അമേരിക്കയിലെയും കാനഡയിലെയും മലയാളമാധ്യമ
പ്രവര്‍ത്തകരുടെ സംഘചേതനയുടെ പ്രതീകമായ ഇന്ത്യ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത്
അമേരിക്കയുടെ 5 ാമത് ദേശീയ കോണ്‍ഫറന്‍സില്‍ മലയാള മനോരമ അസോഷിയേറ്റ്
എഡിറ്ററും പ്രമുഖ സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറവും മലയാളികളുടെ പ്രിയ
ടെലിവിഷന്‍ അവതാരകനായ ആര്‍. ശ്രീകണ്ഠന്‍ നായരും പങ്കെടുക്കും. നവംബര്‍ 1,
2, 3 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി ന്യൂജേഴ്‌സിയിലെ
സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്നില്‍ നടക്കുന്ന പരിപാടിയില്‍ ഇവരോടൊപ്പം
കേരളത്തിലെയും, അമേരിക്കയിലെയും പ്രശസ്തരായ മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യ,
സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.
കേന്ദ്രസര്‍ക്കാരിന്റെ അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായി ഔദ്യോഗിക
ജീവിതം ആരംഭിച്ച ജോസ് പനച്ചിപ്പുറം 1975ല്‍ മലയാള മനോരമയില്‍
പത്രപ്രവര്‍ത്തകനായി.
ഇപ്പോള്‍ മലയാള മനോരമയുടെ അസോഷ്യേറ്റ് എഡിറ്റര്‍.
എല്ലാ ബുധനാഴ്ചയും മനോരമയില്‍ 'പനച്ചി' എന്ന തൂലികാനാമത്തില്‍ എഴുതുന്ന
'തരംഗങ്ങളില്‍' എന്ന ആക്ഷേപഹാസ്യ പംക്തി 34 വര്‍ഷം പിന്നിട്ടു.
20 വര്‍ഷമായി 'ഭാഷാപോഷിണി'യില്‍ 'സ്‌നേഹപൂര്‍വം പനച്ചി' എന്ന സാഹിത്യ
നര്‍മപംക്തി കൈകാര്യം ചെയ്യുന്നു. ഇത് 'സ്‌നേഹപൂര്‍വം പനച്ചി' എന്ന പേരില്‍
സമാഹാരമായി പ്രസിദ്ധീകരിക്കുകയും 2003ല്‍ മികച്ച ഹാസ്യ സാഹിത്യകൃതിക്കുള്ള
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയും ചെയ്തു. 2005 ലെ മികച്ച മലയാള
നോവലിനുള്ള (കണ്ണാടിയിലെ മഴ) കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.
മലയാള ടെലിവിഷന്‍ രംഗത്തെ നിറസാനിധ്യമായ ആര്‍ ശ്രീകണ്ഠന്‍ നായര്‍
അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. 2008 ല്‍ ഷിക്കാഗോയില്‍ നടന്ന
നാഷണല്‍ കോണ്‍ഫറന്‍സില്‍ അദേഹം പങ്കെടുത്തിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍
നടന്ന മാധ്യമ ശ്രീ അവാര്‍ഡ് ദാന പരിപാടിക്ക് ചുക്കാന്‍ പിടിച്ചതും
അദ്ദേഹമാണ്.
നാടകകൃത്ത്, നടന്‍, കോളജ് അധ്യാപകന്‍, ഹാസ്യ സാഹിത്യകാരന്‍, ആകാശവാണി
ഉദ്യോഗസ്ഥന്‍, അവതാരകന്‍, നല്ല സംഘാടകന്‍, ചാനല്‍ മേധാവി എന്നീ നിലകളില്‍
കഴിവുതെളിയിച്ച ആര്‍ ശ്രീകണ്ഠന്‍ നായര്‍, നമ്മള്‍ തമ്മില്‍,
സമദൂരം, ശ്രീകണ്ഠന്‍ നായര്‍ ഷോ എന്നീ പരിപാടികള്‍ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തില്‍ മികച്ച സ്ഥാനം ഉണ്ടാക്കി. ഏഷ്യാനെറ്റ് വൈസ്
പ്രസിഡന്റ്, മഴവില്‍ മനോരമയില്‍ ചീഫ് ഓഫ് പ്രോഗ്രാം എന്നീ പദവികള്‍
വഹിച്ചിട്ടുണ്ട്.
എഴുത്തിനോടും മാധ്യമ പ്രവര്‍ത്തനത്തോടും താല്പര്യമുള്ള എല്ലാവരെയും
കോണ്‍ഫറന്‍സിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. നവബര്‍ 1
വെള്ളിയാഴ്ച രജിസ്‌ട്രേഷനോടു കൂടി കോണ്‍ഫറന്‍സ് ആരംഭിക്കും. തുടര്‍ന്ന്
ഉദ്ഘാടന സമ്മേളന, മാധ്യമ സെമിനാറുകള്‍. കലാപരിപാടികളോടെ ഒന്നാം ദിന
പരിപാടികള്‍ സമാപിക്കും. രണ്ടാം ദിവസം മുഴുവന്‍ സെമിനാറുകളും പഠന കളരികളും
നടക്കും. വൈകുന്നേരം പൊതു സമ്മേളനം .മൂന്നാം ദിവസം രാവിലെ നാഷണല്‍
കമ്മറ്റിയോടെ കോണ്‍ഫറന്‍സ് സമാപിക്കും.