
നീണ്ടുപോകുന്ന ഏകാന്തവഴിയിലൂടെ അലഞ്ഞു നടക്കുകയായിരുന്നു.
കാറ്റുവീശിയ ദീർഘമായ ഒരു അപരാഹ്നം. ആകാശം നിറയെ അസാധാരണമായ മൗനമായിരുന്നു. കുറച്ചുദൂരം നടന്നപ്പോൾ ഒരു
വഴിത്തിരിവിൽ, ബുദ്ധപ്പച്ചകൾ പടർന്ന ഓർമകളുടെ ഗ്രന്ഥശാല കണ്ടു...
പുസ്തകങ്ങൾ നിറഞ്ഞ അലമാരകൾക്കിടയിൽ ധ്യാനനിരതയായി ഞാൻ നിന്നു.
ഗ്രന്ഥങ്ങളുടെ സ്വർണ്ണത്താളുകൾ രഹസ്യങ്ങൾ മന്ത്രിച്ചു. ഓരോ പുസ്തകവും പ്രിയപ്പെട്ട ഒരു ഓർമയെ പ്രതിനിധീകരിക്കുന്നു.
പുസ്തകങ്ങളെല്ലാം ജീവനോടെ പ്രകാശിക്കാൻ തുടങ്ങി.
ഗ്രന്ഥശാല സസ്യസമൃദ്ധമായ പൂന്തോട്ടത്തിൻ്റെ ഭാഗമായിരുന്നു .
ഉദ്യാനത്തിൽ പ്രിയപ്പെട്ട മുഖങ്ങൾ പൂക്കൾ പോലെ വിരിഞ്ഞു.
അമ്മയുടെ മൃദുവായ സ്പർശം , സ്നേഹിതയുടെ പുഞ്ചിരി,
ആത്മാവിനെ തൊടുന്ന എൻ്റെ ജീവിതപങ്കാളിയുടെ നോട്ടം.
പൂത്തു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ
ഞങ്ങൾ കൈകോർത്തു നടന്നു.
അന്തരീക്ഷത്തിൽ ഓർമകളുടെ സുഗന്ധം .
കഥകളുടെ നദി പൂന്തോട്ടത്തിലൂടെ ഒഴുകുന്നു. അതിൽ കഥകൾ മന്ത്രിക്കുന്നു.
ഞാൻ നദീപ്രവാഹത്തിൽ വിരലുകൾ തൊട്ടു. കഥകൾ വികസിക്കാൻ തുടങ്ങി.
പുരാണകഥകൾ, ധീരരായ നായകരുടെ സാഹസങ്ങൾ, നായികമാരുടെ നിഗൂഢ ജീവിതങ്ങൾ, പ്രണയത്തിൻ്റെയും നഷ്ടത്തിൻ്റെയും ഏകാന്തതയുടെയും കാലാതീതമായ ക്ലാസിക്കുകൾ..
നദി മാഞ്ഞുപോയപ്പോൾ , ശാന്തമായ ഒരു പുൽമേട്ടിൽ ഞാൻ എന്നെത്തന്നെ കണ്ടെത്തി.
മൃദുവായ ചെടികൾ എൻ്റെ പാദങ്ങളെ തഴുകി.
ചെറിയ കാട്ടുപൂക്കൾ എന്നോട് ഇണങ്ങി.
എൻ്റെ ആന്തരിക ലോകത്തെ പ്രതിഫലിപ്പിക്കുന്ന നിറങ്ങളുടെ ഒരു
ക്യാൻവാസായി ആകാശം രൂപാന്തരപ്പെട്ടു.
ശാന്തമായ ഈ സങ്കേതത്തിൽ, ആശങ്കകൾ പ്രഭാതത്തിലെ മഞ്ഞുപോലെ അലിയുന്നു.
എൻ്റെ ഹൃദയം നിറഞ്ഞു.
എന്നെ രൂപപ്പെടുത്തിയ മനുഷ്യർക്കും ഓർമകൾക്കും കഥകൾക്കും നന്ദി.
പുൽമേടിൻ്റെ മധ്യത്തിൽ താപസനായ ഒരു വൃക്ഷം. ജ്ഞാനവൃക്ഷമെന്ന്
ഞാൻ മന്ത്രിച്ചു. വൃക്ഷജീവിതത്തെ
സ്പർശിച്ചുകൊണ്ട് ആന്തരികമായ സമാധാനത്തിലും പ്രശാന്തതയിലും ഞാൻ കണ്ണടച്ചുനിന്നു.