Image

മനുഷ്യന്റെ ദുഷ്‌കൃതികള്‍ പ്രകൃതിയുടെ വികൃതികള്‍ക്കു ആക്കം കൂട്ടുന്നു : ലാലു കോനാടിൽ

Published on 31 July, 2024
മനുഷ്യന്റെ ദുഷ്‌കൃതികള്‍ പ്രകൃതിയുടെ വികൃതികള്‍ക്കു ആക്കം കൂട്ടുന്നു : ലാലു കോനാടിൽ

പ്രകൃഷ്ടമായ കൃതിയാണ് പ്രകൃതി... ഉത്ക്കൃഷ്ടമായി ചെയ്യപ്പെട്ടതു അല്ലെങ്കില്‍ സ്വാഭാവികമായ അവസ്ഥ എന്നൊക്കെ വേണമെങ്കില്‍ പ്രകൃതിയെക്കുറിച്ചു പറയാം.. പ്രകൃതിക്കു, അതിനാല്‍ തന്നെ, അതില്‍ തന്നെ, ഉരുത്തിരിയാനും, നിലനില്‍ക്കാനും, ലയിക്കാനുമുള്ള കഴിവുണ്ട്... ഈ സ്വയംകൃത സംതുലിതാവസ്ഥക്കുള്ള ശക്തിയെയാണ് നാം പ്രപഞ്ച ശക്തി എന്നൊക്കെ പറയുന്നത്..

പ്രപഞ്ചം പ്രകൃതി അഞ്ചു അടിസ്ഥാന 
ഘടകങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതുകൊണ്ട് പ്രപഞ്ചം... മണ്ണും ജലവും അഗ്‌നിയും (വെളിച്ചവും ചൂടും) വായുവും ആകാശവും (ഇവക്കെല്ലാം നിലനില്‍ക്കാനുള്ള ഇടം/ സ്ഥലം) വേണ്ട വിധത്തില്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാത്തിനും നിലനില്‍പ് സാധ്യമാകുന്നത്... ഈ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്ന ചൈതന്യം കല്ലിലും മണ്ണിലും മരത്തിലും പക്ഷികളിലും ജന്തുക്കളിലും മൃഗങ്ങളിലും നിറഞ്ഞു നില്ക്കുന്നു... ജൈവവും അജൈവവുമായതെല്ലാം ഒരേ ചൈതന്യത്തിന്റെ തന്നെ വ്യത്യസ്ത പ്രതിഫലനമായി കണക്കാക്കുന്നു...

എല്ലായിടത്തുമുള്ള ഈ ശക്തിക്കു വിധേയമായാണ് ലക്ഷക്കണക്കിന് വര്‍ഷങ്ങളോളം മനുഷ്യന്‍ ജീവിച്ചത്.. പിന്നീട് ബുദ്ധി വികസിച്ചപ്പോള്‍, ബാഹ്യപ്രകൃതിയുടെ മേല്‍ ആധുനിക പാശ്ചാത്യ ശാസ്ത്രവും സാങ്കേതിക വിദ്യയുമുപയോഗിച്ച് മനുഷ്യന്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി... മനുഷ്യനും പ്രകൃതിയും വേറിട്ടതാണെന്ന പാശ്ചാത്യ ഭൗതിക ചിന്തയുടെ ഫലമായാണ് മുഖ്യമായും ഇങ്ങനെ സംഭവിച്ചത്... ഇതിനെ ലോകം പുരോഗതിയും പരിഷ്‌കാരവുമായി കണക്കാക്കി... പ്രകൃതിയെ വെല്ലുവിളിക്കുക, ചോദ്യംചെയ്യുക, കീഴടക്കുക, ചൂഷണം ചെയ്യുക എന്നതെല്ലാം ആധുനിക പുരോഗതിയുടെ മുഖമുദ്രകളായി തീര്‍ന്നു...

പ്രകൃതിക്കു സ്വതവേ തന്നെ സുകൃതിയും വികൃതിയുമുണ്ട്... 
പക്ഷെ.. ആധുനിക കാലത്തു നാം കാണുന്നത്, മനുഷ്യന്റെ ദുഷ്‌കൃതികള്‍ പ്രകൃതിയുടെ വികൃതികള്‍ക്കു ആക്കം കൂട്ടുന്നു എന്നതാണ്...

കാലാവസ്ഥാ വ്യതിയാനം, ഭൗമ താപനം, ഓസോണ്‍ ശോഷണം, മലിനീകരണം, മരുഭൂമിവത്കരണം എന്നിവ ഭൂമിയുടെ മേലുള്ള മനുഷ്യന്റെ അമിത ഇടപെടല്‍ മൂലമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു... ആധുനിക പാശ്ചാത്യ വികസന മാതൃകകളുടെ പങ്ക് ഈ വികൃതികളില്‍ വളരെയധികം നിഴലിക്കുന്നുണ്ട്... പുതിയ കൃഷിരീതികളും, വ്യവസായ- വാണിജ്യ ലോകവും പ്രകൃതിക്കു കൂടുതല്‍ പ്രഹരം ഏല്പിക്കുന്നു...

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എളുപ്പമാണ്. പക്ഷേ, പ്രതിസന്ധികള്‍ രൂക്ഷമായ പ്രശ്‌നങ്ങളാകയാല്‍, അവക്കു പരിഹാരം കാണുക എളുപ്പമല്ല...

മനുഷ്യന്റെ തന്നെ ആര്‍ത്തിയും 
അഹംഭാവവും അല്പത്തവും അജ്ഞതയും 
പ്രതിസന്ധികളുടെ അടിസ്ഥാന 
കാരണങ്ങളാകയാല്‍, ആത്മ നിയന്ത്രണവും 
എളിമയും മഹത്വവും വിവേകവും കൊണ്ട് 
മാത്രമേ ഈ ദുരന്തങ്ങളെ നേരിടാനാകു... അതായത് പരിഷ്‌കാരത്തിന്റെ പടിഞ്ഞാറന്‍ മാതൃകകള്‍ക്കു പകരം, സംസ്‌കാരത്തിന്റെ ഭാരതീയ മാതൃകകള്‍ക്കു വികസനത്തെ നയിക്കാന്‍ സാധിക്കുമോ എന്നുള്ളതാണ് ചോദ്യം... തീര്‍ച്ചയായും സാധിക്കും...

മനുഷ്യ രാശി നേരിടുന്ന ദുരന്തത്തെക്കുറിച്ച് ആധികാരിക പഠനങ്ങള്‍ അനേകം നടത്തിയിരിക്കുന്നു... ശാസ്ത്രത്തിനോ സാങ്കേതിക വിദ്യക്കോ മാത്രം പരിഹാരം കാണാവുന്ന പരിഷ്‌കാര പ്രശ്‌നങ്ങളല്ല പരിസ്ഥിതിയുടേതെന്നു വിദഗ്ധര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു....

അതിഗഹനവും, അത്യുന്നതവും, അതിവിശാലവും അത്യുത്തമവുമായ ഒരു പ്രകൃതി സംസ്‌കാരം ഇനിയെങ്കിലും വളർത്തിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒന്നിന് പിറകെ മറ്റൊന്നായി ദുരന്തങ്ങൾ നമ്മെ വേട്ടയാടികൊണ്ടേയിരിക്കും...

ഓരോ മുന്നറിയിപ്പുകളും ആ ദുരന്ത സമയങ്ങളിൽ സഹതപിക്കാൻ വേണ്ടി 
മാത്രം ആകരുത്...

Join WhatsApp News
Jayan varghese 2024-08-03 19:21:53
ശ്രീ ലാലു കോനാടിൽ , അങ്ങ് ഒരു ദാർശനികനാണ്. ഭൗതിക വസ്തുക്കളുടെ സംയോജനമായ ശരീരത്തിൽ അഭൗതിക പ്രതിഭാസമായ ബോധം പ്രവർത്തിക്കുന്നത് പോലെ പ്രപഞ്ചത്തിലെ ഓരോ പരമാണുവിലും സമാന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഈ നെറ്റുവർക്കിനെയാണ് അഥവാ ഈ നെറ്റ്‌വർക്ക് തന്നെയാണ് പരമാണുക്കളുടെ പരമ പൂർണ്ണതയായ പ്രപഞ്ചത്തിൽ സ്ഥിതി ചെയ്തു കൊണ്ട് അതായിരിക്കുന്നത് എന്ന് മനസ്സിലാക്കിയാൽ നിരീശ്വരന്മാരെപ്പോലെ പള്ളികളിലും ക്ഷേത്രങ്ങളിലും ചെന്ന് തുണി പൊക്കി ഒളിഞ്ഞു നോക്കേണ്ടതില്ല. ജൈവത്തിന്റെയും അജൈവത്തിന്റെയും അതിരുകൾ തിരിച്ചത് അർത്ഥ വളർച്ചയിൽ അഹങ്കരിച്ചു പുളയ്ക്കുന്ന ശാസ്ത്ര സിദ്ധാന്തങ്ങളുടെ കൂട്ടിരിപ്പുകാരാണ് എന്നതിനാൽ സത്യാന്വേഷികളുടെ ശബ്ദം അവരുടെ ആക്രോശങ്ങളിൽ മുങ്ങിപ്പോകുന്നു. നമ്മുടെ ബോധത്തിന്റെ പ്രപഞ്ച ഭാവമാണ് പ്രപഞ്ച ബോധം എന്നതിനാലും ആ ബോധം പ്രപഞ്ചമാകെ വ്യാപാരിച്ചു നിൽക്കുന്നുണ്ട് എന്നതിനാലും നമ്മുടെ ബോധത്തിലെ നന്മ നന്മ കൊണ്ട് വരികയും നമ്മുടെ ബോധത്തിലെ തിന്മ തിന്മ കൊണ്ട് വരികയും ചെയ്യും. ഈ സംവിധാനങ്ങളെ ഒക്കെക്കൂടി വിലയിരുത്തിയ വിവരമുള്ള മനുഷ്യർ ഇതിനൊരു പേര് കൽപ്പിക്കാനുള്ള അന്വേഷണത്തിൽ പ്രയോഗിച്ചു പോയ വാക്കാണ് ദൈവം. പൊരുത്തപ്പെടാനാവാത്ത ശാസ്ത്ര സാങ്കേതിക സത്തമന്മാർക്ക് മറ്റൊരു വാക്ക് കണ്ടെത്താവുന്നതാണ് ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക