
അപ്പുവിന് രണ്ടു മാസം പ്രായമുള്ളപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ പരിഭ്രാന്തരായി മാലതിയേടത്തിയുടെ അടുത്തേക്ക് ഓടി. ഒരു ശസ്ത്രക്രിയയും വേണ്ടെന്നു പറഞ്ഞു ഞങ്ങളെ ആശ്വസിപ്പിക്കുകയും മരുന്നിലൂടെ അസുഖം ഭേദമാക്കുകയും ചെയ്തത് ഞാൻ ഓർക്കുന്നു.
ഒരു ജനകീയ ഡോക്ടർ ആയിരുന്നു. ഇഎംഎസിന്റെ മകൾ അങ്ങനെ ആകാതെ വയ്യല്ലോ .
ഏറെനാളായി രോഗാതുരയായിരുന്നു. മറവിരോഗം ബാധിച്ചു തുടങ്ങിയപ്പോഴും എന്നെ കാണുമ്പോൾ പിജിയുടെ മകൾ ദേശാഭിമാനിയിലെ പാർവതി ദേവി എന്ന് പറയുമായിരുന്നു. ദീർഘകാലം ഞങ്ങൾ ഒരേ പാർട്ടി ഘടകത്തിലാണ് ഉണ്ടായിരുന്നത്. ഞാനായിരുന്നു ബ്രാഞ്ച് സെക്രട്ടറി. ദാമോദരേട്ടനും മാലതിയേടത്തിയും വളരെ ബുദ്ധിമുട്ടിയാണെങ്കിലും കൃത്യമായി ബ്രാഞ്ചു കമ്മിറ്റിക്ക് വരുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഒരു സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ട വളരെ ഗൗരവമുള്ള കാര്യങ്ങൾ രണ്ടുപേരും അവതരിപ്പിക്കും. ശാസ്ത്രജ്ഞനായ ദാമോദരേട്ടന് തന്റേതായ കർശനമായ നിലപാടുകൾ ഉണ്ടായിരുന്നു. ചില കാര്യങ്ങൾ പറയുമ്പോൾ മാലതിയേടത്തി അതങ്ങനെയല്ല എന്ന് പറഞ്ഞ് തിരുത്തുകയും ചെയ്യും.
മഹാനായ ഇ എം എസ്സിന്റെ മകൾ എന്ന നിലയിൽ കുട്ടിക്കാലം മുതലേ പരിചയം ഉണ്ടെങ്കിലും ഇക്കാലത്താണ് വളരെ അടുത്തു പെരുമാറാൻ കഴിഞ്ഞത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മകന്റെ കല്യാണം ക്ഷണിക്കാനായി ഞാനും ചേട്ടനും കൂടി പോയപ്പോഴാണ് അവസാനമായി കണ്ടത്. അന്നും അഛന്റെ കാര്യമെല്ലാം സംസാരിച്ചിരുന്നു വളരെ സ്നേഹത്തോടെ.
പിന്നീട് ഒന്ന് പോകണമെന്ന് കരുതിയെങ്കിലും കഴിഞ്ഞില്ല. സംഗീതജ്ഞയായ മകൾ സുമംഗലയുടെ ഒരു സംഗീതപരിപാടിക്ക് നിശാഗന്ധിയിൽ വന്നപ്പോഴെടുത്ത ചിത്രമാണ് കുറിപ്പിനൊപ്പം.
അന്ത്യാഭിവാദ്യങ്ങൾ പ്രിയപ്പെട്ട മാലതിയേടത്തി …!