
പാരകൾ പാരിതിൽ തേങ്ങാപൊതിക്കു-
മൊരായുധമെന്നു നിനച്ചു കൊൾക.
കേരള മക്കളോ കാല കാലാന്തരേ,
ആരാധിക്കുന്നീ പാവം ആയുധത്തെ!
തെങ്ങിൻറെ തോപ്പുകൾ ഏറെയുള്ളീനാട്ടിൽ,
തേങ്ങ പൊതിക്കുവാൻ പാര വേണം.
തെങ്ങുണ്ടു തമിഴ് നാട്ടിൽ, കർണാടകത്തിലും,
തേങ്ങ പൊതിക്കുന്നു പാര തന്നെ.
പാരകൾക്കറിയില്ല തേങ്ങാ പൊതി വെറും,
മാരകമല്ലാത്ത ജോലി മാത്രം!
പാരകൾക്കിന്നേറെ പണികളുണ്ട്,
നല്ല പാര വെക്കുന്നോരും ചുറ്റിലുണ്ട്!
'പാര'ഡിയിലുണ്ട്, 'പാര'ഗ്രാഫിലും, പിന്നെ,
'പാര'വശ്യത്തിലും പാര തന്നെ!
പാരയുണ്ടമ്പലേ, മോസ്കിലും, പള്ളീലും,
പാര വയ്ക്കുന്നു വൻ നേതാക്കളും!
മുമ്പേ നടന്നോണ്ടു പാര വെക്കും ചിലർ,
പിമ്പേ നടന്നാലും പാര തന്നെ!
അമ്പോ നമുക്കാരും പാര വക്കല്ലേന്നു,
തമ്പുരാനോടേറ്റു പ്രാർത്ഥിച്ചിടാം!