Image

കുട്ടികൾക്കൊന്നും എന്റെ പാട്ട് കേൾക്കേണ്ട: രവിമേനോൻ (കാതോരം)

Published on 04 October, 2025
കുട്ടികൾക്കൊന്നും എന്റെ പാട്ട് കേൾക്കേണ്ട: രവിമേനോൻ (കാതോരം)

വായനയെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ഒരാൾ. പഴയ പട്ടാളക്കാരൻ.  പ്രായം തൊണ്ണൂറ്.

പ്രായാധിക്യവും അസുഖങ്ങളും കാരണം പൂർണ്ണമായും കിടക്കയിലൊതുങ്ങിപ്പോയ ജീവിതം. എണീറ്റിരിക്കാൻ പോലും ആരുടെയെങ്കിലും സഹായം വേണം. ഇനിയൊരിക്കലും പുസ്തകങ്ങളുടെ ലോകത്തേയ്ക്ക് തിരിച്ചുപോകാൻ ആവില്ലല്ലോ എന്നതായിരുന്നു ഏറ്റവും വലിയ വേദന. വായനയില്ലാത്ത ജീവിതം മരണതുല്യമാണ്.

രണ്ടു  വർഷം മുൻപാണ് അദ്ദേഹം വിളിച്ചത്: "താങ്കളുടെ ഒരു പുസ്തകം എവിടെ കിട്ടുമെന്ന് അറിയണം. വാങ്ങാൻ വേണ്ടിയാണ്. വായിക്കാൻ പറ്റുമോ എന്നറിയില്ല. എന്നാലും വാങ്ങിവെക്കാം എന്ന് വിചാരിച്ചു."

ആവശ്യമുള്ള പുസ്തകം "ഇവിടെ പാട്ടിന് സുഗന്ധം."  പുസ്തകം കിട്ടാനിടയുള്ള മാതൃഭൂമി ബുക്സ്റ്റാളിന്റെ മേൽവിലാസവും ഫോൺ നമ്പറും  കൈമാറിയപ്പോൾ നന്ദി പറഞ്ഞു ഫോൺ വെച്ചു അദ്ദേഹം.

നിശ്ശബ്ദതയായിരുന്നു പിന്നെ. രണ്ടു വർഷം  നീണ്ട മൗനം. കൗതുകം തോന്നി. കിടക്കയിൽ നിന്ന് മോചനം നേടി അക്ഷരങ്ങളുടെ ലോകത്ത് തിരിച്ചെത്തിയിരിക്കുമോ അദ്ദേഹം? അതോ.....

കഴിഞ്ഞ ദിവസം  വീണ്ടും വിളിച്ചു അദ്ദേഹം; തികച്ചും അപ്രതീക്ഷിതമായി. പ്രായാധിക്യത്തിന്റെ ക്ഷീണം ബാധിച്ച ശബ്ദത്തിൽ പഴയ പുസ്തകക്കഥ ഓർമ്മിപ്പിച്ചു.

"നന്ദി പറയാൻ വിളിച്ചതാണ്." --  അദ്ദേഹം പറഞ്ഞു. "താങ്കളുടെ പുസ്തകം വാങ്ങിവെച്ചിരുന്നെങ്കിലും വായിക്കാൻ തുടങ്ങിയിട്ട്  രണ്ടു മാസമേ ആയുള്ളൂ. കിടന്നുവായിക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നിട്ടും വായിച്ചു. പാട്ടിനെ അത്രയും സ്നേഹിക്കുന്നതുകൊണ്ടാണ്. താങ്കൾ പരാമർശിച്ച പാട്ടുകളിലേക്ക് മനസ്സുകൊണ്ട് തിരിച്ചു പോയപ്പോൾ എന്തോ ഒരു സുഖം.... ഇപ്പോൾ പാടാനൊന്നും വയ്യ. എന്നാലും മനസ്സ് അടങ്ങിയിരിക്കില്ലല്ലോ.  തളർച്ചയൊക്കെ മറന്ന് പാടിപ്പോയി ഞാൻ. കുട്ടികളുടെ പരിഹാസമൊന്നും വകവെക്കാതെ."

ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടേയിരുന്നു അദ്ദേഹം.  

"വിളിച്ചത് മറ്റൊരു നല്ല കാര്യം അറിയിക്കാനാണ്. ഞാനിപ്പോൾ കിടപ്പുരോഗിയല്ല.  ഒരു മാസമായി  കട്ടിലിൽ  നിന്ന് ചക്രക്കസേരയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയിട്ട്. പേരക്കുട്ടി വന്ന് കാലത്ത് വീൽ ചെയർ ജനലരികിൽ കൊണ്ടിടും. ജനാലയിലൂടെ നോക്കിയാൽ കുറച്ചു ദൂരെ പുഴ കാണാം.  അവിടെയിരുന്നാണ് നിങ്ങളുടെ പുസ്തകം വായിക്കുക. ഭാഗ്യവശാൽ പഴയ പോലെ കിടക്കാൻ തോന്നുന്നില്ല. ക്ഷീണം കുറഞ്ഞു.... നന്ദി പറയേണ്ടത് നിങ്ങളുടെ പുസ്തകത്തിനോടാണ്...നിങ്ങളോടും."

കൂട്ടത്തിൽ വിനയപൂർവം ഒരു ചോദ്യം കൂടി: "ഞാനൊരു പാട്ട് പാടിയാൽ കേൾക്കാൻ ക്ഷമയുണ്ടാകുമോ? ഇവിടെ കുട്ടികൾക്കൊന്നും എന്റെ പാട്ട് കേൾക്കേണ്ട. പുതിയ പാട്ടുകളേ ഇഷ്ടമുള്ളൂ അവർക്ക്... എന്റെ പാട്ട്  കേൾക്കാൻ ഇഷ്ടമുണ്ടായിരുന്ന ഭാര്യയാകട്ടെ വിട്ടുപിരിഞ്ഞിട്ട് വർഷം പത്തായി..."

"അതിനെന്താ, പാടിക്കോളൂ" എന്ന് ഞാൻ.

പ്രായത്തെ പുറത്താക്കി വാതിലടച്ച ശേഷം തൊണ്ടശുദ്ധി വരുത്തി പാടിത്തുടങ്ങുന്നു അദ്ദേഹം: "ഇവിടെ കാറ്റിന് സുഗന്ധം, ഇതിലേ പോയത് വസന്തം, വസന്തത്തിൽ തളിർ തേരിലിരുന്നതാര് വാസരസ്വപ്നത്തിൻ തോഴിമാര്......."

ഇടക്കിടെ ശബ്ദമിടറുന്നുണ്ട്. പക്ഷേ അതൊന്നും ആലാപനത്തിന്റെ ഏകാഗ്രതയെ ബാധിക്കുന്നില്ല. ഗാനം മുഴുവനും പാടി നിർത്തിയ ശേഷം അദ്ദേഹം പറഞ്ഞു: "അവൾക്ക് വേണ്ടി ഞാൻ പാടാറുള്ള പാട്ടാണ്. ഏറ്റവും കടുത്ത വേദന അനുഭവിച്ചിരുന്ന കാലത്തും ഈ പാട്ട് കേൾക്കുമ്പോൾ ചിരിക്കുമായിരുന്നു അവൾ..... "
ഫോൺ വെക്കും മുൻപ് ഒന്നുകൂടി പറഞ്ഞു അദ്ദേഹം:

"ഇനിയെപ്പോൾ വിളിക്കാൻ പറ്റുമെന്നറിയില്ല. വിളിച്ചാൽ എടുക്കാതിരിക്കരുത്. വിളിച്ചില്ലെങ്കിൽ എന്റെ കാലം കഴിഞ്ഞു എന്ന് മനസ്സിലാക്കിക്കോളൂ..."

പിന്നെ ഇത്ര കൂടി: "ഈ നമ്പറിൽ ഇങ്ങോട്ട് വിളിക്കേണ്ട. മകന്റെ നമ്പറാണ്.  നാളെ അവനും കുടുംബവും വിദേശത്തേക്ക് തിരിച്ചുപോകും. പിന്നെ ഞാനും കെയർടേക്കറും  മാത്രമാകും; പിന്നെ നിങ്ങളുടെ പുസ്തകവും. ആവശ്യമുണ്ടെങ്കിൽ അങ്ങോട്ട് വിളിച്ചുകൊള്ളാം."

ക്ലിംഗ്. ഫോൺ പൊടുന്നനെ നിശ്ശബ്ദം. ഉള്ളിൽ നേർത്തൊരു വേദന പൊടിഞ്ഞ പോലെ. ഒപ്പം ചെറിയൊരു  സന്തോഷവും. ഏകാന്തതയിൽ ഒരു മനുഷ്യന് കൂട്ടിരിക്കാൻ നമ്മുടെ പുസ്തകത്തിന് കഴിയുന്നുണ്ടല്ലോ.  എഴുത്തു ജീവിതം വെറുതെയായില്ല എന്ന് സ്വയം ബോധ്യപ്പെടുത്താൻ അതൊക്കെ പോരേ ...?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക