Image

ചെറിയ ചെറിയ സ്തംഭനങ്ങൾ (ശ്യാംസുന്ദർ പി.എച്ച്)

Published on 30 October, 2024
ചെറിയ ചെറിയ സ്തംഭനങ്ങൾ (ശ്യാംസുന്ദർ പി.എച്ച്)

തോരാതെ പെയ്ത വല്ലാത്തൊരു മഴയുള്ള ദിവസം, രാത്രി,കടുത്ത ഏകാന്തതയിൽ മുങ്ങിയ ആശാലതയ്ക്ക്, കുഞ്ഞുണ്ണിയെ കാണണമെന്നും അവനോട് സംസാരിക്കണമെന്നും തോന്നി.. “ഇതു വരെ എഴുന്നേറ്റില്ലേ?,പല്ല് തേച്ചോ?, തലയിൽ എണ്ണയിട്ടോ, കുളിച്ചില്ലേ ?, ബ്രേക്ക്‌ ഫാസ്റ്റ് സ്കിപ് ചെയ്യരുത്,ഡിന്നർ കഴിച്ചോ?, സന്ധ്യയ്ക്ക് മേല് കുളിച്ചോ?, പഠിക്കാനില്ലേ?ഉറങ്ങാറായില്ലേ?,ഇങ്ങനെ ഇങ്ങനെ നാഴികയ്ക്ക് നാൽപ്പത് വട്ടം വിളിച്ചെന്നെ കൂട്ടുകാരുടെ മുന്നിലിട്ട് നാണം കെടുത്തരുത്, ഞാൻ കുഞ്ഞ് കുട്ടിയൊന്നുമല്ല അമ്മേ” എന്ന് കുഞ്ഞുണ്ണി പലതവണ ഒരു താക്കീത് പോലെ പറഞ്ഞിട്ടുള്ളത് കൊണ്ട് ആശാലത ആദ്യമൊന്ന് മടിച്ചു.. ‘ചിലപ്പോൾ ഹോസ്റ്റലിൽ അവൻ പഠിക്കുകയായിരിക്കും,ഫോർത് സെമസ്റ്ററിലെ ഇന്റെർണൽ എക്സാം തുടങ്ങാറായതല്ലേ,പഠിക്കട്ടെ!’ എന്ന് ഒരു നിമിഷം സ്വയം ആശ്വസിക്കുകയും തൊട്ടടുത്ത നിമിഷം ‘എങ്കിൽ കാക്ക മലർന്നു പറക്കും - പഠിത്തമൊക്കെ കണക്കു തന്നെ- കൂട്ടുകാരെല്ലാം വട്ടം വളഞ്ഞിരുന്നു ലാപ്ടോപ്പിൽ ഗെയിമിങ്ങിൽ ആയിരിക്കും, അല്ലെങ്കിൽ പുതിയതായി ഇറങ്ങിയ ഏതെങ്കിലുമൊരു സീരീസ് നെറ്റ്ഫ്ളിക്സിൽ കാണുകയായിരിക്കും’,എന്ന് ആ ആശ്വാസതോന്നലിനെ തിരുത്തി,വിളിച്ചാൽ ശല്ല്യമായെങ്കിലോ എന്ന തനിക്കു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരുന്ന ആശങ്കാ മേഘത്തെ ദൂരേയ്ക്ക് കശക്കിയെറിഞ്ഞ് ആശ മൊബൈൽ ഫോൺ കൈയ്യിലെടുത്തു.വാട്സാപ്പിൽ വീഡിയോ കാൾ ചെയ്തയുടനെ ഫോണിന്റെ ദീർഘചതുര സ്ക്രീനിലൂടെ കുഞ്ഞുണ്ണി നെറ്റി ചുളിച്ചു പറഞ്ഞു –“അമ്മേ ഞാനൊരു റീൽ എഡിറ്റ്‌ ചെയ്യുവാ...കഴിഞ്ഞിട്ട് വിളിക്കാമേ”.!.എന്ന്.ഇത്‌ പതിവുള്ളതാണ്. വിളിക്കാമെന്ന് പറഞ്ഞാലും അവൻ വിളിക്കുകയില്ലെന്നും സ്നേഹപൂർവ്വം തന്നെ അവഗണിക്കുവാനുള്ള അവന്റെ അടവാണതെന്ന് മുൻകാല അനുഭവങ്ങളിലൂടെ പരിചിതയായത് കൊണ്ടും “പറ്റില്ല!എനിക്കിപ്പോൾ തന്നെ നിന്നോട് സംസാരിക്കണമെന്ന്” ആശ ശാഠ്യക്കാരിയായി.. കുഞ്ഞുണ്ണി അമ്മയെ തന്നെ ഉറ്റുനോക്കിക്കൊണ്ട് മൊബൈൽ ഫോണുമായി ഹോസ്റ്റലിന്റെ വരാന്തയിലേക്ക് ഇറങ്ങി..രണ്ടാഴ്‌ച കൊണ്ട് അമ്മ തടിച്ചിരിക്കുന്നതായും അമ്മയുടെ മുടിയിഴകൾ വല്ലാതെ കൊഴിഞ്ഞു പോയതായും അവൻ കണ്ടു. വെളുപ്പിൽ ഇളം നീല പുള്ളികളുള്ള ഒരു മാക്സിയായിരുന്നു ആശാലതയുടെ വേഷം. ശേഷിച്ച നീളൻ മുടിയിഴകൾ കഴുത്തിലൂടെ മുന്നിലേക്കിട്ട് കട്ടിലിന്റെ ഹെഡ്ബോർഡിൽ ചാരിവെച്ച തലയിണയിലേക്ക് ചാഞ്ഞ് ആശാലത, കുഞ്ഞുണ്ണിയോട് സംസാരിച്ചു. സാരിയിലല്ലാതെ അമ്മയെ ആദ്യമായി കാണുകയായിരുന്നു അവൻ . സ്‌ക്രീനിലൂടെ കണ്ട അമ്മയിൽ കുഞ്ഞുണ്ണിക്ക് വല്ലാത്ത അപരിചിതത്വം തോന്നി. ‘മാക്സി അമ്മയ്ക്ക് ചേരില്ല’എന്ന് പറഞ്ഞു തുടങ്ങും മുൻപേ “ഈ കാല് വെച്ച് ഇപ്പോൾ ഇതാണ് സൗകര്യം “എന്ന് അവന്റെ മനസ്സ് വായിച്ചിട്ടെന്ന പോലെ ആശാലത പറയുകയായിരുന്നു. നീണ്ടു വളർന്ന അവന്റ ചുരുളൻ മുടിയും അച്ചടക്കമില്ലാത്ത താടിമീശയും കണ്ട് “കുറച്ചു ദിവസം കൊണ്ട് നീയും വല്ലാതെ മാറിപ്പോയി”എന്ന അമ്മ പരിഭവത്തിന് കുഞ്ഞുണ്ണി ഒരു ചിരി മാത്രം മറുപടി നൽകി വെറുതേ സ്ക്രീനിലൂടെ അമ്മയെ നോക്കി നിന്നു.
“നീയെന്നു വരും?” ആശ ചോദിച്ചു. എന്തോ ഒന്ന് ആലോചിക്കുന്ന മട്ടിലവൻ നീട്ടി മൂളി.
“അമ്മയ്ക്ക് ബോറടിക്കുന്നുണ്ടല്ലേ”? എന്നായി കുഞ്ഞുണ്ണിയപ്പോൾ .
“വി ആർ എസ് എടുത്തത് ഒരു മണ്ടൻ തീരുമാനമായെന്നേ ഞാൻ പറയൂ.. ചേച്ചിയുടെ അടുത്തേക്ക് പോകാനും പറ്റിയില്ല. വീഴുകയും ചെയ്തു.കോവയ്ക്ക പറിയ്ക്കാൻ വലിഞ്ഞു കയറേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ അമ്മയ്ക്ക് ?. ഇനിയെത്ര നാളെടുക്കും ഈ കാലൊന്ന് നേരെയാവാൻ.. “?
അവന്റെ മുഖത്ത് നീരസം നിഴലിച്ചു..കുഞ്ഞുണ്ണിയുടെ മട്ടും ഭാവവും കണ്ടാൽ താൻ മനഃപൂർവമൊന്നു വീണു നോക്കിയത് പോലെയുണ്ടല്ലോ എന്ന് തോന്നിപ്പോയി ആശാലതയ്ക്ക്. കുഞ്ഞുണ്ണിയുടെ അച്ഛനും ഇങ്ങനെത്തന്നെയാണ്. ആശാലത കിടപ്പിലായ ദിവസം മുതൽ അകാരണമായ ദേഷ്യവും ഒരുതരം അസ്വസ്ഥയും അയാൾ സദാ പ്രകടിപ്പിച്ച് പോന്നിരുന്നു.
യാത്രയയപ്പ് സമ്മേളനം കഴിഞ്ഞ് ഓഫീസിൽ നിന്ന് മടങ്ങി വന്നതേയുണ്ടായിരുന്നുള്ളൂ, അന്ന്.. “ആശാമാഡത്തെ ഞങ്ങൾ വീട്ടിൽ കൊണ്ടുവിടും, അങ്ങനെയാണതിന്റെ രീതി” എന്ന സഹപ്രവർത്തകരുടെ നിർബന്ധത്തെ “പതിവുകളൊന്നും വേണ്ട, ഒരു സാധാരണ ദിവസം. അങ്ങനെ മതി. ഔപചാരികതകൾ വിഷമമുണ്ടാക്കും. നിങ്ങൾ എന്നെ വീട്ടിൽ കൊണ്ട് വന്നു വിട്ട്, മടങ്ങി പോയാൽ നാളെ മുതൽ രാവിലെ ഇനിയീ ഓഫീസിലേക്ക് വരേണ്ടതില്ലല്ലോ എന്ന യാഥാർഥ്യം ഇന്നത്തെ രാത്രി എന്നെ ശ്വാസം മുട്ടിക്കും. ഇങ്ങനെയാകുമ്പോൾ എനിക്കാ തോന്നലുണ്ടാവില്ല.എന്നത്തേയും പോലെ ഓഫീസ് വിട്ട് വീട്ടിലെത്തിയെന്നേയുണ്ടാകൂ.നാളത്തെ കാര്യം നാളെയോർത്താൽ മതിയല്ലോ” എന്ന് സ്നേഹപൂർവ്വം ആശാലത നിരസിക്കുകയായിരുന്നു. ആശയുടെ ടു വീലർ ഓഫീസിന്റെ മതിൽക്കെട്ടു കടന്നു പോകുമ്പോൾ സഹപ്രവർത്തകരുടെ കണ്ണിൽ ഒരു തുള്ളി കണ്ണീർ പൊടിഞ്ഞു. ജോലിയിൽ നിന്ന് സ്വയം വിരമിക്കൽ ഒത്തിരിയാലോചിച്ചെടുത്ത ഒരു തീരുമാനമൊന്നുമായിരുന്നില്ല.എപ്പോഴത്തെയും പോലെ സ്വന്തം ജീവിതം മറ്റുള്ളവർക്ക് വേണ്ടി ചിട്ടപ്പെടുത്തിയപ്പോൾ അതങ്ങനെ സംഭവിച്ചു പോകുകയായിരുന്നു.അയർലണ്ടിൽ നിന്ന് മകൾ മേധ വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു. “കോംപ്ലിക്കേറ്റഡ് ഡെലിവറിയാണ്, എനിക്കു പേടിയാകുന്നമ്മേ, അമ്മയില്ലാതെ പറ്റില്ല” എന്ന്. “പേടിക്കാതിരിക്കൂ. ഒന്നും സംഭവിക്കില്ല, അവിടെ നീരജുണ്ടല്ലോ. അവൻ നന്നായി ശ്രദ്ധിക്കുന്നുണ്ടല്ലോ, അമ്മ ഈ ജോലിയുമിട്ടിട്ട് അങ്ങോട്ട് വന്നാലെങ്ങനെ ശരിയാകും?.” എന്നൊക്കെ ആവുന്നത്ര പറഞ്ഞു നോക്കി ആശാലത. എന്നിട്ടും മേധ കരച്ചിൽ നിർത്തിയില്ല. ജീവിതസങ്കടങ്ങൾ അടക്കം ചെയ്ത, തീർപ്പുകൽപ്പിക്കേണ്ട അനേകം ഫയൽ കൂമ്പാരങ്ങളാണോ മകളുടെ പ്രസവമാണോ വലുതെന്ന ആത്മസംഘർഷത്തിനൊടുവിൽ ഏഴു മാസം കൂടി സർവീസ് ബാക്കി നിൽക്കെ വി ആർ എസ് എടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയൊരു തീരുമാനത്തിലേക്കെത്തുക ആശാലതയ്‌ക്ക് ബുദ്ധിമുട്ടായിരുന്നെങ്കിലും ആ തീരുമാനത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത്, ശിവദാസനായിരുന്നു.. “മക്കൾക്ക് വേണ്ടി ഇതെങ്കിലും ചെയ്യാൻ, ആശേ നിനക്ക് തോന്നിയല്ലോ”.! എന്ന് ഇരുതല മൂർച്ചയുള്ള ഒരു വാള് പോലെ അയാളുടെ വാക്കുകൾ ആശയുടെ ഹൃദയത്തെയപ്പോൾ നെടുകെ പിളർത്തി കടന്നു പോയി.. ഇരുപത്തി മൂന്നാമത്തെ വയസ്സിൽ സർക്കാർ സർവീസിൽ കയറി,ജോലിയെടുത്ത് സമ്പാദിച്ചത് കൊണ്ട് ഒരു വീട് കെട്ടിപ്പടുത്തതോ , ശിവദാസൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി വന്നപ്പോൾ ലോണെടുത്ത് ഒരു സ്റ്റേഷനറി കടയിട്ടുകൊടുത്തതോ മേധയെ പഠിപ്പിച്ച് ആർക്കിട്ടകട് ആക്കിയതോ അവളുടെയിഷ്ടമനുസരിച്ച് കല്യാണം കഴിപ്പിച്ചതോ കുഞ്ഞുണ്ണിയെ പഠിപ്പിക്കുന്നതോ ,
ഒരനുഷ്ഠാനം പോലെ അതികാലത്തെഴുന്നേറ്റ് വീട് തൂത്ത് തുടച്ച്, ഭർത്താവിനും മക്കൾക്കും കഴിക്കാനിഷ്ടമുള്ളത് മാത്രം തീന്മേശയിലൊരുക്കി വെച്ച്, ധൃതിപ്പെട്ട് ഓഫീസിലേക്ക് പോയിരുന്നതും, വൈകീട്ട് മടങ്ങി വന്ന് വീണ്ടും രാവിലത്തെ തുടർച്ച പോലെ അടുക്കളയിലും, പിന്നെ മക്കളുടെയും ഭർത്താവിന്റെയും വിഴുപ്പലക്കിയുമെല്ലാം തീർത്തു കളഞ്ഞ ഈ ജീവിതത്തിന്റെ കണക്കുകളോ,ഒന്നും, ഒരു പുസ്തകത്തിലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്ന തിരിച്ചറിവ് ആശാലതയെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചു കളഞ്ഞു.. അന്നേ ദിവസം ഏതാനും മണിക്കൂർ മുൻപ് സമാനമായ മറ്റൊരു സ്തംഭനം കൂടി ആ പാവം സ്ത്രീ ഹൃദയം അതിജീവിച്ചു വന്നതേയുണ്ടായിരുന്നുള്ളൂ..യാത്രയയപ്പ് സമ്മേളനത്തിനിടെയായിരുന്നു അത്.ആശംസകളറിയിച്ചും ഓർമ്മകൾ പങ്കുവെച്ചും സംസാരിച്ചവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു -“എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും ഉത്തമയായ ഒരു കുടുംബിനിയായിരുന്നു നമ്മുടെ ആശാമാഡം.കുടുംബം- ഭർത്താവും മക്കളുമായിരുന്നു,അവർക്കെല്ലാം...ആയിരുന്നു എന്നല്ല, ആണ്, ഇപ്പോഴും അതങ്ങനെ തന്നെയാണ് എന്ന് വേണം പറയാൻ.ഇന്നിപ്പോഴിതാ വിരമിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ ഈ ജോലി വേണ്ടെന്ന് വച്ച് നമ്മളോടു യാത്ര പറഞ്ഞു പോകുന്നതും മകൾക്ക് വേണ്ടിയാണ്...”കൈയ്യടികൾ മുഴങ്ങുകയായിരുന്നു. ഇത്രയും കാലം, പൂർണ ഉത്തരവാദിത്തത്തോടെ, അങ്ങേയറ്റം സത്യസന്ധതയോടെ കാര്യക്ഷമമായി എത്രയോ ഫയലുകൾ കൈകാര്യം ചെയ്തിട്ടും തന്റെ സർവീസ് സംബന്ധമായ ഒന്നും ആരും ഓർത്തെടുത്തു പറഞ്ഞു കേട്ടില്ലല്ലോ എന്ന കടുത്ത നിരാശയിൽ നിറഞ്ഞ സദസ്സിൽ ആശാലത നിസ്സംഗയായിരുന്നു..ഒരേദിവസം തുടർച്ചയായി ഒന്നിലേറെ തവണ സ്തംഭനങ്ങളേറ്റു വാങ്ങിയ ദുർബല ഹൃദയവുമായാണ്, അന്ന് അടുക്കളപ്പുറത്ത്, പാരപ്പെറ്റിനോട്‌ ചേർന്ന് വലിച്ചു കെട്ടിയ കോവൽ പന്തലിൽ നിന്ന് കോവയ്ക്ക പറിക്കാൻ ഏണി വച്ചു കയറിയത്. ഉറപ്പില്ലാത്ത മണ്ണിൽ ഇരിപ്പുറക്കാതെ ഏണി മറിഞ്ഞു വീഴുകയായിരുന്നു. കാലിൽ അസഹ്യമായ വേദന ആശയ്ക്കനുഭവപ്പെട്ടു. എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞില്ല.വേദനകൊണ്ട് കണ്ണീരൊഴുകി.തൊട്ടപ്പുറത്തുണ്ടായിട്ടും ശിവദാസൻ അതറിഞ്ഞത് പോലുമില്ല. പക്ഷേ,അർഗോസ്- അവനോടി വന്നു. വളർത്തമ്മയ്ക്ക് എന്തു പറ്റിയെന്നറിയാതെ പരിഭ്രമിച്ച് വർധിച്ച വേഗത്തിൽ വാലാട്ടി കുരച്ചു കൊണ്ട് അവൻ ആശാലതയ്ക്ക് ചുറ്റും വട്ടമിട്ടോടി.പിന്നെ മുറ്റത്ത് പുൽത്തകിടിയിലിട്ട കാസ്റ്റ് അയൺ കസേരയിൽ നീണ്ടുനിവർന്നിരുന്ന് പത്രം വായിക്കുകയായിരുന്ന ശിവദാസന്റെ മുന്നിൽ വന്നു നിന്ന് അസ്വസ്ഥനായി കുരച്ചുകൊണ്ടിരുന്നു. അർഗോസിന് പിറകേ ചെന്ന് മണ്ണിൽ വീണുകിടക്കുന്ന ആശാലതയെ കണ്ട് താങ്ങിയെടുക്കാൻ ശ്രമിക്കുന്നതിനോ ആശ്വസിപ്പിക്കുന്നതിനോ പകരം, അയാൾ “ജന്തു..! ആവശ്യമില്ലാതെ ഓരോ പണിയൊപ്പിക്കും, മനുഷ്യനെ മെനക്കെടുത്താൻ”എന്ന് പറഞ്ഞ് മണ്ണിലിട്ട് ആശാലതയെ ഒരു തള്ള് വച്ചു കൊടുക്കുകയാണ് ചെയ്തത്. ശരീരത്തിന്റെ വേദനയേക്കാൾ വലുതായിരുന്നു അപ്പോൾ ആത്മാവിന്നേറ്റ മുറിവിൽ നിന്നുണ്ടായ വേദന. ‘ജന്തു’ എന്ന് വിളിച്ചത് തന്നെയാണോ എന്നറിയാതെ അർഗോസ് അയാളെ തെല്ലൊരു സംശയത്തോടെ നോക്കിനിന്നു. വലതു കാൽമുട്ടിലെ തേയ്മാനം സംഭവിച്ച കാർട്ടിലേജ് വീഴ്ചയിൽ പൊടിഞ്ഞു പോകുകയായിരുന്നു..കംപ്ലീറ്റ് ബെഡ് റസ്റ്റ്‌ വേണമെന്ന് പറഞ്ഞ് ആശാലത ആശുപത്രി വിട്ട നിമിഷം മുതൽ അയാൾ പിറുപിറുത്ത് കൊണ്ടിരുന്നു. “ആവശ്യമില്ലാതെ ഓരോന്ന് ചെയ്യും. നീ കോവയ്ക്കയുണ്ടാക്കിയിട്ട് വേണോ ഇനിയിവിടെ കഞ്ഞി കുടിക്കാൻ.. അല്ലെങ്കിൽ തന്നെ ഓഫീസിൽ നിന്ന് വന്നിട്ട് ആർക്കു വേണ്ടിയാണ് കണ്ണിൽ കണ്ടതൊക്കെ മുറ്റത്ത് നനച്ചുണ്ടാക്കുന്നത്?. പുറത്ത് നിന്ന് വാങ്ങിക്കാൻ കിട്ടാത്ത സാധനനങ്ങളൊന്നുമല്ലല്ലോ.?ഇനി മേധയോടെന്ത് പറയും.?.നീയിത് മനഃപൂർവ്വം വീണതാണെന്നാ എനിക്കു തോന്നുന്നത്. അല്ലെങ്കിൽ ഇങ്ങനെയുണ്ടോ..വിരമിച്ച ദിവസം തന്നെയൊരു വീഴ്‌ച. എല്ലാം നീ നേരത്തെ കണക്കു കൂട്ടി വെച്ചിരുന്നതാണ് ”! ആശാലത അസാധാരണമായ വിധത്തിൽ മൗനം പാലിച്ചു. വർഷങ്ങളുടെ പരിശീലനം കൊണ്ട് നേടിയെടുത്ത അപൂർവ സിദ്ധിയായിരുന്നു അത്. “ഒരക്ഷരം മിണ്ടില്ലല്ലോ പിന്നെ .. എന്ത്‌ പറഞ്ഞാലും മൂങ്ങയെപ്പോലിങ്ങനെ ഇരുന്നോളും”എന്ന് ശിവദാസൻ കനത്തു വന്ന ഈർഷ്യയോടെ തോൽവി സമ്മതിക്കുകയായിരുന്നു. ഫോണിലൂടെ കുഞ്ഞുണ്ണിയുടെ മുറുമുറുപ്പും മുഷിച്ചിലും കണ്ടപ്പോൾ ആശാലതയക്ക് അദ്‌ഭുതമൊന്നും തോന്നിയതേയില്ല. അവനിങ്ങനെ ആയില്ലെങ്കിലേയുള്ളു എന്നോർത്തു, അവർ മനസ്സിൽ..
“അമ്മ ഇങ്ങനെ വെറുതേ ഇരുന്നിട്ടാണ് ഈ ബോറടിയൊക്കെ.. സമയം കളയാൻ ക്രീയേറ്റീവായി എന്തെങ്കിലുമൊക്കെ ചെയ്തു നോക്കൂ. അമ്മ പണ്ട് എഴുതുമായിരുന്നില്ലേ. പേനയും പുസ്തകവുമൊന്നും വേണ്ടല്ലോ ഇപ്പോൾ .. ഫോണിൽ ടൈപ്പ് ചെയ്യാമല്ലോ..കവിതയോ. കഥയോ ഓർമ്മകുറിപ്പോ അങ്ങനെ എന്തെങ്കിലുമൊക്കെ എഴുതൂ..അതുമല്ലെങ്കിൽ അമ്മ ഹാൻറ് എംബ്രോയ്ഡറി ചെയ്യുമായിരുന്നില്ലേ. പണ്ട് എന്റെ വൈറ്റ് കർച്ചീഫിലൊക്കെ അമ്മ എംബ്രോയ്ഡറി ചെയ്യാറുണ്ടായിരുന്നല്ലോ..അതൊക്കെ ഒന്ന് പൊടി തട്ടിയെടുക്കൂ.” കുഞ്ഞുണ്ണി ഫോണിലൂടെ നിർദേശങ്ങൾ നൽകി കൊണ്ടേയിരുന്നു.ആശാലത മൗനം തുടർന്നു. അതിനേക്കാളുപരി മറിച്ചെന്തെങ്കിലും പറയാൻ കുഞ്ഞുണ്ണിയുടെ സംസാരത്തിൽ ഇടവേളകൾ ഇല്ലായിരുന്നു എന്നതായിരുന്നു വാസ്തവം. ഒന്നോർത്താൽ ആശയ്ക്കൊന്നും പറയണമെന്നും ഉണ്ടായിരുന്നില്ല. മകന്റെ ശബ്ദം കേൾക്കുക, ഫോൺ സ്ക്രീനിലൂടെയെങ്കിലും അവനെയൊന്ന് കാണുക, അത്രയേ ആശയ്ക്ക് വേണ്ടിയിരുന്നുള്ളൂ. ആശാലതയുടെ മൗനം കുഞ്ഞുണ്ണിയ്ക്ക് അസഹ്യമായി അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ “അച്ഛൻ പറയുന്നത് ശരിയാണ്.എന്ത് കേട്ടാലും ഇങ്ങനെയിരുന്നോളും. മറുത്തൊരക്ഷരം മിണ്ടില്ല.. വല്ലാത്ത ഇറിട്ടേഷനാണിത് .. അമ്മയെന്തെങ്കിലുമൊന്ന് പറയു.. എന്താ മിണ്ടാത്തത്”എന്ന് അവൻ അസ്വസ്ഥനായി. ആശാലതയ്ക്ക് ചിരി വന്നു. “നീ നിന്റച്ഛനെ പോലെയാകുന്നത് നോക്കിയിരിക്കുകയാണ് ഞാൻ” എന്ന് തണുത്ത മൂർച്ചയുള്ള ശബ്ദത്തിൽ അവർ പറഞ്ഞു. “എനിക്കു മനസ്സിലാവില്ല ചില നേരത്ത് അമ്മയുടെ അർത്ഥം വച്ചുള്ള വാക്കുകൾ” എന്ന് പറഞ്ഞ് കുഞ്ഞുണ്ണി പിന്നെ അച്ഛനെ പറ്റിയായി സംസാരം... “അച്ഛനെവിടെ.. ഷോപ്പിൽ നിന്ന് തിരിച്ചു വന്നോ..?പാവം ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ടാകുമല്ലേ” എന്നവനിൽ സഹതാപം വഴിഞ്ഞൊഴുകി..
“അഡ്ജസ്റ്റ്മെന്റ്..! അഡ്ജസ്റ്റ്മെന്റ്”... ആശാലത ആ വാക്ക് വെറുതേ മനസ്സിലുരുവിട്ടു നോക്കുകയും അവരറിയാതെ പുളിച്ച ഗന്ധമുള്ള ഒരു പരിഹാസം ചുണ്ടുകളിൽ പടരുകയും ചെയ്തു.ശിവദാസനെ സംബന്ധിച്ച് രുചിയുള്ള ഭക്ഷണം, അലക്കി തേച്ചു വടിപോലെയാക്കിയ ഷർട്ടും മുണ്ടും- ഈ രണ്ടു കാര്യങ്ങളിൽ മാത്രമായിരുന്നു ആശയുടെ വീഴ്ച മൂലം വിട്ടുവീഴ്ചകൾ വേണ്ടി വന്നത്.
“അച്ഛനെന്ത് അഡ്ജസ്റ്റ്മെന്റ്. ഒരു ബുദ്ധിമുട്ടുമില്ല. സിസിലി വച്ചുണ്ടാക്കുന്നതൊക്കെ നന്നായി കഴിക്കുന്നുണ്ട്.. വീട് തൂത്ത് തുടക്കാനുമില്ല. അതും സിസിലി ചെയ്യുന്നുണ്ട് . അച്ഛന്റെ കാര്യത്തിലവൾക്ക് ഒരു പ്രത്യേക ശ്രദ്ധ തന്നെയുണ്ട്”. എന്ന് പറയുമ്പോൾ പുറത്തേക്ക് പൊട്ടി തുടങ്ങിയ ചിരിയെ ഉള്ളിലമർത്തിയൊതുക്കാൻ ആശ പാടുപെടുകയായിരുന്നു.
“ടിപ്പിക്കൽ കുശുമ്പത്തി തന്നെ ” എന്ന് കുഞ്ഞുണ്ണിയതിനെ കളിയാക്കിയപ്പോൾ “പിന്നേ പിന്നേ ..ആ കാലമൊക്കെ എന്നേ കഴിഞ്ഞു പോയി” എന്ന് ആശ ഒരു നെടുവീർപ്പായി..
സത്യം പറയാമല്ലോ,ആശ വീണു പോയതോടെ ആ വീടിന്റെ ആത്മാവ് കെട്ടു പോകുകയായിരുന്നു.തൂവെള്ള ഭിത്തികളിൽ ഇരുൾ പടർന്നു.കോണുകളിൽ എട്ടുകാലികൾ വല നെയ്തു. ജാലകക്കമ്പികളിൽ വേട്ടാളൻ കൂടു കൂട്ടി. പല്ലികളും പാറ്റകളും സ്വൈര്യവിഹാരം നടത്തി.മുറ്റത്ത് വിരിച്ച കടപ്പ കല്ലുകൾക്കിടയിലൂടെ കറുകയും മുത്തങ്ങയും തലനീട്ടി. അച്ചടക്കത്തോടെ വളർന്ന ചെടികൾ ചോദിക്കാനാരുമില്ലെന്ന ധൈര്യത്തിൽ തോന്നിയതുപോലെ ചില്ലകൾ നീട്ടി. പൂച്ചട്ടികൾ വെള്ളമില്ലാതെ വരണ്ടു. പൂക്കൾ വാടി, കൊഴിഞ്ഞു വീണു. കരിയിലകൾ കാറ്റിൻ നടുവിൽ നൃത്തം ചെയ്തു. ആർച്ചു പോലെ പടർത്തിയിരുന്ന കാറ്റ്സ് ക്ലോയുടെ വള്ളികൾ കരിനാഗങ്ങളെ പോലെ തൂങ്ങി കിടന്നു. കടുത്ത ശോകം എപ്പോഴും ആ വീടിനെ ചുറ്റി നിന്നു. അർഗോസാകട്ടെ ഒന്നും കഴിക്കാതായി..അവന് വിശപ്പുമില്ല ദാഹവുമില്ല. ഏത് നേരവും ഒരു ചുവരിനപ്പുറം വളർത്തമ്മയുടെ ശ്വാസ നിശ്വാസങ്ങൾക്ക് ചെവിയോർത്ത് ആശാലതയുടെ മുറിയുടെ പുറത്ത് ജാലകത്തിനോട് ചേർന്ന് വിരിച്ച വെള്ളാരം കല്ലുകളിൽ മുഖം പൂഴ്ത്തി അവൻ കിടന്നു.ഇടയ്ക്ക് “അർഗോസ്..”എന്ന് ആശാലതയുടെ ശബ്ദം കേൾക്കുമ്പോൾ ഞെട്ടിയുണർന്ന് ജാലകയഴികൾക്കിടയിലൂടെ എത്തി നോക്കും.ശിവദാസൻ ഉള്ളപ്പോഴൊന്നും അവന് വീടിനകത്തേക്ക് പ്രവേശനമില്ല. അയാളുടെ സാന്നിധ്യത്തിൽ സദാ ജാഗരൂകാനായി അവൻ വെറുമൊരു കാവൽക്കാരൻ മാത്രമാകും.. അയാൾ പുറത്തേക്കിറങ്ങുന്ന ഞൊടിയിൽ ആശാലതയുടെ മുറിക്കുള്ളിലേക്കോടിയെത്തും..അവരുടെ കാൽവെള്ളയിൽ നക്കികൊണ്ടേയിരിക്കും..അപ്പോൾ ആശയ്ക്ക് കരച്ചിൽ വരും ..പിടിച്ചു വെച്ചതെല്ലാം പുറത്തേക്ക് നിർബാധമൊഴുകും. കരുണയോടെയുള്ള ഒരു തലോടൽ, ഒരു സ്പർശം -ആശ അതിന് വേണ്ടി ദാഹിച്ചിരുന്നു.
പോയ വർഷം , വിരല് വെച്ചാൽ മുറിഞ്ഞു പോകുന്ന മഴയുള്ളൊരു ദിവസമാണ് അർഗോസ് ‘ആരാമം’ എന്ന് നെയിം ബോർഡ് പതിപ്പിച്ച ഗേറ്റിനു വിടവിലൂടെ നൂണ്ട് കയറി വന്നത്. മഴയിൽ നനഞ്ഞ് വിറച്ച് അവൻ നിന്നു. ആശാലത ഓടിവന്നവനെ കൈകളിൽ കോരിയെടുത്തു. ദേഹം തുടച്ചുകൊടുത്തു . ഇളം ചൂടുപാൽ നൽകി. “അർഗോസ്” എന്ന് പേരിട്ടു.ഒരു കട്ടിയുള്ള പുതപ്പ് വിരിച്ച് അടുക്കളയ്ക്കും ഡൈനിങ് ഏരിയയ്ക്കുമിടയിലെ ഇടനാഴിയിൽ കിടത്തി..കുഞ്ഞു കൈകൾ മുന്നോട്ട് നീട്ടി അതിനിടയിൽ പുതപ്പിലേക്ക് മുഖമമർത്തി അവൻ ആശാലതയെ നോക്കി കിടന്നു. “നാശം എടുത്ത് കളയൂ അതിനെ.. വീടിന് പുറത്ത് മതി ഈ വക പുന്നാരിക്കലൊക്കെ”എന്ന് ശിവദാസൻ അറപ്പോടെ അവനെ നോക്കി. ആശാലത അതിനൊരുക്കമല്ല എന്ന് കണ്ടതോടെ, ഒരിക്കൽ ആശ ഓഫീസിലായിരുന്ന സമയത്ത്,അയാൾ തന്നെ അവനെയെടുത്ത് അഴുക്കു ചാലിൽ കൊണ്ടിട്ടു.എങ്ങോട്ട് പോകണമെന്നറിയാതെ സ്‌ലാബുകൾ കൊണ്ട് മൂടിയിട്ടില്ലാത്ത,മണ്ണടിഞ്ഞ് വെള്ളമൊഴുകാത്ത, മഴവെള്ളം കെട്ടികിടക്കുന്ന ആ അഴുക്കു ചാലിൽ അവൻ മരവിച്ചിരുന്നു. ദയനീയമായി നിലവിളിച്ചു. പിന്നെ പിടിച്ചു കയറാൻ നോക്കി,പരാജയപ്പെട്ടുരുണ്ടു വീണ് ദേഹത്ത് പരിക്കു പറ്റി.വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയ ആശ,, അർഗോസിനെ കാണാതെ തിരഞ്ഞു നടന്നു.. അവനില്ലെങ്കിൽ ഈ വീട്ടിലിനി അടുപ്പ് പുകയില്ലെന്ന് ആദ്യമായി അവർ സമരത്തിനിറങ്ങിയത് അന്നാണ്.. കൊണ്ട് പോയ്‌ കളഞ്ഞയാൾ തന്നെ അവനെ തിരിച്ചു കൊണ്ടുവരികയായിരുന്നു... പക്ഷേ അടുപ്പ് പുകയില്ലെന്ന സമരത്തിന് ഇനിയൊരിക്കലുമാ വീട്ടിൽ യാതൊരു പ്രസക്തിയുമുണ്ടാകില്ല. ആശാലതയില്ലെങ്കിലും വീട്ടിലിപ്പോൾ അടുപ്പ് പുകഞ്ഞുകൊണ്ടേയിരിക്കുകയാണ്..
ആദ്യമൊക്കെ പുറത്ത് നിന്ന് ഓർഡർചെയ്ത് വരുത്തിക്കുകയായിരുന്നു. സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും ‘ഡെലിവറി ബോയ്സ്’ ‘ആരാമത്തിലെ’ നിത്യസന്ദർശകരായി.പിന്നെ പിന്നെ, -കിടന്ന കിടപ്പിൽ ആശ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് -അറിയാവുന്ന വിധത്തിലൊക്കെ-ആശയുണ്ടാക്കുന്നയത്ര രുചിയൊന്നുമില്ലെങ്കിൽ പോലും- ശിവദാസൻ ആഹാരമുണ്ടാക്കാൻ ശ്രമിച്ചു. ആഹാരം പാകം ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ട് വീട് വൃത്തിയായി സൂക്ഷിക്കുന്നതിനായിരുന്നു. വാസ്തവത്തിൽ ,നിലം തുടക്കുമ്പോൾ, നനഞ്ഞ പ്രതലത്തിൽ പറ്റിപ്പിടിക്കുന്ന ആശയുടെ കൊഴിഞ്ഞുപോയ മുടിയിഴകൾ മോപ്പ് കൊണ്ട് തുടച്ചിട്ടും തുടച്ചിട്ടും പോകാതെ വരുമ്പോൾ “നാശം നാശം ” എന്ന് ശിവദാസൻ പ്രാകുന്നത് കേട്ട് ഹൃദയം നുറുങ്ങി,സഹിക്കാനാവാതെയാണ്,സഹപ്രവർത്തക ഗീതാ സുധാകരന്റെ പരിചയത്തിലുള്ള ഒരു വീട്ടുജോലിക്കാരിയെ ആശ സംഘടിപ്പിച്ചത്.ആശയുടെ പരിചരണമായിരുന്നു ഗീതാ സുധാകരൻ പറഞ്ഞേൽപ്പിച്ച പ്രാഥമിക ചുമതലയെങ്കിലും സിസിലിയ്ക്ക് താല്പര്യം ശിവദാസന് വേണ്ടതൊക്കെ പാകം ചെയ്ത് കൊടുക്കുന്നതിലായിരുന്നു.ഓരോ ദിവസവും ഓരോ പുതിയ വിഭവങ്ങൾ പരീക്ഷിച്ച്, ശിവദാസന്റെ പ്രതികരണമെന്തെന്നറിയാൻ ഡൈനിങ് ഏരിയയിൽ ചുവരും ചാരി ഒട്ടൊരു നാണത്തോടെ തലകുനിച്ച് സിസിലി കാത്തു നിന്നു. “നന്നായിട്ടുണ്ട്”എന്ന് ഒരു ചെറുപുഞ്ചിരിയോടെ ശിവദാസൻ പറയുമ്പോൾ സിസിലിയുടെ മുഖം തക്കാളി പോലെ ചുവന്നു തുടുത്തു..അതോർത്ത് ആശാലത ഊറിയൂറി ചിരിച്ചു...ചിരിച്ചു ചിരിച്ച് അടിവയർ പൊട്ടുമെന്നായി..
“എന്താ അമ്മേ ചിരിക്കുന്നത്. പറയൂ.. എന്തിനാ ചിരിക്കുന്നത്”എന്ന് കുഞ്ഞുണ്ണിയുടെ ജിജ്ഞാസ കലർന്ന ചോദ്യത്തിന്‌ “ഒന്നുമില്ല ഒന്നുമില്ല” എന്നൊരുഴുക്കൻ മറുപടി പറഞ്ഞ് –“ പരീക്ഷ കഴിഞ്ഞാൽ നീ വരില്ലേ?” എന്ന് ഒരിക്കൽക്കൂടി ആശ, അവനോട് ചോദിച്ചു. “ഉറപ്പൊന്നുമില്ലമ്മേ.. ഞങ്ങൾ പോണ്ടിച്ചിരിയിലേക്ക് ഒരു യാത്ര പോകുന്നു.. മുൻകൂട്ടി തീരുമാനിച്ചതാണ്, അതും കഴിഞ്ഞേ വീട്ടിലേക്ക് വരുന്നുണ്ടാവുകയുള്ളൂ,അമ്മയെ ഞാൻ വീഡിയോ കോളിലൂടെ കാണുന്നുണ്ടല്ലോ, അല്ലെങ്കിൽ തന്നെ വന്നിട്ടെന്താണ്,. സിസിലി ഉണ്ടാക്കുന്നതിനേക്കാൾ ഭേദമായിരിക്കും മെസ്സിലെ ചേച്ചിമാരുണ്ടാക്കുന്ന മോരു കാച്ചിയതുമച്ചാറും ,അമ്മേ ദേ ഇടി മിന്നലുണ്ട്, ഞാൻ പിന്നെ വിളിക്കാമെന്നും”പറഞ്ഞ് അമ്മയുടെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ കോൾ ഡിസ്‌ക്കണകട് ചെയ്ത് പോകുകയായിരുന്നു കുഞ്ഞുണ്ണിയാ രാത്രി ...പൊടുന്നനെ, സാന്ദ്രമായ ഒരേകാന്തത പിന്നെയും തന്നെ വന്നു പൊതിയുന്നതായി ആശയ്ക്ക് തോന്നി. ‘ഇത്രയെങ്കിലും അവൻ സംസാരിച്ചല്ലോ, ഇതുപോലും പതിവുള്ളതല്ലല്ലോ’ എന്ന് സ്വയം സമാധാനിച്ച്, ജാലകത്തിനപ്പുറം കൂർപ്പിച്ചു പിടിച്ച ചെവിതുമ്പു കണ്ട് “അർഗോസേ, ഇനി നീയും കിടന്നോ..ഞാൻ ദാ കിടക്കുകയായി” എന്ന് പറഞ്ഞ് തലയിണയിലേക്ക് ചാഞ്ഞു പിന്നെ, ആശാലത.
പിറ്റേന്ന് കാലത്ത് ഗ്രീൻ ടീയുമായി സിസിലി വന്നു വിളിക്കുമ്പോഴും ആശ, കണ്ണുകൾ തുറന്ന് പിടിച്ച്, വലതു കൈയിൽ ഫോണുമായി അതേ ഇരിപ്പു തുടരുകയായിരുന്നു.. ‘ഇതെന്തൊരു ഇരിപ്പാണ് ആശ ചേച്ചീ, ദാ ചൂടാറാതെ ഇത്‌ കുടിക്കൂ’ എന്ന് പറഞ്ഞ് ഒന്ന് തൊട്ടതേയുള്ളു, ആശാലത മറിഞ്ഞു വീണു. സിസിലിയിൽ നിന്നും പ്രാകൃതമായ ഒരു നിലവിളി പുറത്തേക്ക് വന്നു . എന്നേക്കുമായി ആശാലതയുടെ ഹൃദയം സ്തംഭിച്ചു പോയിരുന്നു. ഹോസ്റ്റലിൽ നിന്നോടിയെത്തിയ കുഞ്ഞുണ്ണി അമ്മയെ കിടത്തിയിരിക്കുന്നത് കണ്ടു-ഇന്നലെ രാത്രി ഫോൺ സ്ക്രീനിലൂടെ കണ്ടതിൽ നിന്ന് ഒരു മാറ്റവുമില്ല, അമ്മ തടിച്ചിരിക്കുന്നു, അമ്മയുടെ മുടി കൊഴിഞ്ഞുപോയിരിക്കുന്നു,നല്ല നീളമുണ്ടായിരുന്ന അമ്മയ്ക്കിപ്പോൾ നീളം കുറഞ്ഞത് പോലെ, മാക്സിയല്ല, എന്നത്തേയും പോലെ സാരിയുടുത്തിരിക്കുന്നു.പക്ഷേ ആ ഹൃദയം, ഇനിയത് സ്പന്ദിക്കുകയില്ല.. അവൻ അച്ഛനെ തിരഞ്ഞു. തലയിൽ തോർത്തുമുണ്ട് ചുറ്റി നീളൻ വരാന്തയിലെ കരിങ്കൽ തൂണിൽ അയാൾ ചാരിയിരുന്നു. കുഞ്ഞുണ്ണിയെ കണ്ട് അർഗോസ് അവനടുത്തേക്ക് വരികയും കഠിനമായ വ്യസനത്താൽ അവന്റെ കാൽപാദങ്ങൾക്കിടയിൽ തല പൂഴ്ത്തുകയും ചെയ്തു... അഗ്നിയായി,ആശ വായുവിൽ ലയിച്ച നിമിഷം തെക്കു പടിഞ്ഞാറേ കോണിൽ പുളിമാവിന്റെ ചുവട്ടിൽ ചിതയെരിഞ്ഞയിടത്ത് മുഖം മണ്ണോടു ചേർത്ത് ഒരു നിമിഷം നിന്ന്, പിന്നെയർഗോസ് ആരോടും യാത്ര ചോദിക്കാതെ പടികടന്നു പോകുകയായിരുന്നു.. ആരുമവൻ അപ്രത്യക്ഷനാകുന്നത് കണ്ടത് പോലുമില്ല. രാത്രി കെടാവിളക്ക് തെളിച്ചു വച്ച അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ കുഞ്ഞുണ്ണിക്ക് ഒരിക്കൽ കൂടി അമ്മയെ നേരിൽ കാണണമെന്നും ഒരിക്കൽകൂടിയൊന്ന് അമ്മയെ കെട്ടിപ്പിടിക്കണമെന്നും ഇങ്ങനെയൊന്നുമായിരുന്നില്ല അമ്മയെ സ്നേഹിക്കേണ്ടിയിരുന്നതെന്നും തോന്നിപ്പോയി.. വീഡിയോ കോളിൽ കരഞ്ഞു കൊണ്ടിരുന്ന മേധയോട് “നാളെ ആരൊക്കെ എന്തൊക്കെയായി തീരുമെന്ന് ആർക്കറിയാം. അതുകൊണ്ട് ഈ നിമിഷം, ജീവിച്ചിരിക്കുന്ന ഈ നിമിഷം പ്രകടിപ്പിക്കേണ്ട സ്നേഹങ്ങളൊക്കെ പ്രകടിപ്പിച്ചു തന്നെയാവണം.. കാലം ആർക്കുവേണ്ടിയും കാത്തു നിൽക്കുകയില്ല” എന്ന് പറയാൻ വന്ന് വാക്കില്ലാതെ സ്ഥബ്ധനായി നിൽക്കുവാനേ കുഞ്ഞുണ്ണിക്ക് കഴിഞ്ഞുള്ളു..
പിന്നെയൊരു ഏഴാം ദിവസം രാത്രി, “അവൾക്കിത് സർവീസിലിരുന്നാണ് സംഭവിച്ചിരുന്നതെങ്കിൽ ആ ജോലി കൂടി നിനക്ക് കിട്ടിയേനെ” എന്ന് ശിവദാസൻ പറഞ്ഞത് കേട്ട് സകല സഹനസീമയും കടന്ന് ഇരമ്പി വന്ന ക്രോധത്താൽ കുഞ്ഞുണ്ണി ചവിട്ടി കുത്തി എഴുന്നേറ്റ് പോകുകയായിരുന്നു. പതിനെട്ടാം പട്ട തെങ്ങിന് ചുവട്ടിൽ കുഴിച്ചിട്ട മൺ കുടത്തിൽ നിന്നപ്പോൾ ആശാലതയുടെ അസ്ഥി നുറുങ്ങുന്ന ശബ്ദം നരച്ച രാത്രിയിലേക്ക് പ്രതിധ്വനിച്ചത് ആരും കേട്ടത് പോലുമില്ല.... 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക