
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവനുസരിച്ചു ഷിക്കാഗോയിലേക്കു 200 നാഷണൽ ഗാർഡുകൾ ടെക്സസിൽ നിന്നു പറന്നു കൊണ്ടിരിക്കെ, സൈന്യത്തെ വിന്യസിക്കാൻ കലാപം നേരിടാനുളള അടിയന്തര അധികാരങ്ങൾ ഉപയോഗിക്കുമെന്നു ട്രംപ് താക്കീതു നൽകി.
ഓറിഗണിലേക്കു ടെക്സസിൽ നിന്നുള്ള സൈനികരെ അയക്കാനുള്ള നീക്കം അതിനിടെ കോടതി തടഞ്ഞു. എന്നാൽ ഇല്ലിനോയിലേക്കു അയക്കുന്നത് കോടതി നിരോധിച്ചില്ല.
കലാപം നേരിടാനുളള നിയമം ഉപയോഗിച്ചാൽ കോടതികൾക്കു പ്രസിഡന്റിനെ തടയാൻ കഴിയില്ല. "മനുഷ്യർ മരിക്കയോ കോടതികൾ തടസം സൃഷ്ടിക്കയോ മേയർമാരോ ഗവർണർമാരോ തടയുകയോ ചെയ്താൽ അടിയന്തര അധികാരം ഉപയോഗിക്കാം എന്നാണ് ട്രംപ് പറയുന്നത്.
അനധികൃത കുടിയേറ്റക്കാരെ വേട്ടയാടുന്ന ഐസ് ഏജന്റുമാർ ചെറുത്തുനിൽപ് നേരിട്ടു എന്നതാണ് ഓറിഗണിലും ഇല്ലിനോയിലും പ്രശ്‌നം. പോർട്ട്ലൻഡിൽ ഏറെ ദിവസങ്ങളായി ഐസ് ഓഫിസിനു മുന്നിൽ പ്രകടനങ്ങൾ നടക്കുന്നു. ഷിക്കാഗോയിൽ ഐസ് ഏജന്റുമാരെ ജനങ്ങൾ ആക്രമിച്ചെന്നാണ് ട്രംപ് പറയുന്നത്.
സൈന്യത്തെ അയച്ചത് 'ഭരണഘടന ലംഘിച്ചുളള ആക്രമണം' ആണെന്നു ഇല്ലിനോയ് ഗവർണർ ജെ ബി പ്രിറ്റ്സ്കർ പറഞ്ഞു. സംസ്ഥാനം എല്ലാ ആയുധവും എടുത്തു ചെറുക്കും. "അരാജകത്വം ഉണ്ടാക്കി ട്രംപിന്റെ അധികാരം ശക്തിപ്പെടുത്തുകയാണ് അവരുടെ ലക്‌ഷ്യം."
ഐസ് ഏജൻറുമാർക്കു പ്രവേശനം നിരോധിക്കുന്ന മേഖലകൾ സൃഷ്ടിക്കുന്ന ഉത്തരവിൽ ഷിക്കാഗോ മേയർ ബ്രാണ്ടൻ ജോൺസൺ തിങ്കളാഴ്ച്ച ഒപ്പിട്ടു. ഷിക്കാഗോയിലെ ജനങ്ങളോട് ഉത്തരവാദിത്തം കാട്ടാത്ത ഒരു സംഘം മുഖം മൂടി വച്ച ആയുധധാരികൾ നഗരത്തിൽ ചുറ്റുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
Chicago braces for troop deployment