
വലുതാകുമ്പോൾ പലതുമാകാൻ മോഹിക്കും കുട്ടികൾ; പ്രൈവറ്റ് ബസ്സിലെ കിളി മുതൽ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻ വരെ. എന്റെ മോഹം വ്യത്യസ്തമായിരുന്നു; തെല്ല് വിചിത്രവും: സ്വന്തമായി ഹോട്ടൽ തുടങ്ങി അതിന്റെ കൗണ്ടറിൽ ഇരിക്കുക.
അന്നേ ഉള്ളിലൊരു കച്ചവട മനസ്സുണ്ടായിരുന്നു എന്ന് ധരിക്കേണ്ട. എളുപ്പത്തിൽ പണമുണ്ടാക്കുകയോ പൊതുജനത്തെ ഊട്ടി ആത്മസംതൃപ്തിയടയുകയോ ഒന്നുമായിരുന്നില്ല ലക്‌ഷ്യം. കൗണ്ടറിൽ ഇരുന്ന് കാലത്തു മുതൽ വൈകീട്ട് വരെ പാട്ട് വെയ്ക്കുക; ഭക്ഷണം കഴിക്കാൻ എത്തുന്നവരെ ഇഷ്ടഗാനങ്ങൾ കേൾപ്പിക്കുക. അവരെ ആനന്ദസാഗരത്തിൽ ആറാടിക്കുക. അത്രമാത്രം.
കുറച്ചു കൂടി മുതിർന്നപ്പോൾ ബസ് ഡ്രൈവറാകാനായി മോഹം. കൊലവിളി മുഴക്കി നാഷണൽ ഹൈവേയിലൂടെ വണ്ടി പറപ്പിക്കാനല്ല; ബസ്സിനകത്ത് ഇഷ്ടഗാനങ്ങളുടെ ടേപ്പ് മാറിമാറി വെച്ച് യാത്രക്കാരെ കേൾപ്പിച്ചു ആത്മനിർവൃതിയടയാൻ.
ഇന്നോർക്കുമ്പോൾ വിചിത്രമായി തോന്നുന്ന സ്വപ്‌നങ്ങൾ.
ഒന്നും നടന്നില്ല. ഹോട്ടൽ മാത്രമല്ല ഒരു ബിസിനസ്സിനും കൊള്ളില്ല നമ്മളെ എന്ന് നന്നായറിയാം ഇപ്പോൾ. ഡ്രൈവിംഗ് ലൈസൻസ് കീശയിലുണ്ടെങ്കിലും റോഡിലൂടെ വണ്ടിയോടിക്കാൻ ധൈര്യം പോരാ. എന്നാലും പൗലോ കൊയ്‌ലോ പറഞ്ഞപോലെ പഴയ കുഞ്ഞുമോഹം ഭാഗികമായെങ്കിലും സഫലമാക്കാൻ ലോകം കൂടെ നിന്നു എന്നത് സന്തോഷമുള്ള കാര്യം. നാട്ടുകാർക്ക് പാട്ട് വെച്ചുകൊടുക്കുക എന്ന മോഹം. അതിനവസരമൊരുക്കിയത് എഫ് എം റേഡിയോയിലെ ജീവിതമാണ്. സോംഗ് ഷെഡ്യൂളിംഗിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വന്നപ്പോൾ.
എന്നാൽ വിചാരിച്ച പോലെ സുഖകരമായിരുന്നില്ല ആ ദൗത്യം. റേഡിയോയിൽ വെച്ചുകേൾപ്പിക്കേണ്ടത് നമ്മുടെ ഇഷ്ടഗാനങ്ങളല്ല; നാട്ടുകാരുടെ ഇഷ്ടഗാനങ്ങളാണ്. ആ ഇഷ്ടം എങ്ങനെ നിർണയിക്കും എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ആളുകളുടെ അഭിരുചികളെ കുറിച്ച് സർവേ നടത്തിയപ്പോൾ കിട്ടിയ വിവരം വിചിത്രമായിരുന്നു. പത്തുപേരിൽ പകുതി പേർക്ക് ഇഷ്ടം അടിപൊളിപ്പാട്ട്. ബാക്കി പകുതിക്ക് മെലഡി. ഒരു വിഭാഗത്തിന് പ്രേമം പഴയ പാട്ടുകളോട്. ചിലർക്ക് അത്ര പഴമ വേണ്ട. ബാക്കിയുള്ളവർക്ക് പുത്തൻ മാത്രം മതി. ചിലർക്ക് ഏതു കാലത്തെ പാട്ടായാലും സന്തോഷം. ഒരു കൂട്ടർക്ക് മലയാളമേ വേണ്ടൂ. കുറെ പേർക്ക് ഹിന്ദി മതി. മറ്റു ചിലർക്ക് തമിഴ്. അതിലുമുണ്ട് പഴയ, പുതിയ എന്ന വേർതിരിവ്.
ഒടുവിൽ തീരുമാനമായത് ഏതു ഭാഷയിലാണെങ്കിലും ഹിറ്റ് എന്ന് പറയപ്പെടുന്ന പാട്ടുകൾ മാത്രം വെച്ചു കേൾപ്പിക്കാൻ. അതും പുതിയവ മാത്രം. ചോരത്തിളപ്പുള്ള ചെറുപ്പക്കാരാണല്ലോ നമ്മുടെ ശ്രോതാക്കൾ.
എഫ് എം റേഡിയോ ജീവിതം സമ്മാനിച്ച വലിയൊരു പാഠമുണ്ട് : ഗാനങ്ങളോടുള്ള മനുഷ്യന്റെ ആഭിമുഖ്യം തികച്ചും ആപേക്ഷികം, ആത്മനിഷ്ഠം. എന്റെ ഇഷ്ടഗാനം എന്റേതുമാത്രമായ ഇഷ്ടഗാനമാണ്. നിങ്ങൾക്കത് അനിഷ്ടഗാനമാകാം.
ഇടക്ക് ശ്രോതാക്കളിൽ ചിലർ വിളിച്ചുപറയും: സാറേ ഇന്നത്തെ പാട്ടുകൾ കലക്കി കേട്ടോ. എല്ലാം സൂപ്പർ പാട്ടുകൾ. കേട്ട് മതിവന്നില്ല. ആത്മനിർവൃതിയടയാൻ വരട്ടെ. അതാ വരുന്നു അടുത്ത കോൾ: "ഇതെന്തോന്നെടേ? ഒരു നിലവാരവുമില്ലാത്ത പ്ലേലിസ്റ്റ്. ഒരൊറ്റ പാട്ട് പോലുമില്ല കേൾക്കാൻ കൊള്ളാവുന്നതായി." പിന്നേയും വരും മാറിമാറി ഇത്തരം വിളികൾ.
ആദ്യമൊക്കെ ഞെട്ടിയിരുന്നു. പിന്നെ മനസ്സിലായി ഇതൊരു സ്വാഭാവിക പ്രതികരണം മാത്രമെന്ന്. ഓരോ മനുഷ്യനും അവർക്കിഷ്ടമുള്ള പാട്ടാണ് ലോകത്തെ ഏറ്റവും മികച്ച പാട്ടെന്ന് ധരിക്കുന്നു, വിശ്വസിക്കുന്നു. അപരന് അത് ഇഷ്ടമോ അല്ലയോ എന്നത് അവനെ / അവളെ സംബന്ധിച്ച് വിഷയമേയല്ല. ഇതാണ് ലോകതത്വമെന്നിരിക്കേ, ഭൂലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള പതിനായിരക്കണക്കിന് എഫ് എം ചാനലുകൾ എങ്ങനെയാവണം അവരുടെ ശ്രോതാക്കളെ പിടിച്ചുനിർത്തുന്നത്? ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയ പാട്ടുകൾ മാത്രം കേൾപ്പിക്കുക. വലിയൊരു വിഭാഗം ആളുകൾ ആ പാട്ടുകൾ ആസ്വദിക്കുമെന്നാണ് നമ്മുടെ കണക്കുകൂട്ടൽ. മ്യൂസിക് ഷെഡ്യൂളറെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം അതാണ്. ഹിറ്റുകൾ ഏതെന്ന് കണ്ടെത്തേണ്ട ബാധ്യതയേ ഉള്ളൂ. അതത്ര പ്രയാസമുള്ള കാര്യവുമല്ല.
ഒന്ന് വെറുതെ വിരൽ ഞൊടിച്ചാൽ മതി പാട്ടുകൾ നമ്മുടെ കാതോരം വന്ന് ക്യൂ നിൽക്കും. അതാണ് ഇപ്പോഴത്തെ അവസ്ഥ. വിരൽത്തുമ്പിലാണ് പാട്ടുകൾ. മൊബൈൽ ഫോണിൽ, പെൻഡ്രൈവിൽ, യൂട്യൂബിൽ, ഇന്റർനെറ്റിൽ..... കേൾവിയുടെ ഈ ഡിജിറ്റൽ വിപ്ലവത്തിനിടയിലും റേഡിയോ പിടിച്ചുനിൽക്കുന്നു എന്നതാണ് അത്ഭുതം.
എന്താണ് റേഡിയോയെ ഇക്കാലത്തും വ്യത്യസ്‍തമാക്കി നിർത്തുന്നത് ? എന്റെ അഭിപ്രായത്തിൽ അതിന്റെ പ്രവചനാതീത സ്വഭാവമാകാം. മൊബൈലിലും പെൻഡ്രൈവിലും ഒക്കെ നമ്മൾ മുൻകൂട്ടി സെറ്റ് ചെയ്തുവെക്കുന്ന പാട്ടുകളാണ്. ഏതൊക്കെ പാട്ടുകളാണ് കേൾക്കാൻ പോണത് എന്ന് നമ്മുടെ ഉപബോധമനസ്സിനറിയാം. അറ്റ കൈക്ക് ആ പട്ടികയൊന്ന് കശക്കി നോക്കാം. അത്രമാത്രം. ഒരു തരം പ്രവചനീയ സ്വഭാവമുണ്ട് ഈ കേൾവികൾക്കെല്ലാം. പക്ഷെ റേഡിയോ കേൾക്കുമ്പോൾ അടുത്ത പാട്ട് ഏതാണ് എന്ന് നമുക്ക് പ്രവചിക്കാൻ പറ്റില്ല. ഒരു തരം സസ്‌പെൻസ്.
കുട്ടിക്കാലത്ത് ഞങ്ങൾ പന്തയം വെക്കുമായിരുന്നു "രഞ്ജിനി"യിൽ ഇനി കേൾക്കാൻ പോണ പാട്ട് ഏതാണ് എന്ന്. ഞാൻ പറയും യേശുദാസിന്റെ പാട്ട് എന്ന്. അനിയൻ പറയും ജയചന്ദ്രനെന്ന്. അനിയത്തി ചിലപ്പോൾ പി സുശീല എന്നാകും പറയുക, അമ്മ എസ് ജാനകി. പക്ഷെ ഇതൊന്നുമല്ലാത്ത ഒരു ഗായകന്റെ, ചിലപ്പോൾ , ബ്രഹ്മാനന്ദന്റെ, പാട്ടാണ് നമ്മൾ കേൾക്കുക.
അതാണ് റേഡിയോയുടെ സസ്പെൻസ്. റേഡിയോയ്ക്ക് മാത്രം അവകാശപ്പെട്ടത്.
മറ്റൊന്നു കൂടിയുണ്ട്. റേഡിയോയെ സാധാരണക്കാർ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനായി കാണുന്നു. വേദനകളും ആഹ്ളാദങ്ങളും ഒരുപോലെ പങ്കുവെക്കാൻ കഴിയുന്ന ആത്മസുഹൃത്ത്. പ്രിയപ്പെട്ട റേഡിയോ അവതാരകർക്ക് മുന്നിൽ പൊട്ടിക്കരയാൻ പോലും മടിയില്ല അവർക്ക്.
കുറച്ചു മുൻപൊരു നാൾ ആകാശവാണിയുടെ ഫോൺ ഇൻ പരിപാടിയിൽ കേട്ട സംഭാഷണം ഓർമ്മവരുന്നു. റേഡിയോ ഒരു മനുഷ്യന്റെ ജീവിതത്തെ എത്ര ആഴത്തിൽ സ്വാധീനിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല സാക്ഷ്യം.
ഫോൺ വിളിച്ച സ്ത്രീ ഭിന്നശേഷിക്കാരിയാണ്. പോളിയോ ബാധിച്ച് ചെറുപ്പത്തിലേ ചക്രക്കസേരയിൽ ഒതുങ്ങിപ്പോയ ജീവിതം. വിവാഹിതയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ചു പോയി. മക്കളില്ല. അച്ഛനുമമ്മയും നേരത്തെ മരിച്ചു. ആകെയുള്ളത് കാഴ്ച്ച പരിമിതിയുള്ള ഒരു ചേച്ചി മാത്രം. പ്രായാധിക്യത്തിന്റെ പ്രശ്‍നങ്ങളുള്ള ഒരാൾ. ദുരിതമയമായ ജീവിതത്തിൽ ഒരേയൊരു സുഹൃത്തേയുള്ളൂ അവർക്ക്: വീട്ടിലെ കൊച്ചു ട്രാൻസിസ്റ്റർ റേഡിയോ. കാലത്ത് ആറു മുതൽ രാത്രി പതിനൊന്ന് വരെ ആ കൂട്ടുകാരിക്ക് മുന്നിൽ തപസ്സിരിക്കും അവർ. ഇടയ്ക്കിടെ ശരീരമാസകലം പടരുന്ന വേദന പോലും റേഡിയോയിൽ നിന്ന് ഒഴുകിയെത്തുന്ന പഴയ ചലച്ചിത്ര ഗാനങ്ങളിൽ മുഴുകി അതിജീവിക്കുന്നു അവർ.
വേദനകളുടെ കൂമ്പാരമായ സ്വന്തം ജീവിത കഥ പങ്കുവെക്കുമ്പോൾ ഒരിക്കൽ പോലും അവരുടെ ശബ്ദം ഇടറിയില്ല എന്നതാണ് അത്ഭുതപ്പെടുത്തിയ കാര്യം. വിഷമം മുഴുവൻ റേഡിയോ അവതാരകനായിരുന്നു. ഫോണിലൂടെ കേട്ട കാര്യങ്ങൾ വിശ്വസിക്കാനാവാതെ പലപ്പോഴും നിശ്ശബ്ദനായി നിന്നുപോയി അയാൾ.
ഒടുവിൽ "സന്യാസിനി" എന്ന ഗാനം റേഡിയോയിലൂടെ കേൾപ്പിച്ചു തരാമോ എന്ന് കേൾവിക്കാരി ആരാഞ്ഞപ്പോൾ അത്ഭുതത്തോടെ അവതാരകൻ ചോദിച്ചു: "ഇത്രയും ദുഃഖങ്ങളും തിരിച്ചടികളും നിറഞ്ഞ ജീവിതത്തിലേക്ക് ഇനിയും ഒരു ദുഃഖഗാനത്തെ ക്ഷണിക്കണോ? സന്തോഷം പകരുന്ന ഒരു പാട്ട് ആവശ്യപ്പെടുമെന്നാണ് ഞാൻ കരുതിയത്.."
ഫോൺ വിളിച്ചയാൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു: "ഇതാണെന്റെ ഓർമ്മകളിലെ ഏറ്റവും സന്തോഷം നിറഞ്ഞ പാട്ട്. എന്റെ അച്ഛന്റെ ഇഷ്ടഗാനം. രാത്രി പകലിനോടെന്നപോലെ യാത്ര ചോദിപ്പൂ ഞാൻ എന്ന വരി പാടുമ്പോൾ കുട്ടിയായ എന്നെ ചേർത്തുപിടിക്കുമായിരുന്നു അച്ഛൻ. എന്റെ എല്ലാ വേദനകളും ആ ആശ്ലേഷത്തിൽ അലിഞ്ഞു ഇല്ലാതാകുമായിരുന്നു. അച്ഛന്റെ സിഗരറ്റ് മണം പോലും അനുഭവിക്കാൻ കഴിയും എനിക്ക് ഇന്നും ആ പാട്ട് കേൾക്കുമ്പോൾ...."
"സന്യാസിനി" കേൾക്കുമ്പോൾ ഇന്ന് ഞാനും തൊട്ടറിയുന്നു ആ ആശ്ലേഷത്തിലെ സ്നേഹം; ഒപ്പം ആ സിഗരറ്റ് മണവും. റേഡിയോയ്ക്ക് നന്ദി.