
ടെസ്ല, സ്‌പേസ്‌എക്‌സ് സിഇഒ ഇലോൺ മസ്ക്, താൻ ഉടമസ്ഥത വഹിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് (X) വഴി "പ്രചാരണം" നടത്തുന്നുവെന്ന് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റർ നവാരോ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി. “ഈ പ്ലാറ്റ്ഫോമിൽ നറേറ്റീവ് തീരുമാനിക്കുന്നത് ജനങ്ങളാണ്,” എന്നാണ് മസ്ക് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ റഷ്യൻ എണ്ണക്കച്ചവടത്തെ ചുറ്റിപ്പറ്റിയുള്ള തർക്കത്തിനിടെയാണ് മസ്കും അമേരിക്കൻ വ്യാപാര-നിർമ്മാണ വിഷയങ്ങളിലെ സീനിയർ കൗൺസിലറായ നവാരോയും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടത്.
“റഷ്യ യുക്രെയ്ന്‍ അധിനിവേശം നടത്തുന്നതിന് മുൻപ് ഇന്ത്യ ഒരു തുള്ളി പോലും റഷ്യൻ എണ്ണ വാങ്ങിയിരുന്നില്ല. ഇപ്പോഴത്തെ വാങ്ങൽ ലാഭത്തിനുവേണ്ടിയാണ്. ഇന്ത്യൻ സർക്കാരിന്റെ പ്രചാരണ യന്ത്രം പൂർണ്ണ ശക്തിയിൽ പ്രവർത്തിക്കുന്നു. ഉക്രെയ്‌നുകാരെ കൊല്ലുന്നത് നിർത്തൂ. അമേരിക്കൻ ജോലികൾ എടുത്തുകൂടാ,” എന്നായിരുന്നു നവാരോ എക്‌സിൽ പോസ്റ്റ് ചെയ്തത്.
എന്നാൽ കമ്മ്യൂണിറ്റി നോട്ട്സ് അദ്ദേഹത്തിന്റെ പ്രസ്താവന "വിവരഭ്രമം" ആണെന്ന് അടയാളപ്പെടുത്തി. ഇന്ത്യയുടെ എനർജി വാങ്ങലുകൾ അന്താരാഷ്ട്ര നിയമാനുസൃതമാണെന്നും അവിടെ വ്യക്തമാക്കിയിരുന്നു.
തുടർന്ന് നവാരോ, “ഇന്ത്യൻ സ്വാർത്ഥ താൽപര്യങ്ങൾ അമേരിക്കൻ ചര്‍ച്ചകളെ സ്വാധീനിക്കുകയാണ്. എക്‌സിൽ 'കെട്ടുകഥകൾ' അനുവദിക്കുന്നത് തെറ്റാണ്” എന്നും മസ്കിനെ വിമർശിച്ചു.
മസ്ക് മറുപടിയായി, “ഈ പ്ലാറ്റ്ഫോമിൽ എല്ലാവരും വാദത്തിന്റെ എല്ലാ വശങ്ങളും കേൾക്കുന്നു. കമ്മ്യൂണിറ്റി നോട്ട്സ് എല്ലാവരെയും തിരുത്തും, ആരെയും ഒഴിവാക്കില്ല. ഡാറ്റയും കോഡും തുറന്നതാണ്. ഗ്രോക് (Grok) കൂടുതൽ ഫാക്ട്-ചെക്കിംഗ് നൽകുന്നു,” എന്ന് വ്യക്തമാക്കി.
ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവും നവാരോയുടെ പ്രസ്താവനകളെ "അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതും" എന്ന് വിളിച്ച് തള്ളിക്കളഞ്ഞു. നവാരോ ഇതിനുമുമ്പും ഇന്ത്യയുടെ വിദേശനയത്തെ വിമർശിച്ചിരുന്നു. റഷ്യൻ-ചൈനീസ് നേതാക്കളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ സംഭാഷണങ്ങൾ അദ്ദേഹം ചോദ്യം ചെയ്തിരുന്നു. “ഇന്ത്യ റഷ്യയോടല്ല, ഞങ്ങളോടൊപ്പമായിരിക്കണം” എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യ-അമേരിക്ക ബന്ധത്തെ "വളരെ പ്രത്യേക ബന്ധം" എന്ന് വിശേഷിപ്പിച്ചു. പ്രധാനമന്ത്രി മോദിയേയും അദ്ദേഹം പ്രശംസിച്ചു. മറുപടിയായി മോദിയും, ട്രംപിന്റെ അഭിപ്രായങ്ങളെ പൂർണ്ണമായി അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കി.
People decide the narrative on X: Musk responds to Peter Navarro