
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രത്തിനൊപ്പം മകൾ ഹോപ്പും മമ്മൂട്ടിയും ഒരുമിച്ചുള്ള ചിത്രങ്ങളും ബേസിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ തന്റെ മകളും മമ്മൂട്ടിയും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളെക്കുറിച്ചും പോസ്റ്റിൽ ബേസിൽ ജോസഫ് കുറിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ സംഭാഷണമാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.
‘ഒരു ഇതിഹാസത്തോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കാനുള്ള അപൂർവ ഭാഗ്യം എനിക്ക് ലഭിച്ചു. എന്റെ മകൾ അദ്ദേഹത്തിനെ നോക്കി നിഷ്കളങ്കമായി, ‘നിങ്ങളുടെ പേരെന്താണ്?’ എന്ന് ചോദിച്ചപ്പോൾ പുഞ്ചിരിച്ചുകൊണ്ട്, ‘മമ്മൂട്ടി’ എന്ന് അദ്ദേഹം പറഞ്ഞു. ആ എളിയ മറുപടി ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ഓർമയായി ഞങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞു. സ്വന്തം ക്യാമറയിൽ അദ്ദേഹം ചിത്രങ്ങൾ എടുത്തു. ഹോപ്പിയും മമ്മൂക്കയും ഒരുപാട് സെൽഫികൾ എടുക്കുകയും ചെയ്തു. കുറച്ച് നേരത്തേക്ക് അദ്ദേഹം ഈ ലോകത്തിന് ആരാണെന്നുള്ള കാര്യം പോലും മറന്നു. അദ്ദേഹം ഞങ്ങളെ ഒരു അടുത്ത സുഹൃത്തിനൊപ്പം ഇരിക്കുന്നതുപോലെ തോന്നിപ്പിച്ചു. മമ്മൂക്ക, ഞങ്ങൾ എന്നേക്കും വിലമതിക്കുന്ന ഒരു സായാഹ്നം നൽകിയതിന് ഞങ്ങളുടെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദി’, ബേസിൽ കുറിച്ചു.