
ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച്ച കശ്മീരിലെ ഭീകരാക്രമണത്തെ കുറിച്ചു ശ്രീനഗറിൽ ആയിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. യുഎസ് സന്ദർശനത്തിൽ ആയിരുന്ന രാഹുൽ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, കോൺഗ്രസ് പ്രാദേശിക അധ്യക്ഷൻ താരിഖ് കാര എന്നിവരുമായും സംസാരിച്ചു.
പിന്നീട് അദ്ദേഹം എക്‌സിൽ കുറിച്ചു: "അമിത് ഷാ, ഒമർ അബ്ദുല്ല, താരിഖ് കാര എന്നിവരിൽ നിന്ന് ഏറ്റവും പുതിയ വിവരങ്ങൾ ലഭിച്ചു. ഇരകളായവർക്ക് നീതിയും നമ്മുടെ പൂർണമായ പിന്തുണയും ലഭിക്കേണ്ടത് ആവശ്യമാണ്."
സൗദിയിൽ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസിൽ ആയിരുന്ന ധനമന്ത്രി നിർമല സീതാരാമനും പരിപാടികൾ വെട്ടിച്ചുരുക്കി ഇന്ത്യയിലേക്കു മടങ്ങി.
ഏപ്രിൽ 20നു അഞ്ചു ദിവസത്തെ സന്ദർശനത്തിന് എത്തിയ സീതാരാമൻ പിന്നീട് പെറുവിലേക്കും പോകാനിരുന്നതാണ്. യുഎസിൽ ഐ എം എഫ്, വേൾഡ് ബാങ്ക് യോഗങ്ങളിൽ പങ്കെടുക്കാൻ ആയിരുന്നു അവർ എത്തിയത്.
ഇന്ന് ബന്ദ് ആചരിക്കും
ഭീകരാക്രമണത്തിൽ പ്രതിഷേധിക്കാൻ ബുധനാഴ്ച്ച ജമ്മു കശ്മീരിൽ ബന്ദ് ആചരിക്കും. ചൊവാഴ്ച്ച രാത്രി ജനങ്ങൾ മെഴുകുതിരികൾ ഏന്തി പ്രകടനം നടത്തി. ശ്രീനഗർ, ബഡാമുള്ള, പൂഞ്ച്, അഖ്‌നൂർ, കുപ്‍വാര എന്നിവിടങ്ങളിൽ തെരുവുകളിൽ പ്രകടനം നടത്താൻ ഭയമില്ലാതെ ജനങ്ങൾ എത്തി.
Rahul calls Amit Shah