
പിറ്റേന്നു ഞായറാഴ്ച അവധി ദിവസമായതുകൊണ്ട് ശനിയാഴ്ച വൈകിട്ടത്തെ കൺസൾട്ടിംഗ് കുറച്ചു നീണ്ടു പോയി. വീടിനോടു ചേർന്നുള്ള കൺസൾട്ടിംഗ് റൂമിലെ ചെയറിലിരുന്ന് നടുവൊന്നു നിവർത്തി ഡോക്ടർ അവസാനത്തെ പേഷ്യന്റിന്റെ പേര് വിളിച്ചു.
'സുജാത 39 വയസ്സ് '...
കാത്തിരുന്നു മുഷിവു പടർന്ന മുഖവുമായി ഒരു സ്ത്രീയും ഒപ്പം നാൽപ്പത്തഞ്ചു വയസ്സു തോന്നിക്കുന്ന പുരുഷനും കയറി വന്നു.
"ഇരിക്കു. എന്താണ് പ്രോബ്ളം?''
ചോദ്യം സ്ത്രീയുടെ മുഖത്തേയ്ക്കായിരുന്നെങ്കിലും മറുപടി പറഞ്ഞത് അയാളായിരുന്നു.
" ഡോക്ടർ, ഇവൾക്ക് നടുവേദനയാണ് പ്രശ്നം."
"താങ്കൾ ?"
"ഹസ്ബന്റാണ് "
'' എത്ര നാളായി വേദന തുടങ്ങീട്ട് ?"
വീണ്ടും ഹസ്ബന്റ് ഉത്തരം പറയാൻ തുടങ്ങിയപ്പോഴേക്ക് ഡോക്ടർ പറഞ്ഞു.
" അവർ പറയട്ടെ."
"ഒരു മാസത്തോളമായി. ആദ്യം ചെറിയ വേദനയായിരുന്നു. ഇപ്പോൾ നില്ക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം നല്ല വേദനയാണ്. കുനിയാൻ ഒട്ടും വയ്യ... "
ബാക്കി അത്യാവശ്യ വിവരങ്ങൾ കൂടി ഡോക്ടർ ചോദിച്ചറിഞ്ഞു; കുട്ടികൾ, ജോലിയുടെ സ്വഭാവം, യാത്ര അങ്ങനെയുള്ള കാര്യങ്ങൾ - പിന്നെ പറഞ്ഞു.
"എക്സ് റേ യ്ക്കും മറ്റു ടെസ്റ്റുകൾക്കു മൊക്കെ കുറിച്ചുതരാം. അതൊക്കെ ചെയ്തിട്ട് റിപ്പോർട്ടുമായി രണ്ടു ദിവസം കഴിഞ്ഞിട്ടു വന്നോളൂ. തത്ക്കാലം ഞാൻ വേദനയ്ക്കുള്ള ടാബ്ലറ്റ്സും ഓയിന്റ്മെൻറും എഴുതാം. റീസൺ കണ്ടുപിടിച്ചിട്ട് ട്രീറ്റ്മെന്റ് തുടങ്ങാം. വല്യ പ്രശ്നമൊന്നും ഉണ്ടാവില്ലെന്നേ, ചിലപ്പോ ചില ചെറിയ എക്സർസൈസുകൾ കൊണ്ടു മാറാവുന്ന പ്രോബ്ലം സേ കാണുള്ളൂ."
ഡോക്ടർ എഴുതുന്നതിനിടെ ഭർത്താവു തന്റെ ലോകപരിജ്ഞാനം പ്രസ്താവിച്ചു.
" അതെങ്ങനാ, ഇപ്പോ പെണ്ണുങ്ങൾക്ക് ശരീരമനങ്ങുന്ന വല്ല ജോലീമുണ്ടോ ! മുറ്റമടീല്ല, അമ്മിക്കല്ലും ആട്ടുകല്ലും അലക്കുകല്ലും ഒന്നുമില്ല: സ്വിച്ചിട്ടാൽ എല്ലാം നടന്നോളുമല്ലോ. എന്നിട്ട് നൂറുകൂട്ടം അസുഖങ്ങളും " .
"അതും ശരിയാ, ഇപ്പോ അധികം സ്ത്രീകൾക്കും ഫിസിക്കൽ എക്സർസൈസിന്റെ കുറവുകൊണ്ടുള്ള പ്രശ്നങ്ങളുണ്ട്. " ഡോക്ടർ പിന്താങ്ങി.
-- ഇപ്രാവശ്യത്തെ നോബൽ പ്രൈസിനു പരിഗണിക്കേണ്ടിയിരുന്ന ഭർത്താവിന്റെ കണ്ടുപിടിത്തം കേട്ട് അന്തംവിട്ടുപോയി ഭാര്യ!
രാവിലെ നാലര മുതൽ തുടങ്ങുന്ന ഡ്യൂട്ടിയാണ്. ഭൂമി അതിന്റെ സാങ്കൽപിക അച്ചുതണ്ടിൽ കറങ്ങുന്നപോലെ അടുക്കളയിൽ തിരിഞ്ഞാലേ സർവ്വ വീട്ടുപണിയും ചെയ്ത് ഏഴര മണിയാകുമ്പോഴേക്ക് കുട്ടികളെ സ്കൂളിലേക്കു റെഡിയാക്കി രണ്ടുപേർക്കും ഓഫീസിലേക്കു പോകാൻ റെഡിയാകാനും പറ്റൂ. ഇന്നേരമത്രയും മൊബൈലിൽ തോണ്ടി വരച്ചും പത്രം വായിച്ചും ഇരിക്കുന്ന ശാസ്ത്രജ്ഞന് ചായവരെ ഇരിക്കുന്നിടത്ത് എത്തിക്കണം. വൈകിട്ടും കഥ ഇതൊക്കെത്തന്നെ.. എന്നിട്ടാണ്.. ഒരു അമ്മിക്കല്ലും ആട്ടുകല്ലും ! എടുത്തോണ്ടുപോയി കിണറ്റിലിടുകയാവേണ്ടത്.. അല്ല പിന്നെ!
ഒപ്പം ഡോക്ടറുടെ ഒരു സപ്പോർട്ടും....
അല്ല,ഒന്നുമറിയാത്ത ഡോക്ടറെന്തു പിഴച്ചു.ആളുകൾക്ക് അസുഖം വന്നില്ലെങ്കിൽ പിന്നെ ഇവരെങ്ങനാ ജീവിക്ക്യ
!
പ്രിസ്ക്രിപ്ഷനും വാങ്ങി ഡോക്ടറുടെ ഫീസും കൊടുത്ത് രണ്ടുപേരും പുറത്തിറങ്ങി.
കൺസൾട്ടിംഗ് റൂമിന്റെ വാതിലും ജനലുമെല്ലാം അടച്ച് ലൈറ്റുകളും ഓഫ് ചെയ്ത് ഡോക്ടർ ഡൈനിംഗ് റൂമിലേക്ക് നടന്നു. വല്ലാത്ത ക്ഷീണവും വിശപ്പും. വൈകുന്നേരം ഒരു ചായ പതിവുള്ളതായിരുന്നു. ഇന്നു തിരക്കു കൂടുതലായകൊണ്ട് ഇടയ്ക്ക് എഴുന്നേറ്റു പോകാൻ കഴിയാതെ അതും നടന്നില്ല. വിവാഹജീവിതത്തിന്റെ മഹത്തായ ഇരുപത്തിരണ്ടുവർഷത്തിനുള്ളിൽ എന്നെങ്കിലും ഭാര്യയുടെ കൈ കൊണ്ടുണ്ടാക്കിയ ഒരു കപ്പു ചായ കുടിച്ചിട്ടുണ്ടോന്ന് വെറുതെയൊന്ന് ഓർമയിൽ പരതിനോക്കി. ചുമ്മാ!
വൈഫും ഡോക്ടറാണ്. തിരക്കില്ലാത്ത വിഭാഗത്തിലായകൊണ്ട് വീട്ടിൽ കൺസൾട്ടിംഗ് ഇല്ല. ഹോസ്പിറ്റലിലെ ഡ്യൂട്ടി കഴിഞ്ഞാൽ അവർ അവരുടേതായ തിരക്കുകളിലാവും - വിമൻസ് ക്ലബ്ബിന്റെ ഭാരവാഹിത്വം, ഷോപ്പിംഗ് അങ്ങനെ എന്തെങ്കിലുമൊക്കെ -- ഇന്ന് ഏതോ ഫ്രണ്ടിന്റെ കുട്ടിയുടെ ബർത്ഡേ പാർട്ടിയോ മറ്റോ ആണെന്നു തോന്നുന്നു. ഏകമകൾ പേരന്റ്സിന്റെ പാത പിന്തുടർന്ന് മെഡിസിനു തന്നെ പഠിക്കുന്നു:ഹോസ്റ്റലിൽ ആണ്. വീട്ടിൽ രണ്ടുപേരും മാത്രമുള്ളകൊണ്ട് ജോലിക്കാരി ആഴ്ചയിൽ രണ്ടുദിവസമേ വരൂ, മിക്കവാറും ബുധനാഴ്ചയും ഞായറാഴ്ചയും...ക്ലീനിംഗും മറ്റു ജോലികളും തീർത്ത് രണ്ടു മൂന്നു ദിവസത്തേക്കുള്ള ഭക്ഷണവും ഉണ്ടാക്കി വച്ചിട്ടുപോകും.
പണ്ട് കുട്ടിക്കാലത്ത്, നാട്ടിൽ അമ്മ അമ്മിക്കല്ലിന്മേൽ അരച്ചു ചേർത്തുണ്ടാക്കിയ ഉള്ളിത്തീയലിന്റെയും തേങ്ങാ ചുട്ട ചമ്മന്തിയുടേയും രുചിയോർത്തു കൊണ്ട്,
- മിക്സിയിലരച്ചാലും എങ്ങനെയായാലും വീട്ടിൽ അപ്പപ്പോഴുണ്ടാക്കുന്ന ഫ്രഷ് ഫുഡ് കഴിക്കാനുള്ള ഭാഗ്യമുണ്ടായിട്ടും അത് തിരിച്ചറിയാതെ ഭാര്യയെ കുറ്റം പറയുന്നവരെയോർത്തുകൊണ്ട്,
ഡോക്ടർ ഫ്രിഡ്ജുതുറന്ന് ഹാഫ്‌കുക്ക്ഡ് ചപ്പാത്തിയുടെ പാക്കറ്റും രണ്ടോ മൂന്നോ ദിവസം മുൻപത്തെ ചിക്കൻകറിയുമെടുത്ത് ചൂടാക്കാൻ തുടങ്ങി...