
പത്മിനി - മലയാളിയായ ആദ്യ ബോളിവുഡ് നടി; റഷ്യൻ, ഫ്രഞ്ച്, സിംഹള എന്നീ വിദേശ ഭാഷാ സിനിമകളിലും അഭിനയിച്ച ആദ്യമലയാളി താരമാകാം, അവർ.... നടി പത്മിനി മരിച്ചിട്ട് 19 വർഷമായി. സ്മരണാഞ്ജലികൾ!
ലോകം കീഴടക്കിയ നർത്തകിമാർ അന്ന് പറയാവുന്ന തിരുവിതാംകൂർ സഹോദരിമാരിൽ ഏറ്റവും പ്രശസ്‌ത. ഈ സഹോദരിത്രയങ്ങളിൽ, (ലളിത-പദ്മിനി-രാഗിണിമാരിൽ) മധ്യമയായിരുന്നുവല്ലോ പത്മിനി.
മലയാളചലച്ചിത്രരംഗത്തും ഒരു കാലഘട്ടത്തിലെ സജീവസാന്നിദ്ധ്യമായിരുന്നു - 40 വർഷം പത്മിനി സിനിമാരംഗത്തുണ്ടാ യിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി 250 -ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
തിരുവിതാംകൂർ സഹോദരിമാർ ഇവർ ജനിച്ചു വളർന്നത് തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള 'മലയാ കോട്ടേജ്' എന്ന തറവാട്ടിലായിരുന്നു. അത് ഒരു കൂട്ടുകുടുംബമായിരുന്നു. കാർത്ത്യായിനി അമ്മയായിരുന്നു ഇവിടത്തെ കുടുബനാഥ; ഇവരുടെ ഭർത്താവ് പി.കെ. പിള്ള (ചേർത്തല സ്വദേശിയായിരുന്ന പാലകുന്നത്തു കൃഷ്ണ പിള്ള / 'പെനാങ്ക് പിള്ള'). ഇവരുടെ മക്കളായി, 1932 ജൂൺ 12-ന് ആണ്, പത്മിനിയുടെ ജനനം. ചേച്ചി ലളിത രണ്ടുവയസിനു മൂത്തതും അനുജത്തി രാഗിണി അഞ്ചുവയസിനു ഇളയത്തും ആയിരുന്നു. ആറു സഹോദരന്മാരും ഉണ്ടായിരുന്നു. സഹോദരനായ, ചന്ദ്രകുമാർ പിള്ളയുടെ മകളാണ് പ്രശസ്ത നടി, ശോഭന. പ്രശസ്ത നടി സുകുമാരി ഇവരുടെ (തിരുവിതാംകൂർ സഹോദരിമാരുടെ) അമ്മാവൻ്റെ മകളാണ്. നല്ലൊരു നര്‍ത്തകനും കൂടിയായ നടന്‍ വിനീത്, പത്മിനിയുടെ ഭർത്താവ്, ഡോക്ടർ രാമചന്ദ്രൻ്റെ സഹോദരപുത്രനാണ്. ചേച്ചി ലളിതയുടെ കൊച്ചുമകൻ കൃഷ്ണയും (എറണാകുളം 'തന്തൂർ' ഹോട്ടൽ ഉടമ) അഭിനേതാവാണ്.
പത്മിനിയുടെ (തിരുവിതാംകൂർ സഹോദരിമാരുടെയും) ഒരു മാതൃസഹോദരീ പുത്രനായിരുന്ന (കസിൻ) പി.കെ. സത്യപാൽ ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്; നിർമ്മാതാവും തിരക്കഥാകൃത്തും കൂടിയായിരുന്നു ഈ സത്യപാൽ. അറുപതുകളിലെ പ്രശസ്ത നടി അംബിക (സീനിയർ), ലളിത-പത്മിനി-രാഗിണിമാരുടെ മറ്റൊരു മാതൃസഹോദരിയുടെ പുത്രിയാണ്. മറ്റൊരു കസിൻ രവീന്ദ്രൻ നായരുടെ മകൾ ലതികാ സുരേഷ് മലയാളം ടി.വി. പ്രോഗ്രാമിന്റെ പ്രമുഖ പ്രൊഡ്യൂസർ ആയിരുന്നു. മല്ലികാ സുകുമാരനും ബന്ധുവാണ് എന്ന് വായിച്ചിട്ടുണ്ട്. കലാലോകത്തെ 'ബന്ധു വൈപുല്യം' സൂചിപ്പിക്കാന് ഇതൊക്കെ വിവരിച്ചത്.
ചെറുപ്രായത്തിലേ മൂന്നു സഹോദരിമാരും കഥകളിയും, നൃത്തവും അഭ്യസിച്ചു തുടങ്ങി. ഗുരു ഗോപിനഥിൻ്റെ കീഴിലാണ് ആദ്യം നൃത്തം അഭ്യസിച്ചത്. ഗുരു ഗോപിനാഥിന്റെയും, പിന്നീട്, ഗുരു ടി.കെ. മഹലിംഗം പിള്ളയുടെയും ശിക്ഷണത്തിൽ ഇവർ മൂവരും നൃത്തം അഭ്യസിച്ചിട്ടുണ്ട്. 'ഡാൻസേർസ് ഓഫ് ഇന്ത്യ' എന്നു പേരിട്ടിരുന്ന ആ നൃത്തസംഘത്തിൽ ലളിത, പത്മിനി, രാഗിണി എന്നിവർ കൂടാതെ പ്രധാനമായും തങ്കം, സരോജ, സുകുമാരി എന്നിവരാണുണ്ടായിരുന്നതു്. ഇന്ത്യയിലുടനീളവും വിദേശത്തും അനേകമനേകം നൃത്തപരിപാടികൾ ഈ ട്രൂപ് നടത്തിയിട്ടുണ്ട്.
ഇവരുടെ ആദ്യ ചിത്രം 'പ്രസന്ന'. ലളിത-പത്മിനി-രാഗിണിമാരുടെയും കൊട്ടാരക്കര, പാപ്പുക്കുട്ടി ഭാഗവതർ മുതലായവരുടെയും ആദ്യസിനിമയാണ് ' പ്രസന്ന'. കഥ-തിരക്കഥ: മുൻഷി പരമുപിള്ള.
എൻ. ടി . രാമറാവുൻ്റെയും എം. ജി.രാമചന്ദ്രൻ്റെയും ശിവാജി ഗണേശൻ്റെയും നായികയായി പല ചിത്രങ്ങളിലും പത്മിനി വേഷമിട്ടു. (ശിവാജിയോടൊപ്പം 59 സിനിമകൾ!) കൂടുതൽ തമിഴ് സിനിമകളുണ്- ആദ്യ തമിഴ് ചിത്രം 'ഏഴൈ പടും പാട്'
('പാവങ്ങൾ' - 'Les Miserables'- 1950). 'തില്ലാനാ മോഹനാംബാൾ' എന്ന തമിഴ് ചിത്രമാണ് പത്മിനിക്കു ഏറ്റവും പെരുമ നേടിക്കൊടുത്തത്.
'മേരാ നാം ജോക്കർ' തുടങ്ങിയ മുപ്പതോളം ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 'കല്പന' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ബോളിവുഡ് ചലച്ചിത്രരംഗത്തെത്തിയത്. ഹിന്ദിയിൽ രാജ് കപൂറിനൊപ്പം മൂന്ന് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്; ഷമ്മി കപൂറിനോടൊപ്പവും അഭിനയച്ചിട്ടുണ്ട്.
രാജ് കപൂറിന്റ ഇഷ്ടനായികമാരിൽ ഒരാളായി ഹിന്ദി സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ആണ് ലഭിച്ചത്...
മലയാളത്തിൽ ആകെ പന്ത്രണ്ടു സിനിമകളാണ് ചെയ്തിട്ടുള്ളത്. 'സ്നേഹസീമ' 'വിവാഹിത', ' അദ്ധ്യാപിക' 'കുമാര സംഭവം ' എന്നിവ പത്മിനിയുടെ മലയാള ചിത്രങ്ങളിൽ എടുത്തു പറയേണ്ടവ. ഇളയ രാഗിണിയെ അപേക്ഷിച്ച് വളരെ കുറച്ചു മലയാളം ചിത്രങ്ങളിൽ മാത്രമേ അവർക്ക് അഭിനയിക്കാൻ അവസരം ലഭിച്ചുള്ളൂ...
ഇടക്കാലത്ത് അമേരിക്കയിലായിരുന്ന പത്മിനി 1984-ൽ വീണ്ടും ചലച്ചിത്രരംഗത്ത് മടങ്ങിയെത്തി 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' (ഫാസിൽ) തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ജി. അരവിന്ദന്റെ 'വാസ്തുഹാര'യിൽ ഭവാനി എന്ന കഥാപാത്രമായി പദ്മിനിയും അവരുടെ ചെറുപ്പകാലം ശോഭനയും അവതരിപ്പിച്ചിരുന്നു...
ജെ. ശശികുമാർ സംവിധാനം ചെയ്ത 'ഡോളർ' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
റഷ്യൻ, ഫ്രഞ്ച്, സിംഹള എന്നീ വിദേശ ഭാഷാ സിനിമകൾ:സിംഹള : 'കപതി അരക്ഷകായ' (1948) (നൃത്തസംവിധാനം മാത്രം)'സുരസേന' (1957) | റഷ്യൻ: 'Khozhdenie Za Tri Morya' (1957) | ഫ്രഞ്ച്: Things Seen in Madras (Documentary-1969); 'ഫാന്റം ഇന്ത്യ' - ( L' Inde Fantôme)
പദ്‌മിനി അഭിനയിച്ച പ്രസിദ്ധങ്ങളായ നൃത്ത-നാടകങ്ങൾ ഇവയാണ്: 'രാമായണം'; 'ഫിക്ഷൻ'; 'വള്ളി'; 'കണ്ണകി'; 'ദശാവതാരം'; 'ശ്രീകൃഷ്ണ ലീല'
വിവിധ ഭാഷകളിൽ ചില ടി വി സീരിയലുകളിലും അതിനയിച്ചു; ഏഷ്യാനെറ്റിലെ 'അമേരിക്കൻ ഡ്രീംസ്' (2002) ഉൾപ്പെടെ....
തിരുവിതാംകൂർ സഹോദരിമാരിൽ കേരളത്തിന് പുറത്തും ആരാധകർ ഉണ്ടായിരുന്നത് ഇവർക്കായിരുന്നു....
ഭർത്താവ് - അന്തരിച്ച ഡോക്ടർ രാമചന്ദ്രൻ. മകൻ - ഡോ. പ്രേം ചന്ദ്രൻ.
പത്മിനിയുടെ മരണം, 2006-ൽ സെപ്റ്റംബർ 24-ന് ചെന്നൈയിൽ വെച്ചയിരുന്നു. മുഖ്യമന്ത്രി കരുണാനിധിയെ ആദരിക്കാനുള്ള ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ പദ്മിനി പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണു മരിക്കുകായായിരുന്നു. (1976-ൽ കാൻസർ രോഗബാധിതയായി രാഗിണി മരിച്ചു; 1982-ൽ ലളിത അന്തരിച്ചു.)
....................
പ്രേം നസീറും തിരുവതാംകൂർ സഹോദരിമാരും :
പ്രേം നസീറിന്റെ 'എന്റെ ജീവിതം' എന്ന പുസ്തകത്തിൽ അദ്ദേഹം 'എന്റെ നായികമാർ' എന്നൊരു അധ്യായം ഉണ്ട്... തിരുവിതാംകൂർ സഹോദരിമാരെ കുറിച്ച് വളരെ ആരാധനയോടെ അവരെ കണ്ടതും അവരുടെ വീട്ടിൽ പോയതും പിന്നീട് 'പൊൻകതിർ ' എന്ന ചിത്രത്തിൽ ലളിത തന്റെ നായികയായതും അദ്ദേഹം രസകരമായ അനുഭവം ആയി അദ്ദേഹം ഓർക്കുന്നു... ''വിവാഹിത' എന്ന ചിത്രത്തിൽ പദ്മിനിയുടെ നായകൻ ആയി നസീർ അഭിനയിച്ചു... എന്നാൽ രാഗിണിയോടൊത്ത് കൂടുതൽ ചിത്രങ്ങൾ അദ്ദേഹം അഭിനയിച്ചിരുന്നു...
..................