
2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ മിന്നലാക്രമണത്തോടെ ആരംഭിച്ച ഇസ്രയേൽ-ഗാസ യുദ്ധം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ, ഗാസ മുനമ്പ് ഭീകരമായ മാനുഷിക ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നു. യുദ്ധം കവർന്നത് 19,424 കുട്ടികളുടെ ജീവനാണ്. പരിക്കേറ്റവരുടെ എണ്ണം അരലക്ഷം കവിഞ്ഞു.
ബോംബാക്രമണത്തിൽ ഗാസയുടെ 75 ശതമാനം പ്രദേശവും തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. യുണിസെഫിൻ്റെ കണക്കനുസരിച്ച്, അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ 100 ശതമാനവും പോഷകാഹാരക്കുറവ് നേരിടുന്നു. വിശപ്പും രോഗങ്ങളും കാരണം ഗാസയിൽ പട്ടിണി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏകദേശം 17,000 കുട്ടികൾക്ക് മാതാപിതാക്കൾ ഇരുവരെയും നഷ്ടപ്പെട്ടു. ഗാസ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികൾക്ക് അംഗഭംഗം സംഭവിച്ച പ്രദേശമായി മാറി.
ഹമാസിനെ പൂർണ്ണമായും നശിപ്പിക്കുക എന്ന ഇസ്രയേലിൻ്റെ ലക്ഷ്യം പൂർണ്ണമായും വിജയിച്ചിട്ടില്ല. യു.എസ്., ഖത്തർ, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുകയാണ്. യു.എസ്. മുന്നോട്ട് വെച്ച സമാധാന പദ്ധതിയെക്കുറിച്ച് വരും ദിവസങ്ങളിൽ ഇസ്രയേലും ഹമാസും പരോക്ഷ ചർച്ചകൾ നടത്തും. എന്നാൽ, ഹമാസിൻ്റെ നിരായുധീകരണം, ഗാസയുടെ ഭാവി ഭരണം, ബന്ദി മോചനം എന്നിവയിൽ അനിശ്ചിതത്വം നിലനിൽക്കുന്നു.
അതിനിടെ, ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമാധാന ചർച്ചകൾ വേഗത്തിൽ അന്തിമ തീരുമാനത്തിൽ എത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ, ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ കൂടുതൽ സമയം വേണമെന്ന് ഹമാസ് വൃത്തങ്ങൾ അറിയിച്ചു. യുദ്ധത്തിൽ കാണാതായ പ്രിയപ്പെട്ടവരെ തേടി ആയിരക്കണക്കിന് കുടുംബങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ അലയുകയാണ്.
English summary:
srael has taken the lives of 19,424 children; two years in which playgrounds turned into killing fields — Gaza remains the pain of the world’s conscience.