Image

അമ്മമാർ കാത്തിരിക്കുന്നു… (കഥ : തങ്കച്ചൻ പതിയാമൂല)

Published on 26 October, 2024
അമ്മമാർ കാത്തിരിക്കുന്നു… (കഥ : തങ്കച്ചൻ പതിയാമൂല)

1.
അമേരിക്കയിലെ ചിക്കാഗോയിൽ അഞ്ചാം നില അപ്പാർട്ട്മെന്റിൽ അമ്മ ഉണർന്നപ്പോഴേക്കും മകൻ കാറുമായി പുറത്തേക്ക് പോയിക്കഴിഞ്ഞിരുന്നു.

ഇന്ന് അവന്റെ പതിനെട്ടാം ജന്മദിനമാണ്. അവന് ഇഷ്ടപ്പെട്ട ബർത്ത്ഡേ ഐസ്കേക്കുമായി അമ്മ കാത്തിരുന്നു.

അർദ്ധരാത്രിയോടെ അവൻ തിരികെ എത്തി. കൂട്ടുകാരിയോടൊപ്പം.

 

“മോനെ നീ എന്താണ് രാവിലെ പറയാതെ പോയത്?”

“അമ്മയ്ക്ക് അറിയില്ലേ, ഇന്ന് എനിക്ക് 18 വയസ്സായി. ഇനി ഞാൻ പറയേണ്ട കാര്യമില്ല.”

അവൻ ചിരിച്ചുകൊണ്ട്  അവളോടൊപ്പം മുറിയിലേക്ക് കയറിപ്പോയി.

ഫ്രീസറിൽ ഇരുന്ന ഐസ് കേക്ക് ഒട്ടും ഉരുകിയില്ലെങ്കിലും അമ്മയുടെ മനസ് ഉരുകാൻ തുടങ്ങിയിരുന്നു…

2.
ഉക്രൈനിലെ അൻട്രുഹാ എന്ന ഒറ്റപ്പെട്ട ഗ്രാമത്തിലിരുന്ന് അമ്മ തന്റെ മകനെ ചേർത്തുപിടിച്ച് കരയുന്നു.  വീണ്ടും വീണ്ടും തഴുകി കരഞ്ഞു കൊണ്ടിരിക്കുന്നു.

കാരണം ഇന്ന് നേരം വെളുക്കുമ്പോൾ മകന് 18 വയസ്സ് പൂർത്തിയാവുകയാണ്. നിർബന്ധിത സൈനിക സേവനത്തിനായി മകൻ പുറപ്പെടേണ്ട ദിവസം!

ദിവസവും രാജ്യം യുദ്ധ ദുരന്തങ്ങളിൽ മുങ്ങുമ്പോൾ എത്രയും വേഗം യുദ്ധം അവസാനിക്കണേ എന്നവർ ആശിച്ചു കൊണ്ടിരുന്നു.

ഒന്നര വർഷത്തിലേറെ യുദ്ധം നീണ്ടു പോയപ്പോൾ,  മകനെ 18 വയസ്സ് ആവല്ലേ എന്നവർ മോഹിച്ചു!

മകന് പതിനെട്ടു വയസ്സ് പൂർത്തിയാകുന്ന
ഇന്ന്, നേരം വെളുക്കല്ലേ എന്നവർ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു…

3.
കേരളത്തിലെ ഒരു നഗരത്തിലെ ബൈക്കിന്റെ ഷോറൂമിൽ അമ്മ ഇരിക്കുന്നു.

ഇന്ന് മകന്റെ പതിനെട്ടാം ജന്മദിനമാണ്. ‘ബർത്ത്ഡേ ഗിഫ്റ്റ്’ ആയി അവൻ ആവശ്യപ്പെട്ടത് മുന്തിയ ഇനം ബൈക്കാണ്.

വലിയ വാക്കുതർക്കങ്ങൾക്കും   മകന്റെ ആത്മഹത്യാ ഭീഷണികൾക്കും ശേഷം ബൈക്ക് വാങ്ങിക്കൊടുക്കുവാനായി ഷോറൂമിൽ എത്തിയതാണ് അമ്മ.

‘ട്രയൽ റണ്ണിനായി’ ഷോറൂമിൽ നിന്നും പുതിയ ബൈക്കുമായി അവൻ പുറത്തേക്ക് പോയിരിക്കുന്നു. സമയം ഏറെയായിട്ടും അവനെ കാണുന്നില്ല. ഷോറൂം ജീവനക്കാരും ഒന്നും പറയുന്നില്ല.

ചങ്കിടിപ്പോടെയുള്ള അമ്മയുടെ കാത്തിരിപ്പ് തുടരുന്നു. “മോനേ”, “മോനേ” എന്ന് ആ അമ്മ മനസ്സുരുകി വിളിച്ചു കൊണ്ടിരിക്കുന്നു…

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക