Image

ഇസ്രയേലിനെ ആക്രമിക്കാൻ ഖമെയ്‌നിയുടെ ഉത്തരവ്, സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചേക്കും (പിപിഎം)

Published on 01 August, 2024
ഇസ്രയേലിനെ ആക്രമിക്കാൻ ഖമെയ്‌നിയുടെ ഉത്തരവ്, സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചേക്കും (പിപിഎം)

ഹമാസ് നേതാവ് ഇസ്മയിൽ ഹനിയെ ടെഹ്റാനിൽ വച്ചു വധിക്കപ്പെട്ടതിനെ തുടർന്നു ഇസ്രയേലിൽ ആക്രമണം നടത്താൻ ഇറാന്റെ ആധ്യാത്മിക പരമാധികാരി ആയത്തൊള്ള അലി ഖമെയ്‌നി ഉത്തരവിട്ടു. ഇസ്രയേൽ ആണ് ആക്രമണം നടത്തിയതെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു.

ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗത്തിലാണ് ഖമെയ്‌നി ഉത്തരവ് നൽകിയതെന്നു മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു. അതിൽ രണ്ടു ഉദ്യോഗസ്ഥർ ഇറാൻ റെവല്യൂഷൻ ഗാർഡ്‌സ് അംഗങ്ങളാണെന്നു റിപ്പോർട്ട് പറയുന്നു.

ഇറാൻ പ്രസിഡന്റ് മഹ്‌മൂദ്‌ പെഷേസ്കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയ ഹനിയെ ടെഹ്റാനിലെ വീട്ടിൽ വച്ചാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അദ്ദേഹം നിരവധി തവണ ടെഹ്‌റാൻ സന്ദർശിച്ചിരുന്നു.

ഇസ്രയേലിൽ ടെൽ അവീവിനും ഹൈഫയ്ക്കും സമീപം സൈനിക കേന്ദ്രങ്ങൾക്കു നേരെ നിരവധി ഡ്രോണുകളും മിസൈലുകളും വർഷിക്കുന്ന കാര്യം ഇറാൻ സൈന്യം പരിഗണിക്കുന്നു എന്നാണ് വിവരം. സിവിലിയൻ മരണങ്ങൾ ഒഴിവാക്കും.

ഏപ്രിലിൽ ഇറാൻ 300 മിസൈലുകളും ഡ്രോണുകളും ഇസ്രയേലിൽ അടിച്ചിരുന്നു. സിറിയയിൽ ഏതാനും ഗാർഡ് നേതാക്കളെ ഇസ്രയേൽ കൊലപ്പെടുത്തിയതിനു തിരിച്ചടി ആയിരുന്നു അത്. യെമൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലുള്ള പോരാളികളെ കൂടി കൂട്ടി ആക്രമണം നടത്താനാണ് ഇറാൻ ആലോചിക്കുന്നത്.

സംഘർഷം വർധിക്കയും യുദ്ധം വ്യാപിക്കയും ചെയ്‌താൽ നേരിടാൻ തയാറാവണമെന്നു ഖമെയ്‌നി സൈന്യത്തോട് പറഞ്ഞു.

ഇറാന്റെ മണ്ണിൽ വച്ച് ഹനിയെയെ വധിച്ചത് രാജ്യത്തിൻറെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നും അതിനു മറുപടി നൽകാതെ പോകില്ലെന്നും യുഎന്നിലെ ഇറാൻ പ്രതിനിധി ആമിർ സയീദ് പറഞ്ഞു.

Khameini orders attack on Israel

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക