
അന്ന്
അന്നൊരു മാവേലി വാണിരുന്നു
അന്ന് പ്രജകൾ സുഖിച്ചിരുന്നു
വാമനൻ മൂന്നു ചുവടു വച്ചു
ആമോദമന്നു ചുടല പൂകി
ഇന്ന്
പുതിയ മാവേലിമാർ വാണിടുന്നു
പുത്തൻ വ്യവസ്ഥകൾ ഓതിടുന്നു
ആരാണ് രാജാവ് മന്ത്രിയാര്
ആരോരുമുണ്ടോ അറിഞ്ഞിടുന്നു
അർക്കനുദിക്കുന്നനുദിനവും
അസ്തമിച്ചെത്തുന്നലമറയിൽ
അംബരം തിങ്ങുന്ന താരങ്ങളും
അന്നുപോലിന്നും വിളങ്ങീടുന്നു
നാമിന്നു നാമല്ലാതായതെന്തേ
നാടുവാഴുന്നോരും ഇഥമെന്തേ
ചുട്ടുകരിച്ചും കഴുത്തറുത്തും
കിട്ടുമധികാരത്തേരിലേറി
ഈശനെ പങ്കിട്ടെടുത്തു നമ്മൾ
ഈശ്വരനാലയം തീർത്തു നമ്മൾ
രക്തക്കറയാൽ കുതിർന്ന മണ്ണിൽ
ഭക്തിരസങ്ങൾ ജനിപ്പതുണ്ടോ
എങ്ങൊന്നൊളിക്കും സുരക്ഷിതരായ്
അങ്ങുമിടം ഭൂപരപ്പിലില്ല
എങ്ങു തിരിഞ്ഞൊന്നു നോക്കിയാലും
പൊങ്ങുന്ന ജ്വാലകൾ തന്നെ കാണ്മൂ
മാവേലിമാർ വാഴും ഭൂമിഗോളം
മാനുഷബന്ധങ്ങൾ അറ്റ ലോകം
മൂന്നടിയായൊന്നളന്നെടുക്കാൻ
വാമനനെത്തുവതെന്നിനിയും
- Prasad Nair