
ദാദാസാഹിബ് ഫാൽക്കേ അവാർഡ് നേടിയ മോഹൻലാലിനെ പൊന്നാട അണിയിച്ച് നടി മീന. ‘ദൃശ്യം’ സിനിമയുടെ സെറ്റിൽ വെച്ചാണ് പൊന്നാട അണിയിച്ചത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ഒപ്പം കേക്ക് മുറിച്ചാണ് എല്ലാവരും ആഘോഷിച്ചത്.
എല്ലാവരും കഥാപാത്രങ്ങളുടെ വേഷത്തിലാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അൻസിബ ഹസ്സൻ, എസ്തർ, ഇർഷാദ്, ജീത്തു ജോസഫ്, സിദ്ധു പനയ്ക്കൽ എന്നിവരും ലൊക്കേഷനിൽ ഉണ്ടായിരുന്നു. ‘ലാലേട്ടനെ ഒരു സഹതാരമെന്ന് വിളിക്കുന്നത് ബഹുമതിയാണ്, എന്നാൽ അദ്ദേഹത്തെ ഒരു സുഹൃത്തെന്ന് വിളിക്കുന്നത് അനുഗ്രഹമാണ്. അദ്ദേഹത്തിന്റെ അർപ്പണബോധവും പ്രതിഭയും ഓരോ കഥാപാത്രങ്ങളിലും ഉണ്ട്. സൗഹൃദത്തിന്റെയും സിനിമയുടെയും ഈ മനോഹരമായ യാത്രയിലെ മറ്റൊരു അധ്യായമാണ് ദൃശ്യം. ലാലേട്ടാ, നിങ്ങളെക്കുറിച്ച് വലിയ അഭിമാനമുണ്ട്. ദൃശ്യം മൂന്നാം ഭാഗത്തിനായി വലിയ ആകാംക്ഷയിലാണ്‘, മീന കുറിച്ചു.
അതേസമയം സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.