
ചിക്കാഗോ : ഫൊക്കാന സ്ഥാപക പ്രസിഡൻ്റും വ്യവസായിയുമായ ഡോ. എം അനിരുദ്ധൻ അന്തരിച്ചു. മൂന്ന് തവണ ഫൊക്കാന പ്രസിഡൻ്റ് ആയി സേവനമനുഷ്ടിചു. ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുകൂടിയാണ് ഡോ. അനിരുദ്ധൻ.
നോർക്ക , മാതൃഭൂമി എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു.
ചേര്‍ത്തല സ്വദേശി നിഷയാണ് ഭാര്യ. മക്കള്‍ ഡോ. അനൂപും അരുണും. അരുണ്‍ അച്ഛനൊപ്പം ബിസിനസില്‍ പങ്കാളിയാണ്.
ഓച്ചിറ സ്വദേശിയായ അനിരുദ്ധൻ കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് മാസ്റ്റർ ബിരുദം നേടി . രസതന്ത്രത്തിൽ ഗവേഷണത്തിനായാണ് 1973-ൽ അമേരിക്കയിലെത്തിയത് . ടെക്‌സസിലെ എ. ആൻഡ് എം. സർവകലാശാലയിൽ ആണവ രസതന്ത്രം (ന്യൂക്ലിയർ കെമിസ്ട്രി) അധ്യാപകനായിരിക്കെ ന്യൂട്രീഷ്യൻ മേഖലയിലേക്ക് തിരിഞ്ഞു. പിന്നീട് ഈ വിഷയത്തിലും പിഎച്ച്.ഡി. എടുത്തു.
തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര ഉത്പാദകരായ സാൻഡോസിൻ്റെ ഗവേഷണവിഭാഗം തലവനായി 10 വർഷം തുടർന്നു. കുട്ടികൾക്കായുള്ള പോഷകങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ ഏറെ വർഷം ഗവേഷണം നടത്തി. പിന്നീടാണ് സ്വന്തമായി വ്യവസായ ശൃംഖല വികസിപ്പിച്ചെടുക്കുന്നത്.
സാൻഡോസിന് വേണ്ടി, അമേരിക്കയിലെ ആദ്യത്തെ സ്പോർട്‌സ് ന്യൂട്രീഷ്യൻ ഉത്പന്നം ഐസോ സ്റ്റാർ വികസിപ്പിച്ചെടുത്തത് അനിരുദ്ധൻ അടങ്ങുന്ന സംഘമായിരുന്നു.
പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1983-ൽ കെ.ആർ. നാരായണൻ അംബാസഡറായിരിക്കെ, അദ്ദേഹത്തിൻ്റെ സഹായത്തോടെ വടക്കൻ അമേരിക്കയിലെ മലയാളി കൂട്ടായ്‌മയായ 'ഫൊക്കാന'യ്ക്ക് രൂപം നൽകിയത് ഡോ. അനിരുദ്ധനാണ്. രണ്ട് പതിറ്റാണ്ടോളം നേതൃനിരയിൽ തുടർന്നു.
നിരവധി ഭക്ഷ്യോത്പാദന കമ്പനികളുടെ കൺസൽട്ടൻ്റായിരുന്ന അദ്ദേഹം അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ്റെ (എഫ്.ഡി.എ.) ഫുഡ് ലേബൽ റെഗുലേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. യു.എസ്.എ.യിലെ നാഷണൽ ഫുഡ് പ്രൊസസേഴ്‌സ് അസോസിയേഷൻ മികച്ച ആർ. ആൻഡ് ഡി. ശാസ്ത്രജ്ഞനുള്ള പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.
ഡോ. അനിരുദ്ധന്റെ ആകസ്മികമായ വേർപാടിൽ ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അനുശോചനം അറിയിച്ചു .
മുൻ ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ വാഷിംഗ്ടൺ കൺവൻഷനിൽ വച്ച് ഇപ്രകാരം അനുസ്മരിക്കുകയുണ്ടായി. '1983-ല്‍ അമേരിക്കയിലെ മലയാളികളെ ഒന്നിപ്പിക്കാനായി ഒരു ചെറുപ്പക്കാരന്‍ മുന്നോട്ടുവന്നു. ഡോ. അനിരുദ്ധന്‍.. അദ്ദേഹം ഇന്ന് ഇവിടെയില്ല. ഫൊക്കാനയുടെ പിതാവും, സ്ഥാപകനുമായിരുന്നു അദ്ദേഹം. നമ്മുടെ വേരുകള്‍ നാം ഒരിക്കലും മറക്കാന്‍ പാടില്ല. ആ മനുഷ്യന്‍ ചോരനീരാക്കിയാണ് ഫൊക്കാന എന്ന പ്രതീക്ഷയ്ക്ക് പിന്നാലെ സഞ്ചരിച്ചത്. ഈ സംഘടനയുടെ രൂപീകരണത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് നല്‍കാം. ...
രാജു മൈലപ്ര
അമേരിക്കയില്‍ അങ്ങോളമിങ്ങോളമുള്ള മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ അണിനിരത്തി, ഒരു ശക്തിയായി മാറണമെന്നുള്ള അഭിപ്രായം അന്നത്തെ ഇന്‍ഡ്യന്‍ അംബാസഡര്‍ കെ.ആര്‍.നാരായണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ ഉരുത്തിരിഞ്ഞു വരികയുണ്ടായി. അതിന്റെ തുടര്‍ച്ചയായി 1983-ജൂലൈ നാലിന് മന്‍ഹാട്ടണിലെ ഷെറാട്ടണ്‍ ഹോട്ടലില്‍, ഡോ.എം.അനിരുദ്ധൻറെ അശ്രാന്ത പരിശ്രമത്തിലും, നേതൃത്വത്തിലും സംഘടിപ്പിച്ച പ്രഥമ സമ്മേളനത്തില്‍ ഇന്‍ഡ്യന്‍ ഹൈക്കമ്മീഷ്ണര്‍ ഡോ. സെയ്ദ് മുഹമ്മദ്, അന്നത്തെ ആഭ്യന്തര മന്ത്രി വയലാര്‍ രവി തുടങ്ങിയവര്‍ വിശിഷ്ടാത്ഥികളായി പങ്കെടുത്തു. കലാപരിപാടികള്‍ക്ക് മകുടച്ചാര്‍ത്തായി ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ സംഗീതകച്ചേരി അരങ്ങേറി.
ഫൊക്കാനയുടെ തലതൊട്ടപ്പനായ ഡോ.എം. അനിരുദ്ധന്‍ പ്രസിഡന്റായി ഫിലാഡൽഫിയയിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചിക്കാഗോയില്‍ വെച്ച് നടത്തപ്പെട്ട കണ്‍വന്‍ഷന്‍, സംഘടനയുടെ രൂപവും ഭാവവും അപ്പാടെ മാറ്റിയെഴുതി.
details to follow