
രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ കന്നഡ ചിത്രമായ ‘കാന്താര’ റെക്കോർഡുകൾ ഭേദിക്കാൻ ഒരുങ്ങുന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ചിത്രം 7,000-ത്തിലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം പുറത്തിറങ്ങിയിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് ട്രെയിലർ സൂചന നൽകുന്നത്.
സംവിധായകൻ ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു ‘കാന്താര ചാപ്റ്റർ 1’ വിജയ് കിരഗണ്ടുർ നിർമ്മിക്കുന്ന ചിത്രം മൂന്ന് വർഷം നീണ്ട ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് തിയേറ്ററുകളിലെത്തുന്നത്. 2022-ൽ പുറത്തിറങ്ങിയ ‘കാന്താര’യുടെ പ്രീക്വലായാണ് ഈ ചിത്രം ഒരുങ്ങുന്നത്.
വൻ വിജയം നേടിയ ‘കാന്താര’യുടെ രണ്ടാം ഭാഗം ഒക്ടോബർ 2-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് അറിയിച്ചു. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ചിത്രത്തിന്റെ എല്ലാ പുതിയ അപ്‌ഡേറ്റുകളും ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക പേജുകളിൽ ലഭ്യമാകും.
കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. സൂപ്പർ ഹിറ്റായി മാറിയ ‘കാന്താര’യുടെ ആദ്യഭാഗത്തിന്റെയും കേരളത്തിലെ വിതരണക്കാർ പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്നെയായിരുന്നു. കന്നഡ സിനിമയെ സംബന്ധിച്ച് വളരെ ചെറിയ ബജറ്റിൽ ഒരുങ്ങിയ ആദ്യഭാഗം, മികച്ച പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസ് കളക്ഷനും നേടിയിരുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ചിത്രം വൻവിജയമായതോടെ, രണ്ടാം ഭാഗത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.