
മലയാളസിനിമയുടെ സുവര്‍ണ്ണകാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്ന എണ്‍പതുകളില്‍ മലയാളസിനിമയെ സമ്പുഷ്ടമാക്കിയ ഒട്ടനവധി പ്രതിഭാധനരുടെ കൂട്ടത്തില്‍ എടുത്തുപറയേണ്ട പേരുകളിലൊന്നായിരുന്നു കെ.ജി.ജോര്‍ജ്ജെന്ന കലാകാരന്റേത്.
ഒരുപക്ഷേ മലയാളസിനിമയുള്ളിടത്തോളംകാലം മറവിക്ക്വിട്ടുകൊടുക്കാതെ ഓര്‍മ്മകളില്‍ ചേര്‍ത്ത്പിടിച്ചു ബഹുമാനിക്കേണ്ട സംവിധായകന്‍. കാലംമാറിയപ്പോള്‍, സിനിമകള്‍മാറിയപ്പോള്‍ കെ.ജി.ജോര്‍ജ് എന്നപ്രതിഭയെ മലയാളസിനിമ മറന്നിരുന്നു. മലയാളസിനിമയുടെ കഥകളെയും കഥാപരിസരങ്ങളെയും കാഴ്ചകള്‍കൊണ്ട് സമ്പുഷ്ടമാക്കിയ പ്രതിഭയെയാണ് അദ്ദേഹത്തിലൂടെ നമുക്കുനഷ്ടമായത്.
കാലാതീതമായകലയാണ് സിനിമ എന്നതിനോട് നീതിപുലര്‍ത്തിയ സംവിധായകന്‍. നാലുപതിറ്റാണ്ട് മുന്‍പ് ഇന്ത്യന്‍ സിനിമയില്‍ മലയാളസിനിമയ്ക്കൊരു സ്ഥാനമുണ്ടായിരുന്നെങ്കില്‍ അതിനു നമ്മള്‍ കെ.ജി.ജോര്‍ജ് എന്ന മഹാപ്രതിഭയോട് കടപ്പെട്ടിരിക്കണം. പുതിയ പുതിയ മാറ്റങ്ങള്‍ വന്നപ്പോള്‍ കെ.ജി.ജോര്‍ജ്ജിനെ പലരും മറന്നുപോയി. പക്ഷേ ഇന്നുകാണുന്ന ഓരോസിനിമയ്ക്കും അതിന്റെ ഉള്‍ക്കാഴ്ചയില്‍ കെ.ജി.ജോര്‍ജ്ജിന്റെ സ്വാധീനം മാറ്റിനിര്‍ത്താനാകില്ല. മികവുറ്റ സിനിമാപ്രവര്‍ത്തനത്തിലൂടെ മലയാളിപ്രേക്ഷകന് അതുവരെ കണ്ടുപരിചരിച്ചുപോന്ന കാഴ്ചയുടെയും പ്രമേയങ്ങളുടെയും മടുപ്പില്‍നിന്നും പുത്തനുണര്‍വ് നല്‍കിയ ഈ കലാകാരനെ മറക്കാന്‍ മലയാളത്തിലെ ഒരു സിനിമാസ്വാദകനുമാവില്ല. തന്റെതായ ആഖ്യാനശൈലിയിലൂടെയും ദൃശ്യപരിചരണത്തിലൂടെയും മലയാളസിനിമ പിന്തുടര്‍ന്ന് പോന്നഭാഷയും വ്യാകരണവും മാറ്റിയെഴുതിയ സംവിധായാകന് കലാകേരളത്തിന്റെ സ്മരണാഞ്ജലി.