Image

ചാവറയച്ചന്റെ വാഴത്തട വിപ്ലവം (പി.കെ.രാജശേഖരന്‍- വിശുദ്ധിയിലേക്കുള്ള വഴിത്താര-1)

പി.കെ.രാജശേഖരന്‍ Published on 03 November, 2014
ചാവറയച്ചന്റെ വാഴത്തട വിപ്ലവം (പി.കെ.രാജശേഖരന്‍- വിശുദ്ധിയിലേക്കുള്ള വഴിത്താര-1)
(COURTESY:CYRIAC SCARIA)
ചാവറയച്ച
ന്‍ മലയാളിയുടെ അച്ചടിയുടെ പുണ്യാളനുമാണ് ; അച്ചു പിഴ വരാതിരിക്കാന്‍ ഇനി ചാവറയച്ചനെ പ്രാര്‍ത്ഥിക്കാം!

കേരളത്തിലെ മലയാളം അച്ചടിയുടെയും പുസ്തക പ്രസിദ്ധീകരണത്തിന്റെയും കഥ വിദേശീയരായ ക്രിസ്തുമത പ്രചാരകരിലാണ് തുടങ്ങുന്നത്. ബെഞ്ചമിന്‍ ബെയിലിയിലും ഹെര്‍മന് ഗുണ്ടര്‍ട്ടിലും. ഇരുവര്‍ക്കുമിടയില്‍ ഒരു മലയാളി കൂടിയുണ്ട്. തിരുവിതാകൂര്‍ മഹാരാജാവായിരുന്ന സ്വാതിതിരുന്നാള്‍. മിഷനറിമാരുടേത് തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള അച്ചടിയായിരുന്നുവെങ്കില്‍ രാജാവിന്റേത് ഭരണപരിഷ്‌കാരമായിരുന്നു. ബെയ്‌ലി കോട്ടയത്തും (1822) ഗുണ്ടര്‍ട്ട് തലശ്ശേരിയിലും (1845) അച്ചടിശാലകളുണ്ടാക്കി. സ്വാതിതിരുന്നാള്‍ തിരുവനന്തപുരത്ത് ഗവണ്‍മെന്റ് പ്രസ് സ്ഥാപിച്ച് (1936) മതനിരപേക്ഷമായ അച്ചടിക്കു തുടക്കം കുറിച്ചു. എന്നാല്‍ മലയാളിയുടെ മുദ്രണ പാരമ്പര്യം അവിടെ തുടങ്ങുന്നുവെന്നു പറയാനാവുമോ?

പി.കെ.രാജശേഖരന്‍
വൈദേശികരായ ക്രിസ്തുമത പ്രചാരണ സംഘങ്ങള്‍ക്കും സര്‍ക്കാര് സംവിധാനത്തിനും പുറത്ത് വൈയക്തികമായ ഒരു ധാരയുണ്ട് മലയാള മുദ്രണത്തിന്റെ ചരിത്രത്തില്‍. ഒറ്റ മനുഷ്യന്‍ നടത്തിയ അച്ചടി വിപ്ലവത്തിന്റെ കഥയാണത്. ക്ലേശങ്ങളും ഇല്ലായ്മയും സഹിച്ചുകൊണ്ട് സാങ്കേതികവിദ്യ സ്വായത്തമാക്കിയും തനതായി വികസിപ്പിച്ചും കേരളത്തെ ആധുനികത്വത്തിലേക്കു നയിച്ച അച്ചടിപാരമ്പര്യം ലാഭം നേടാമെന്ന ചിന്ത കൂടാതെ നടത്തിയ ആ അച്ചടിയത്തത്തെ ദാരിദ്ര്യത്തിന്റെ മുദ്രണമെന്നു വിളിക്കാം. അച്ചടിയിലെ കേരളീയ പാരമ്പര്യം അങ്ങനെയാണു തുടങ്ങിയത്. കുര്യാക്കോസ് ഏലിയാസ് ചാവറ എന്ന ചാവറയച്ചനില്‍ നിന്നാണ് ആ പാരമ്പര്യത്തിന്റെ തുടക്കം. കത്തോലിക്കാ സഭ വിശുദ്ധ പദവിയിലേക്കുയര്‍ത്താന്‍ നിശ്ചയിച്ചുകഴിഞ്ഞിട്ടുള്ള വാഴ്ത്തപ്പെട്ട ചാവറയച്ചന് മലയാളിയുടെ അച്ചടിയുടെ പുണ്യാളനുമാണ്. അച്ചു പിഴ വരാതിരിക്കാന്‍ ഇനി ചാവറയച്ചനെ പ്രാര്‍ത്ഥിക്കാം.

കോട്ടയത്തെ മാന്നാനത്ത് 1846 ല്‍ ചാവറയച്ചന് സ്ഥാപിച്ച സെന്റ് ജോസഫ്‌സ് അച്ചുക്കൂടം മലയാളികളുടെ ആദ്യത്തെ (സര്‍ക്കാരിതര) മുദ്രണ സംരംഭമാണ്. ഒരു അച്ചടി യന്ത്രം സ്ഥാപിക്കലിനേക്കാള്‍ പ്രാധാന്യമുണ്ട് കേരളത്തിന്റെ ആധുനികത്വത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രത്തില്‍ ചാവറയച്ചന്റെ പ്രവൃത്തിക്ക്. യൂറോപ്പിന്റെ കുത്തകയായ അച്ചടി സാങ്കേതിക വിദ്യയെ യൂറോപ്യന് സഹായമില്ലാതെ കേരളത്തില്‍ തനതായി ആവിഷ്‌കരിക്കുകയാണ് ആ ക്രൈസ്തവ സന്യാസി ചെയ്തത്. തീര്‍ച്ചയായും മതപരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ് അദ്ദേഹം അതിനു തുനിഞ്ഞത്. എന്നാല്‍ കേരളീയരുടെ കൈയിലേക്ക് അച്ചടി വിദ്യയെ ഇറക്കിക്കൊണ്ടുവരാന് അദ്ദേഹത്തിനു കഴിഞ്ഞു.

സാങ്കേതിക വിദ്യയും അസംസ്‌കൃതവസ്തുക്കളും കിട്ടാനുള്ള പ്രയാസം മൂലം അച്ചടിച്ച പുസ്തകം വിലയേറിയ വസ്തുവും പ്രസാധനം ലാഭകരമല്ലാത്ത, ചെലവേറിയ വ്യവസായവുമായിരുന്ന കാലത്ത് ചാവറയച്ചന്‍ പരസഹായമില്ലാതെ അച്ചടിസാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. ആ തീവ്രയത്‌നത്തിന്റെ കഥ എത്ര വിശദീകരിച്ചാലും ഈ വിവര യുഗത്തിനു മനസ്സിലാക്കാന്‍ പ്രയാസമാവും. അച്ചടിശാല തുടങ്ങി കേരളീയ സുറിയാനി ക്രൈസ്തവര്‍ക്ക് മാതൃഭാഷയായ മലയാളത്തില്‍ മതഗ്രന്ഥങ്ങള്‍ നല്‍കുകയായിരുന്നു ചാവറയച്ചന്റെ ലക്ഷ്യം. പക്ഷേ പണമുണ്ടായിരുന്നില്ല. ക്രിസ്തുവിന്റെ ദാരിദ്ര്യം സ്വീകരിച്ച മതാചാര്യന്മാരുടെ കാലമായിരുന്നു അത്. 1843-ല്‍ കപ്പമാവുമ്മൂട്ടില്‍ മറിയത്തുമ്മ എന്ന മഹിള 12000 ചക്രം മാന്നാനം ക്രൈസ്തവാശ്രമത്തിനു കാണിക്ക നല്‍കി. പഴയ തിരുവിതാംകൂറിലെ നാണയമാണ് ചക്രം. 16 കാശ് ഒരു ചക്രം, നാലു ചക്രം ഒരു പണം, ഏഴുപണം ഒരു സര്‍ക്കാര്‍ രൂപ എന്നായിരുന്നു കണക്ക്. മറിയത്തുമ്മകൊടുത്ത ചക്രം അന്നത്തെ 428 രൂപയോളം വരും. അതു മൂലധനമാക്കിയാണ് ചാവറയച്ചന്‍ അച്ചടി യന്ത്രത്തിനു ശ്രമം തുടങ്ങിയത്. അച്ചടിവിദ്യ മനസ്സിലാക്കാന്‍ കോട്ടയത്തെ സി.എം.എസ്. പ്രസില്‍ രണ്ടു തവണ പോയെങ്കിലും അതു കാണിച്ചുകൊടുക്കാന്‍ അവര് തയ്യാറായില്ലെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രൊട്ടസ്റ്റന്റ്-കത്തോലിക്കാ വിഭാഗീയതയായിരുന്നു അതിനു കാരണം.

നിഷേധിക്കപ്പെട്ട സാങ്കേതിക വിദ്യ തേടി കൊല്ലത്തെ കത്തോലിക്ക കേന്ദ്രമായ തങ്കശ്ശേരിയിലേക്കായിരുന്നു ചാവറയച്ചന്റെ അടുത്ത യാത്ര. അവിടത്തെ കര്‍മലീത്താ മിഷനറി അച്ചടി യന്ത്രത്തിനും കടലാസിനും മഷിക്കുമായി ചെന്നെയിലെയും പുതുച്ചേരിയിലെയും കത്തോലിക്കാ കേന്ദ്രങ്ങളില്‍ എഴുതി ചോദിച്ചു. അച്ചടിമഷി ലഭ്യമല്ലെന്നും 500 ബ്രിട്ടീഷ് രൂപയും വണ്ടിച്ചെലവും നല്‍കിയാല്‍ അച്ചടിയന്ത്രം നല്‍കാമെന്നുമായിരുന്നു കിട്ടിയ മറുപടി. 'ദ്രവ്യ ചുരുക്കത്താല്‍ മടുത്തു ക്ലേശിച്ചു' വെന്നാണ് അതേപ്പറ്റി ചാവറയച്ചന്‍ എഴുതിയിട്ടുള്ളത്. അടുത്ത വഴി തിരുവനന്തപുരമായിരുന്നു. മുട്ടച്ചിറ പറമ്പില്‍ പൗലോസ് കത്തനാരുമായി തിരുവനന്തപുരത്തെത്തിയ ചാവറയച്ചന്‍ അച്ചടിയന്ത്രത്തിന്റെ പ്രവര്‍ത്തനരീതി കണ്ടുമനസ്സിലാക്കി. കരവേലകളിലും സാങ്കേതിക നൈപുണ്യം വേണ്ട മറ്റു പ്രവൃത്തികളിലും വിദഗ്ധനായ പൗലോസച്ചനുമായി മാന്നാനത്തേക്കു മടങ്ങിവന്ന അദ്ദേഹം വാഴത്തടയില്‍ അച്ചടിയന്ത്രത്തിന്റെ മാതൃക നിര്‍മ്മിച്ചു.

ഒരു വിപ്ലവത്തിന്റെ ചട്ടക്കൂടായ ആ വാഴത്തട മാതൃകയില്‍ നിന്ന് ഒരു ആശാരി തടികൊണ്ട് അച്ചടി യന്ത്രമുണ്ടാക്കി. കരിങ്കലില്‍ അതിന് ഒരു അടിത്തട്ടുറപ്പിച്ചു. മലയാളിയുടെ ആദ്യത്തെ അച്ചടിയന്ത്രമായിരുന്നു അത്. കേരളാധുനികത്വത്തിന്റെ യന്ത്രാവാഹനം ആ മര പ്രസ് മാന്നാനം ക്രൈസ്തവാശ്രമത്തില്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.


അച്ചടിക്കാന്‍ വേണ്ട അച്ചുകളായിരുന്നു അടുത്തപ്രശ്‌നം. ജംഗമാച്ചുകള്‍. ഈയത്തില്‍ വാര്‍ത്തെടുത്ത അക്ഷരക്കരുക്കള്‍. ലിപി മുഖങ്ങള്‍. മുദ്രണം വിതയാണെങ്കില്‍ അച്ച് വിത്തും മഷി വെള്ളവും കടലാസ് കൃഷിയിടവുമാണ്. മലയാളം അച്ചുനിര്‍മ്മാണം അന്ന് അപൂര്‍വമായിരുന്നു. അതു കൈവശമുള്ള സി.എം.എസ്.പ്രസില്‍ നിന്ന് കിട്ടില്ലെന്ന് ഉറപ്പുമായിരുന്നു. സ്വന്തമായി അച്ചുണ്ടാക്കാന്‍ തുനിഞ്ഞ ചാവറയച്ചനെ സഹായിക്കാന്‍ കോട്ടയത്തെ പഴുക്കാച്ചന്‍ എന്ന പുരോഹിതന് തയ്യാറായി. സി.എം.എസ്. പ്രസിലെ അച്ചടിവേലക്കാരനായിരുന്ന ശിവരാമന്‍ എന്ന തട്ടാനെ പഴുക്കാച്ചന്‍ മാന്നാനത്തേക്കു കൊണ്ടുവന്നു. ഒരുതരം തട്ടിക്കൊണ്ടു വരലായിരുന്നു അത്. തിരുവല്ലാക്കാരനായ ശിവരാമന്‍ തമിഴ് വംശജനായിരുന്നു. തട്ടാനെ ആരും തട്ടിക്കൊണ്ടു പോകാതിരിക്കാന്‍ ആലപ്പുഴയിലെ പുളിങ്കുന്നില്‍ തോപ്പില്‍ കുര്യന്‍ കുരുവിള എന്നയാളുടെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചാണ് അച്ചുകള് കൊത്തി വാര്‍ത്തെടുപ്പിച്ചത്. ചതുരവടിവിലുള്ള അക്ഷരങ്ങളാണ് ശിവരാമന്‍ കൊത്തിയത്. വട്ടവടിവക്ഷരങ്ങളുമായി സി.എം.എസ്. ഒരുപടി മുന്നിലായിരുന്നു അപ്പോഴും. ആ ശിവരാമന്‍ ആരാണെന്ന് ഒരു രേഖയുമില്ല. അച്ചടിയുടെ അജ്ഞാതരായ അനേകം നിര്‍മ്മാതാക്കളുടെ താരാഗണത്തില്‍ ആ പേരും മറഞ്ഞു മിന്നുന്നു. അത്രമാത്രം.

അച്ചടിയന്ത്രവും അച്ചും നേടിയ ചാവറയച്ചന്‍ അച്ചടിക്കാരനായി തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രസിലെ തൊഴിലാളിയായ ഒരു കുര്യനെയും പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യാന്‍ ആ വിദ്യയില്‍ മുബൈയില്‍ നിന്നു പരിശീലനം നേടിയ കൊച്ചിക്കാരനായ ഒരു കറുത്ത ജൂതനെയും കണ്ടെത്തി. കുര്യന്‍ മാന്നാനത്തെ പലരെയും അച്ചടിവേല പഠിപ്പിച്ചു. അപ്പോഴും പ്രശ്‌നങ്ങള്‍ ബാക്കിയായിരുന്നു. കടലാസും മഷിയും അച്ചുകള്‍ക്കുള്ള ഈയവും കിട്ടാനില്ല. പണവും ഉണ്ടായിരുന്നില്ല. തിരുവിതാംകൂറിലെ അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായ ആലപ്പുഴയിലേക്ക് കടലാസും മഷിയും തേടി ചാവറയച്ചന് പുറുപ്പെട്ടു (ആലപ്പുഴയിലെ കൈനരിക്കാരനായിരുന്നു ചാവറയച്ചന്‍, ഇലഞ്ഞിക്കല്‍ ചെറിയാന്‍ കുഞ്ഞ്, വൈക്കത്തുകാരന്‍ കൊച്ചുപൗലോസ് എന്നിവരായിരുന്നു സഹായികള്‍. ഇറക്കുമതിച്ചരക്കു വ്യാപാരിയായ കമീസ എന്നൊരാളുമായി നൂറുരൂപയുടെ കടലാസ്, മഷി, ഈയം എന്നിവയ്ക്കുള്ള കരാറില്‍ അവര്‍ ഏര്‍പ്പെട്ടു. പത്തുരൂപ മുന്‍കൂര്‍ പണവും നല്‍കി.

1846 സെപ്തംബറില്‍, ആ മുദ്രണസാമഗ്രികള്‍ എത്തിച്ചേര്‍ന്നതറിഞ്ഞ് ഫാദര്‍ കാഞ്ഞിരപ്പള്ളിയോടൊപ്പം ചാവറയച്ചന്‍ ആലപ്പുഴയിലെത്തി. ആവശ്യപ്പെട്ടതിന്റെ നാലിരട്ടി സാധനങ്ങളാണ് എത്തിയിരുന്നത്. അത്രയും ചരക്കുവാങ്ങാനുള്ള പണം അച്ചന്റെ കൈവശമുണ്ടായിരുന്നില്ല. ഒരു  ചേന്നാട്ട് തോമന്‍ ചാവറയച്ചനുവേണ്ടി കമീസയുമായി വിലപേശി. പകുതി സാധനമെങ്കിലും എടുക്കണമെന്ന് കമീസ നിര്‍ബന്ധം പിടിച്ചു. അതിനുള്ള പണവും തികയുമായിരുന്നില്ല. അവധി പറഞ്ഞ് അവര്‍ മടങ്ങിപ്പോന്നു.

ആ ചേന്നാട്ട് തോമന്‍ ഒരു ചിട്ടി നടത്തി മൂവായിരം ചക്രം സംഘടിപ്പിച്ച് കമീസയ്ക്കു നല്‍കി. ബാക്കി തുകയായ മൂവായിരം ചക്രത്തിന് പ്രോമിസറി നോട്ടും നല്‍കി. അച്ചടി സാമഗ്രികളുമായി അവര്‍ മാന്നാനത്തേക്കു മടങ്ങിയതോടെ ദാരിദ്ര്യത്തിലും… 'ദ്രവ്യചുരുക്ക' ത്തിലും നിന്ന് മലയാളിയുടെ മുദ്രണ പാരമ്പര്യത്തിന്റെ അരങ്ങൊരുങ്ങി.

കഠിന യത്‌നത്തിലൂടെയും അലച്ചിലിലുടെയും യൂറോപ്യന്‍ സാങ്കേതികവിദ്യയെ തദ്ദേശീകരിച്ചു സ്ഥാപിച്ച മാന്നാനം സെന്റ് ജോസഫ്‌സ് പ്രസില്‍ നിന്ന് 1847-ല്‍ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചു. 'ജ്ഞാനപീയൂഷം.' ഒരു തമിഴ് ക്രൈസ്തവ ഗ്രന്ഥത്തിന്റെ പരിഭാഷയായിരുന്നു 332 പേജുള്ള ആ പുസ്തകം, ഒരു പ്രാര്‍ത്ഥനപ്പുസ്തകം. മലയാളികളായ ക്രൈസ്തവര്‍ക്ക് മാതൃഭാഷയില്‍ അച്ചടിച്ചു കിട്ടിയ ആദ്യത്തെ ജപപുസ്തകമായിരുന്നു 'ജ്ഞാനപീയൂഷം'. ഒരു സന്യാസാശ്രമത്തിന്റെ ഭാഗമായ അച്ചടിശാലയായതുകൊണ്ടുതന്നെ മാന്നാനം പ്രസില്‍ നിന്ന് ചാവറയച്ചന് പ്രസിദ്ധീകരിച്ചു പുസ്തകങ്ങളെല്ലാം മതപരമായിരുന്നു. അബ്രഹാം കത്തനാരുടെ 'സുറിയാനി മലയാളം നിഘണ്ടു' (1848), 'ബാലനിക്ഷേപം'(1860), ജ്ഞാന പ്രജാഗരം(1862), 'നൊവേന' (1863), 'പാപികളുടെ സങ്കേതമായിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ നേരെയുള്ള ഭക്തി' (1865), 'തേമ്പാവണി പുത്രജനന പര്‍വം'  (186..) 'മാര്‍ യൗസേപ്പു പുണ്യവാളന്റെ വണക്കമാസം'(1867),  'ഡെനഫ അമ്മ ഈശോയുടെ ത്രേസ്യ എന്ന പുണ്യവാളത്തിയുടെ ചരിത്രം' (1868) തുടങ്ങിയ ക്രൈസ്തവ ഗ്രന്ഥങ്ങളാണ് മാന്നാനത്തെ അച്ചുകൂടത്തില്‍ നിന്ന് ചാവറയച്ചന്റെ ജീവിതകാലത്തു പുറത്തിറങ്ങിയത്. അതേ അച്ചടിയന്ത്രം ഉപയോഗിച്ചാണ് 1887 ഏപ്രില്‍ 15ന് ദീപിക പത്രം ആദ്യമായി അച്ചടിച്ചതും.

സ്വന്തം നിലയില്‍ മികച്ച എഴുത്തുകാരനായിരുന്നു ചാവറയച്ചന് സ്വന്തം കൃതികളൊന്നും മാന്നാനം പ്രസില്‍ അച്ചടിച്ചില്ല. 19-#ാ#ം നൂറ്റാണ്ടില്‍ അദ്ദേഹത്തിന്റെ ഒരു കൃതി മാത്രമാണ് അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചാവറയച്ചന്‍ അന്തരിച്ചതിന്റെ പിറ്റേവര്‍ഷം കൂനമ്മാവിലെ അമലോദ്ഭവ മാതാവിന്റെ അച്ചുകൂട (Immaculate mother press)ത്തില്‍ നിന്ന് ഫാ. ലിയോപോള്‍ ബെക്കാറോയാണ് 'ആത്മാനുപാതം' എന്ന ആ ദീര്‍ഘ കാവ്യം പ്രസിദ്ധീകരിച്ചത്.

യൂറോപ്യന്‍ സാങ്കേതിക വിദ്യയായ അച്ചടിയെ അവരുടെ സഹായമില്ലാതെ തനതായ രീതിയില്‍ തദ്ദേശീകരിച്ചു സ്വായത്തമാക്കാനുള്ള ശ്രമമായിരുന്നു ചാവറയച്ചന്റേത്. ദേശിമാര്‍ഗം. അതിന്റെ വിജയമാണ് വൈദേശികസഹായം കൂടാതെയുള്ള മാന്നാനം അച്ചുകൂടത്തിന്റെ സ്ഥാപനം. കേരളീയമായ അച്ചടി പാരമ്പര്യത്തിന്റെ തുടക്കമായിരുന്നു അത്. ചാവറയച്ചനെ കേരളത്തിന്റെ ആധുനീകരണ പ്രക്രിയയുടെ നിര്‍മ്മാതാക്കളില്‍ ഒരാളാക്കി മാറ്റുന്നത് ആ മുദ്രണ യത്‌നമാണ്. മതപരമായ ആവശ്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ വാഴത്തടവിപ്ലവം അങ്ങനെ കേരളാധുനികത്വത്തിന്റെ ആധാരശിലകളിലൊന്നായിത്തീര്‍ന്നു.
ചാവറയച്ചന്റെ വാഴത്തട വിപ്ലവം (പി.കെ.രാജശേഖരന്‍- വിശുദ്ധിയിലേക്കുള്ള വഴിത്താര-1)
ചാവറയച്ചന്റെ വാഴത്തട വിപ്ലവം (പി.കെ.രാജശേഖരന്‍- വിശുദ്ധിയിലേക്കുള്ള വഴിത്താര-1)

ചാവറയച്ചന്റെ വാഴത്തട വിപ്ലവം (പി.കെ.രാജശേഖരന്‍- വിശുദ്ധിയിലേക്കുള്ള വഴിത്താര-1)

ചാവറയച്ചന്റെ വാഴത്തട വിപ്ലവം (പി.കെ.രാജശേഖരന്‍- വിശുദ്ധിയിലേക്കുള്ള വഴിത്താര-1)

ചാവറയച്ചന്റെ വാഴത്തട വിപ്ലവം (പി.കെ.രാജശേഖരന്‍- വിശുദ്ധിയിലേക്കുള്ള വഴിത്താര-1)

ചാവറയച്ചന്റെ വാഴത്തട വിപ്ലവം (പി.കെ.രാജശേഖരന്‍- വിശുദ്ധിയിലേക്കുള്ള വഴിത്താര-1)

ചാവറയച്ചന്റെ വാഴത്തട വിപ്ലവം (പി.കെ.രാജശേഖരന്‍- വിശുദ്ധിയിലേക്കുള്ള വഴിത്താര-1)

ചാവറയച്ചന്റെ വാഴത്തട വിപ്ലവം (പി.കെ.രാജശേഖരന്‍- വിശുദ്ധിയിലേക്കുള്ള വഴിത്താര-1)

ചാവറയച്ചന്റെ വാഴത്തട വിപ്ലവം (പി.കെ.രാജശേഖരന്‍- വിശുദ്ധിയിലേക്കുള്ള വഴിത്താര-1)

ചാവറയച്ചന്റെ വാഴത്തട വിപ്ലവം (പി.കെ.രാജശേഖരന്‍- വിശുദ്ധിയിലേക്കുള്ള വഴിത്താര-1)

ചാവറയച്ചന്റെ വാഴത്തട വിപ്ലവം (പി.കെ.രാജശേഖരന്‍- വിശുദ്ധിയിലേക്കുള്ള വഴിത്താര-1)

Join WhatsApp News
പ്രഭാകരൻ നായർ 2014-11-04 10:37:18
ചാവറയച്ചന്റെ വാഴത്തട വിപ്ലവം അതിശയിപ്പിക്കുന്ന വിവരങ്ങൾ തന്നെ. അപ്പോൾ നമ്മുടെ നാടുവാഴികളും രാജാക്കന്മാരും ദിവാന്മാരുമൊക്കെ അടങ്ങിയ നമ്പൂരി-അയ്യങ്കാർ ഉണ്ണിത്താൻമാരും കുറുവടിയുമായി നടന്നിരുന്ന അവരുടെ സെക്കൂരിറ്റി ഗാർഡുകളായ നായന്മാരുമൊക്കെ എന്തെടുക്കുകയായിരുന്നു രാജശേഖരൻ സാറേ? അല്ല, അവർക്കെന്തിനാ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക