Image

2030ഓടെ 50 ബില്യൺ ഡോളർ കയറ്റുമതി ലക്ഷ്യമിട്ട് 100 കാർഷിക ഭക്ഷ്യ സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കാൻ ‘ഭാരതി’ പദ്ധതി

Published on 03 September, 2025
2030ഓടെ 50 ബില്യൺ ഡോളർ കയറ്റുമതി ലക്ഷ്യമിട്ട് 100 കാർഷിക ഭക്ഷ്യ സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കാൻ ‘ഭാരതി’ പദ്ധതി

‘ഭാരതി’ (BHARATI) എന്ന പുതിയ പദ്ധതിയിലൂടെ 2030ഓടെ 50 ബില്യൺ ഡോളർ കാർഷിക-ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ലക്ഷ്യം കൈവരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കാർഷിക-സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വികസന അതോറിറ്റി (APEDA) ആണ് ഈ പദ്ധതി ആരംഭിച്ചത്.

ഭാരതി എന്നത് കയറ്റുമതി പ്രാപ്തമാക്കുന്നതിനുള്ള ഭാരതത്തിന്റെ കാർഷിക സാങ്കേതികവിദ്യ, പ്രതിരോധശേഷി, പുരോഗതി, ഇൻകുബേഷൻ എന്നിവയുടെ കേന്ദ്രം എന്നതിന്റെ ചുരുക്കപ്പേരാണ്. കാർഷികഭക്ഷ്യ-കാർഷിക സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ശക്തി പകരുകയും, പുതുമയാർന്ന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, കയറ്റുമതി സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സെപ്റ്റംബറിൽ ആരംഭിക്കുന്ന പ്രഥമ ഘട്ടത്തിൽ 100 സ്റ്റാർട്ടപ്പുകൾക്കാണ് പ്രോത്സാഹനം നൽകുന്നത്. ഉയർന്ന മൂല്യമുള്ള കാർഷിക ഭക്ഷ്യ ഉൽപ്പാദകരും, സാങ്കേതിക സേവന ദാതാക്കളും, പുതുമകൾ അവതരിപ്പിക്കുന്ന സംരംഭകരുമെല്ലാം ഇതിൽ ഉൾപ്പെടും.

കാർഷികം, ഭക്ഷണം, ഭക്ഷ്യസംസ്കരണം എന്നീ മേഖലകളിൽ നിലവിലുള്ള വ്യവസായ-സർക്കാർ ഇൻക്യൂബേഷൻ പദ്ധതികളോടൊപ്പം പ്രവർത്തിക്കാനാണ് ഭാരതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ജി.ഐ ടാഗ് ലഭിച്ച കാർഷിക ഉൽപ്പന്നങ്ങൾ, ഓർഗാനിക് ഭക്ഷണങ്ങൾ, സൂപ്പർഫുഡുകൾ, ഇന്ത്യൻ സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ, മൃഗജന്യ ഉൽപ്പന്നങ്ങൾ, ആയുഷ് ഉൽപ്പന്നങ്ങൾ എന്നിവയുടെ മേഖലകളിൽ പുതുമകൾക്ക് പ്രോത്സാഹനം നൽകും. കൂടാതെ, എഐ അടിസ്ഥാനമാക്കിയ ഗുണനിലവാര പരിശോധന, ബ്ലോക്ക്ചെയിൻ ട്രെയിസബിലിറ്റി, ഐഒടി അടിസ്ഥാനമാക്കിയ കോൾഡ് ചെയിൻ, അഗ്രി-ഫിൻടെക് എന്നീ സാങ്കേതിക വിദ്യകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെയും ആകർഷിക്കും.

ഭാരതി പദ്ധതിയിലൂടെ ഉൽപ്പന്ന വികസനം, മൂല്യവർധന, ഗുണനിലവാര ഉറപ്പിക്കൽ, പാഴാക്കൽ, ലോജിസ്റ്റിക്സ് തുടങ്ങിയ കയറ്റുമതിയിലെ വെല്ലുവിളികൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. സഹകരണ സംവിധാനത്തിലൂടെ കാർഷിക ഭക്ഷ്യ നവീകരകരെയും ടെക് സൊല്യൂഷൻ ദാതാക്കളെയും ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെയും ബന്ധിപ്പിച്ച് ആഗോള മത്സരശേഷി വർധിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ദേശീയതലത്തിൽ ബോധവത്കരണ പരിപാടിയും, സെപ്റ്റംബർ 2025 മുതൽ എപിഡയുടെ വെബ്സൈറ്റിലൂടെ അപേക്ഷ സ്വീകരിച്ചും 100 സ്റ്റാർട്ടപ്പുകൾ തിരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് മൂന്ന് മാസം നീളുന്ന ‘ആക്സലറേഷൻ പ്രോഗ്രാം’ നൽകും. ഉൽപ്പന്ന വികസനം, കയറ്റുമതി സജ്ജീകരണം, നിയമാനുസൃത പാലനങ്ങൾ, വിപണി പ്രവേശനം, സംയുക്ത പരിഹാരങ്ങൾ എന്നിവയാണ് മുഖ്യ ശ്രദ്ധാകേന്ദ്രങ്ങൾ.

സംസ്ഥാന കാർഷിക ബോർഡുകൾ, കാർഷിക സർവകലാശാലകൾ, ഐഐടി, എൻഐടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ സംഘടനകൾ, നിലവിലുള്ള ആക്സലറേറ്റർമാർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.

വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, യു.എ.ഇ വിദേശവാണിജ്യ മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രി ചിറാഗ് പസ്വാൻ എന്നിവർ സന്നിഹിതരായ ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

‘BHARATI’ to empower 100 agri-food startups, target $50 billion exports by 2030
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക