
ഏഷ്യാനെറ്റ് ന്യൂസ് -മലങ്കര സഭ കമ്മ്യൂണിറ്റി സർവീസ് അവാർഡ് ലഭിച്ച ജോയ് ഇട്ടൻ സാമൂഹ്യ സേവനത്തിലും ബിസിനസ് രംഗത്തും സംഘടനാ രംഗത്തും സജീവമാണ്.
സഹജീവികളോടുള്ള അനുകമ്പ ഒരു ദിവസം പെട്ടെന്നുണ്ടാകുന്നതല്ല. ജീവിത പാഠങ്ങളൾ നൽകുന്ന അറിവിൽ നിന്നും, സ്വർണ നൂലിനാൽ കോർക്കപെടുന്ന പട്ടിന്റെ ഭംഗിയും കാന്തിയും പോലെ ചുറ്റിലുള്ളവരുമായുള്ള ഇഴയടുപ്പത്തിലൂടെ പകർന്നു കിട്ടുന്നതാണ്.
ജോയ് ഇട്ടന്റെ ജീവിതവും അങ്ങനെയാണ്. ആ കാരുണ്യത്തിനു ദേശ-ഭാഷാ വ്യത്യാസമില്ല. കോലഞ്ചേരിയിലെ കോളേജിൽ നിന്നും പഠിച്ച കെമിസ്ട്രിയും, സോഷ്യോളജിയും അക്കാദമിക് പഠനമായിരുന്നുവെങ്കിലും ജോയ് ഇട്ടനു മനസിലായത് അശരണരോടോത്തുള്ള സോഷ്യൽ ജീവിതവും അവരോടുള്ള കെമിസ്ട്രിയുമായിരുന്നു.

ന്യൂയോർക്കിലെ തിരക്കേറിയ ജീവിതത്തിനിടയിലും സോഷ്യൽ കമ്മിറ്റ്‌മെന്റുകൾ ജോയ് ഇട്ടൻ മറന്നില്ല. ഫൊക്കാന പോലുള്ള സംഘടനകൾ മുതൽ, ലോക കേരളംസഭയിലെ സാന്നിധ്യം വരെ നീളുന്ന ചുമതലകൾ അത് തെളിയിക്കുന്നു.
വീട് ഏവരുടെയും സ്വപ്നമാണ്. വിദ്യാഭ്യാസവും അങ്ങനെ തന്നെ. ഇവ രണ്ടും അകലങ്ങളിലെ സ്വപ്നം പോലെ കൊണ്ടുനടക്കുന്നവരുമുണ്ട്. അത്തരക്കാരെ കണ്ടെത്തി, വിദ്യാഭ്യാസം നൽകാനും, പാർപ്പിടങ്ങൾ വച്ച് നൽകാനും ജോയ് ഇട്ടനു രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. തലയുയർത്തി നിൽക്കുന്ന നിരവധി സൗധങ്ങളും, അറിവിന്റെ വെളിച്ചം തികച്ചും സൗജന്യമായി പകർന്നു കൊടുക്കാനും , നിർധന-വിവാഹ മംഗള കർമ്മങ്ങളിൽ കൈത്താങ്ങായും ജോയ് ഇട്ടൻ ഓടി നടന്നുകൊണ്ടേയിരിക്കുന്നു...
കമ്മ്യൂണിറ്റി സർവീസ് പുരസ്‌കാര നിറവിൽ, ജോയ് ഇട്ടന്റെ സ്നേഹകൂടുകളും ആകാശത്തേക്ക് തലയുയർത്തി !! നിൽക്കുകയാണ്..ആദരവിന്റെ അഭിമാന നിമിഷത്തിനായി.