Image

സർക്കാർ തുറക്കാൻ സഹകരിച്ചാൽ ചർച്ചയാവാമെന്നു ട്രംപ് ഡെമോക്രാറ്റുകളോട് (പിപിഎം)

Published on 07 October, 2025
സർക്കാർ തുറക്കാൻ സഹകരിച്ചാൽ ചർച്ചയാവാമെന്നു ട്രംപ് ഡെമോക്രാറ്റുകളോട് (പിപിഎം)

യുഎസ് സർക്കാർ അടച്ചു പൂട്ടൽ ആറാം ദിവസത്തിൽ എത്തിയ തിങ്കളാഴ്ച്ച അതു അവസാനിപ്പിക്കാൻ സഹകരിച്ചാൽ ഡെമോക്രാറ്റുകളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കൻ ഫണ്ടിംഗ് നിർദേശങ്ങൾ അംഗീകരിച്ചു ഗവൺമെന്റ് തുറക്കാൻ അവർ സഹകരിക്കണം എന്നദ്ദേഹം ആവശ്യപ്പെട്ടു.  

ആരോഗ്യ രക്ഷാ പദ്ധതിയെ കുറിച്ചു ഡെമോക്രറ്റുകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്നു ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. അത് തള്ളിക്കളഞ്ഞതു കൊണ്ടാണ് അടച്ചു പൂട്ടൽ ഒഴിവാക്കാനുളള വോട്ടുകൾ നൽകാൻ ഡെമോക്രാറ്റുകൾ വിസമ്മതിച്ചത്. "നമ്മൾ ചർച്ച നടത്തുന്നുണ്ട്, അതിൽ നല്ല കാര്യങ്ങൾ സംഭവിക്കും. ആരോഗ്യ പദ്ധതിയെ കുറിച്ച് തന്നെയാണ് ഞാൻ സംസാരിക്കുന്നത്."

പിന്നീട് പക്ഷെ ട്രംപ് വീണ്ടും വ്യവസ്ഥ മാറ്റി. "ഡെമോക്രാറ്റുകളുമായി അവരുടെ പൊളിഞ്ഞ ആരോഗ്യ രക്ഷാ വിഷയം ചർച്ച ചെയ്യാൻ ഞാൻ തയാറാണ്, പക്ഷെ അവർ ആദ്യം ഗവൺമെന്റ് തുറന്നു പ്രവർത്തിക്കാൻ സഹകരിക്കണം," അദ്ദേഹം ട്രൂത് സോഷ്യലിൽ കുറിച്ചു. "ഇന്ന് രാത്രി തന്നെ അവർ അത് ചെയ്യണം."

ഡെമോക്രാറ്റുകൾ അനധികൃത കുടിയേറ്റക്കാർക്കു വേണ്ടിയാണു ആനുകൂല്യങ്ങൾ ചോദിക്കുന്നതെന്നു റിപ്പബ്ലിക്കൻ പാർട്ടി ആക്ഷേപിക്കുന്നു. അതൊരു കള്ളമാണെന്നു ഡെമോക്രാറ്റുകൾ തിരിച്ചടിക്കുന്നു.

സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 52 വോട്ടുണ്ടെങ്കിലും 60 തികഞ്ഞാൽ മാത്രമേ ഫണ്ടിംഗ് ബിൽ പാസാകു. തിങ്കളാഴ്ച്ച വീണ്ടും അവർ അതിനു ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

കൂടുതൽ ഫെഡറൽ ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങുന്നുവെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് തിങ്കളാഴ്ച്ച സൂചന നൽകി. ഏതാണ്ട് 750,000 പേരെ അവധിയിൽ അയച്ചിട്ടുണ്ട്. ഒട്ടേറെപ്പേർ ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നു. ഡെമോക്രാറ്റുകൾ ഭരിക്കുന്ന 16 സ്റ്റേറ്റുകളിൽ ട്രംപ് $26 ബില്യൺ ഫെഡറൽ ഫണ്ടിംഗ് നിർത്തി വച്ചിട്ടുമുണ്ട്.

Trump asks Democrats to reopen government first 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക