Image

മോഹൻലാലിലെ കാമുകന്റെ പാട്ട് : രവി മേനോൻ

Published on 06 October, 2025
മോഹൻലാലിലെ കാമുകന്റെ പാട്ട് : രവി മേനോൻ

"എങ്ങനെ? എങ്ങനെയെങ്ങനെയെങ്ങനെയെങ്ങനെ" എന്ന് കാമുകി. "ധിംതാംകിടതരികിടകിട ധിംതാംകിടതരികിടകിട ധിംതാംകിടതരികിടകിട" എന്ന് കാമുകൻ. 

പ്രണയസുരഭിലമായ ഒരു കാലം മുഴുവനുണ്ട് ആ രണ്ടു വരികളിൽ. വികൃതിയും കുസൃതിയും നിറഞ്ഞ കാലം.

"ലാൽസലാം" വേദിയിൽ കഴിഞ്ഞ ദിവസം മോഹൻലാലിനൊപ്പം എം ജി ശ്രീകുമാറിനേയും സുജാതയേയും കണ്ടപ്പോൾ മനസ്സ് അറിയാതെ മൂളിപ്പോയത് "വന്ദന"ത്തിലെ ആ പാട്ടാണ്: "കവിളിണയിൽ കുങ്കുമമോ പരിഭവ വർണ്ണ പരാഗങ്ങളോ കരിമിഴിയിൽ കവിതയുമായ് വാവാ എന്റെ ഗാഥേ വാ...."

ഷിബു ചക്രവർത്തി -- ഔസേപ്പച്ചൻ ടീമിന്റെ ഗാനത്തിനൊപ്പം ഓർമ്മയുടെ തിരശ്ശീലയിൽ തെളിയുന്ന ചിത്രങ്ങൾ എത്രയെത്ര. ഓടിച്ചാടിയും നൃത്തം വെച്ചും  ഓടക്കുഴലൂതിയും സാക്സഫോൺ വായിച്ചും  തലകുത്തി മറിഞ്ഞും ബസ്സിൽ തൂങ്ങിപ്പിടിച്ചും സൈക്കിൾ ചവിട്ടിയും കാമുകിയെ പിന്തുടരുന്ന കുസൃതിക്കാരൻ മോഹൻലാൽ; ഉള്ളിലെ പ്രണയം കൃത്രിമ രോഷം കൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്ന ഗിരിജയുടെ ഗാഥ. 

ഈ പാട്ടിൽ മാത്രമല്ല "വന്ദന" (1989) ത്തിലെ തീരം തേടുമോളം പ്രേമഗീതങ്ങൾ തന്നു, അന്തിപ്പൊൻവെട്ടം എന്നീ ഗാനങ്ങളിലുമുണ്ട്  ആരേയും കൊതിപ്പിക്കുന്ന ലാലിലെ  കാമുകന്റെ പെരുങ്കളിയാട്ടം. ലാലിലെ മാത്രമല്ല, പ്രിയദർശനിലെ, ഷിബുവിലെ, ഔസേപ്പച്ചനിലെ, എം ജി ശ്രീകുമാറിലെ... 

എല്ലാ കാമുകന്മാർക്കും ഒരേയൊരു കാമുകി: സുജാത.

സുജാതയുടെ പ്രണയ യുഗ്മഗാനങ്ങൾക്കൊരു പ്രത്യേകതയുണ്ട്. കൂടെപ്പാടുന്നത് ആരായാലും ആ ശബ്ദങ്ങളിൽ  സ്വാഭാവികമായി ഒഴുകിച്ചേരും ഗായികാശബ്ദം. കാമുകൻ യേശുദാസോ, ശ്രീകുമാറോ, ഉണ്ണിമേനോനോ, വേണുഗോപാലോ, ഉണ്ണികൃഷ്ണനോ പിൻതലമുറയിലെ വിനീത് ശ്രീനിവാസനോ നജീം ഇർഷാദോ ആരുമാകട്ടെ, അവർക്കിണങ്ങുന്ന മറ്റൊരു കാമുകിയുമില്ലെന്ന് നമ്മെ തോന്നിപ്പിക്കും സുജാത. വെള്ളിത്തിരയിലെ കാമുകൻ മോഹൻലാൽ ആണെങ്കിലോ? പറയുകയും വേണ്ട. പാട്ടും പാട്ടിലെ പ്രണയവും മറ്റേതോ തലത്തിലേക്ക് പറന്നുയരും പിന്നെ. 

എത്രവട്ടം ആസ്വദിച്ചിരിക്കുന്നു മലയാളികൾ ആ മാജിക്. എന്റെ കാമുകൻ ഇങ്ങനെയായിരുന്നെങ്കിൽ എന്ന് ആരെങ്കിലും മോഹിച്ചുപോയെങ്കിൽ തെറ്റുപറയാനാകുമോ അവരെ?

പാടുന്നത് ശ്രീകുമാറിനൊപ്പമെങ്കിൽ ആലാപനത്തിൽ അൽപ്പം കുസൃതി കൂടി കലർത്തും  സുജാത. "മെയ്‌ഡ്‌ ഫോർ ഈച്ച് അദർ" എന്ന് തോന്നിപ്പിക്കും വിധം സ്വയം മറന്ന്  ഇഴുകിച്ചേരുന്ന രണ്ട് ശബ്ദങ്ങളുടെ, ആലാപനശൈലികളുടെ സംഗമമാകും പിന്നെ. മനോധർമ്മപ്രകടനങ്ങളുടെ  തികച്ചും ആരോഗ്യകരമായ  മത്സരം. ഹൃദ്യമായ ഒരു കൊടുക്കൽ വാങ്ങൽ. 

"തീരം തേടും" എന്ന പാട്ടിന്റെ ചരണത്തിലെ  "പൊൻതാഴം പൂങ്കാവുകളിൽ" എന്ന് തുടങ്ങുന്ന ഭാഗത്തിലുണ്ട് പരസ്പരമുള്ള ഈ ലയിച്ചുചേരൽ. പ്രിയന്റെ മനോഹര ചിത്രീകരണം കൊണ്ട് കൂടി മനസ്സിൽ തങ്ങിനിൽക്കുന്ന രംഗം. "ചിത്ര"ത്തിലെ ദൂരെ കിഴക്കുദിക്കിൽ എന്ന പാട്ടിലെ മോഹൻലാൽ --  രഞ്ജിനിമാരുടെ പ്രശംസനീയമായ  അഭിനയമികവിന്റെ നല്ലൊരംശം എം ജി --സുജാതമാർക്ക് കൂടി അവകാശപ്പെട്ടതല്ലേ ? സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ ആദ്യമഭിനയിച്ചത് അവരാണല്ലോ. ശബ്ദങ്ങൾ കൊണ്ടുള്ള അഭിനയം ശരീരാഭിനയത്തോളം തന്നെ പ്രധാനം. 

എം ജി  -- സുജാത ടീമിന്റെ യുഗ്മഗാനങ്ങളിൽ ആദ്യം കേട്ടു  മനസ്സിൽ പതിഞ്ഞത് "ഒരു മുത്തശ്ശിക്കഥ" (1988) യിലെ "കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ കണ്ടാലറിയുമോ കാട്ടുപൂവേ." ഷിബുവിന്റെ വരികൾ ചിട്ടപ്പെടുത്തിയത്  ഔസേപ്പച്ചൻ. എന്നാൽ എം ജിയ്‌ക്കൊപ്പം ആദ്യം പാടി റെക്കോർഡ് ചെയ്തത്  "കടത്തനാടൻ അമ്പാടി"യിലെ "നാളെ അന്തിമയങ്ങുമ്പോൾ" എന്ന പാട്ടാണെന്നു പറയുന്നു സുജാത. പടം പുറത്തിറങ്ങിയത് ഏറെ വൈകി 1990 ലാണെന്ന് മാത്രം. പി ഭാസ്കരൻ -- കെ രാഘവൻ ടീം ആയിരുന്നു ആ ഗാനത്തിന്റെ ശിൽപ്പികൾ. 

പിന്നീടങ്ങോട്ട് എത്രയെത്ര സുന്ദരഗാനങ്ങൾ. ശ്രീകുമാർ - സുജാത ടീമിന്റെ യുഗ്മഗാനങ്ങൾ കൂടി ചേർന്നതാണ് മലയാളിയുടെ ആ  പ്രണയദശകങ്ങൾ.  പൊന്മുരളിയൂതും കാറ്റിൽ  (ആര്യൻ), ദൂരെ കിഴക്കുദിക്കിൽ (ചിത്രം), ഒരിക്കൽ നീ ചിരിച്ചാൽ (അപ്പു), കനകം മണ്ണിൽ (ഡോക്ടർ പശുപതി), കസ്തൂരി എന്റെ കസ്തൂരി (വിഷ്ണുലോകം),  പൂമഞ്ഞിൻ കൂടാരത്തിൽ (മിഥുനം), മാലിനിയുടെ തീരങ്ങൾ  (ഗാന്ധർവ്വം), എന്റെ മനസ്സിലൊരു നാണം (തേന്മാവിൻ കൊമ്പത്ത്), വാലിന്മേൽ പൂവും (പവിത്രം), ഒരു വല്ലം പൊന്നും പൂവും (മിന്നാരം), വിണ്ണിലെ പൊയ്കയിൽ (കൃഷ്ണഗുഡിയിയിൽ ഒരു പ്രണയകാലത്ത്), കുയിൽ പാടും (ആറാം തമ്പുരാൻ), കുപ്പിവള കിലുകിലെ (അയാൾ കഥയെഴുതുകയാണ്), നാടോടിപ്പൂത്തിങ്കൾ (ഉസ്താദ്)...............

പ്രണയസങ്കല്പങ്ങളും സിനിമയിലെ സംഗീതസങ്കല്പങ്ങളും മാറിമറിയുന്ന ഇക്കാലത്തും  പ്രായഭേദമന്യേ ആസ്വദിക്കപ്പെടുന്നു ആ പാട്ടുകൾ. എന്റെ തലമുറക്കാകട്ടെ ഗൃഹാതുരതയുടെ ഉത്സവമേളമാണ് അവയെല്ലാം.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക