Image

സാഹിത്യം സമൂഹത്തെ സ്വാധീനിക്കുമോ? (ജോണ്‍ മാത്യു)

Published on 04 April, 2015
സാഹിത്യം സമൂഹത്തെ സ്വാധീനിക്കുമോ? (ജോണ്‍ മാത്യു)
ഇതെന്തൊരു ചോദ്യം. സമൂഹത്തിനുവേണ്ടിയല്ലെങ്കില്‍ പിന്നെന്തിനാണ്‌ നിങ്ങളൊക്കെ എഴുതുന്നത്‌?

കഴിഞ്ഞ നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തോടെ മലയാളസാഹിത്യത്തിന്‌ ഒരു ജനകീയമാറ്റം ഉണ്ടായിത്തുടങ്ങി. അന്നത്തെ വിവാദവിഷയങ്ങളായിരുന്നു `ഭാവരൂപങ്ങള്‍'. സാഹിത്യത്തില്‍ രൂപത്തിനാണോ അതോ ഭാവനത്തിനാണോ പ്രാമുഖ്യം? മറ്റൊന്ന്‌ കല കലയ്‌ക്കുവേണ്ടിയോ ജീവിതത്തിനുവേണ്ടിയോ? `പുരോഗമനം', `ജീവല്‍ സാഹിത്യം' പിന്നെ ഒരു ഒത്തുതീര്‍പ്പായി `രൂപഭദ്രതാവാദവും'. എല്ലാം കഴിഞ്ഞപ്പോഴേക്കും വീണ്ടും സംശയം സാഹിത്യം എന്തിനുവേണ്ടിയാണെന്ന്‌.

കഴിഞ്ഞ അറുപതിലധികം വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളീയ സമൂഹം എങ്ങനെയാണ്‌ മാറിയത്‌? അതില്‍ സാഹിത്യത്തിന്‌ പങ്കുണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കില്‍ അത്‌ നിര്‍ണ്ണായകമായിരുന്നോ? ഇനിയും മറ്റ്‌ എന്തെല്ലാം ഘടകങ്ങളാണ്‌ സമൂഹത്തിന്റെ മാറ്റങ്ങളില്‍ ഒപ്പമുണ്ടായിരുന്നത്‌?

ജന്മിത്വത്തില്‍നിന്ന്‌ സോഷ്യലിസത്തിലേക്ക്‌ നേരിട്ടുള്ള പ്രയാണമായിരുന്നെങ്കില്‍ നിശ്ചയമായി സാഹിത്യത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു പെട്ടെന്ന്‌ ഓര്‍മ്മയിലെത്തുന്നതാണ്‌ വൈലോപ്പിള്ളിയുടെയും ചങ്ങമ്പുഴയുടെയും കവിതകള്‍. തകഴിയുടെയും കേശവദേവിന്റെയും നോവലുകള്‍. പൊന്‍കുന്നം വര്‍ക്കിയുടെയും തോപ്പില്‍ ഭാസിയുടെയും നാടകങ്ങള്‍. കാരൂരിന്റെയും ബഷീറിന്റെയും കഥകള്‍! ഇതിനൊപ്പം എത്രയോ പേരുകള്‍ ഇനിയും എഴുതാനുമുണ്ട്‌. ഈ എഴുത്തുകള്‍ സമൂഹത്തില്‍ എങ്ങനെയാണ്‌ മാറ്റങ്ങളുണ്ടാക്കിയത്‌. കുമാരനാശാന്റെ `ദുരവസ്ഥ'യില്‍ തുടങ്ങി തോപ്പില്‍ ഭാസിയുടെ `നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തില്‍ അവസാനിക്കുന്ന ഒരു കാലഘട്ടത്തിന്റെ നേട്ടങ്ങള്‍ ചില്ലറയായിരുന്നില്ല. മുതലാളിത്തം കേവലമായ സങ്കല്‌പം മാത്രമായിരുന്നു നമുക്ക്‌, കാര്‍ഷികസംവിധാനമുണ്ടായിരുന്ന കേരളത്തില്‍ ജന്മിത്വമായിരുന്നു സാമ്പത്തികവ്യവസ്ഥിതിയുടെ അടിത്തറ. മുപ്പതുകളിലെയും നാല്‌പതുകളിലെയും പോരാട്ടം മുഴുവന്‍ ജന്മിത്വത്തിന്‌ എതിരായിട്ടായിരുന്നുതാനും.

മുപ്പതു വര്‍ഷക്കാലത്തെ വിപ്ലവാത്മകമായ എഴുത്തുകള്‍ക്ക്‌ എന്നും പ്രസക്തിയുണ്ടാകുമെന്ന്‌ കരുതിയെങ്കില്‍ തെറ്റി. അന്നത്തെ വിപ്ലവസമൂഹത്തിന്‌ മാതൃകയാക്കിയിരുന്നത്‌ ഫ്രഞ്ച്‌ വിപ്ലവത്തിനു മുന്‍പുള്ള കാലഘട്ടമാണ്‌. ഒരു ഫാസിസ്റ്റ്‌ സമൂഹത്തിനെതിരായി നടന്ന പോരാട്ടങ്ങള്‍! ഫ്രഞ്ച്‌ ചരിത്രകാരനും സാഹിത്യകാരനുമായ വാള്‍ട്ടയറിന്റെ കൃതികള്‍ ഫ്രഞ്ചു സമൂഹത്തെ സ്വാധീനിച്ചു, അതുപോലെ അദ്ദേഹത്തിന്റെ സമകാലീനനായിരുന്ന ജീന്‍ ജ്വാക്ക്‌ റൂസോയുടെയും. ഇവരുടെ എഴുത്തുകളാണ്‌ വിപ്ലവത്തിന്‌ പ്രചോദനമേകിയത്‌. തൂലിക പടവാളായിരുന്നത്‌ നേര്‌, പക്ഷേ, കേവലം പത്തുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഫ്രഞ്ചുജനത മറ്റൊരു ഏകാധിപത്യത്തിലേക്ക്‌ വഴുതിവീണെന്നതും മറ്റൊരു നേര്‌! ഇതിനിടെയുണ്ടായ നേട്ടങ്ങള്‍ ജന്മിത്വവ്യവസ്ഥിതിക്ക്‌ ഒരു പ്രകമ്പനമുണ്ടാക്കി. സമൂഹത്തിന്റെ മേലുള്ള പള്ളിയുടെ സ്വാധീനം ചോദ്യം ചെയ്യപ്പെട്ടു.

ഫ്രഞ്ചുവിപ്ലവത്തെപ്പറ്റി ഇവിടെ എടുത്തെഴുതാന്‍ ഒരു കാരണമുണ്ട്‌. കേരളീയ സമൂഹവുമായുള്ള സമാനത. ആയിരത്തിതൊള്ളായിരത്തി അമ്പത്തിയേഴ്‌ ആയപ്പോഴേക്കും പുരോഗമന പ്രസ്ഥാനത്തിന്റെ നേട്ടങ്ങള്‍ അതിന്റെ കൊടുമുടിയിലെത്തിക്കഴിഞ്ഞു.

ഇനിയും എങ്ങോട്ട്‌?

സമൂഹം പുരോഗമിച്ച്‌ അവസാനം സോഷ്യലിസത്തിലെത്തി നില്‌ക്കുമെന്നായിരുന്നല്ലോ വൈരുദ്ധാത്മകഭൗതികവാദം പറഞ്ഞിരുന്നത്‌. പ്രത്യയശാസ്‌ത്രങ്ങള്‍ തമ്മില്‍ ഇടയുന്നതായിരുന്നു പല പുരോഗമന നാടകങ്ങളുടെയും ഇതിവൃത്തം. ജനകീയ നാടകമെന്നത്‌ കണക്കിലെടുത്താല്‍ `നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' വന്‍ വിജയമായിരുന്നു. സമൂഹത്തിലെ സഹൃദയന്‍ കക്ഷിബന്ധങ്ങള്‍ക്ക്‌ അതീതമായി ഈ നാടകത്തെ സ്വീകരിച്ചുകേരളത്തില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ രൂപംകൊള്ളാന്‍ ഈ നാടകത്തിന്റെ സംഭാവന ഒട്ടും ചെറുതല്ലല്ലോ.

പുരോഗമനപ്രസ്ഥാനത്തിന്‌ അപരിമിതമായ ഭാവി പ്രവചിച്ചിരുന്നിടത്തും, പ്രതീക്ഷിച്ചിരുന്നിടത്തുമാണ്‌ പൊടുന്നനെ തളര്‍ച്ചയുണ്ടായത്‌. തോപ്പില്‍ ഭാസിയുടേത്‌ ജനകീയ നാടകങ്ങളായിരുന്നു, പക്ഷേ, നാടകവേദിയുടെ ചര്‍ച്ചകളില്‍നിന്ന്‌ അത്‌ പുറത്തായി. നോര്‍വീജിയന്‍ നാടകകൃത്തായിരുന്ന ഹെന്‍റിക്ക്‌ ഇബ്‌സന്റെ പ്രശ്‌നനാടകങ്ങളുടെ ചുവടുപിടിച്ച്‌ എഴുതപ്പെട്ട പുരോഗമന നാടകങ്ങള്‍ ആധുനികര്‍ തഴഞ്ഞു. പകരം ബൗദ്ധീക ചര്‍ച്ചകളില്‍ സി.ജെ. തോമസ്‌, ജി. ശങ്കരപ്പിള്ള തുടങ്ങിയ ആധുനികരുടെ നാടകങ്ങള്‍ സ്ഥാനം പിടിച്ചു. മാറ്റങ്ങളെ സാഹിത്യം എത്രമാത്രം സ്വാധീനിക്കും എന്ന ചിന്തയുടെ ഭാഗമായിട്ടാണ്‌ ഇത്രയും എഴുതിയത്‌.

ഇന്ന്‌ സാഹിത്യം ആരെയും വികാരഭരിതരാക്കാറില്ല, വാളും വടിയുമെടുത്ത്‌ വിപ്ലവം തുടങ്ങാന്‍ ആരും പോകാറുമില്ല. കാരണം ഗൗരവതരമായ സാഹിത്യത്തില്‍നിന്ന്‌ പ്രചരണത്തിനുള്ള ഭാഗം വേര്‍പെട്ടിരിക്കുന്നു. നേരത്തെ എഴുതിയ പുരോഗമനത്തിന്റെ ദൗത്യം ഇന്ന്‌ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പുരോഗമനമെന്ന്‌ കണക്കാക്കിയ എഴുത്തുകള്‍ ഒരു കാലഘട്ടത്തിലെ പ്രശ്‌നങ്ങളിലേക്ക്‌ ഊന്നിക്കൊണ്ടായിരുന്നു. അവ പരിഹരിക്കപ്പെട്ടപ്പോള്‍ ആ എഴുത്തുകളും അപ്രസക്തങ്ങളായി, `നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' ഉള്‍പ്പെടെ.

ഇന്ന്‌ ആവേശം കൊള്ളിക്കാനും ആഹ്വാനം ചെയ്യാനും `ട്വിറ്ററും' `ഫേസ്‌ബുക്കും' ധാരാളം ചാനലുകളുമുണ്ട്‌. ഇന്നത്തെ തെരഞ്ഞെടുപ്പുകളില്‍ ഈ ആധുനിക സാങ്കേതികതകള്‍ ചില്ലറയല്ലാത്ത സ്വാധീനം ചെലുത്തുന്നുമുണ്ട്‌.

മാറിയ സാഹചര്യത്തില്‍ സാഹിത്യകൃതികള്‍ വായിച്ചു ആരും ഒരു വിപ്ലവത്തിന്‌ ഇറങ്ങിപ്പുറപ്പെടാറില്ല. അതുകൊണ്ടാണ്‌ കാലത്തിന്റെ പ്രശ്‌നങ്ങളെ ബൗദ്ധീകമായും സമചിത്തതയോടെയും പ്രത്യയശാസ്‌ത്രങ്ങള്‍ക്ക്‌ അടിമപ്പെടാതെ ചര്‍ച്ചചെയ്യാന്‍ എഴുത്തുകാരന്‌ കഴിയുന്നത്‌. പക്ഷേ, ആ സ്വാതന്ത്ര്യം എഴുത്തുകാരന്‍ ഉപയോഗിക്കുന്നില്ലെന്നത്‌ മറ്റൊരു കഥ.
സാഹിത്യം സമൂഹത്തെ സ്വാധീനിക്കുമോ? (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക