
തമിഴില്‍ നല്ല ഡാര്‍ക്ക് ആക്ഷന്‍ പടങ്ങള്‍ ഉള്‍പ്പെടെ മാസും മസാലയും ആക്ഷനുമെല്ലാം ചേര്‍ന്ന ഒരുപാട് സിനിമകള്‍ വന്നിട്ടുണ്ട്.എന്നാല്‍ മലയാളത്തില്‍ ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗത സംവിധായകനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത 'ബള്‍ട്ടി'മലയാളത്തില്‍ ഒരുക്കിയ തമിഴ് ചിത്രമാണ് എന്നു പറയാം.
കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തി ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കബഡി കളിയെ നെഞ്ചേറ്റുന്ന കുറേ ചെറുപ്പക്കാര്‍. കബഡി കോര്‍ട്ടിലും പുറത്തും നായകനും(ഷെയ്ന്‍ നിഗം) അയാളുടെ മൂന്ന് ഉറ്റ ചങ്ങാതിമാരും ഒറ്റ മനസ്സോടെ കഴിയുന്ന ആത്മമിത്രങ്ങള്‍. കബഡി കളിയും റൊമാന്‍സുമൊക്കെയായി ജീവിതം മുന്നോട്ടു പോകന്ന അവസരത്തില്‍ തികച്ചും അവിചാരിതമായി അവര്‍ക്ക് അല്‍പ്പം വളഞ്ഞ നേരല്ലാത്ത വഴിയേ സഞ്ചരിക്കേണ്ടി വരുന്നു. ചില വില്ലത്തരങ്ങള്‍ക്കായി അവരുടെ കഴിവുകള്‍ ഉപയോഗിക്കാന്‍ അവര്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു. ആ ഗ്രാമം അടക്കി വാഴുന്നത് പണം പലിശയ്ക്ക് കൊടുക്കുന്ന രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ്. അവര്‍ തമ്മിലുള്ള കുടിപ്പകയില്‍ സുഹത്തുക്കളായ നാല്‍വര്‍ സംഘവും പെട്ടു പോകുന്നു. ഇതു പിന്നീട് അവരുടെ ജീവിതത്തെ തന്നെ ബാധിക്കുന്ന ഒരു വലിയ പ്രശ്‌നമായി മാറുകയാണ്.
സിനിമതുടങ്ങുന്നതു തന്നെ കഥയിലേക്ക് കാലെടുത്തു വച്ചു കൊണ്ടാണ്. അതായത് കബഡിക്കളത്തില്‍ നിന്നും അതിന്റെ പുറത്തേക്ക് പോരു നീളുന്ന കാഴ്ച. കഥാപാത്രങ്ങളെ കുറിച്ചും അവരുടെ ജീവിത പശ്ചാത്തത്തെ കുറിച്ചുമൊന്നും പ്രത്യേക വിവരണമില്ല. കഥയുടെ സഞ്ചാരത്തിനൊപ്പം കഥാപാത്രങ്ങളെ ആകെ പ്രേക്ഷകര്‍ മനസിലാക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ആദ്യന്തം കുടിപ്പകയും കുത്തും കൊലയുമായി നടക്കുന്ന തമിഴ് സിനിമയെ അതേ പടി വാത്തു വച്ചിരിക്കുകയാണ് രണ്ടാം പകുതിയില്‍.
ഇടവേളയ്ക്ക് ശേഷം അടിയും ഇടിയും മാത്രമല്ല, വെട്ടും കുത്തും കൂടി കടന്നു വരികയാണ്. മൂന്നു വില്ലന്‍മാര്‍ക്കും വേറിട്ടു നില്‍ക്കുന്ന വിധം മൂന്നു സ്വഭാവങ്ങള്‍ നല്‍കിയത് ശ്രദ്ധേയമായി. അവതരണത്തിലും പുതുമയുണ്ട്.
മാസ്സ് രംഗങ്ങളിലെ മികവും പെര്‍ഫെക്ഷനും ഗംഭീരമായിഎന്നു പറയാതെ വയ്യ. ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിനു ശേഷം ഷെയ്ന്‍ നിഗം മനസ്സും ശരീരവും ഒരുപോലെ അര്‍പ്പിച്ച ഒരു മികച്ച കഥാപാത്രമാണ് ബള്‍ട്ടിയിലേത്. അതിന്റെ ഗുണം കഥാപാത്രത്തിന്റെ സ്വീകാര്യതയിലൂടെ വ്യക്തമാകുന്നുണ്ട്. സിക്‌സ് പായ്ക്കും മസ്സിലും ഒന്നും അത്രയ്ക്കില്ലെങ്കിലും ക്വിന്റല്‍ കണക്കിന് ഇടിയുടെ പൂരം ആക്ഷന്‍ സീനുകളില്‍ കാണാനാകും. കബഡി കളിയുടെ രംഗങ്ങളില്‍ പ്രത്യേകിച്ച്. തഴക്കവും പഴക്കവും വന്ന ഒരു കളിക്കാരനെ പോലെ തന്നെ തോന്നിച്ചു.വില്ലന്‍മാരുടെ പ്രകടനം അഭിനന്ദിക്കാതെ വയ്യ. പ്രശസ്ത സംവിധായകരായ അല്‍ഫോന്‍സ് പുത്രന്‍, ശെല്‍വരാഘവന്‍ എന്നിവരാണ് വില്ലന്‍വേഷത്തിലെത്തുന്നത്. അതിനൊപ്പം പൂര്‍ണ്ണിമ ഇന്ദ്രജിത്ത്കൂടി വില്ലന്‍ വേഷത്തില്‍ എത്തുന്നതോടെ കഥ ടോപ്പ് ഗിയറിലാകുന്നു. പടം കണ്ടിറങ്ങുമ്പോള്‍ പൂര്‍ണ്ണിമയെ അല്ലാതെ മറ്റൊരാളെ ആ കഥാപാത്രമായി നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല എന്നു മനസ്സിലാകും. അവിടെയാണ് അവരുടെ പ്രകടന വിജയം. അത്രമേല്‍ അവര്‍ കഥാപാത്രത്തെ ഉള്‍ക്കൊണ്ട്അഭിനയിച്ചിട്ടുണ്ട്.
അതിര്‍ത്തിയിലെ കഥയാണ് പറയുന്നതെങ്കിലും കഥാപാത്രങ്ങളുടെ സംസാരരീതിയിലും മറ്റും ആ തമിഴ് ഗ്രാമീണ ശൈലി ഇല്ലാതെ പോയത് ചെറിയ കല്ലുകടിയായി. തിരക്കഥയിലും ഇടയ്‌ക്കെവിടെയോ ചില പാളിച്ചകള്‍ ഇല്ലാതില്ല. എങ്കിലും നവാഗത സംവിധായകനായിട്ടും അതിന്റെ പരിഭ്രമങ്ങളൊട്ടുമില്ലാതെ മികച്ച രീതിയില്‍ തന്നെ പടമൊരുക്കാന്‍ ഉണ്ണി ശിവലിംഗത്തിനായി. അലക്‌സ് ജെ പുളിക്കലിന്റെ ഛായാഗ്രഹണവും സായ് അഭ്യങ്കാറിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ആകെയുള്ള മൂഡിന് ചേരുന്നതായി. ശിവകുമാറിന്റെ അളന്നു മുറിച്ച എഡിറ്റിങ്ങും മികച്ചതായി. ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകന് ധൈര്യമായി ടിക്കറ്റെടുക്കാം.