Image

ഇസ്രയേൽ സൈന്യത്തെ പൂർണമായും പിൻവലിക്കണം, സ്ഥിരമായ വെടി നിർത്തൽ; ട്രംപിൻ്റെ പദ്ധതിക്ക് ഹമാസ് ആറ് ഉപാധികളോടെ മറുപടി

രഞ്ജിനി രാമചന്ദ്രൻ Published on 07 October, 2025
ഇസ്രയേൽ സൈന്യത്തെ പൂർണമായും പിൻവലിക്കണം, സ്ഥിരമായ വെടി നിർത്തൽ; ട്രംപിൻ്റെ പദ്ധതിക്ക് ഹമാസ് ആറ് ഉപാധികളോടെ മറുപടി

യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാന പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ഈജിപ്തിലെ കെയ്‌റോയിൽ പുരോഗമിക്കവെ, തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി ഹമാസ് രംഗത്ത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ആറ് പ്രധാന ഉപാധികൾ ഹമാസ് മുന്നോട്ടുവെച്ചു. അതേസമയം, സമാധാന നീക്കങ്ങൾക്കിടയിലും ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം തുടരുകയാണ്. ഈജിപ്തിൻ്റെയും ഖത്തറിൻ്റെയും മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിലാണ് ഹമാസ് വക്താവ് ഫൗസി ബർഹൂം തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ചത്. പ്രധാനമായും സ്ഥിരമായ വെടിനിർത്തലാണ് ഹമാസിൻ്റെ ആവശ്യം.

ഇസ്രായേൽ സൈന്യം പൂർണ്ണമായും ഗാസയിൽ നിന്ന് പിന്മാറുക.നിയന്ത്രണങ്ങളില്ലാതെ മാനുഷിക സഹായം അനുവദിക്കുക. അഭയാർഥികളായ ജനങ്ങളെ ഗാസയിലേക്ക് തിരിച്ചെത്താൻ അനുവദിക്കുക. ഗാസയുടെ പുനർനിർമ്മാണം ആരംഭിക്കുക.തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാർ ഉണ്ടാക്കുക. മറ്റ് ഉപാധികൾ ഇവയാണ് ഹമാസ് ഉപാധികളോട് പ്രതികരിക്കവെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത നിലപാടുകൾ ആവർത്തിച്ചു. ഹമാസ് ശേഷിക്കുന്ന എല്ലാ ബന്ദികളെയും തിരികെ നൽകുകയും അധികാരം കൈമാറി നിരായുധരാവുകയും ചെയ്യുമ്പോൾ മാത്രമേ യുദ്ധം അവസാനിക്കൂ എന്ന് നെതന്യാഹു പറഞ്ഞു.

സമാധാന കരാറിനോട് ഹമാസ് അടുക്കുന്നതിനിടയിലും, ഹമാസിനെ ഏതുവിധേനയും നിരായുധീകരിക്കും എന്ന പ്രകോപനപരമായ പ്രസ്താവനകളും നെതന്യാഹു നടത്തി. ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. ഗാസയിലെ നിയന്ത്രണവും അധികാരവും വിട്ടുകൊടുക്കാൻ ഹമാസ് തയ്യാറായില്ലെങ്കിൽ തുടച്ചുനീക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. എന്നാൽ, ട്രംപ് ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം തുടരുന്നത് സമാധാന ചർച്ചകൾക്ക് തിരിച്ചടിയാകുന്നുണ്ട്. ആദ്യഘട്ട ചർച്ചകളിൽ ശുഭപ്രതീക്ഷയുണ്ടെന്നാണ് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

 

English summary:

Israel must fully withdraw its army, permanent ceasefire; Hamas responds to Trump’s plan with six conditions.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക