ഫിലഡല്‍ഫിയ: ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്, അതിതാണ്, അതിതാണ്:
അമ്മയുടെ പദാരവിന്ദം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അകന്ന ഇടം.
സാധുഹൃദയരും, ദീനരും, അശരണരും, പശ്ചാത്താപികളും, തെറ്റുകാരും,
കുറ്റക്കാരും, അറിവില്ലാതെ അഹംഭാവികളാകുന്നവരും, അന്യായ
ലാഭമെടുക്കുന്നവരും, അവസ്സരവാദികളും ഒരേപോലെപൊറുതി യാചിച്ചണയുന്ന അഭയ
കേന്ദ്രം: അങ്ങനെയൊരിടം- മാതാവിന്റെ തിരുവാത്സല്യ സങ്കേതം-; ഭാരതീയരുടെ
പൈതൃകമായി, വേളാങ്കണ്ണി മാതാ ഷ്രൈന്‍ എന്ന പേരില്‍, ഫിലഡല്‍ഫിയയില്‍-
ജര്‍മന്‍ ടൗണ്‍ ഇമ്മാക്കുലേറ്റ് മെഡല്‍ ഷ്രൈനില്‍- പ്രതിഷ്ഠയായി.
സഹസ്രകോടി ജപമാലാ വചസ്സുകള്‍ ഉതിര്‍ന്ന മനസ്സുഖാധരങ്ങളും, ഭക്തികൂമ്പിയ
മിഴികളും, തീക്ഷ്ണമായ ആത്മാനുഭൂതിയാല്‍ വിറയാര്‍ന്ന
തൊഴുകൈകളും,സ്തുതിപ്പുകളുടെ സ്വര്‍ണ്ണത്താമരമൊട്ടുകള്‍ വിരിഞ്ഞ മെഴുതിരി
നാളങ്ങളും, വന്ദനം ത്രസ്സിക്കുന്ന ഗീതികളും കൊണ്ട് പ്രതിഷ്ഠാ വേള ത്രിലോക
രാജ്ഞിയുടെ ഇന്ത്യന്‍ സുന്ദര രൂപപ്രതീകത്തിന്ദൈവാഭീഷ്ട വരവേല്പ്പായി.
“അമ്മയുടെ മുമ്പില്‍ ദൈവമാര്; മകനല്ലാതെ” എന്നവിശുദ്ധ പെണ്‍മഹത്വത്തിന്
ക്രിസ്തീയ തത്ത്വങ്ങള്‍ നല്കുന്ന അതിസുന്ദരമായ സത്യദര്‍ശനമാണല്ലോ മേരി.
ലോകത്ത് വിവിധ ഇടങ്ങളില്‍ മാതാവിന്റെ '' പ്രത്യക്ഷീകരണം''നടന്നതിന്റെ
തുടര്‍ച്ചയായി ഇന്ത്യയിലെ തമിഴ്‌നാട്ടിലുള്ള വേളാങ്കണ്ണിയില്‍ '' ആരോഗ്യ
മാതാവായി''പരിശുദ്ധ കന്യാമേരി പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മയിലുള്ള
വേളാങ്കണ്ണി മാതാ തീര്‍ത്ഥാടന കേന്ദ്രം ഭാരതീയരുടെ ''മരിയന്‍ പുണ്യ
സങ്കേതമാണ്''.
വേളാങ്കണ്ണി മാതാവ് പ്രത്യക്ഷപ്പെടുന്നതിലെ ആത്മ സൗന്ദര്യം ഭാരതീയരുടെഈശ്വര
ബോധ്യത്തിന്റെ മകുടമാണെന്ന അറിവു നേടിയ ഇമ്മാക്കുലേറ്റ് ഷ്രൈന്‍
എക്‌സിക്യൂട്ടിവ്ഡയറക്ടര്‍ ഫാ. കാള്‍ പീബറാണ് ഫിലഡല്‍ഫിയയില്‍
''വേളാങ്കണ്ണി മാതാ പ്രതിഷ്ഠയ്ക്കുള്ള'' ആഗ്രഹം ഭക്തജനങ്ങളെ അറിയിച്ചത്.
ജാതി-മത-ഭാഷാ-വംശ വ്യത്യാസമില്ലാതെ അനേകം പ്രാര്‍ത്ഥാനാര്‍ത്ഥികളുടെ ആരാധനാ
സംഗമ വേദിയായാണ് ഫിലഡല്‍ഫിയയിലെ മിറാക്കുലസ് മെഡല്‍ ഷ്രൈന്‍. മാതാവിന്റെ
മാദ്ധ്യസ്ഥം യാചിച്ചുള്ള ഭക്തജന പ്രവാഹം ഇടമുറിയാതെ ഈ
തീര്‍ത്ഥാടനപ്പള്ളിയെ അനുപമമാക്കുന്നു. ഒട്ടേറെ ഭാരതീയര്‍ മത
വ്യത്യാസമില്ലാതെ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ മരിയ ഭക്തരായി എത്തുന്നത്
ശ്രദ്ധിച്ച ഫാ. കാള്‍ പീബര്‍ ഇന്ത്യന്‍ പാരമ്പര്യത്തിലെ മരിയ ഭക്തിയുടെ
രൂപമായ വേളാങ്കണ്ണി മാതാവിന്റെ പ്രതിഷ്ഠജര്‍മന്‍ ടൗണ്‍ ഷ്രൈനില്‍
സ്ഥാപിക്കുവാന്‍ മുന്‍ കൈ എടുത്തു.
അത്ഭുതോദ്ധിഷ്ട കാര്യത്തിനായി ഇമ്മാക്കുലേറ്റ് ഷ്രൈനില്‍
പ്രാര്‍ത്ഥനയ്ക്കെത്തിയ അനവധി ഭാരതീയ അമേരിക്കരും അമേരിക്കന്‍ മലയാളികളും
''വേളാങ്കണ്ണി മതാ'' പ്രതിഷ്ഠയ്ക്ക് സഹായ ഹസ്തമൊരുക്കി. തമിഴ്, തെലുങ്ക്,
കന്നഡ, കൊങ്കണി, ഹിന്ദി, ബംഗാളി, ഉര്‍ദു, മറാട്ടി എന്നീ ഭാഷക്കാരായ ഭക്തരും
മലയാളികളായ വിവിധ ക്രൈസ്തവ സഭക്കാരും കൂട്ടു ചേര്‍ന്ന് ഈ ശ്രമങ്ങള്‍ക്ക്
സംഭാവന നല്കി. അപൂര്‍ണ്ണമായ ശ്രമങ്ങളായി അത് തുടരവേ മലയാളിയായ ജോസ് തോമസ്
പ്രാഥനാര്‍ത്ഥിയായിഈ ഷ്രൈനില്‍ വന്നു. വേളാങ്കണ്ണി മാതാ പ്രതിഷ്ഠയ്ക്ക്
ആക്കം നല്കി. ഇക്കാര്യങ്ങള്‍ അറിയാനിടയായ ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ
മലബാര്‍ കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജോണ്‍
മേലേപ്പുറത്തിന്റെ നേതൃത്വത്തില്‍ പ്രതിഷ്ഠാ കാര്യങ്ങള്‍ക്ക്' അതിദ്രുത
മുന്നേറ്റമുണ്ടായി. ഫിലഡല്‍ഫിയയിലെ മരിയന്‍ ഭക്തര്‍ മുന്‍കൈ എടുത്ത്
വേളാങ്കണ്ണി മാതാവിന്റെ തിരുശില്പം ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ
നേതൃത്വത്തില്‍ കേരളത്തില്‍ തയ്യാറാക്കി ഫിലഡല്‍ഫിയയില്‍
എത്തിച്ചു.ആസ്ഗസ്റ്റ് 31 മുതല്‍സെപ്റ്റംബര്‍ 8 വരെ ഭക്ത്യാദരപൂര്‍വം നൊവേന
അര്‍പ്പിക്കുന്നതിന് വേളാങ്കണ്ണി മാതാവിന്റെ തിരുരൂപംഫിലഡല്‍ഫിയാ സീറോ
മലബാര്‍ പള്ളിയില്‍ സൂക്ഷിച്ചു.
മണിക്കൂറുകളുടെ മാത്രം അറിയിപ്പിടവേള എന്ന പരിമിതിയെ തരണം ചെയ്ത്
ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, സൗത്ത് ജേഴ്‌സി, ഡെലവേര്‍, ഫിലഡല്‍ഫിയ
എന്നിവിടങ്ങളില്‍ നിന്നും ആയിരത്തോളം തീര്‍ത്ഥാടകര്‍ ജര്‍മന്‍ ടൗണിലുള്ള
മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ സെപ്റ്റംബര്‍ 8 ന് നടന്ന വേളാങ്കണ്ണിമാതാ
പ്രതിഷ്ഠാഘോഷങ്ങളിലെയും അമലോത്ഭവ തിരുനാളിലെയും ആത്മീയഭക്തയില്‍ ആമഗ്നരായി.
വി. കുര്‍ബ്ബാന, നൊവേന, വേളാങ്കണ്ണി ആര്യോഗ്യമാതാവിന്റെ തിരുരൂപം
വെഞ്ചരിപ്പ്, വിവിധ ഇന്ത്യന്‍ ഭാഷകളിലുള്ള ജപമാല പ്രദക്ഷിണം,വേളാങ്കണ്ണി
ആരോഗ്യമാതാവിന്റെ തിരുരൂപ പ്രതിഷ്ഠ, അഗാപ്പെ എന്നീ തിരുനാളാഘോഷങ്ങള്‍ അലൗകിക
തരംഗങ്ങള്‍ പ്രകമ്പിതമാക്കി. വിഖ്യാതമായ ''നൈറ്റ്‌സ് ഓഫ് കൊളംബസ്സ്''
അംഗങ്ങളും, തൂവെള്ളയണിഞ്ഞ ബാലികാബാലന്മാരും യുവതീ യുവാക്കളും, കേരളാ
വേഷങ്ങളിലും ഭാരതീയ വേഷങ്ങളിലുമുള്ള കുടുംബസ്ഥരും ട്രൈസ്റ്റേറ്റിലുള്ള
ക്രൈസ്തവസന്യാസിനികളും വൈദികരും പ്രദക്ഷിണച്ചുവടുകളിലൂടെ സ്വാവബോധത്തിന്റെ
ദൈവീകബന്ധത്തില്‍ നിര്‍മ്മലരായി.
ഫാ. കാള്‍ പീബര്‍, ഫാ. ജോണ്‍ മേലേപ്പുറം,ഫാ. മാത്യൂ മണക്കാട്ട്, ഫാ. തോമസ്
കടുകപ്പള്ളി, ഫാ. ഡോ. ഫിലിപ് വടക്കേക്കര, ഫാ. മൈക്കിള്‍, ഫാ. ജോസ് എന്നീ
വൈദികര്‍ ഒരുമിച്ച് ദിവ്യ ബലിയര്‍പ്പണത്തിന് മുഖ്യ കാര്‍മ്മികരായി. നിമ്മീ
ബാബൂ, ജെറീ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഫിലഡല്ഫിയാ സീറോ മലബാര്‍
കൊയര്‍ സംഘം ഭക്തിഗീതങ്ങള്‍ ആലപിച്ചു.
തീര്‍ത്ഥാടന കേന്ദത്തിന്റെ അഡ്രസ്സ്: Miraculous Medal Shrine in
Philadelphia, PA,500 East Chelten Avenue Philadelphia, PA 19114.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. കാള്‍ പീബര്‍ ( 215-848-1010, 800-523-367),
ഫാ. ജോണ്‍ മേലേപ്പുറം ( 215-808-4052).