Image

മറുതീരം തേടുന്നവർ (ഇമലയാളി കഥാമത്സരം 2024: രമ്യ രതീഷ്)

Published on 25 October, 2024
മറുതീരം തേടുന്നവർ (ഇമലയാളി കഥാമത്സരം 2024: രമ്യ രതീഷ്)

ഇളം കാറ്റേറ്റ് ബാൽക്കണിയിലിരുന്ന് മനോരാജ്യം കാണുന്നതിനിടയിലാണ്  ഈണത്തിലുള്ള നാടൻ പാട്ടിന്റെ വരികൾ കാതിൽ വന്നലച്ചത്. ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകളിൽ നിന്നുമൊക്കെ വേറിട്ട് ഗ്രാമത്തിന്റെ സുഗന്ധമുള്ള ആ ശബ്ദമാണ് എന്നെ അവിടെ നിന്നും എഴുന്നേൽക്കാൻ പ്രേരിപ്പിച്ചതു തന്നെ. ഒന്നൊന്നര മണിക്കൂറായി ആ ഇരിപ്പു തുടങ്ങിയിട്ട്.  ഇടയ്ക്ക് ഒന്നുരണ്ട് തവണ എഴുന്നേൽക്കാൻ തോന്നിയതാണ്. പക്ഷെ ആ ഇരിപ്പിന്റെ സുഖം നഷ്ടപ്പെടുമല്ലോ എന്നോർത്തപ്പോൾ അവിടെത്തന്നെ ഇരിപ്പുറപ്പിക്കുകയായിരുന്നു . അപ്പോഴാണ്  ആ മധുരശബ്ദം! പണ്ടേ നാടൻപാട്ട് എന്റെ വീക്ക്നസാണ്.

   

"മുക്കുത്തിയണിഞ്ഞ പെണ്ണാളേ....

വൈക്കം കായലിൽ തോണി തുഴഞ്ഞു പോയോളെ..

പാടത്തെ പുഞ്ച കൊയ്യാൻ വന്നവളേ...

വാ കൊണ്ട് ഉരിയാടാതെ ..കണ്ണുകൊണ്ട് മൊഴിഞ്ഞപെണ്ണേ..

കന്നി പെണ്ണേ ..., കനിമൊഴിയേ..

ആയിരം താറാവിൻനിലവിളിയും എന്റെ മനസ്സിന്റെ മേളവും

നീ കേട്ടോ.... നീ കേട്ടില്ലേ എന്റെ താറാപറ്റം പോലെ ചെതറുന്നേ ഞാന്‍..

മുക്കുത്തിയണിഞ്ഞ പെണ്ണാളേ.... "


        ഇതേ വരികൾ അതേ ഈണത്തിൽ ആരോ പാടി കേട്ടതായി ഓർക്കുന്നു. ശ്ശോ,ആരാണപ്പാ..!  പെൻസിൽ കൊണ്ട് മുടിയിഴകളിൽ കുത്തി ചൊറിയുമ്പോൾ ഓർമ്മ വന്നു നാണിയമ്മയെ, നാട്ടാരുടെ നാണിത്തള്ളയെ. കഴിഞ്ഞ കുറി  നാട്ടിൽ പോയപ്പോ കണ്ടിട്ടുണ്ട് മുഷിഞ്ഞൊരു തോർത്തുമുണ്ടും, അയഞ്ഞ ബ്ലൗസും ധരിച്ച്, നെറ്റി നിറയെ ഭസ്മവും പൂശി, എണ്ണമയമില്ലാത്ത വെളുത്ത മുടിയിഴകളെ ചാക്കു നൂലുകൊണ്ട് നിറുകയിൽ ഉണ്ടകെട്ടി ,വലതുകൈയിലൊരു വടിയും, ഇടതു തോളിലൊരു ഭാണ്ഡവുമായി  പ്രാഞ്ചി പ്രാഞ്ചി... ഈണത്തിലൊരു നാട്ടി പാട്ടുമായി വരുന്ന നാണിയമ്മയെ. ആ ശബ്ദമാധുര്യത്തെ കാണാൻ ഗേറ്റിലേക്ക് ഓടുന്നതിനിടയിൽ പിറകിൽ നിന്നും അമ്മ വിളിച്ചു പറയുന്നതു കേട്ടു . "ഗേറ്റൊന്നും തൊറന്നിടല്ലേ പെണ്ണേ!  ആ നാണിത്തള്ളക്ക് ഒരു അന്തോം കുന്തോം ഇല്ലാത്തതാ, എന്താ അടിച്ചുമാറ്റി കൊണ്ട് പോകാന്ന് പറയാൻ പറ്റില്ല. മിനിഞ്ഞാന്ന് മുറ്റത്ത് കഴുകി ഒണക്കാൻ വച്ച പാത്രാ കൊണ്ടോയത്.  ചോയിക്കാൻ ചെന്നാ ആ വടി കൊണ്ട് മുട്ടനടി തരും, ആ ഭാണ്ഡക്കെട്ട് നെറച്ചും എന്തേലും കളവുമുതലായിരിക്കും. ഇങ്ങനെ കൊണ്ടുപോകുന്ന സാധനങ്ങൾ കൊണ്ട് ആ പൊര നിറഞ്ഞിട്ടുണ്ടാവും .ആഹ്

ആ ചെക്കൻ കാണാതെ എറങ്ങിയതായിരിക്കും. അതിന്റെയൊരു തലേ വിധി. പഠിച്ച് നല്ല ഉദ്യോഗമൊക്കെ നേടീറ്റ്  എന്താ  അര പിരി പോയ അമ്മക്കു വേണ്ടി  ജോലീം കളഞ്ഞൂ, ജീവിതോം കളഞ്ഞു ".

എനിക്കത് പുതിയൊരു അറിവായിരുന്നു, നാണിയമ്മയ്ക്ക് തലയ്ക്ക് സുഖമില്ലായെന്നത്.


" ഉമ്മിയിത് ആരെ കുറിച്ചാ പറേന്നേ, നമ്മുടെ വയലിനപ്പുറത്തെ നാണിയമ്മയെ കുറിച്ചാണോ ?" ഞാനത്ഭുതത്തോടെ ചോയിച്ചു .

"ആ അവരെ കുറിച്ച് തന്നെ. ഭർത്താവ് കാണിച്ച കൊള്ളരുതായ്മകളുടെയെല്ലാം അനന്തരഫലം അമ്മയും മോനും അനുഭവിച്ചു തീർക്കുന്നു."

അധികം ചിന്തിച്ചു കൂട്ടുന്നതിനു മുന്നേ നാണിയമ്മയ്ക്കരികിലേക്ക് ഒരു ചെറുപ്പക്കാരൻ ഓടി കിതച്ചെത്തി.

"അമ്മാ...ന്താണിത് ? കണ്ണ് തെറ്റിയാ,  അങ്ങ് ഇറങ്ങി നടന്നോളണം. മനുഷ്യനെ പരീക്ഷിക്കുന്നതിനും ഒരു കണക്ക്ണ്ട്. വെർതെ നാട്ടാരുടെ പ് രാക്ക് വാങ്ങി തലേൽ വെക്കാൻ ". സ്നേഹത്തോടെയുള്ള ശാസനയോടെ ആ അമ്മയുടെ കൈ കവർന്ന് പോകുന്ന മകനെ ഒരു നിമിഷം ഞാൻ നോക്കി നിന്നു.

ആയമ്മയുടെ മോനാണ് അപ്പേട്ടൻ. എന്നെക്കാളും രണ്ടോ മൂന്നോ വയസ് അധികമുണ്ടാവും.ഒരിക്കലും എന്നെ പേരെടുത്ത് വിളിച്ചിട്ടില്ല 'ഉമ്മുക്കുട്ടി '  എന്നല്ലാതെ.

അപ്പേട്ടനാണതെന്ന് ഓർത്തെടുക്കുന്നതിനു മുന്നേയവർ കാഴ്ചയ്ക്കും അകലെയായി.

        ഓർമ്മകൾ കാടുകയറുന്നതിനിടയിൽ വീണ്ടും ആ പാട്ടിന്റെ ഈരടികൾ കാതിനെ തഴുകി. പിന്നെ എനിക്കൊട്ടും ക്ഷമ വന്നില്ല. കണ്ടോണ്ടിരുന്ന മനോരാജ്യത്തിന് കുറച്ച് ഇടവേള നൽകി ഞാൻ താഴത്തേക്കോടി. പ്രിയമുള്ള ആരെയോ കാണുവാൻ മിഴികൾ തേടി.

      മുഷിഞ്ഞ വേഷത്തിൽ താടിയും, മുടിയും വളർത്തിയൊരാൾ മതിലിനോട് ചേർന്നുള്ള പോസ്റ്റിന് ചാരി ആർക്കോ വേണ്ടി പാടുകയാണ് .വഴിയെ പോകുന്നവർ കഞ്ചാവാണെന്ന് പറഞ്ഞ് പരിഹാസത്തോടെ ചിരിക്കുന്നുണ്ട്.ഞാൻ കുറച്ചു കൂടെ അരികിലേക്ക് നീങ്ങി,  ആ കോലത്തിൽ അപ്പേട്ടനാണെതെന്ന് വിശ്വസിക്കാനെനിക്ക് പ്രയാസം തോന്നി.

''അപ്പേട്ടാ.....! "

ആകാംക്ഷയോടെയുള്ള ന്റെ വിളി കേട്ടിട്ടാവണം പാട്ടു നിർത്തി ഞാൻ നിക്കുന്നിടത്തേക്ക് അപ്പേട്ടൻ നോക്കിയത്. അദ്ദേഹത്തിന്റെ ആ കോലം കണ്ടിട്ട് എനിക്കു വല്ലാത്ത വിഷമം തോന്നി.അത്രയേറെ കോലം കെട്ടിരിക്കുന്നു.നോട്ടം കണ്ടപ്പോൾ

ആ നിമിഷം എന്നെയവിടെ പ്രതീക്ഷിച്ചില്ലെന്നെനിക്കു മനസിലായി. 'അപ്പേട്ടാ....' ഞാനൊരിക്കൽ കൂടി വിളിച്ചു. എന്നെ മനസിലായില്ലേ...? ഉവ്വെന്നോ, ഇല്ലെന്നോ മറുപടി പറയാതെ കയ്യിലുള്ള മുഷിഞ്ഞ ഭാണ്ഡത്തിൽ നിന്നും ഒരു കുപ്പിവെള്ളമെടുത്ത് വായിലേക്ക് കമിഴ്ത്തി. അതിൽ കുറച്ചേറെ വെള്ളം താടിയിലൂടെ പുറത്തേക്കൊഴുകി പോയി. പിന്നെ ധൃതിയിൽ മുന്നോട്ടേക്ക് നടക്കാനൊരുങ്ങി. അത് മനസിലായതു കൊണ്ട് തന്നെ ഞാനദ്ദേഹത്തിന്റെ കൈകളിൽ പിടിത്തമിട്ടു.

   " വിട് എനക്ക് പോണം."

കൊച്ചു കുഞ്ഞിനെപ്പോലെ ചിണുങ്ങുന്ന അപ്പേട്ടന്റെ ആ പ്രകൃതം കണ്ടപ്പോൾ ഞാനൊന്ന് അന്ധാളിക്കാതിരുന്നില്ല. ബാല്യത്തിലെ പോലെ ഞാനുമൊരു ശാഠ്യക്കാരി പെൺകുട്ടിയായി. അദ്ദേഹത്തിന്റെ കൈകളിലെ പിടിമുറുക്കി കൊണ്ട്  ഞാൻ താമസിക്കുന്നിടത്തേക്ക് അദ്ദേഹത്തെ കൂട്ടികൊണ്ടു പോകുമ്പോൾ മനസിലോർത്തു.


        സ്കൂളിൽ പഠിക്കുമ്പോ എത്രയോ വട്ടം ഉമ്മിയുടെ കണ്ണ് വെട്ടിച്ച് വയലിനക്കരെയുള്ള നാണിയമ്മയുടെ വീട്ടിൽ പോയിട്ടുണ്ട്. ഉമ്മിയ്ക്ക് അവിടെ പോവുന്നതേ ഇഷ്ടമല്ല നാണിയമ്മയേയും, അപ്പേട്ടനെയും ഇഷ്ടമല്ലാഞ്ഞിട്ടല്ല. അപ്പേട്ടന്റെ അച്ഛന്റെ സ്വഭാവം അങ്ങനെയായതോണ്ടാണ്.

     ചുവന്നു തുടുത്ത ചാമ്പങ്ങയും, ഫാഷൻ ഫ്രൂട്ടും എത്രയോ വട്ടം അച്ഛൻ കാണാതെ അപ്പേട്ടൻ കൊണ്ട് തന്നിട്ടുണ്ടെന്നോ. അതിന്റെ കൂടെ ഒരോ തൈയും കൊണ്ട് തന്നിരുന്നു.ഇന്നതിൽ നിറയെ കായകൾ പിടിച്ചിട്ടുണ്ട് .ഒരു വട്ടം നാണിയമ്മ ഗേറ്റും തുറന്ന് അകത്ത് വന്ന് മൂത്തുപഴുത്ത ചാമ്പങ്ങ ഒട്ടുമിക്കാലും പറിച്ച് ഭാണ്ഡത്തിലിട്ട് കൊണ്ടുപോയി. അതിനുമ്മച്ചി ഒരുപാട് പരാതീം പരിഭവവും പറഞ്ഞു . നമ്മളെക്കാളും അവർക്കാണതിന് കൂടുതൽ അവകാശമെന്ന് പറയണമെന്നുണ്ടായിരുന്നു, പക്ഷെ എന്തുകൊണ്ടോ പറയാൻ കഴിഞ്ഞില്ല.

കലോത്സവ വേദികളിൽ നാണിയമ്മ മൂളി തരുന്ന പാട്ടുകൾ ആയിരുന്നു എനിക്കും, അപ്പേട്ടനും സമ്മാനം വാങ്ങി തന്നോണ്ടിരുന്നത്. ആ അപ്പേട്ടനാണിന്ന്  "സ്ഥിരത" നഷ്ടപ്പെട്ടവനെപ്പോലെ പെരുമാറുന്നത്.

      ഫോൺ വിളിക്കുമ്പോൾ ഇടയ്ക്കെപ്പോഴോ ഉമ്മി പറയുന്നത് കേട്ടു. അമ്മയേയും കൊണ്ട് അപ്പേട്ടൻ നാടുവിട്ട് പോയെന്ന്. ഉമ്മിയോട് അവരെ പറ്റി അധികം ചോദിക്കാൻ പറ്റില്ല.പിന്നെ എന്തൊക്കെ കേൾക്കേണ്ടി വരും എന്ന് റബ്ബിന് മാത്രേ അറിയാൻ പറ്റൂ.

      ജട പിടിച്ചു കിടക്കുന്ന അപ്പേട്ടന്റെ ചുരുണ്ട മുടിയിഴകളിൽ വെളിച്ചെണ്ണ തൂവി കൊടുക്കുമ്പോൾ പണ്ട് സ്കൂളിൽ പഠിക്കുമ്പോ അപ്പേട്ടന്റെ കൂടെ സൈക്കിളിൽ കേറിയതിന് ഉമ്മിയുടെ അടുത്തൂന്ന് അറഞ്ചം പുറഞ്ചം അടി കിട്ടിയതോർമ്മ വന്നു. ആ ഞാനാണ് അവിവാഹിതനായ ആ യുവാവിന്റെ മുടിയിഴകളിൽ ഭാര്യയെപ്പോലെ ചേർന്ന് നിന്ന് എണ്ണ പുരട്ടി കൊടുക്കുന്നത്. കുളിക്കാൻ മടിയുള്ള കുട്ടിയെ കുളിക്കാൻ പറഞ്ഞയക്കുന്നതു പോലെ ഉന്തി തള്ളി ബാത്റൂമിൽ കയറ്റി ഷവർ ഓൺ ചെയ്ത് കൊടുത്ത് പുറത്തേക്കിറങ്ങി.

      പെൺകുട്ടികളായാൽ അടങ്ങി ഒതുങ്ങി നടക്കണമെന്നാണ് ഉമ്മിയുടെ വാദം. പലയിടത്തും വായിച്ചു, പെണ്ണിനു മേൽ കെട്ടിവയ്ക്കപ്പെടുന്ന കുറേയേറെ സദാചാരങ്ങൾ. ആണിനെപ്പോലെ സ്വാതന്ത്ര്യങ്ങൾ പലതും അനുഭവിച്ച് വളരണമെന്നുണ്ടായിരുന്നു. പക്ഷെ വേലിക്കെട്ടുകൾ ഏറെയായിരുന്നു.

            ആ വേലിക്കെട്ടുകൾ പൊട്ടിച്ചു മാറ്റി കൊണ്ടാണ് പ്രായം ഇരുപത്തിയെട്ടായിട്ടും അവിവാഹിത പട്ടം ചൂടി  റിസർച്ച്, കോപ്പ് എന്നൊക്കെ പറഞ്ഞ് ഗ്രാമത്തിൽ നിന്നുമൊക്കെ അകന്ന് തിരക്കേറിയ ഈ ബാംഗ്ലൂർ നഗരത്തിൽ കൂടു കെട്ടിയത്. അതിലുമ്മിയ്ക്കും, ബാപ്പയ്ക്കും അമർഷമുണ്ട്. എന്തുകൊണ്ടോ അവരുടെ കാഴ്ചപ്പാടുകളോട് യോജിക്കാൻ പറ്റുന്നില്ല. പെണ്ണായാൽ കല്യാണം കഴിക്കണം അഞ്ചാറു മക്കളെ പെറ്റു വളർത്തിയൂട്ടണം. അതില്ലാതെ ജീവിക്കാൻ പറ്റില്ലേ....?  പറ്റുമെന്ന് കാണിച്ചു കൊടുക്കണം,  അതിനായിരുന്നു ഈ സാഹസം. അതിന്റെ പേരിൽ ഒരു ആത്മ ലഹരിക്കും അടിമപ്പെട്ടിട്ടില്ല.തന്റെ ശരികൾ മുറുകെ പിടിച്ചു കൊണ്ടുള്ള യാത്രയായിരുന്നു അതിനിടയിലൊരിക്കലും പ്രണയമെന്ന വികാരമൊന്നും തോന്നിയതേയില്ല. അപ്പേട്ടനോടൊപ്പം കളിച്ചു ചിരിച്ചു രസിച്ചു നടന്നപ്പോഴും, അപ്പേട്ടന്റെ രീതികളും അങ്ങനെയാണെന്ന് തോന്നിയിട്ടുണ്ട്. ആണും പെണ്ണും അടുത്താൽ അതിന് ഒറ്റ വികാരമേ ഉള്ളു എന്നതിന്റെ മറുതീരമായിരുന്നു ഞങ്ങളുടെ അടുപ്പം. അതിന് നാട്ടുകാര് പലതും പറഞ്ഞു. അവരുടെ വാക്കിലായിരുന്നു ബാപ്പയുടെയും, ഉമ്മിയുടെയും വിശ്വാസം. ആ വിശ്വാസം തനിക്ക് നഷ്ടപ്പെട്ടപ്പോഴാണ് അവരുമായുള്ള അകലങ്ങൾ കൂടിയത്.

   ചിന്തകൾ അതിർവരമ്പുകൾ പിന്നിടുന്നേരം പിറകിലായി ഒരു പദചലനം തല തുവർത്താതെ ഇറങ്ങി വരുന്ന അപ്പേട്ടൻ. ചുരുണ്ട മുടിയിഴകളിൽ നിന്നും മൽസരിച്ച് വെള്ളത്തുള്ളികൾ താഴോട്ട് പതിക്കുന്നു. ഉണങ്ങിയ ടവ്വൽ കൊണ്ട് മുടി തോർത്തി കൊടുക്കുമ്പോൾ അപ്പേട്ടൻ നിന്ന് കരയുകയാണ്.ഞാനാകെ അങ്കലാപ്പിലായി.

"അയ്യേ അപ്പേട്ടൻ കരയ്യാണോ"....! ന്താപ്പ അതിനു മാത്രം ഇണ്ടായേ.

"ഉമ്മുകുട്ടി...ഞാൻ ''

"ആഹാ ,അപ്പൊ ..,അപ്പേട്ടനെന്നെ ഓർമ്മയിണ്ട് ല്ലേ...?"

"ഊം''

അവൻ മെല്ലെ മൂളി. നനഞ്ഞ വസ്ത്രം മാറിയുടുക്കാൻ കൊടുക്കുന്നതിനായി ആ ഭാണ്ഡത്തിൽ ഞാൻ ഉണങ്ങിയ ഡ്രസ് പരതി.

"അതിലൊന്നും ഇല്ല ഉമ്മുകുട്ടീ,

ചിത്തഭ്രമം പിടിപെട്ട  എന്റെ അമ്മയുടെ ഭസ്മക്കൂട്ടുകളും, കീറിയ തോർത്തുമല്ലാതെ... "

പറയുന്നതിനിടയിലെ കണ്ണുകൾ ചാലിട്ടൊഴുകി.

        അപ്പോഴാണ് ഞാനും അക്കാര്യം ഓർത്തത്.

"അപ്പേട്ടാ...നാണിയമ്മയെവിടെ..?''

    " അമ്മ....,  യെന്റെയമ്മ..! ന്നെ വിട്ട് പോയിട്ട് നാലുമാസം കഴിഞ്ഞു. നാട്ടാരുടെ പ്രാക്കുകൾ ബാക്കിയാക്കി അമ്മ പോയി. ന്റെ കണ്ണുവെട്ടിച്ച് ഇറങ്ങി നടക്കുന്ന അമ്മയെ ചങ്ങലയ്ക്കിടാൻ പറഞ്ഞു നാട്ടാര് പെറ്റമ്മയല്ലെ....?  ഞാനെങ്ങനെയാ കുഞ്ഞോളേ  ന്റെ അമ്മയെ... പറ്റില്ലായിരുന്നു. ഒരു വെളുപ്പിന് അമ്മയുടെ കയ്യും പിടിച്ച് അങ്ങ് ഇറങ്ങി  എവിടെയും സ്ഥിരമാക്കിയില്ല ദേശാടനക്കിളികളെപ്പോലെ അങ്ങനെയങ്ങ് സഞ്ചാരായിരുന്നു. ഞാനും അമ്മയും മാത്രമായൊരു ലോകം. അമ്മയുറങ്ങുമ്പോൾ കൺ തുറന്ന് കാവലിരുന്നു ഞാൻ...! എന്നിട്ടും ഒരുച്ച  നേരം കണ്ണന്നൊടഞ്ഞപ്പോ.....? തിരക്കേറിയ റോഡിലേക്കമ്മ ഇറങ്ങി നടന്നു. കണ്ണുതുറന്നപ്പോ കണ്ടത് ചീറിപ്പായുന്ന വണ്ടികൾക്കിടയിൽ പിടഞ്ഞ് പിടഞ്ഞ്... "

ആ രംഗം ഇപ്പൊഴും മുന്നിൽ കാണുന്നതുപോലെയായിരുന്നു അപ്പേട്ടന്റെ അപ്പോഴത്തെ ഭാവം.ഞാനും ഏതാണ്ട് ആ അവസ്ഥയിൽ തന്നെയായിരുന്നു.

"അമ്മയില്ലാത്ത ഈ ലോകം" ആലോചിക്കാനെ വയ്യ. ഇടക്കിടെ തലയിലോട്ട് ഒരു ചൂട് കേറും പിന്നെ പിന്നെ എനിക്കൊന്നും ഓർമ്മ വരില്ല ഉമ്മുകുട്ടി...അമ്മയിൽ നിന്നും പകർന്നു കിട്ടിയ ഭ്രാന്തിന്റെ നേരിയ ചീളുകൾ എന്നിലോളങ്ങൾ തീർക്കും പിന്നെ ഞാനെല്ലാം മറക്കും."

നനഞ്ഞ മുടിയിഴകൾ പിച്ചി വലിച്ചുകൊണ്ട് നേരത്തെയവൻ പാടിയ നാടൻപാട്ട് വീണ്ടും പാടിത്തുടങ്ങി


 "മുക്കുത്തിയണിഞ്ഞ പെണ്ണാളേ...........


പാട്ടിന്റെ വരികൾ ഉറക്കെയുറക്കെയായപ്പോൾ എന്റെ മനസിന്റെ താളവും തെറ്റുകയാണെന്ന് തോന്നി. എന്റെയോരോ പ്രവൃത്തികൾ കാണുമ്പോൾ ബാപ്പയും ഉമ്മിയും ഇടക്കിടെ പറയാറുണ്ട് നെനക്ക് പ് രാന്താ ന്ന്. ഇപ്പൊ  തോന്നുന്നു  എനിക്കും, അപ്പേട്ടനും തമ്മില് എന്താ വ്യത്യാസം ന്ന്. ചിലപ്പോ എന്റെ തലക്കകത്തും ചൂടു കേറുന്നു.ദേശാടനക്കിളികളെപ്പോലെ സർവ്വ സ്വാതന്ത്ര്യങ്ങളും അനുഭവിക്കാൻ  കൊതിക്കുന്നതു പോലെ. അപ്പേട്ടന്റെ സ്വരത്തിനൊപ്പം എന്റെ ചുണ്ടുകളും ചലിക്കാൻ തുടങ്ങി. ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകളിൽ ഞങ്ങളുടെ സ്വരം മുങ്ങിത്താഴുന്നതറിയാതെ, കലോൽസവ വേദികളിലെന്നപോലെ ഓളങ്ങൾ തീർത്തു കൊണ്ട് ഞങ്ങളുറക്കെയുറക്കെ പാടി കൊണ്ടേയിരുന്നു.

  "മുക്കുത്തിയണിഞ്ഞ പെണ്ണാളേ..... "

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക