Image

തെരുവിന്റെ രോദനം (കവിത: ജയശങ്കര്‍പിള്ള, ടൊറന്റോ, കാനഡ)

Published on 08 March, 2015
തെരുവിന്റെ രോദനം (കവിത: ജയശങ്കര്‍പിള്ള, ടൊറന്റോ, കാനഡ)
ഇന്ത്യന്‍ തെരുവുകളില്‍ കാമവെറിയന്മാര്‍ക്ക്‌ മുമ്പില്‍ ഹോമിക്കപ്പെടുന്ന സ്‌ത്രീകളുടേയും കുട്ടികളുടേയും ജീവന്‌ മുമ്പില്‍ സമര്‍പ്പിക്കുന്നു.

രാവിന്റെ ഇരുളില്‍ പുലരുന്ന ജീവന്‍,
ഇരുളിന്റെ മറവില്‍ പൊലിയുന്ന പ്രാണന്‍
കരിനീല മിഴികളില്‍ കനലായി കനിവായി,
എന്നും...എന്നും ആ അമ്മ.

അവള്‍ തന്റെ മക്കളെ പോറ്റുവാനായ്‌,
രാവില്‍ കിതയ്‌ക്കുന്ന പധികയായി,
നേരിന്റെ നെറികേടിന്‍ പാത്രമായി,
ആര്‍ക്കോ സമര്‍പ്പിച്ച ജീവനായി.

ഇരുള്‍വീണ വഴികളില്‍ നിഴലിന്റെ മറവുകളില്‍,
ജീവന്‍ പകരുന്ന സന്നിദ്ധമൂര്‍ച്ഛകളില്‍,
കണ്ണീര്‌ വറ്റിയ കണ്ണീര്‍ തടങ്ങളില്‍,
കാമാര്‍ത്തിപൂണ്ടോരാ കാമന്റെ കേളികള്‍.

കേളികള്‍ക്ക്‌ ഒടുവിലായ്‌
ആ കാലന്റെ ജന്മം,
കീശയിലൊളിപ്പിച്ച ഗാന്ധിതലയ്‌ക്കിടയിലെ
കാലണ തുട്ടിനായ്‌ പരതുന്നു.

കൂടെയൊരു ഭാഷ്യവും
പുലി....ടി മോളെ....
ഇന്നിനി കാലണ പോലുമില്ല നിനക്കേകുവാന്‍.

കതിരോന്റെ വരവിനായ്‌,
കിളികള്‍ ചിലയ്‌ക്കുന്നു.

കീറപായയുടെ കോണില്‍ തുണിയില്‍,
പൊതിഞ്ഞൊരു ചെറുജീവന്‍,
വിശപ്പിന്റെ വിളികേട്ടു,
ഉണരുന്നതിന്‍ മുമ്പായ്‌
ഇരുള്‍വീണ വഴികളില്‍ ഒരു ഗാന്ധി തലയ്‌ക്കായ്‌,
അവള്‍ വീണ്ടും തിരയുന്നു.

ഇരുളിന്റെ മയക്കത്തില്‍ എവിടെയോനിന്നും,
ആ അമ്മതന്‍ രോദനം,
നരിച്ചീറുകള്‍ പിച്ചിച്ചീന്തിയൊരു,
അമ്മതന്‍ മരണരോദനം.

കതിരോന്റെ പ്രഭയില്‍, കീറപായയുടെ കോണില്‍,
നാണയ തുട്ടുകള്‍ ചിതറുന്നു,
നാട്യങ്ങള്‍ അറിയാത്ത,
നാളെയുടെ രോദനം,
സുഖമായ്‌ ഉറങ്ങുന്നു....

ഇരുളിന്റെ മറവിനായ്‌,
വീണ്ടും കഴുകന്റെ,
കണ്ണുകള്‍ കാക്കുന്നു....
തെരുവിന്റെ രോദനം (കവിത: ജയശങ്കര്‍പിള്ള, ടൊറന്റോ, കാനഡ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക