
മഴക്കോള് മാഞ്ഞേ മാനം തെളിഞ്ഞേ,
കിളിപ്പാട്ട് മൂളും വയൽത്താളമുണ്ടേ,
ഇലച്ചാർത്തു തോറും മലർത്താലമേന്തി
കുളിച്ചീറൻ മാറി മലയാള മണ്ണ് !
പൂവേ പൊലി പൂവേ പൊലി പുലരിപ്പൂമാനം,
തിരുമുറ്റ ത്തത്ത പൂക്കള കരിവള സംഗീതം !
ഒരു നാടിൻ പുളകക്കതിരൊളി യരിവാൾ പൊന്നോണം,
കരിക്കാടി കർക്കിടത്തിന് ചിങ്ങ നിറച്ചൂണ് !
ഗതകാല സ്മരണപ്പൂവിളി യുണരും തിരുവോണം,
മനുഷ്യന്റെ മനം പൂത്ത നിനവിൽ പൊന്നൂഞ്ഞാൽ !
ചെറുനാഴി കളവില്ലാ മലയാളപ്പെരുമ,
തിരിവില്ലാ തിരനോട്ട നിറവിൽ പുതുവർഷം !
പൂവേ പൊലി പൂവേ പൊലി പുതുയുഗമുണരുന്നേ,
കരൾ മൂടും കനവിന്റെ കാൽത്തള യുണരുന്നേ,
നിറ നിറ നിറ, നിറ താലപ്പൊലി കതിരാടും പാടം,
കനവിന്റെ കതിർ പൂത്ത തിരുവോണക്കാലം !