
ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണങ്ങളിലൊന്നിന് വഴിയൊരുക്കാനായി, 56-ാം ജിഎസ്ടി കൗൺസിൽ യോഗം ബുധനാഴ്ച മുതൽ ആരംഭിച്ചു. കേന്ദ്രം നിർദേശിച്ചിരിക്കുന്ന രണ്ട് സ്ലാബ് നികുതി ഘടനയെക്കുറിച്ചുള്ള ചർച്ചയാണ് യോഗത്തിന്റെ മുഖ്യവിഷയം. ഇതിലൂടെ 150-ത്തിലധികം ഉൽപ്പന്നങ്ങളുടെ ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്നതാണ് ലക്ഷ്യം.
ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അധ്യക്ഷത വഹിക്കുന്ന ഈ രണ്ടു ദിവസത്തെ യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെ മന്ത്രിമാരും പങ്കെടുക്കുന്നു. പുതിയ തലമുറ ജിഎസ്ടി പരിഷ്‌കരണങ്ങൾ ഒരു തുറന്ന, സുതാര്യമായ സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കുമെന്നും, ചെറുകിട വ്യവസായികൾക്ക് വലിയ ഗുണം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇപ്പോൾ നിലവിലുള്ള 12 ശതമാനവും 28 ശതമാനവും അടങ്ങിയ നിരക്കുകളിൽ നിന്ന് ഉൽപ്പന്നങ്ങളെ 5 ശതമാനവും 18 ശതമാനവും ഉൾപ്പെടുന്ന സ്ലാബിലേക്ക് മാറ്റാനാണ് പദ്ധതി. ചില പ്രത്യേക ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം പ്രത്യേക നിരക്കും നിർദേശിച്ചിരിക്കുന്നു.
12 ശതമാനവും 18 ശതമാനവും നികുതി ചുമത്തുന്ന നിരവധി ഉൽപ്പന്നങ്ങളെ 5 ശതമാനത്തിലേക്കോ, പൂജ്യ ജിഎസ്ടി വിഭാഗത്തിലേക്കോ മാറ്റി വീടുകളുടെ ചെലവ് കുറയ്ക്കുകയും ഉപഭോഗം വർധിപ്പിക്കുകയുമാണ് ലക്ഷ്യം.
പൊതുവായി ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കളായ ലൂസ് പനീർ, ഖാഖ്‌റ, പിസ ബ്രെഡ്, ചപ്പാത്തി, റോട്ടി എന്നിവയെ പൂജ്യ ജിഎസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതാണ് പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്. ഇപ്പോൾ ഇവയ്ക്ക് 5 മുതൽ 18 ശതമാനം വരെ നികുതി നിലവിലുണ്ട്. റെഡി-ടു-ഈറ്റ് ഭക്ഷണമായ പരാത്ത, പറോട്ട തുടങ്ങിയവയ്ക്കും ഇപ്പോൾ 18 ശതമാനം നികുതി ഉണ്ടെങ്കിലും, ഒഴിവാക്കാൻ സാധ്യതയുണ്ട്.
ബട്ടർ, കണ്ടൻസ്ഡ് മിൽക്ക്, ജാം, നട്ട്‌സ്, നംകീൻസ്, കൂൺ, ഈന്തപ്പഴം എന്നിവയുടെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും യുവാക്കളിലും കൂടുതൽ ഉപയോഗിക്കുന്ന ചോക്ലേറ്റ്, പേസ്ട്രി, ഐസ്‌ക്രീം, ബ്രേക്ക്‌ഫാസ്റ്റ് സീരിയൽസ് പോലുള്ള ഉൽപ്പന്നങ്ങളുടെ നികുതി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാനാണ് നിർദേശം.
ദീപാവലിക്ക് മുൻപ് കുറഞ്ഞ വിലയിൽ വാഹനങ്ങൾ ലഭ്യമാക്കാനായി എൻട്രി-ലെവൽ കാർ, രണ്ട് ചക്രവാഹനങ്ങൾ എന്നിവയ്ക്കുള്ള ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാനുള്ള സാധ്യതയും ഉണ്ട്. നിലവിൽ, എൻജിൻ ശേഷി, വലിപ്പം, മോഡൽ എന്നിവയെ ആശ്രയിച്ച് 28 ശതമാനം ജിഎസ്ടിയും 1 മുതൽ 22 ശതമാനം വരെ നഷ്ടപരിഹാര സെസും ചുമത്തുന്നുണ്ട്.
വിദ്യാഭ്യാസ മേഖലക്കും വലിയ ഗുണമാണ് പ്രതീക്ഷിക്കുന്നത്. ഭൂപടങ്ങൾ, ഗ്ലോബ്, പേൻസിൽ ഷാർപ്പണർ, എക്സർസൈസ് ബുക്ക്, ഗ്രാഫ് ബുക്ക്, ലാബ് നോട്ട്ബുക്ക് തുടങ്ങിയവയ്ക്കുള്ള ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് പൂജ്യമായേക്കാം. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ചെലവ് ലാഭം നൽകും.
മാറ്റിയെടുത്ത നിരക്കുകളുടെ ശുപാർശകൾ സെപ്റ്റംബർ 22-ന് മുമ്പ് അംഗീകരിച്ചാൽ നടപ്പിലാക്കാനാണ് തീരുമാനം.
2-day GST Council meet aims to cut compliance burdens, benefit small businesses