Image

ഒറ്റയ്ക്ക് യാത്ര പോകുന്നവര്‍ (ഇ-മലയാളി കഥാമത്സരം 2024: ഡാലിയ)

Published on 31 October, 2024
ഒറ്റയ്ക്ക് യാത്ര പോകുന്നവര്‍ (ഇ-മലയാളി കഥാമത്സരം 2024: ഡാലിയ)

അയാളുടെ ഭാര്യ മരിച്ചിട്ട് അന്ന് നാല്പത്തിയൊന്നാമത്തെ ദിവസമായിരുന്നു. നേരം പുലര്‍ന്നുവരുന്നതേയുള്ളൂ. അയാള്‍ ഒന്നു തിരിഞ്ഞുകിടന്നു. രാത്രിയിലെ പുഴുക്കം കാരണം പുലരാറായപ്പോഴാണ്  ഒന്നുറങ്ങാന്‍ കഴിഞ്ഞത്. കയറുപാകിയ കട്ടില്‍ ഞെരിപിരികൊണ്ടു.  അയാള്‍ തലയുയര്‍ത്തി കട്ടിലിന്റെ കാല്ക്കലേക്കു നോക്കി. കുറച്ചുദിവസം മുമ്പുവരെ അവിടെ ഒരു കട്ടില്‍കൂടി ഉണ്ടായിരുന്നു. അതു കിടന്നിരുന്ന സ്ഥലം ഇപ്പോള്‍ ശൂന്യം. ആ കട്ടില്‍ വീടിന്റെ പിന്നാമ്പുറത്ത് തെങ്ങിന്‍ചുവട്ടില്‍ കിടപ്പുണ്ട്. നേരം വെളുക്കട്ടെ, അതൊന്നു കഴുകി വൃത്തിയാക്കി അകത്തു കൊണ്ടുവന്നിടാന്‍ കുട്ടികളോടു പറയണം. അയാള്‍ വിചാരിച്ചു. വാതിലിനു വെളിയില്‍ ടിപ്പുവിന്റെ മൂളല്‍. പുറത്തേക്കു ചെല്ലാന്‍ അവന്‍ വിളിക്കുകയാണ്. അതിനുമാത്രം നേരം വെളുത്തോടാ, അയാള്‍ പിറുപിറുത്തു. 
അടുക്കളയില്‍നിന്ന് ഗ്ലാസ് വീണുടയുന്നതിന്റെ ശബ്ദവും കുട്ടിയുടെ കരച്ചിലും രാധയുടെ ശകാരവും ഒരുമിച്ചുകേട്ടു. 
''രാവിലെതന്നെ കൊച്ചിനെ കരയിക്കുവാ,'' അയാള്‍ക്കു വല്ലായ്മതോന്നി. 
അയാള്‍ കട്ടിലില്‍നിന്ന് എണീക്കാന്‍ ശ്രമിച്ചു. ശരീരത്തിനു ബലമില്ലാത്തതുപോലെ. കട്ടില്‍പ്പടിയില്‍ പിടിച്ച് കുറച്ചുനേരമിരുന്നു. ടിപ്പുവിന്റെ മൂളല്‍ കുറച്ചുകൂടി ഉച്ചത്തിലായി. 
''വരുന്നെടാ,'' അയാള്‍ പിറുപിറുത്തു. 
അടുക്കളയില്‍ കുട്ടിയുടെ കരച്ചില്‍ നിലച്ചിട്ടില്ല. തൊണ്ട വരളുന്നു. അയാള്‍ കഴുത്തുതടവി. കട്ടന്‍കാപ്പി കുടിക്കാഞ്ഞിട്ടാണ്. 
''ഭാഗീരഥീ,'' അയാളുടെ ചുണ്ടുകള്‍ ചലിച്ചു. പെട്ടെന്ന് അയാള്‍ വായ പൊത്തി. ഭാഗീരഥി പോയിട്ട് ഇന്ന് നാല്പത്തിയൊന്നായി. ചിലപ്പോളതങ്ങ് മറന്നുപോകും. 
കിണറ്റിന്‍കരയിലെ കുളിമുറിയില്‍നിന്ന് വാസുദേവന്‍ സീതയോടു വഴക്കുണ്ടാക്കുന്നു. പിള്ളേര് പള്ളിക്കൂടത്തില്‍ പോകാനൊരുങ്ങുകയാണ്. അതിനുമാത്രം നേരമായോ? രാധ ഒരു കട്ടന്‍ കാപ്പി തന്നില്ലല്ലോ. അടുക്കളയിലേക്കു ചെല്ലുന്നത് അവള്‍ക്കിഷ്ടമല്ല. 
''മോളേ...'' അയാള്‍ ഉറക്കെ വിളിച്ചു. ശബ്ദം പുറത്തേക്കുവന്നോ ആവോ.  കട്ടില്‍പ്പടിയില്‍ പിടിച്ചുകൊണ്ട്  എഴുന്നേറ്റു. ഉടുമുണ്ട് ഊര്‍ന്നുപോയിരിക്കുന്നു. അതിന്റെ അറ്റം എവിടെയാണാവോ, മുണ്ടിന്റെ കോന്തല തൂങ്ങിക്കിടക്കുന്നു. ഭിത്തിയില്‍ ചാരിവെച്ചിരിക്കുന്ന വടിയെടുത്ത് കുത്തി ഒന്ന് നിവര്‍ന്നുനിന്നു. കണ്ണില്‍ ഇരുട്ട് കയറുന്നു. ഭാഗീരഥി പോയേപ്പിന്നെ ഇങ്ങനെയാ, എന്താ ഏതാന്നൊന്നും അറിയാന്‍മേലാ, എപ്പോഴും ഒരു വല്ലായ്ക. 
അയാള്‍ വാതില്ക്കലേക്കു വേച്ചുവേച്ചു നടന്നു. ചാണകം മെഴുകുന്ന മുറി അതൊന്നുമാത്രമേ ആ വീട്ടില്‍ ഉള്ളൂ. പുതിയ വീടുപണിതപ്പോള്‍ പൊളിച്ചുകളയാതിരുന്നതാണ്, പഴയ വീടിന്റെ ചാര്‍ത്ത്. ഭാഗീരഥിക്ക് ആരോഗ്യമുണ്ടായിരുന്ന കാലത്ത് അവള്‍ ആ മുറിയൊക്കെ ചാണകം മെഴുകി വൃത്തിയാക്കി വെക്കുമായിരുന്നു. ഇപ്പോള്‍ അതെല്ലാം പൊട്ടിപ്പൊളിഞ്ഞ് കുഴിയായിക്കിടക്കുന്നു. രാധയ്ക്ക് ഇതിനൊന്നും വയ്യ. ഇതിനകമൊന്ന് അടിച്ചുവാരാന്‍പോലും അവള്‍ക്ക് സമയമില്ല. മൂന്നു കുട്ടികളെ നോക്കണ്ടേ? കഷ്ടപ്പാടുണ്ട്. പത്തു കുട്ടികളെ വളര്‍ത്തിയ തന്റെ ഭാര്യയെ അയാള്‍ ഓര്‍ത്തു. എത്ര പശുക്കളായിരുന്നു. അന്ന് തൊഴുത്തില്‍! പറമ്പിലെ ജോലിക്കാര്‍ വേറേ... എല്ലാറ്റിനും അവള്‍ ഒറ്റയ്ക്ക്. എത്ര സന്തുഷ്ടയായിരുന്നു അവള്‍. 
അയാള്‍ വാതില്ക്കലേക്കൊന്നു നീങ്ങിയതേയുള്ളൂ. കുളികഴിഞ്ഞ് തോര്‍ത്താതെ നിലവിളിച്ചുകൊണ്ട് വാസുക്കുട്ടന്‍ ഓടിവരുന്നു. പുറകേ വടിയുമായി രാധ.  
''എന്നതാ മോളേ, ഇത്? എന്തിനാ കൊച്ചിനെ തല്ലുന്നത്?'' ചോദിക്കുന്നതിനുമുമ്പേ അയാളുടെ കൈകള്‍ക്കു മുകളില്‍ക്കൂടി രാധ അവനെ തലങ്ങും വിലങ്ങും തല്ലി. തടയാനാഞ്ഞ അയാളുടെ കൈയിലും ഒരു അടി കിട്ടി. അയാള്‍ പുളഞ്ഞുപോയി. 
''ഓ, അച്ഛന് കാപ്പി തരണോല്ലോ. നേരം കിട്ടിയില്ല. എല്ലാത്തിനൂടെ എനിക്ക് രണ്ടു കൈയല്ലേ ഉള്ളൂ. അതിനെടേലാ ഈ പിള്ളേരടെ വഴക്ക്, യ്യോ, എന്റെ ദോശ.'' 
രാധ ഒച്ചവെച്ചുകൊണ്ട് തിരിഞ്ഞോടി. സീതയുടെ നിലവിളി കൂടുതല്‍ ഉച്ചത്തിലായി. അവള്‍ നേരത്തേതന്നെ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വാസുക്കുട്ടന്റെ നിലവിളിക്കിടയില്‍ അയാള്‍ അതു കേള്‍ക്കാതിരുന്നതാണ്. 
''കേറിപ്പോടീ. കാറാതെ'' രാധയുടെ അലര്‍ച്ച. സ്വിച്ചിട്ടപോലെ കുട്ടിയുടെ കരച്ചില്‍ നിന്നു.  അവള്‍ കണ്ണീരും വെള്ളവുമൊഴുകുന്ന മുഖം പുറംകൈകൊണ്ടു തുടച്ച്  അയാളുടെ മുന്നില്‍ക്കൂടി അടുത്തമുറിയിലേക്കു നടന്നുപോയി. 
''എന്തിനാ മോളേ, കരഞ്ഞത്?'' അയാളുടെ ഒച്ച ചിലമ്പിച്ചു. അണകെട്ടിനിര്‍ത്തിയിരുന്ന കരച്ചില്‍ മലവെള്ളംപോലെ കുതിച്ചൊഴുകി. 
''വാസുവേട്ടന്‍... ന്നെ കിണറ്റിങ്കരേ തള്ളീട്ടു മുത്തച്ചാ, കണ്ടോ, ന്റെ തല'' അവള്‍ നെറ്റിയില്‍ തൊട്ടുകാണിച്ചു. 
അയാള്‍ വിറയ്ക്കുന്ന കൈകള്‍കൊണ്ട് സീതയുടെ നെറ്റിയില്‍ പതുക്കെ തടവി. 
''എടീ,'' രാധയുടെ അലര്‍ച്ച വീണ്ടും. കുട്ടി തിരിഞ്ഞോടി. കൈയിലെ സ്റ്റീല്‍ ഗ്ലാസ് അരഭിത്തിയില്‍വെച്ച് രാധ തിരിഞ്ഞു
''കാപ്പിക്ക് ശകലം ചൂടേള്ളൂ. ഇനി ചൂടാക്കാനൊന്നം നേരോല്ല.'' അവള്‍ പിറുപിറുത്തത് അയാള്‍ കേട്ടില്ല. ടിപ്പു അയാളെത്തന്നെ നോക്കിക്കൊണ്ട് മുറ്റത്ത് കുത്തിയിരുന്നു. അയാള്‍ അരഭിത്തിയിലെ തൂണില്‍ ചാരിയിരുന്ന് കാപ്പിഗ്ലാസ് കൈയിലെടുത്തു. ഒട്ടും ചൂടില്ല. അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഭാഗീരഥിയെ കല്യാണം കഴിച്ചുകൊണ്ടുവന്ന കാലത്തെങ്ങോ ആണ്, കട്ടന്‍ കാപ്പിക്ക് ചൂടിത്തിരി കുറഞ്ഞതിന് കാപ്പിയും പാത്രവും പുറത്തേക്കെറിഞ്ഞു. പിന്നീടൊരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല. അയാള്‍ക്ക് കുറ്റബോധം തോന്നി. 
സീത കരച്ചില്‍ നിര്‍ത്തി നല്ല ഉടുപ്പുമിട്ട് പുറത്തേക്കു വന്നു. സ്‌കൂളില്‍ പോണ ഉടുപ്പല്ല. പുറകേ, കുഞ്ഞുമോളും തിളങ്ങുന്ന~ഒരുടുപ്പും കൈയില്‍ പിടിച്ച് ഇറങ്ങിവന്നു. 
''നല്ല ഉടുപ്പാണല്ലോ, ഇതിട്ടാണോ ഇന്ന് സ്‌കൂളില്‍പോണെ? '' അയാള്‍ കുഞ്ഞുമോളെ നോക്കിച്ചിരിച്ചു.  
''ഇന്ന് ഞായറാഴ്ചയല്ലേ മുത്തച്ചാ, ഞങ്ങള് അമ്മവീട്ടി പോവ്വാ,'' സീത മുത്തച്ഛന്റെ താടിയില്‍ പിടിച്ച് കൊഞ്ചിച്ചു.
''അച്ഛനെന്ത്യേടീ മോളേ,'' അയാള്‍ ചോദിച്ചു.
''അച്ഛന്‍ രാവിലെതന്നെ പോയല്ലോ, വൈന്നേരം അങ്ങോട്ടുവരും. അന്നേരം ഞങ്ങള്‍ സിനിമേം കണ്ടിട്ട് ഇങ്ങോട്ടുവരും.'' അവള്‍ സന്തോഷത്തോടെ പറഞ്ഞു. 
വൃദ്ധന്‍ അവളുടെ സന്തോഷം നിറഞ്ഞ ഭംഗിയുള്ള മുഖത്തേക്കു നോക്കി. നെറ്റിയില്‍ ഒരു മുഴ നീലിച്ചുകിടക്കുന്നു. അയാള്‍ അരുമയോടെ അതില്‍ തഴുകി. 
''വൗ! നോവുന്നു മുത്തച്ചാ, '' അവള്‍ ചിണുങ്ങി.
അയാള്‍ വെയില്‍ വീണുകിടക്കുന്ന മുറ്റത്തേക്കിറങ്ങി. അയാളുടെ കാലുകള്‍ വേച്ചുപോകുന്നു. ടിപ്പു അയാളോടു ചേര്‍ന്നു നടന്നു. അവനു വിശക്കുന്നുണ്ടാവും. 
രാധ സാരിയുടുത്ത് മുടി കോതിക്കൊണ്ട് പുറത്തേക്കു വന്നു. ടിപ്പുവിന്റെ അടുത്ത് കുത്തിയിരിക്കുന്ന കുഞ്ഞുമോളുടെ ചന്തിക്കൊന്നു കൊടുത്തു. കുട്ടി ഉറക്കെക്കരഞ്ഞു. 
''രാവിലെ തുടങ്ങിയതാ. കൊച്ചിനെ കരയിക്കാന്‍.'' അയാള്‍ പിറുപിറുത്തു. അയാള്‍ക്കു ദേഷ്യം വന്നു.  തൊഴുത്തിന്റെ മൂലയിലെ കഴുക്കോലില്‍ തൂക്കിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് ഭരണിയില്‍നിന്ന്  ഇത്തിരി ഉമിക്കരിയുമെടുത്ത് അയാള്‍ പറമ്പിലെ പൈപ്പിന്‍ ചുവട്ടിലേക്കു നടന്നു. എത്രയോ നാളുകള്‍ക്കുമുമ്പ് ഭാഗീരഥി ഉണ്ടാക്കിവെച്ചതാണ് ആ ഉമിക്കരി. പല്ലുതേച്ച് മുഖം കഴുകി നിവരുമ്പോള്‍ കണ്ണില്‍ ഇരുട്ടുകയറി. എന്താണോ, കുറച്ചുനാളായി ഇങ്ങനെയാ. 
''ആ ചെറുക്കനെയെങ്കിലും ഇവിടെ നിര്‍ത്തീട്ടു പോ ന്റെ രാധേ,'' അടുക്കളപ്പുറത്തുനിന്ന് ആരുടെയോ ശകാരം. ജാനമ്മയാണെന്നുതോന്നുന്നു. അനിയന്റെ ഭാര്യയാണവര്‍. അനിയന്‍ എത്രയോ വര്‍ഷംമുമ്പ് ലോകം വിട്ടു പോയതാണ്. 
''ഭഗവതീ,'' അയാള്‍ മുകളിലേക്കു നോക്കി നെടുവീര്‍പ്പിട്ടു. മുറ്റത്തെ തൈത്തെങ്ങില്‍ പിടിച്ച് നിവര്‍ന്നുനിന്നു. 
''ഏട്ടത്തി പോയിട്ട് ഇന്ന് നാപ്പത്തൊന്നായതേള്ളൂ. ഏട്ടനെ ഒറ്റക്കിട്ടേച്ച് എല്ലാരൂടെ പോകാതെ.'' പിന്നെയും ജാനമ്മയുടെ ഒച്ച. 
രാധ ധൃതിയില്‍ ചാര്‍ത്തിലേക്കോടി കൈയിലെ പാത്രങ്ങള്‍ അകത്തുവെച്ചിട്ട് തിരിച്ചുവന്നു. 
''അച്ഛാ, കഴിക്കാനൊള്ളതൊക്കെ എടുത്ത് വെച്ചിട്ടൊണ്ട്. വേണ്ടപ്പ എടുത്ത് കഴിച്ചോണം. ഞങ്ങള് വീട്ടീവരെ പോകുവാ. വൈന്നേരവേ വരൂ. എവിടേക്കും പോയേക്കരുത്. ഇവടെത്തന്നെ ഇരുന്നോണം.'' 
രാധ പറഞ്ഞതുമുഴുവന്‍ വൃദ്ധന്‍ കേട്ടില്ല. കേട്ടതെല്ലാം മനസ്സിലായുമില്ല. 
പിന്നെയും ജാനമ്മ എന്തോ ഒച്ചവെച്ചു.  
''എന്നാപ്പിന്നെ ചെറീമ്മ ഇവിടെ കൂട്ടിരിക്ക്'' രാധയുടെ ശബ്ദം ഉയര്‍ന്നു. കുറച്ചുകഴിഞ്ഞ് ജാനമ്മ എന്തോ പിറുപിറുത്തുകൊണ്ട് അയാളുടെ മുമ്പില്‍ക്കൂടി അയാളെ ഒന്നു നോക്കുകപോലും ചെയ്യാതെ അപ്പുറത്തെ പറമ്പിലേക്കു നടന്നു. 
രാധയും കുട്ടികളും പോയത് അയാള്‍ കണ്ടില്ല. 
വൃദ്ധന്‍ ചാര്‍ത്തിനകത്തേക്കു നടന്നു. കട്ടിലില്‍ നിരത്തിവെച്ചിരിക്കുന്ന പാത്രങ്ങള്‍. ഒന്നില്‍ രണ്ടുമൂന്ന് ദോശ, കുറച്ച് ചമ്മന്തി. വേറൊരു പാത്രത്തില്‍ കഞ്ഞി കുറച്ച് അച്ചാറും തണുത്ത പപ്പടവും. അയാള്‍ക്കു കരച്ചില്‍ വന്നു. 
ടിപ്പു പിന്നെയും വിളിക്കുന്നു. അവനു കൊടുക്കാന്‍ ഒന്നും ഇല്ല. വൃദ്ധന്‍ കഞ്ഞിപ്പാത്രമെടുത്ത് പുറത്തേക്കു നടന്നു. ടിപ്പു കഞ്ഞിപ്പാത്രത്തില്‍ നോക്കി ആര്‍ത്തിയോടെ മുരണ്ടു. കഞ്ഞി ടിപ്പുവിന്റെ പാത്രത്തിലൊഴിച്ചുകൊടുത്തിട്ട് വൃദ്ധന്‍ നിവര്‍ന്നു. ഹൊ പിന്നെയും തല കറങ്ങുന്നു... പതുക്കെ വടി നിലത്തൂന്നി അയാള്‍ വരാന്തയിലേക്കു ചാഞ്ഞു. കിടന്ന കിടപ്പില്‍ മയങ്ങിപ്പോയി. 
നെറ്റിയില്‍ എന്തോ തൊട്ടതറിഞ്ഞ് അയാള്‍ ഞെട്ടി. ഭാഗീരഥിയുടെ കൈയാണെന്നു തോന്നി. നെഞ്ചുലയുന്ന വിതുമ്പലോടെ അയാള്‍ കണ്ണുതുറന്നു. തന്റെ മുഖത്തേക്കുതന്നെ നോക്കി വാലാട്ടിക്കൊണ്ടു നില്‍ക്കുന്ന ടിപ്പുവിനെ നോക്കി ചിരിച്ചു. അയാള്‍ക്ക് പിന്നെയും ഉറങ്ങണമെന്നു തോന്നി. അയാള്‍ മെല്ലെ കണ്ണുകളടച്ചു. ടിപ്പു ഒന്ന് മുരണ്ടിട്ട് അയാളുടെ കാല്‍ച്ചുവട്ടില്‍ ചുരുണ്ടുകൂടി. 
* * * * * * 
വെയില്‍ മങ്ങിത്തുടങ്ങി. കുട്ടി ജനല്‍ക്കമ്പിയില്‍ പിടിച്ചുകൊണ്ട് വഴിക്കപ്പുറത്തെ വീട്ടിലേക്കു നോക്കി. €വാസുദേവിന്റെ മുത്തച്ഛന്‍ രാവിലെമുതല്‍ വരാന്തയില്‍ കിടക്കുകയാണ്. എന്തുപറ്റിയോ ആവോ? 
അവന്‍ താഴത്തെ നിലയിലിറങ്ങി സ്വീകരണമുറിയുടെ ജനലിനരികെ വന്നുനിന്നു. വഴിയില്‍ക്കൂടി ആരെങ്കിലും പോകുന്നതുകണ്ടാല്‍ വിളിച്ചുപറയാമായിരുന്നു. അവന്‍ ഓര്‍ത്തു കുറച്ചുനേരം നിന്നിട്ടും വഴിയില്‍ക്കൂടി ആരും വരുന്നതു കണ്ടില്ല. വഴിയില്‍ക്കൂടി പോകുന്നവര്‍ക്ക് വഴിക്കുമുകളിലെ വീടിന്റെ വരാന്ത കാണാനും പറ്റില്ല. 
അമ്മ രാവിലെ പുറത്തേക്കു പോകുമ്പോള്‍ അവനോടു പറഞ്ഞു: ''ഫ്രിഡ്ജില്‍ ബ്രഡ്ഡും ചിക്കന്‍ കറിയും ഉണ്ട്. വിശക്കുമ്പോള്‍ ചൂടാക്കി കഴിച്ചോണം. ഹോംവര്‍ക്ക് എല്ലാം ചെയ്തുവച്ചേക്കണം. ജനലൊന്നും തുറന്നിട്ടേക്കരുത്. ആരുവന്നുവിളിച്ചാലും ചെന്നു നോക്കണ്ട. വാതില്‍ പൊറത്തൂന്ന് പൂട്ടീട്ടേ ഞാന്‍ പോകുന്നുള്ളൂ. 
നിലക്കണ്ണാടിയുടെ മുമ്പില്‍നിന്ന് അമ്മ മുടിചീകി ക്ലിപ്പ് കുത്തുകയും സാരിയുടെ  ഞൊറിവുകള്‍ വിടര്‍ത്തി ഭംഗിയാക്കുകയും ചെയ്തു. കുട്ടി ഒന്നും മിണ്ടിയില്ല. അവന്‍ കംപ്യൂട്ടറിന്റ മൗസ് വെറുതേ ക്ലിക്ക് ചെയ്തുകൊണ്ട് കസേരയിലേക്കു ചാഞ്ഞു. ബാഗുമെടുത്ത് പോകാനിറങ്ങിയ അമ്മ തിരിഞ്ഞുനിന്നു. ''ങാ, ഞാന്‍ ചെലപ്പോ ലേറ്റാകും. വൈകിയാല്‍ നിന്റെ മുറിയിലെ ലൈറ്റ് മാത്രം ഇട്ടാല്‍ മതി.''
അമ്മ താഴേക്കിറങ്ങിപ്പോയി. കുറച്ചുകഴിഞ്ഞപ്പോള്‍ കാറിന്റെ ഡോറടയുന്നതിന്റെയും കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന്റെയും ശബ്ദം കേട്ടു. കുട്ടി കസേരയിലേക്കു ചാഞ്ഞ് കണ്ണടച്ചു. അവന്റെ കണ്‍കോണുകളില്‍ക്കൂടി ഒരു കണ്ണീര്‍ത്തുള്ളി ചെന്നിയിലേക്കൊഴുകി വീണു. 
അമ്മയിപ്പോള്‍ പോയി. അച്ഛന്‍ എപ്പോഴേ പോയിക്കാണും.  മൂന്നാം ക്ലാസ്സിലെ പാഠപുസ്തകങ്ങളെല്ലാം കാണാതെ പഠിച്ചിരിക്കുന്നു. വീഡിയോ ഗെയിമോ  ടിവിയോ ഒന്നും അവനിഷ്ടമില്ല. അവന്റ മുറിയിലെ ജനല്‍ തുറന്നാല്‍ കാണുന്നത് ശ്മശാനത്തിലേക്കു പോകുന്ന വഴിയാണ്. ചില ദിവസങ്ങളില്‍ അവിടേക്ക് ശവങ്ങള്‍ കൊണ്ടുപോകുന്നത് കാണാം. വീട്ടിലിരുന്നാല്‍ ശ്മശാനം കാണാന്‍ പറ്റില്ലെങ്കിലും ആ ദിവസങ്ങളില്‍ അവന്റെ മനസ്സില്‍ നിറയെ ശവമടക്കിന്റെ ഓര്‍മ്മകളായിരിക്കും.  അവനു പേടി തോന്നും അതുകൊണ്ട് ആ ജനല്‍ തുറക്കാറേ ഇല്ല. അവന്‍ മുകള്‍നിലയിലെ ഹാളില്‍ വന്നിരിക്കും. അവിടത്തെ ജനാല തുറന്നാല്‍ വഴിക്കപ്പുറത്തെ വീട്ടിലെ കുട്ടികള്‍ അവരുടെ മുറ്റത്ത് കളിക്കുന്നതു കാണാം. 
ആ ഗ്രാമത്തില്‍ കുട്ടിക്കു മാത്രമേ രണ്ടുനില വീടുള്ളൂ. ബാക്കിയെല്ലാം സാധാരണക്കാരുടെ വീടുകള്‍. കുട്ടിയും അച്ഛനും €അമ്മയും അവിടെ പുതിയ വീടുവെച്ച് താമസിക്കാന്‍ വന്നിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. അച്ഛനും അമ്മയും എന്തിനാണ് ഇങ്ങനെയൊരു സ്ഥലത്ത് വീടുവെച്ചതെന്ന് കുട്ടി പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പട്ടണത്തിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നപ്പോഴത്തേതുപോലെതന്നെ അവര്‍ അവനെ സ്‌കൂളിലാക്കിയിട്ട് ജോലിക്കുപോകും. വൈകിട്ട് സ്‌കൂള്‍ ബസ്സില്‍ വീടിന്റെ പടിക്കലിറങ്ങും. ആ സ്‌കൂള്‍ ബസ്സില്‍ ആ ഗ്രാമത്തിലേക്ക് അവന്‍ മാത്രമേ വരുന്നുണ്ടായിരുന്നുള്ളൂ. അച്ഛനും അമ്മയും ഇപ്പോഴും പട്ടണത്തിലെ ജീവിതരീതികള്‍തന്നെ തുടര്‍ന്നു. 
വഴിക്കപ്പുറത്തെ വീട്ടിലെ കുട്ടികള്‍--വാസുദേവനും അനിയത്തിമാരും--വീട്ടുമുറ്റത്ത് കളിക്കുന്നത് അവന്‍ മുകള്‍നിലയിലെ ജനാലയ്ക്കല്‍ നിന്നു കാണാറുണ്ട്. അവനും അവരുടെകൂടെ കളിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ, അവന്റെ അച്ഛനും അമ്മയും...
കുട്ടി ജനാലയ്ക്കല്‍നിന്നു മാറി ഹാളിന്റെ നടുക്കു വന്നുനിന്നു. അവന് ദാഹിക്കുന്നുണ്ടെന്നു തോന്നി. അപ്പോഴാണ് ഇന്ന് ഒന്നും കഴിച്ചില്ലെന്ന് അവന്‍ ഓര്‍ത്തത്. പടികളിറങ്ങി അടുക്കളയിലേക്കു വന്നു. അടുക്കളയില്‍ മങ്ങിയ ഇരുട്ട് നിറഞ്ഞുകിടക്കുന്നു. പടിഞ്ഞാറുവശത്തെ വെന്റിലേഷനിലൂടെ കടന്നുവന്ന പോക്കുവെയിലിന്റെ ഒരു കഷണം അടുക്കളയുടെ നിലത്ത് മയങ്ങിക്കിടന്നു. ഫ്രിഡ്ജില്‍നിന്ന് പഴകിയ ചിക്കന്‍കറിയുടെ മണം അവന്റെ മൂക്കിലേക്ക് അടിച്ചുകയറി. തണുത്തുമരവിച്ചിരുന്ന ഒരു ആപ്പിള്‍ എടുത്തിട്ട് അവന്‍ ഫ്രിഡ്ജ് അടച്ചു. 
ഊണുമുറിയിലെ മേശപ്പുറത്ത് കുട്ടി തലചായ്ച്ചു കിടന്നു. മുന്നിലെ പാത്രത്തിലിരിക്കുന്ന ആപ്പിളില്‍ നിറയെ സ്വേദകണങ്ങള്‍ ഉരുണ്ടുകൂടി. അത് ഒരു വലിയ തുള്ളിയായി താഴേക്കൊഴുകി പാത്രത്തിലേക്കു വീണു. ആപ്പിള്‍ കരയുകയാണെന്ന് അവന്‍ സങ്കല്പിച്ചു. അവന്‍ ആപ്പിളിനെ പതുക്കെ തലോടി. 
ചുവരിലെ ക്ലോക്കില്‍ മണി ആറടിച്ചു. അമ്മ ഇതുവരെ വന്നില്ല. അടുക്കളയിലും ഊണുമുറിയിലും ഇരുട്ടുവീണുതുടങ്ങി. കുട്ടിക്ക് പേടിതോന്നി. അവന്‍ വേഗം പടികള്‍ കയറി മുകളിലേക്കുപോയി ജനലരികില്‍നിന്ന് പുറത്തേക്കു നോക്കി. 
വെയില്‍ മങ്ങിയെങ്കിലും പുറത്ത് വെളിച്ചമുണ്ടായിരുന്നു. വാസുദേവിന്റെ മുത്തച്ഛന്‍ അപ്പോഴും വരാന്തയില്‍ കിടക്കുന്നത് അവന്‍ കണ്ടു. വായിലേക്കുയര്‍ത്തിയ ആപ്പിള്‍ അവന്റെ കൈയില്‍നിന്ന് താഴെ വീണു. ഓര്‍ക്കാപ്പുറത്ത് അവന്‍ വിളിച്ചുകൂവി: ''ആരെങ്കിലും ഓടി വരണേ,'' നിലവിളിച്ചുകഴിഞ്ഞപ്പോള്‍ അത് തന്റെതന്നെ ശബ്ദമാണോ എന്ന് അവന്‍ അതിശയിച്ചു. ശ്മശാനത്തിലേക്കുള്ള വഴിയേ നടന്നുപോയ ഒരു തെണ്ടിപ്പട്ടി ശബ്ദംകേട്ട് തിരിഞ്ഞുനിന്നു. ചുറ്റിനും ഒന്നു നോക്കി മണപ്പിച്ചിട്ട് കാലുപൊക്കി മൂത്രമൊഴിച്ചിട്ട് വന്നവഴിയേതന്നെ തിരിച്ച് ഓടിപ്പോയി. 
കുട്ടി പിന്നെയും നിലവിളിച്ചു. വാസുദേവിന്റെ മുത്തച്ഛന്‍ അതേ കിടപ്പുതന്നെ. ടിപ്പുവും മുത്തച്ഛന്റെ അടുത്ത് ചുരുണ്ടുകൂടി കിടപ്പുണ്ട്. 
ഒരു കാറ്റ് ചൂളംവിളിച്ചുകൊണ്ട് കയറ്റം കയറിവന്ന് കുട്ടിയുടെ വീടിനു മുകളില്‍ക്കൂടി പറന്നുപോയി. കാറ്റിന്റെ കൈയില്‍നിന്നും കുറെ മഴത്തുള്ളികള്‍ അവന്റെ വീടിന്റെ കാര്‍ഷെഡ്ഡിനു മുകളില്‍ തെറിച്ചുവീണു. ജനാലയില്‍ക്കൂടി കയറിവന്ന മറ്റൊരു കാറ്റ് കുട്ടിയുടെ മൂക്കിന്‍തുമ്പില്‍ പിടിച്ച് അവനെ ആകെയൊന്ന് തണുപ്പിച്ചിട്ട് മുറിയില്‍ ഒന്ന് വട്ടം ചുറ്റി. 
''വാസുദേവിന്റെ മുത്തച്ഛന്‍...'' കുട്ടി കാറ്റിനോടു കരഞ്ഞു. ''എന്താ പറ്റിയേന്ന് അറിയില്ല. ഒന്നുപോയി നോക്ക്.''
കാറ്റ് കുണുങ്ങിക്കൊണ്ട് പുറത്തേക്കു പോയി. മുറ്റത്ത് ഇത്തിരി നേരം നിന്നിട്ട് മഴയെയും കൂടെ കൊണ്ടുപോയി. വഴിയിലൂടെ ആരും വരുന്നില്ല. ആരെയും കാണുന്നുമില്ല. 
''അമ്മേ... അച്ഛാ...'' കുട്ടിയുടെ നിലവിളി തൊണ്ടയില്‍ തടഞ്ഞു. ''വാസുദേവിന്റെ മുത്തച്ഛന്‍...'' അവന്‍ ഇരുട്ടിലേക്ക് ആരോടെന്നില്ലാതെ വിരല്‍ ചൂണ്ടി.
ജനാലയ്ക്കപ്പുറത്ത് ഇരുട്ടിന്റെ കുഞ്ഞുങ്ങള്‍ കൂട്ടംകൂടിനിന്ന് കുട്ടിയെ തുറിച്ചുനോക്കി. അവന്‍ പേടിച്ചരണ്ട് നിലത്തേക്കിരുന്നു.  അവന്റെ കണ്ണുകള്‍ക്കു മുമ്പില്‍ വാസുദേവിന്റെ മുത്തച്ഛന്‍ നീണ്ടുനിവര്‍ന്നുകിടന്നു. 
''അമ്മേ,'' കുട്ടി ഞരങ്ങി. 
''വാസുദേവിന്റെ...'' അവന്‍ മാര്‍ബിള്‍ തറയില്‍ മുഖം ചേര്‍ത്തു. താഴെ പോര്‍ച്ചില്‍ കാറുകള്‍ വന്നുനിന്നതും ഡോറുകള്‍ തുറക്കുന്നതുമൊന്നും കുട്ടി അറിഞ്ഞതേയില്ല. കാറ്റ് കൂട്ടിക്കൊണ്ടുപോയ മഴ തിരിച്ചുവന്ന് ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക