു. അടുത്തയാഴ്ച രാജ് കുന്ദ്രയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. താനും ശിൽപയും ചേർന്ന് 60 കോടിയിലധികം രൂപ തട്ടിപ്പ് നടത്താൻ ഗൂഢാലോചന നടത്തിയെന്ന് വ്യവസായി ദീപക് കോത്താരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.