Image

ഇന്ത്യാ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ ജോണി ലൂക്കോസ്: മുന്‍ മാധ്യമശ്രീ അവാര്‍ഡ് ജേതാവ്

ഷോളി കുമ്പിളുവേലി | ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് Published on 03 October, 2025
 ഇന്ത്യാ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ ജോണി ലൂക്കോസ്: മുന്‍ മാധ്യമശ്രീ അവാര്‍ഡ് ജേതാവ്

എഡിസണ്‍, ന്യു ജേഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സിനു  അടുത്ത വ്യാഴാഴ്ച തുടക്കം കുറിക്കുമ്പോള്‍ അതിഥികളായെത്തുന്നവരില്‍ പ്രസ് ക്ലബിന്റെ തന്നെ  മാധ്യമ ശ്രീ അവാര്‍ഡ് മുന്‍പ് നേടിയിട്ടുള്ള ജോണി ലൂക്കോസുമുണ്ട്.  2006 മുതല്‍ മനോരമ ന്യൂസ് ചാനലില്‍ ന്യൂസ് ഡയറക്ടര്‍. കേരളത്തിലെ മാധ്യമരംഗത്തെ നിയന്ത്രിക്കുന്നവരില്‍ ഒരാളെന്ന നിലയില്‍ പ്രക്ഷേപണ ചരിത്രത്തോടൊപ്പം നടക്കുന്ന ഒരാള്‍ എന്ന് പറയാം.

മാധ്യമ സമ്മേളനം ന്യൂ ജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടല്‍ സമുച്ചയത്തില്‍ ഒക്ടോബര്‍ 9 മുതല്‍ 11 വരെയാണ് നടക്കുന്നത്.  പ്രവേശനം പൂര്‍ണമായും സൗജ്യനമാണ്.  രാവിലെ പ്രഭാതഭക്ഷണം മുതല്‍ വൈകിട്ട് വിഭവസമൃദ്ധമായ അത്താഴവിരുന്നുള്‍പ്പെടെ എല്ലാം നല്‍കുന്നതാണ്,

എഴുന്നൂറിലേറെ എപ്പിസോഡുകള്‍ പിന്നിട്ട നേരേചൊവ്വേ എന്ന അഭിമുഖപരിപാടി  ജോണി ലൂക്കോസിന് മാത്രം കഴിയുന്ന അപൂര്‍വ സൗമ്യത  കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നു. കടന്നാക്രമണത്തിന്റെ ശൈലിക്ക് പകരം സൗമ്യമായ ചോദ്യങ്ങളിലൂടെ  ആവശ്യമുള്ള വിവരങ്ങള്‍ ലഭ്യമാക്കുമ്പോള്‍ പ്രേക്ഷകന് സന്തോഷം, ഇന്റര്‍വ്യൂവിനു 'ഇരയായ' വ്യക്തിക്കും സന്തോഷം.

കോട്ടയം ജില്ലയില്‍ അതിരമ്പുഴ പാറപ്പുറത്ത് ലൂക്കായുടെയും അന്നമ്മയുടെയും മകനായി ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍  കോട്ടയം സി.എം.എസ്. കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദം. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ സജീവമായിരുന്നു. സി.എം.എസ്. കോളേജ് യൂണിയന്‍ ചെയര്‍മാനായി. 1983 മുതല്‍ മലയാള മനോരമയില്‍. ജില്ലാ ലേഖകനായി കോട്ടയത്തും തൃശ്ശൂരും പ്രവര്‍ത്തിച്ചു. പിന്നീട് തിരുവനന്തപുരം യൂണിറ്റില്‍ ന്യൂസ് എഡിറ്റര്‍. മലയാള മനോരമയില്‍ ഒട്ടേറെ അഭിമുഖ ഫീച്ചറുകള്‍ പ്രസിദ്ധപ്പെടുത്തി.

ജാഫ്‌ന മോചിപ്പിക്കാന്‍ ശ്രീലങ്കന്‍ സൈന്യം എല്‍.ടി.ടി.ഇയുമായി നടത്തിയ യുദ്ധം ശ്രീലങ്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.  ഭാഷാപോഷിണിക്കുവേണ്ടി  മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ പി. ഗോവിന്ദപ്പിള്ളയുമായി നടത്തിയ ഒരഭിമുഖത്തിലാണ് ഇ.എം.എസിനെ കുറിച്ച് ഗോവിന്ദപ്പിള്ള ചില പരാമര്‍ശങ്ങള്‍ നടത്തിയതും അതു പിന്നെ സി.പി.എമ്മില്‍ നിന്ന് അദ്ദേഹം സസ്‌പെന്റു ചെയ്യപ്പെടാന്‍ കാരണമായതും. ഈ അഭിമുഖം പിന്നീട് ഗ്രന്ഥരൂപത്തിലും ഇറങ്ങി.  

സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ അന്‍പതിലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക