
ക്രിസ്മസ് എന്നും രുചികളുടെ, കൂട്ടുകളുടെ, മണങ്ങളുടെ ആഘോഷം കൂടിയാണ്. ക്രിസ്മസ് ഫ്രൂട്ട് കേക്കുകൾ മലയാളിക്ക് വെറും നൊസ്റാൾജിയയെക്കാൾ ഒരു പടി കൂടിയ വികാരമാണ്. ഒരു കാലഘട്ടത്തിലേക്കു അത് നമ്മളെ മടക്കി കൊണ്ടുപോകുന്നു.
എന്നെ കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചതു അമ്മയാണ്. വര്ഷങ്ങളോളം അമ്മയുടെ കേക്ക് സഹായി എന്ന പദവി ഞാൻ അലങ്കരിച്ചിരുന്നു.
ക്രിസ്മസിന് ഒരാഴ്ച മുമ്പായി, അമ്മയ്ക്ക് ചില ഷോപ്പിംഗുകള്‍ ഉണ്ട്. അത് കോട്ടയത്ത് പോയി കളരിക്കല്‍ ബസാറില്‍ നിന്നോ ബെസ്റ്റ് ബേക്കറിയില്‍ നിന്നോ ആവും. അന്ന് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകള്‍ കേരളത്തിലില്ല.! കേക്ക് ഉണ്ടാക്കാനുള്ള ഉണക്കമുന്തിരിങ്ങ, ഈത്തപ്പഴം , കശുവണ്ടിപ്പരിപ്പ്, പഞ്ചസാരപ്പാനിയില്‍ വിളയിച്ച ചെറിപ്പഴം, വാനില എസന്‍സ് സാമഗ്രികളാണ് ബേക്കറിയില്‍ നിന്നും വാങ്ങുക. ഉണക്കപ്പഴങ്ങള്‍ കുതിര്‍ക്കുന്നതിനു ബ്രാണ്ടിയാണ് ഉത്തമം. ആ പേരില്‍ ഒരു പുത്തന്‍ ബ്രാണ്ടിക്കുപ്പി കൂടി അമ്മ പറഞ്ഞു എന്ന പേരില്‍ അപ്പന്‍ എക്സ്ട്രാ വാങ്ങുകയും ചെയ്യും.
ഉണക്കപഴങ്ങള്‍ അരിഞ്ഞു കൊടുക്കുന്നത് എന്റെ ജോലിയാണ്. ഞാന്‍ അത് ഉത്സാഹത്തോടെ നിര്‍വഹിക്കും. പക്ഷെ അരിയുന്നു എന്ന പേരില്‍ പകുതി പഴങ്ങളും എന്റെ വായിലേക്ക് പോകുന്നത് കാണുമ്പോള്‍ അമ്മ ചാടിക്കും. ബ്രാണ്ടിയില്‍ കുതിര്‍ത്തു വെയ്ക്കുന്ന പഴങ്ങള്‍ ഒരുവിധം ഫെര്‍മെന്റ് ചെയ്ത് ഒരാഴ്ച ആകുമ്പോഴാണ് കേക്കുണ്ടാകാന്‍ പാകമാകുക. അതിനിടയില്‍ മൂടി തുറന്നു നോക്കാന്‍ പോലും ആരെയും അനുവദിക്കില്ല.
അമ്മയ്ക്ക് അവധിയുള്ള ശനിയാഴ്ചകളിലാണ് കേക്കുണ്ടാക്കുന്ന ആ മഹാദിവസം. പ്രഭാതഭക്ഷണത്തിനു ശേഷം, അമ്മയുടെ പ്രധാന കാര്‍മികത്വത്തില്‍ ഞാനും വീട്ടില്‍ നില്ക്കുന്ന ജോലിക്കാരി ബേബിയും അമ്മയുടെ സഹായികളായി കൂടും. അന്ന്, മിക്‌സിയോ ഫുഡ് പ്രോസസുറുകളോ ഒന്നും വീടുകളിലില്ല.
ഉരുളിയും തടി കൊണ്ടുള്ള മത്തും ആണ് പ്രധാന ഉപകരണങ്ങള്‍. മുട്ട പൊട്ടിച്ചു കൈ വെള്ളയില്‍ ഒഴിച്ച് വെള്ളയും ഉണ്ണിയും തിരിക്കുക, വെള്ള അടിച്ചു പതപ്പിക്കുക. കശുവണ്ടി നുറുക്കുക, ഓറഞ്ച് തൊലി അരിയുക , ഗ്രാമ്പൂ, കറുവാപ്പട്ട ഇവ പൊടിക്കുക എല്ലാം ഞങ്ങളുടെ പണികളിള്‍ പെടും. പഞ്ചസാര കരിച്ചു ചേര്‍ക്കുന്നത് അമ്മ തന്നെ ചെയ്യും, അതിന്റെ പാകം , നിറം ഇവയെല്ലാം ആണ് ഫ്രൂട്ട് കേക്കിനു അതിന്റെ കടുത്ത നിറം കൊടുക്കുന്നത്.
പ്രധാന സംഗതികളെല്ലാം അടുപ്പിച്ചു കഴിയുമ്പോള്‍ അമ്മ നാഴിയില്‍ അളന്നു കുറിച്ച് കണക്കു കൂട്ടി മൈദാമാവ് ഉരുളിയിലേക്ക് പകരും. പിന്നെ മുട്ടയുടെ ഉണ്ണിയും, വെണ്ണയും, പൊടിപ്പഞ്ചസാരയും ചേര്‍ത്ത് ഞാനും ബേബിചേച്ചിയും മാറി മാറി തേരോട് തേര്, ഇളക്കോട് ഇളക്ക്. എത്രയും കൂടതല്‍ ഈ കൂട്ട് തേയ്ക്കുന്നോ അത്രയും കേമം ആവും കേക്ക് എന്നാണ് അമ്മയുടെ അഭിപ്രായം, അനുഭവം. കേക്കിനു മയവും കൂടും. ഇടയ്ക്കു വന്നു അമ്മ അതില്‍ വാനില എസെന്‍സു ചേര്‍ക്കും. അങ്ങനെ തേച്ചു വെച്ചിരിക്കുന്ന ഈ കൂട്ടിലേക്ക് സമാസമത്തില്‍ അമ്മ ബാക്കി ചേരുവകളും വേണ്ടുംപടി ചേര്‍ക്കും.
എല്ലാം യോജിപ്പിച്ച് കഴിഞ്ഞ്‌ബേക്കിംഗ് പൗഡര്‍ ചേര്‍ക്കുന്നതിന് മുന്‍പേ ഒരു കുഞ്ഞു സ്പൂണില്‍ കൂട്ട് എടുത്തു എനിക്ക് നീട്ടും. ഞാന്‍ അതില്‍ പകുതി തോണ്ടിയെടുത്തു ആര്‍ത്തി പിടിച്ചു വായിലിട്ട്, ഒരല്പം ബേബിക്കും കൊടുക്കും . അമ്മ ആകാംക്ഷയോടെ എന്നെ നോക്കും.
കേക്കിനും കൂട്ടിനും എന്തൊക്കെ പോരായ്മ ഉണ്ട്,? ഇനി എന്തൊക്കെ വേണം? ഇതെല്ലം തീരുമാനിക്കേണ്ട, പ്രധാന ആള് ഞാന്‍ ആണെന്നാണ് ആ നോട്ടത്തിന്റെ അര്‍ഥം . എന്നും അമ്മയുടെ രുചി നോട്ടക്കാരി ഞാന്‍ തന്നെയായിരുന്നു. ആദ്യം തരുന്ന സ്പൂണിനു ഞാന്‍ അഭിപ്രായം പറയാതെ മിണ്ടാതെ ഇരിക്കും, എന്നിട്ട് കുറച്ചു കൂടി അതില്‍ നിന്നും വടിച്ചു കോരി വായിലാക്കുമ്പോഴേക്കും അമ്മ ഇടപെടും..
'കൊച്ചെ പറഞ്ഞെ, ഗ്രാമ്പൂന്റേം കറുവയുടെം രുചിയൊക്കെ ഒണ്ടോ?..മധുരം ഒണ്ടോ?...'
അമ്മ ഒറ്റ ശ്വാസത്തില്‍ കുറെ ചോദ്യങ്ങള്‍ ചോദിക്കും.
ഞാന്‍ ഒരു കള്ളച്ചിരിയോടെ അമ്മയെ കെട്ടിപ്പിടിക്കും. 'എല്ലാം പാകത്തിനോണ്ടമ്മേ. പിന്നെ, സാറാമ്മ സാറിന്റെ കേക്ക് എന്നേലും മോശമാവുമോ? (അമ്മേടെ ഓഫിസില്‍ എല്ലാരും വിളിക്കുന്നത് സാറാമ്മ സാറെന്നാണ്) മോനിയെന്നു പേരുള്ള അമ്മയെ, സഹോദരങ്ങൾ വിളിക്കുന്നത് മോനമ്മയെന്നാണ്.
വീണ്ടും ആ കേക്കും കൂട്ട് ഒരു സ്പൂണ്‍ കൂടി എടുക്കാന്‍ പോകുമ്പോള്‍ അമ്മ ഓടിക്കും. എന്നാലും അവസാനം ആ ഉരുളി വടിച്ചു നക്കാന്‍ തരുന്ന കാര്യം ഓര്‍ക്കുമ്പോള്‍ അമ്മയോട് പിണങ്ങാതെ അവിടെ ചുറ്റിപറ്റി നില്ക്കും. കെയ്ക്കു മൂന്നാം തവണയും ഉണ്ടാക്കി, ഉരുളി കിട്ടി വരുമ്പോള്‍ നാല് മണിയോളം ആകും. അതെ, ഇന്നും ഫ്രൂട്ട് കേക്കുണ്ടാക്കാന്‍ സമയം എടുക്കും
അമ്മ അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് സ്ഥിര താമസത്തിന് പോകുന്ന ആ വര്‍ഷം 99 ലെ ക്രിസ്മസിനു ലിറ്റിൽ റോക്കിൽ വന്നിരുന്നു. . ഞങ്ങള്‍ ഒരുമിച്ചു പോയി, കെയ്ക്കുണ്ടാകാനുള്ള സാധനങ്ങള്‍ വാങ്ങി. അമ്മയുടെ മേല്‍നോട്ടത്തില്‍ ഞാന്‍ തനിയെ ആദ്യമായി ക്രിസ്മസ് കേ യ്ക്കു ഉണ്ടാക്കിയപ്പോള്‍ ആ മുഖത്തു സന്തോഷം. അഭിമാനം.
മക്കൾ വീട്ടിലുണ്ടായിരുന്നപ്പോൾ ക്രിസ്മസു കേയ്ക്കുണ്ടാക്കുവാൻ അവരും കൂടുമായിരുന്നു. പ്രത്യേകിച്ചും എന്റെ ഇരട്ട സഹായികള്‍. മൂത്ത ആൾ എല്ലാം സൂപ്പർവൈസ് ചെയ്യും. ക്രിസ്മസ് കുക്കികൾ ഉണ്ടാക്കിയിരുന്നത് മൂത്തയാളാണ്. ഞാൻ പണ്ട് ചെയ്തത് പോലെ, കണ്ണ് തെറ്റിയാല്‍ കേക്കിന്റെ കൂട്ട് വായിലിടാന്‍ പിള്ളേർ മത്സരിച്ചിരുന്നു. കൂട്ടുകള്‍ മിക്‌സ് ചെയ്യുന്ന ഫുഡ് പ്രോസസര്‍ വടിച്ച് നക്കാന്‍ അവരും കാത്തിരിക്കുമായിരുന്നു.
കഴിഞ്ഞ അഞ്ചു വർഷമായി കേക്ക് ഉണ്ടാക്കൽ എല്ലാം തനിയെ. എല്ലാം പെട്ടെനന്നായിരുന്നു. പഠനം, ജോലി .. ഇതിനിടെ രണ്ടു പേരുടെ വിവാഹം. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഞങ്ങൾ തനിയെ ആയത് പോലെ. ഒഴിഞ്ഞു കിടക്കുന്ന മൂന്ന് മുറികൾ. . മുകളിൽ എക്സ് ബോക്‌സു കളിയുടെ ആരവമോ ടിവി ഗെയ്മുകളുടെ ബഹളമോ റാപ്പ് മ്യൂസിക്കോ ഇല്ല. മക്കൾ പോയതോടെ ഉറങ്ങിപ്പോയ വീട്. നിശബ്ദതയാണ് മുഖമുദ്ര. ഇനീ മക്കളും മരുമക്കളുമായി എല്ലാവരും ക്രിസ്തുമസിന് വരുമ്പോൾ വീട് പഴയത് പോലെ ഉണരുന്നു. വീടിന് ജീവൻ വെയ്ക്കുന്നു. ശബ്ദമുഖരിതമാകുന്നു.
മമ്മിടെ സ്‌പെഷ്യൽ ഐറ്റംസ് ആയ ചിക്കൻ സ്റ്റു, ബീഫ് റോസ്‌റ്, പള്ളം മീൻകറി
ഇവയെല്ലാം വെന്തു മണം വരുമ്പോൾ ..
ഞാൻ ആ രൂപം നേരിൽ കാണാറുണ്ട്
ആ പതിഞ്ഞ ശബ്ദം കേൾക്കാറുണ്ട് …
കരിച്ച പഞ്ചസാര സിറപ്പും ബട്ടറും വാനില എസ്സെൻസും ഡ്രൈ ഫ്രൂട്സുകളും ചേർന്ന കേക്ക് വെന്തു വരുമ്പോൾ അതിൽ എന്റെ കണ്ണുനീരിന്റെ ഉപ്പ് വീഴാതിരിക്കാൻ ഞാൻ പണിപ്പെടാറുണ്ട്.
see also