Image

ഐ.ഒ.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് 20ന് (സനില്‍ പി തോമസ്)

Published on 15 March, 2025
ഐ.ഒ.സി. പ്രസിഡന്റ്  തിരഞ്ഞെടുപ്പ് 20ന് (സനില്‍ പി തോമസ്)

രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ പത്താമത്തെ പ്രസിഡന്റ് ആരെന്ന് ഈ മാസം 20ന് അറിയാം. ഗ്രീസിലെ കോസ്റ്റ നവറിനോയില്‍ 18 മുതല്‍ 21 വരെ നടക്കുന്ന ഐ.ഒ സി.യുടെ 144-ാമത് സെഷനില്‍ ആണ് തിരഞ്ഞെടുപ്പ്. 20ന് കിഴക്കന്‍ യൂറോപ്യന്‍ സമയം വൈകുന്നേരം നാലിന് വോട്ടെടുപ്പ്. ഏഴുമണിക്ക് നിയുക്ത പ്രസിഡന്റ്  ഉള്‍പ്പെട്ട വാര്‍ത്താ സമ്മേളനം.

ചരിത്രത്തില്‍ ആദ്യമായി ഏഴു സ്ഥാനാര്‍ത്ഥികള്‍ ആണു മത്സര രംഗത്തുള്ളത്. അമേരിക്കയില്‍ നിന്ന് ആരും മത്സരിക്കുന്നില്ലെങ്കിലും ആകാംക്ഷയോടെയാണ് യു.എസ്.  തിരഞ്ഞെടുപ്പിനെ കാണുന്നത്. കാരണം പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരിക്കും 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സ് സംഘടിപ്പിക്കുക. നിലവിലെ പ്രസിഡന്റ്, ജര്‍മ്മനിയുടെ തോമസ് ബാക്ക് ജൂണ്‍ 23ന് സ്ഥാനമൊഴിയും. പുതിയ പ്രസിഡന്റ് അന്നു തന്നെ സ്ഥാനമേല്‍ക്കും.

തോമസ് ബാക്ക് 2013ലാണ് പ്രസിഡന്റായത്. എട്ടു വര്‍ഷമാണ് ആദ്യ കാലാവധി. അതു കഴിഞ്ഞാല്‍ നാലു വര്‍ഷത്തേക്കു ദീര്‍ഘിപ്പിക്കാം. ബാക്ക് 12 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

ജോര്‍ദാനിലെ ഫെയ്‌സല്‍ അല്‍ ഹുസൈന്‍ രാജകുമാരന്‍(മോട്ടോര്‍ സ്‌പോര്‍ട്, വോളിബോള്‍), ഒളിംപ്യന്‍ സെബാസ്റ്റ്യന്‍ കോ(ബ്രിട്ടന്‍, അത് ലറ്റിക്സ്), ക്രിസ്റ്റി കവെന്‍ട്രി( സിംബാബ്വെ  അക്വാറ്റിക്‌സ്) , ജോണ്‍ ഇലിയാഷ്(സ്വീഡന്‍, സ്‌കീ, സ്‌നോബോര്‍ഡ്), ഡേവിഡ് ലപ്പാര്‍ടിയന്റ്(ഫ്രാന്‍സ്, സൈക്ക്‌ളിങ്), ജുവാന്‍ അന്റോണിയോ സമറാഞ്ച് ജൂനിയര്‍ (സ്‌പെയിന്‍, സാമ്പത്തിക വിദഗ്ധന്‍), മോരിനാരി വതാനബെ(ജപ്പാന്‍, ജിംനാസ്റ്റിക്‌സ്) എന്നിവരാണ് മത്സരരംഗത്തുള്ളത്.

സെബാസ്റ്റ്യന്‍ കോയും ക്രിസ്റ്റി കവെന്‍ട്രിയും ഒളിംപിക് സ്വര്‍ണ്ണ മെഡല്‍ ജേതാക്കളാണ്. മത്സര രംഗത്തുള്ള ഏക വനിതയുമാണ് ക്രിസ്റ്റി. സെബാസ്റ്റ്യന്‍ കോ മൂന്നാം തവണയും വേള്‍ഡ് അത്‌ലറ്റിക്‌സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2027 വരെയാണു കാലാവധി. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിന്റെ മുഖ്യ സംഘാടനകനായിരുന്നു. ജുവാന്‍ അന്റോണിയോ സമറാഞ്ച് ജൂനിയര്‍ മുന്‍ ഐ.ഒ.സി. പ്രസിഡന്റിന്റെ പുത്രനാണ്. വാശിയേറിയ മത്സരമാണ് നടക്കുക.

സ്ഥാനാര്‍ത്ഥികള്‍ ഏഴുപേരും ഒളിംപിക്‌സ് സംബന്ധിച്ച തങ്ങളുടെ ലക്ഷ്യവും കാഴ്ചപ്പാടുമൊക്കെ കഴിഞ്ഞ ജനുവരി 30ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസാനില്‍ നടന്ന ഐ.ഒ.സി. യോഗത്തില്‍ അംഗങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നു. രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ്. 109 പേരായിരിക്കും വോട്ട് രേഖപ്പെടുത്തുക.

ഗ്രീസിലെ ഡെമിട്രിയസ് വികെലാസ് ആണ് ഐ.ഒ.സി.യുടെ സ്ഥാപക പ്രസിഡന്റ്(1894-96). അദ്ദേഹത്തെത്തുടര്‍ന്ന് സാരഥ്യമേറ്റ ഫ്രാന്‍സിന്റെ പിയെര്‍ ഡെ കുബെര്‍ട്ടിന്‍ ആണ് ആധുനിക ഒളിംപിക്‌സിന്റെ പിതാവ്. ഒളിംപിക്‌സ് പുനര്‍ജീവിപ്പിച്ചത് അദ്ദേഹമാണ്. 1925 വരെ, 29 വര്‍ഷവും 48 ദിവസവും അദ്ദേഹം പ്രസിഡന്റ് ആയിരുന്നു. കുബെര്‍ടെന്‍ കഴിഞ്ഞാല്‍ കൂടുതല്‍ കാലം സാരഥിയായിരുന്നത് അമേരിക്കയുടെ ഏവെരി ബ്രുണ്ടേജും(1952-72) സമറാഞ്ച് സീനിയറും(1980-2001) ആണ്.

ഐ.ഒ.സി. അംഗമാകാനുള്ള പ്രായപരിധി 70 വയസാണ്. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സീനിയര്‍ ആയ ഐ.ഒ.സി. അംഗം  സമറാഞ്ച് ജൂനിയര്‍ ആണ്(2001 മുതല്‍). രണ്ടാമത് ജോര്‍ദാന്‍ രാജകുമാരനാണ്(2010 മുതല്‍). ജോർദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവിന്റെ സഹോദരനാണ് ഫെയ്‌സല്‍ രാജകുമാരന്‍.
 

Join WhatsApp News
IOC would be President 2025-03-16 01:55:11
IOC - ഐ.ഒ.സി എന്ന് കേട്ടപ്പോൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തിരഞ്ഞെടുപ്പ് ആണെന്നാണ് ഞാൻ കരുതിയത്. വായിച്ചപ്പോഴല്ലേ സംഗതി അതല്ല കായികമായി ഒളിമ്പിക്സിന്റെ പ്രസിഡണ്ട് ആണ്. അതിൻറെ ഇലക്ഷൻ ആണെന്ന് മനസ്സിലാക്കുന്നത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തിരഞ്ഞെടുപ്പ് ആയിരുന്നെങ്കിൽ അതിൽ ഒരു കൈ നോക്കാൻ എനിക്ക് പ്ലാൻ ഉണ്ടായിരുന്നു. ഒരു ഇന്ത്യൻ, ഓവർസീസ് കോൺഗ്രസ് പ്രസിഡണ്ട് ആയിട്ട് വേണം അമേരിക്കയിൽ നിന്ന് പോയി ഒരു കേരള മുഖ്യമന്ത്രി പട്ടത്തിന് ഒന്ന് ശ്രമിക്കാൻ. ഞാൻ ഓവൈസി- OICC എന്നും പറഞ്ഞ് കുറെനാൾ ഓടി നടന്നു. പക്ഷേ ഫലം കണ്ടില്ല, അങ്ങ് ഡൽഹിയിലെ ചില കിളവൻ കോൺഗ്രസ് നേതാക്കന്മാർ ഓ ഐ സി സി അങ്ങ് പിരിച്ചുവിട്ടു. . ഇനി ഐഒസി ശരണം. കേരള മുഖ്യമന്ത്രി പദത്തിലേക്ക് ഒരു പൊരിഞ്ഞ യുദ്ധമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് സാരമില്ല. ഞാനും ഐഒസി പ്രസിഡണ്ട് ആയിട്ട് തൊപ്പിയും ഷാളും ഒക്കെ ഇട്ട് അങ്ങോട്ട് വരും. . എല്ലാവരും എന്നെ പിന്തുണയ്ക്കണേ. ഞാൻ മുഖ്യമന്ത്രി ആയാൽ തീർച്ചയായിട്ടും നിങ്ങൾക്കൊക്കെ എന്തെങ്കിലും ഒക്കെ പിൻ വാതിൽ അപ്പോയിന്മെന്റ് തരാൻ കേട്ടോ? ഇപ്പോഴത്തെ ഇടവന്മാർ-edathenmar- കൊടുക്കുന്നതിന്റെ ഇരട്ടി പിൻവാതിൽ നിയമനം ഞാൻ തരും. അങ്ങനെ കൊട്ട നിറയെ കാശുമായി നമുക്ക് അമേരിക്കയിലേക്ക് തിരികെ വരാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക