
ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹൻ ലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. മോഹന്‍ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആരാധകരുടെ ആര്‍പ്പുവിളികളുടെയും നിറഞ്ഞ കയ്യടിയുടെയും അകമ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സര്‍ക്കാരിൻ്റെ ഔദ്യോഗിക ആദരം സമര്‍പ്പിച്ചു.
അരനൂറ്റാണ്ടോളമായി മലയാളിക്ക് എന്നും അഭിമാനിക്കാനുള്ള നേട്ടങ്ങൾ ഉണ്ടാക്കിത്തരുന്ന മലയാളത്തിൻറെ ഇതിഹാസ താരമാണ് മോഹൻലാൽ . ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ സംഭാവനകള്‍ക്കുളള ആദരവാണ് ഫാൽക്കെ പുരസ്‌കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനമാണ്. ഫാല്‍ക്കെ അവാര്‍ഡിലൂടെ ഇന്ത്യന്‍ ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്റെ അധിപനായി മോഹന്‍ലാല്‍ മാറി. മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കവി പ്രഭ വര്‍മ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിനുവേണ്ടി മോഹന്‍ലാലിന് കൈമാറി.
ഫാൽക്കെ പുരസ്‌കാര തിളക്കത്തിലും താൻ അഭിനയ നദിയിൽ മുങ്ങി താഴുന്ന വെറുമൊരില മാത്രമെന്ന് മോഹൻലാൽ പറഞ്ഞു .
അഭിനയ കാലത്തെ ഒരു മഹാനദിയായി സങ്കല്‍പിച്ചാല്‍ തീരത്തെ മരച്ചില്ലയിൽ നിന്നും അതിലേക്ക് വീണ ഒരിലയാണ് താന്‍. ഒഴുക്കിൽ മുങ്ങി പോകുമ്പോഴെല്ലാം ആ ഇലയെ ഏതൊക്കെയോ കൈകൾ വന്നു താങ്ങി. പ്രതിഭയുടെ കയ്യൊപ്പുള്ള കൈകളായിരുന്നു അവയെല്ലാം.
വലിയ എഴുത്തുകാർ, സംവിധായകർ, നിർമാതാക്കൾ, ഛായാഗ്രാഹകർ, എന്‍റെ മുഖത്ത് ചായം തേച്ചവർ കഥാപാത്രങ്ങളിലേക്ക് വെളിച്ചമടിച്ചവർ, അക്ഷിത ശിക്ഷിതനായ ഞാൻ ചെയ്തതെല്ലാം മടുപ്പില്ലാതെ കണ്ടിരുന്ന എന്റെ പ്രിയപ്പെട്ട മലയാളികൾ.
ഇതു തന്നെയാണോ എന്‍റെ തൊഴിൽ എന്ന് ആലോചിക്കുമ്പോഴെല്ലാം ലാലേട്ടാ എന്ന് സ്നേഹത്തോടെ എന്നെ വിളിച്ചുണർത്തിയവർ. ഇപ്പോഴും ഞാനാ മഹാനദിയുടെ പ്രവാഹത്തിലാണ്. മുങ്ങി പോകുമ്പോഴെല്ലാം ആരൊക്കെയോ എന്നെ പിടിച്ചുയർത്തുന്നു. ഇനിയും ഒഴുകൂ എന്ന് പറയുന്നു. നന്ദി ആരോട് ഞാൻ ചൊല്ലേണ്ടുവെന്നും മോഹൻലാൽ പറഞ്ഞു.
ഏതു കലാകാരനും ലഭിക്കുന്ന പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നത് അയാളുടെ കരങ്ങളിലാണെങ്കിലും, അത് എത്തിച്ചേരുന്നത് അയാളെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ച സമൂഹത്തിലേക്കാണ്. മോഹൻലാൽ പറഞ്ഞു. കാഴ്ചക്കാർ ഇല്ലെങ്കിൽ കലാകാരനോ കലാകാരിയോ ഉണ്ടാകില്ലെന്നും അത് എല്ലാക്കാലത്തും ബോധ്യമുള്ളതുകൊണ്ടാണ് തനിക്ക് ലഭിക്കുന്ന പുരസ്കാരങ്ങളെല്ലാം മലയാളത്തിനും മലയാളിക്കും സമർപ്പിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു.
ഈ പുരസ്കാരവും അങ്ങനെ തന്നെയാണെന്നും മഹത്തായ നിരവധി പുരസ്കാങ്ങൾ ഇടചേർന്നിരിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ വിശാലമായ ഷോക്കേസിൽ തനിക്ക് ലഭിച്ച ഈ പുരസ്കാരവും സമർപ്പിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. വാനോളം പ്രശംസയും പാതാളത്തോളം താഴ്ത്തുന്ന പഴിയും വിമർശനങ്ങളും ശകാരങ്ങളും കേട്ടിട്ടുള്ളയാളാണ് താനെന്നും രണ്ടും സമഭാവത്തോടെയാണ് കാണുന്നതെന്നും മോഹൻലാൽ പറഞ്ഞു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ‘മലയാളം വാനോളം ലാൽസലാം’ എന്ന പേരിലാണ് മോഹൻലാലിനെ ആദരിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ചടങ്ങ്.