Image

സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും

.(അനില്‍ പെണ്ണുക്കര) Published on 06 September, 2014
സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും
രുചികളെല്ലാം-എരുവ്‌, പുളി, ഉപ്പ്‌, ചവര്‍പ്പ്‌, കയ്‌പ്പ്‌, മധുരം- അടുങ്ങമ്പോഴാണ്‌ വിഭവങ്ങള്‍ സമൃദ്ധമാക്കുക ഓണം. വിഷു ഉത്സവങ്ങള്‍, വിവാഹം, പിറന്നാള്‍, നാമകരണം, ശ്രാദ്ധം തുടങ്ങി ഏതെങ്കിലും വിശേഷാവസരനളുടെ മകുടമാണ്‌ സദ്യ.

സസ്യാഹാരങ്ങള്‍ മാത്രം-അതാണ്‌ സദ്യയുടെ സവിശേഷത
നിലത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ വാഴയിലയില്‍ സദ്യയുണ്ണണം-അതാണ്‌ ആഢ്യത്വമാര്‍ന്ന പരമ്പരാഗത രീതി.

ആറന്മുള വള്ളസദ്യ മാത്രമാണ്‌ ഇന്ന്‌ അത്തരത്തില്‍ നടത്തപ്പെടുന്ന്‌.
വീട്ടിലും ഹോട്ടലിലും പന്തലിലും മേശപ്പുറത്താണ്‌ ഇന്ന്‌ സദ്യ വിളമ്പുന്നത്‌..
ന്യൂജെന്‍ സദ്യയില്‍ നോണ്‍ വെജും കൊണ്ടിനെന്റല്‍-ചൈനീസ്‌ മെനുവും മാത്രം.
അതാണ്‌ ഐഡിയല്‍ ഫുഡ്‌ എന്ന്‌ ബഡ്ഡീസ്‌ കരുതുന്നു.
എന്നാല്‍ 28 കൂട്ടം വിഭവം ചേരുന്ന സമൃദ്ധമായ കേരളീയ വെജ്‌ സദ്യയാണ്‌ ഓണത്തിനൊക്കെ ഓള്‍ഡ്‌ ജെന്‍ മലയാളീസ്‌ ഉണ്ട്‌, ഏമ്പക്കം വിട്ടെണീറ്റിരുന്നത്‌.
ആ സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ടായിരുന്നു.

സ്‌ട്രിക്ട്‌ലി വെജ്‌.

ചോറ്‌, കറികള്‍ പായസം, പഴം, മോര്‌ തൈര്‌, പപ്പടം, ഉപ്പേരിപായസം..
വിവിധ ഇനം കറികള്‍ ഊണു കഴിക്കുന്നവരുടെ വൈവിധ്യമാര്‍ന്ന ഇഷ്ടാനിഷ്ടങ്ങളുമായി ചേര്‍ന്നുപോകുന്നു എന്നതാണ്‌ സദ്യയുടെ മറ്റൊരു സവിശേഷത.

അന്ന്‌ സദ്യയുടെ കറികളില്‍ നോ ഉള്ളി! നോ വെളുത്തുള്ളി!
ഇന്ന്‌ സദ്യയില്‍ വിളമ്പുന്ന കാരറ്റ്‌, കൈതച്ചക്ക, പയര്‍ ഇവകൊണ്ടുള്ള വിഭവങ്ങള്‍ അന്ന്‌ സദ്യയിലുണ്ടായിരുന്നില്ല.

ഇതൊരു 'ഹാര്‍ഡ്‌ ആന്‍ഡ്‌ ഫാസ്റ്റ്‌ റൂളൊ'ന്നുമല്ലാട്ടോ. പ്രാദേശികമായി സദ്യയുടെ വിഭവങ്ങളില്‍ വ്യത്യാസമുണ്ട്‌. ചില സമുദായങ്ങളില്‍ ചില സ്ഥലങ്ങളില്‍ സസ്യേതര വിഭവങ്ങളും സദ്യയില്‍ വിളമ്പുന്നു. കോഴി, മത്സ്യം, ഇറച്ചിക്കറികള്‍ ഇവ ഇന്ന്‌ പലവിഭാഗങ്ങളുടെയും വിവാഹ സദ്യകളില്‍ സാധാരണമാണ്‌.
മലബാറിലെ ഓണസദ്യയിലും നോണ്‍ വെജ്‌ മസ്‌റ്റാണ്‌.

സദ്യ വന്ന വഴി

കാര്യം വിഭവങ്ങളും ആഹാര രീതിയും അതിന്റെ ചിട്ടവട്ടങ്ങളും തനി കേരളീയമാണെങ്കിലും സദ്യ എന്ന സംജ്ഞ്യുടെ ഉത്ഭവം അങ്ങ്‌ ഉത്തരേന്ത്യയില്‍, ദേവഭാഷയായ സംസ്‌കൃതത്തിലാണ്‌. ഭാഷാ പണ്ഡിതരുടെ വാക്കുകളില്‍ പറഞ്ഞാല്‍ ''ബന്ധുക്കളോടും സുഹൃത്തുക്കളോടുമെപ്പമുള്ള മഹാഭോജനം' എന്ന്‌ അര്‍ഥമുള്ള 'സഗ്‌ധീദഃ' എന്ന സംസ്‌കൃതശബ്ദത്തില്‍ നിന്നാണ്‌ 'സദ്യ' എന്ന മലയാളവാക്കിന്റെ ഉത്ഭവം. ലളിതമായി പറഞ്ഞാല്‍ 'സഹഭോജനം' എന്ന്‌ അര്‍ഥം. സമാനാ മഹ വാ ജഗ്‌ധിഃ എന്ന്‌ നിരുക്തം...''

ചരിത്രം

എന്നാല്‍ സദ്യയുടെ ചരിത്രത്തിന്‌ 'അയ്‌'രാജവംശത്തോളം പാരമ്പര്യമുണ്ട്‌. സംഘകാലഘട്ടത്തിന്റെ-ബി.സി566-മുതല്‍ എ.ഡി. പത്താം നൂറ്റാണ്ടുവരെ ഭരണം നടത്തിയിരുന്നവരാണ്‌ ആയ്‌ രാജാക്കന്മാര്‍. ഇവര്‍ ഏറ്റവും ശക്തമായിരുന്ന സമയത്ത്‌ വടക്ക്‌ തിരുവല്ല മുതല്‍ തെക്ക്‌ നാഗര്‍കോവില്‍ വരെയും കിഴക്ക്‌ പശ്ചിമഘട്ടം വരെയുമുള്ള ഭൂമി ഇവരുടെ നിയന്ത്രണത്തിലായിരുന്നു. ചേര രാജവംശം സ്ഥാപിക്കപ്പെടുന്നതിനു മുന്‍പുതന്നെ ആയ്‌ രാജവംശം പ്രധാന രാഷ്ട്രീയ ശക്തിയായിരുന്നു. ഗ്രീക്ക്‌ ഭൂമിശാസ്‌ത്രജ്ഞനായ ക്ലോഡിയസ്‌ ടോളാമി(എ.ഡി. രണ്ടാം നൂറ്റാണ്ട്‌) ആയ്‌ രജവംശം ബാരിസ്‌ നദി(പമ്പ) മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചിരുന്നു എന്ന്‌ വിവരിക്കുന്നുണ്ട്‌ സദ്യ ആയ്‌ രാജ്യത്തിന്റെ സംഭാവനയാണ്‌ എന്ന്‌ നാട്ടാചാരങ്ങള്‍ കൊണ്ട്‌ ഊഹിക്കപ്പെടുന്നു. ആയ്‌ രാജ്യത്തിന്റെ സംഭാവനയാണ്‌ എന്ന്‌ നാട്ടാചാരങ്ങള്‍ കൊണ്ട്‌ ഊഹിക്കപ്പെടുന്നു. ആയ്‌ രാജ്യം തിരുനെല്‍വേലി വരെ വ്യാപിച്ചു കിടന്നിരുന്നതിനാല്‍ സദ്യയില്‍ തമിഴ്‌നാടിന്റെ സ്വാധീനം ഉണ്ട്‌. ഈ ജില്ലയില്‍ തൊടുകറികള്‍ ഒരിക്കള്‍ മാത്രവും മറ്റു കറികള്‍ ആവശ്യാനുസരണവും വിളമ്പുന്നു. എന്നാല്‍ കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും തൊടുകറികളും ആവശ്യാനുസരണം വിളമ്പാറുണ്ട്‌.

എരിവ്‌, പുളിപ്പ്‌, ഉപ്പ്‌, മധുരം,കയ്‌പ്‌, ചവര്‍പ്പ്‌ എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യ ആയൂര്‍വേദത്തിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. ദിവസം ഒരു നേരം സദ്യയാവാം എന്ന്‌ സിദ്ധവൈദ്യത്തിലും പറയുന്നു.

സദ്യ വിളമ്പുന്നവിധം

സദ്യയ്‌ക്ക്‌ ഇല ഇടുന്നതിന്‌ അതിന്റേതായ രീതിയുണ്ട്‌. നാക്കില(വാഴയില)യുടെ തലഭാഗം(വീതി കുഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്‌. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്‌. കായനുറുക്ക്‌(ബനാന ചിപ്‌സ്‌), ശര്‍ക്കരവരട്ടി, ചേന നുറുക്ക്‌, കൊണ്ടാട്ടം എന്നിവായാണ്‌ ആദ്യം വിളമ്പുക. ഇവയുടെ സ്ഥാനം തെറ്റിക്കാന്‍ പാടില്ല. ഇവ തൊട്ട്‌കൂട്ട്‌ ഇനമായതിനാലാണ്‌ അവിടെ വിളമ്പുന്നത്‌. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക്‌ കൂട്ടുകറികള്‍ (അവിയല്‍, തോരന്‍, കാളന്‍, തുടങ്ങിയവ) എല്ലാം വിളമ്പുന്നു. ചാറുകറികള്‍ (നെയ്‌ ചേര്‍ത്ത തുവരപ്പരിപ്പ്‌, പുളിശ്ശേരി, സാമ്പാര്‍) ചോറില്‍ ഒഴിക്കുന്നു. പഴം ഇടത്തുവശത്ത്‌ ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്‌ക്ക്‌ പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്‌. വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ.
സദ്യ പലവട്ടങ്ങളായി ആണു വിളമ്പുക-അതേന്നേയ്‌, മള്‍ട്ടി കോഴ്‌സ്‌ ഡിന്നര്‍

സദ്യ ഉണ്ണുന്ന വിധം

സദ്യയുണ്ണാനും ചട്ടങ്ങളോ?
ങാ..പണ്ടതുണ്ടായിരുന്നു.
ആര്‍ത്തിപ്പണ്ടാരമായി വാരിവലിച്ചുണ്ണാന്‍ അനുവാദമുണ്ടായിരുന്നില്ല. ചിട്ടയോടെ ക്ഷമയോടെ വേണം സദ്യയുണ്ണാന്‍.
വലത്തു കൈ കൊണ്ടു മാത്രമേ സദ്യ കഴിക്കാന്‍ പാടുള്ളൂ. ആദ്യവട്ടം പരിപ്പും നെയ്യും ചേര്‍ത്ത്‌ ആദ്യത്തെ കോഴ്‌സ്‌
പിന്നീട്‌ പുളിശ്ശേരി ചേര്‍ത്ത രണ്ടാമത്തെ കോഴ്‌സ്‌.
അതിനു ശേഷമാണ്‌ സാമ്പാര്‍ കൂട്ടി ചോറുണ്ണേണ്ടത്‌.
പിന്നീട്‌ പായസങ്ങളുടെ ഘോഷയാത്ര.
അടപ്രഥമനും പഴവുമാണ്‌ കോാബിനേഷന്‍. ചിലര്‍ പപ്പടവും ചേര്‍ക്കും ഒടുവില്‍ തൈര്‌ ചോര്‍ത്ത്‌ ലാസ്‌റ്റ്‌ കോഴ്‌സ്‌.
സദ്യ കഴിഞ്ഞ്‌ ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്‌. ഊണ്‌ ഇഷ്ടപ്പെട്ടാല്‍ ഇല മുകളില്‍ നിന്ന്‌ താഴോട്ടാണു മടക്കുക.(ഇലയുടെ തുറന്ന രണ്ടു ഭാഗവും കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും)
സദ്യക്കുശേഷം ചുണ്ണാമ്പും അടയ്‌ക്കയും(പാക്ക്‌) ചേര്‍ത്ത്‌ മുറുക്കുന്നു.

പാചകം

സാധാരണയായി ഉച്ചസമയത്താണ്‌ സദ്യയുണ്ണുക.
സദ്യക്കുള്ള തയ്യാറെടുപ്പുകള്‍ തലേദിവസം രാത്രിയില്‍ തുടങ്ങും.
ദേഹണ്ഡക്കാര്‍ രാത്രിമുഴുവനും അദ്ധ്വനിച്ചാണ്‌ സദ്യ തയ്യാറാക്കുക.
രാവിലെ പത്തുമണിക്കു മുന്‍പേ വിഭവങ്ങള്‍ തയ്യാറായിരിക്കും.
മുന്‍പോക്കെ അയല്‍പക്കത്തുള്ളവരുടെ സഹായത്തോടെ വീടുകളില്‍ തന്നെയാണ്‌ സദ്യ തയ്യാറാക്കിയിരുന്നത്‌. രാത്രിമുഴുവന്‍ വീട്ടുകാരും അയല്‍ക്കാരും തേങ്ങതിരുമ്മാനും പച്ചക്കറികള്‍ അരിയുവാനും പാചകം ചെയ്യുവാനും കൂടിയിരുന്നു. സദ്യവിളമ്പുന്നതും വീട്ടുകാരും അയല്‍ക്കാരും കൂടിയായിരുന്നു.
ഉണ്ണുന്നതും ഊട്ടിക്കുന്നതും സമൂഹത്തിന്റെ കൂട്ടായ്‌മയായിരുന്ന കാലം, അതു പോയി ഇന്ന്‌ ഓണസദ്യ വരെ ഇന്‍സ്‌റ്റന്റാണ്‌, കേറ്ററിംഗ്‌ സര്‍വീസുകാര്‍ക്ക്‌ ഓര്‍ഡര്‍ കൊടുത്താല്‍ എല്ലാ വിഭവങ്ങളും മേശപ്പുറത്തെത്തും. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലേതാണ്‌ ലോകത്തിലെ ഏറ്റവും വലിയ സദ്യ


സദ്യയിലെ വിഭവങ്ങള്‍

കേമമായ സദ്യക്ക്‌ നാലു കറി, അച്ചാര്‍, നാലു വറവ്‌, നാലു ഉപദംശം (തൊടുകറി), നാലു മധുരം എന്നാണ്‌ നിയമം

നാലു കറി

1 പരിപ്പ്‌
2 സാമ്പാര്‍
3 രസം
4 മേര്‌/ (പുളിശ്ശേരി)

നാലു ഉപ്പിലിട്ടത്‌

1 ഇഞ്ചിപ്പുളി/ഇഞ്ചിക്കറി
2 അച്ചാര്‍
3 വെളുത്തകറി (മുളകുകറി)
4 മാങ്ങാക്കറി

നാലു വറവ്‌്‌

1 കായ ഉപ്പേരി
2 ചേന ഉപ്പേരി
3 പയറ്‌ ഉപ്പേരി
4 ശര്‍ക്കര വരട്ടി

നാലു ഉപദംശം

1 കാളന്‍
2 ഓലന്‍
3 അവിയല്‍

കൂട്ടുകറി/എരിശേരി

തോരന്‍
ഇഷ്ടു
പച്ചടി
കിച്ചടി
നെയ്യ്‌
പഴം
പരിപ്പ്‌
പപ്പടം

പ്രഥമന്‍
(പായസം)

പാലട പ്രഥമന്‍
(അട പ്രഥമന്‍)
പഴം പ്രഥമന്‍ ഗോതമ്പ്‌ പ്രഥമന്‍
ചക്ക പ്രഥമന്‍
പരിപ്പ്‌ പ്രഥമന്‍
അരിപ്പായസം
സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക