
വീട്ടിലെ കാര്യങ്ങളും കുട്ടികളെയും നന്നായി നോക്കുന്നതിന് ശാലിനിയോട് നന്ദി രേഖപ്പെടുത്തി പ്രിയതാരം അജിത് കുമാര്‍. അടുത്തിടെ ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കോളേജിലേക്ക് പോകാനൊരുങ്ങുന്ന മകളെയും പുതിയ സ്കൂളിലേക്ക് മാറുന്ന മകനെയും പരിപാലിക്കാൻ ശാലിനിയില്ലാതെ സാധിക്കില്ലെന്നും അജിത് പറഞ്ഞു.
‘ശാലിനി വളരെ കൂടുതൽ കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ശാലിനിയുടെ പിന്തുണ ഇല്ലെങ്കിൽ എനിക്ക് ഇതൊന്നും ചെയ്യാനാവില്ല. ഞാൻ ഇല്ലാത്തപ്പോൾ അവള്‍ കുട്ടികളെയും വീടും നോക്കുന്നത് വളരെ വലിയ കാര്യമാണ്. കുട്ടികൾക്ക് എന്നെ കാണാൻ വളരെ കുറച്ച് അവസരമേ ലഭിക്കാറുള്ളൂ. അവര്‍ എത്രത്തോളം മിസ്സ് ചെയ്യുന്നോ അതിനെക്കാളേറെ ഞാൻ അവരെ മിസ്സ് ചെയ്യാറുണ്ട്. ഇവ കാണപ്പെടാത്ത കാര്യങ്ങളാണ്. എന്നാൽ നിങ്ങൾക്ക് എന്തെങ്കിലും അത്രത്തോളം പ്രിയപ്പെട്ടതാണെങ്കിൽ, ചില ത്യാഗങ്ങൾ ചെയ്യേണ്ടിവരും‘, അജിത് പറഞ്ഞു.