
മുറ്റത്തെ പൂക്കളത്തിൽ
മൈലാഞ്ചി മണം പടരുമ്പോൾ,
മാവേലിയുടെ മെതിയടിയൊച്ച കാത്ത്
പഴയൊരു ഓർമ്മ
ഉമ്മറപ്പടി ചാരും.
“ഇത്തവണ കണിക്കൊന്ന
പൂത്തില്ലല്ലോ…”
എന്നൊരു പായാരം കേൾക്കുമ്പോൾ,
പീള കെട്ടിയ കണ്ണുകളിൽ നരച്ച
മഞ്ഞനിറം പൂത്തിറങ്ങും.
കൈപ്പുണ്യമില്ലാത്ത സദ്യയിൽ
രുചിഭേദം മറന്ന നാവുകൾ
കയ്പിന്റെ രുചിക്കൂട്ടു മാത്രം
തിരിച്ചറിയും .
കാണാതെ പോയ
ബാല്യവും കൗമാരവും
ഓർമ്മപ്പെയ്ത്തിൽ
നനഞ്ഞിറങ്ങുമ്പോൾ,
കാലം തിന്നുതീർത്ത കാൽപ്പാദങ്ങൾ
പാദമുദ്ര പോലും പതിപ്പിക്കാതെ
ഇടറിവീഴും.
ഓണമെന്നാൽ
കോടിവസ്ത്രത്തിന്റെ പുതുമണം
കണ്ണിൽ കുത്തുന്ന വർണ്ണത്തിളക്കമല്ല,
ഭക്ഷണശാലയുടെ കുശിനിയിൽ
വേവുന്ന അരിയുടെ മണവുമല്ല—
എന്ന് ഉള്ളം
നിശ്ശബ്ദമായി ആർപ്പിടും.
ഓണം,
പഴകിയ ആത്മബന്ധങ്ങളുടെ
വീണ്ടെടുപ്പാണ്;
മാനവികതയുടെ
ചൂടും ചൂരുമാണ്.
വിളഞ്ഞ പുന്നെല്ലിന്റെ മണവും,
പെട്ടചേർന്നാടുന്ന ചില്ലാട്ടവും
തുമ്പിത്തുള്ളലിന്റെ ആവേശവും
മനുഷ്യഹൃദയങ്ങളെ
ഒറ്റ വീട്ടുമുറ്റമാക്കുന്ന
പഴയ സ്വപ്നങ്ങളാണ്.
മറന്നുപോകുന്ന പേരുകൾ
മനസ്സിൽ പൂവായി വിടരുന്ന
മലയാളമണ്ണിന്റെ ഹൃദയസ്പന്ദനമാണ്.
മതിലുകൾ
മനുഷ്യരേക്കാൾ ഉയർന്നതും,
മതങ്ങൾ
ഹൃദയങ്ങളേക്കാൾ വലുതും,
ജീവിതം
ജീവനെക്കാൾ ഭാരമുള്ളതും,
സ്നേഹം,
ഫ്രീ ഓഫറുകളേക്കാൾ
വിലകുറഞ്ഞതുമായ
ഈ നാട്ടിൽ…
ഇനിയുമെന്നെ രാജാവേന്നു വിളിക്കരുതെന്ന് മാവേലി!